വന്യമൃഗങ്ങളില്‍ നിന്നും കര്‍ഷകരുടെ ജീവന്‍ രക്ഷിക്കാൻ സർക്കാർ ഇടപെടണം : കത്തോലിക്ക കോണ്‍ഗ്രസ്

വന്യമൃഗങ്ങളില്‍ നിന്നും കര്‍ഷകരുടെ ജീവന്‍ രക്ഷിക്കാനുള്ള ഒരു നയം സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതാ സമിതി. മേക്കളപ്പാറയില്‍ വീട്ടുമുറ്റത്തെ ആട്ടിന്‍കൂട്ടില്‍ നിന്നും ആടുകളെ പുലി കടിച്ചുകൊന്ന സംഭവസ്ഥലവും ആടുകളുടെ ഉടമയായ മൈക്കിള്‍ പുത്തന്‍പുരയ്ക്കലിന്റെ കുടുംബാംഗങ്ങളേയും സന്ദര്‍ശിച്ച ശേഷം നല്കിയ പത്രക്കുറുപ്പില്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പുലി, കടുവ, ആന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ ജനവാസ മേഖലകളായ കണ്ടമംഗലം, മേക്കളപ്പാറ, പൊതുവപ്പാടം, എടത്തനാട്ടുകര, അമ്പലപ്പാറ തുടങ്ങിയ പ്രദേശങ്ങളില്‍ നിരന്തരം കാടിറങ്ങി വന്ന് കര്‍ഷകരുടെ കൃഷി നശിപ്പിക്കുക മാത്രമല്ല കര്‍ഷകരുടെ ജീവനുതന്നെ ഭീഷണിയായിത്തീര്‍ന്നിരിയ്ക്കുന്നു. ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ വന്യമൃഗങ്ങളെ ഭയന്ന് സന്ധ്യ മയങ്ങിയാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്കുപോലും വീടിനു പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. വന്യമൃഗങ്ങളുടെ ആക്രമണ ഭീതി മൂലം, നേരം വെളുക്കുന്നതിന് മുമ്പ് ജോലിക്ക് പോകാന്‍ കഴിയാതെ ടാപ്പിംഗ് തൊഴിലാളികള്‍ ദുരിതമനുഭവിക്കുന്നു. കപടപരിസ്ഥിതി വാദികളും കപട മൃഗസ്‌നേഹികളുമാണ് ഭരണകൂടങ്ങള്‍ക്ക് കര്‍ഷക വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കാന്‍ പിന്തുണ നല്‍കുന്നത്. ഓരോ ജീവനും വിലപ്പെട്ടതാണ്. അത് ജാതിയും മതവും നോക്കാതെ സംരക്ഷിക്കപ്പെടണം. കര്‍ഷകരുടെ ജീവന്‍ രക്ഷിക്കാനുള്ള ഒരു നയം സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കണം.

വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് നിരവധി പരാതികളും നിവേദനങ്ങളും നല്കുകയും പ്രതിഷേധ സമരങ്ങള്‍ നടത്തുകയും ചെയ്‌തെങ്കിലും ഫലപ്രദമായ നടപടികള്‍ ഒന്നും തന്നെ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല. വന്യജീവി ആക്രമണത്തിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതാ സമിതിയുടെ ആഭിമുഖ്യത്തില്‍ ഒലവക്കോട് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ കര്‍ഷക റാലിയിലും ധര്‍ണയിലും വന്‍ കര്‍ഷക പ്രതിഷേധമിരമ്പിയിരുന്നു. തുടര്‍ന്ന് കത്തോലിക്ക കോണ്‍ഗ്രസ് രൂപത ഭാ രവാഹികള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഡോ. ആര്‍. അഡലരാസന് നിവേദനം സമര്‍പ്പിക്കുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ജില്ലയില്‍ ആന, പുലി, കടുവ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ വ്യാപകമായി ജനവാസമേഖലകളിലേക്ക് കടന്നുവരുന്നതിനുള്ള യഥാര്‍ഥ കാരണം കണ്ടെത്താന്‍ ശാസ്ത്രീയ പഠനം നടത്തണമെന്ന കത്തോലിക്ക കോണ്‍ഗ്രസിന്റെ ആവശ്യം ഗൗരവമായി പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു.

ജില്ലയിലെ ഓരോ പ്രദേശത്തെയും പ്രശ്‌നം സമഗ്രമായി പഠിക്കാന്‍ കര്‍ഷകരേക്കൂടി ഉള്‍പ്പെടുത്തി വിദഗ്ദ്ധ സമിതികളെ നിയമിക്കണമെന്നും, വന്യജീവി ആക്രമണം മൂലം ജീവന്‍ നഷ്ടപ്പെടുന്നവര്‍ക്കും, വിളനാശം സംഭവിക്കുന്നവര്‍ക്കും നല്കുന്ന നഷ്ടപരിഹാരം കാലാനുസൃതമായി പുതുക്കി നിശ്ചയിക്കണമെന്നും, നഷ്ടപരിഹാരം നിര്‍ണ്ണയിക്കാനും വിതരണം ചെയ്യാനും ഓരോ ജില്ലയിലും സ്വതന്ത്ര ചുമതലയുള്ള ജുഡീഷ്യല്‍ അധികാരത്തോടുകൂടിയ ഒരു സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും, കുടിയേറ്റ കര്‍ഷകരെ കൈയ്യേറ്റക്കാരായി ചിത്രീകരിക്കുന്ന വനംവകുപ്പിന്റെ മനോഭാവം അവസാനിപ്പിക്കണമെന്നും, കര്‍ഷകരുടെ ജീവനും നിലനില്പ്പിനും ഉതകുന്നവിധം വനംവകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി നടപ്പിലാക്കണമെന്നും, കൃഷിഭൂമിയില്‍ പ്രവേശിച്ച് കാര്‍ഷിക വിളകള്‍ക്ക് നാശനഷ്ടം വരുത്തുന്ന വന്യമൃഗങ്ങളില്‍ നിന്നും കൃഷിഭൂമി സംരക്ഷിക്കാനുള്ള അവകാശം, ഇന്‍ഡ്യയിലെ മറ്റു പല സംസ്ഥാനങ്ങളിലുമുള്ളതുപോലെ കേരളത്തിലെ കര്‍ഷകര്‍ക്കും നല്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതാ സമിതി ആവശ്യപ്പെട്ടു.

കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ്ജ് തുരുത്തിപ്പള്ളി, കണ്ടമംഗലം ക്രിസ്തുരാജ ചര്‍ച്ച് ഇടവക വികാരി ഫാ. സജി പനപ്പറമ്പില്‍, കത്തോലിക്ക കോണ്‍ഗ്രസ് രൂപത ജനറല്‍ സെക്രട്ടറി അജോ വട്ടുകുന്നേല്‍, രുപത സെക്രട്ടറി അഡ്വ. റെജിമോന്‍ ജോസഫ്, മണ്ണാര്‍ക്കാട് ഫൊറോന ട്രഷറര്‍ മാത്തച്ചന്‍ വടക്കുംചേരി എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.