രക്ഷകജനനത്തിന്റെ നാൾവഴികളിലൂടെ: പതിമൂന്നാം ദിവസം

ജിന്‍സി സന്തോഷ്‌

“ഇതായിരിക്കും നിങ്ങൾക്ക് അടയാളം. പിള്ളക്കച്ച കൊണ്ട് പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും” (ലൂക്കാ 2:12).

ചാണകം മണക്കുന്ന വൈക്കോൽ ചുവരുകൾക്കുള്ളിൽ, നക്ഷത്രങ്ങൾ നിറഞ്ഞ മഞ്ഞു പെയ്യുന്ന രാത്രിയിൽ, മിഴി പൂട്ടിയുറങ്ങുന്ന കുഞ്ഞ് നമ്മുടെ കാലത്തിൻ്റേതല്ല; പ്രകാശവർഷങ്ങൾക്കു പോലും അളക്കാനാവാത്ത വിദൂരതയുടേത്, നിത്യതയുടേത്. എന്നിട്ടും നമ്മുടെ ഇത്തിരിച്ചാൺ നീളം മാത്രമുള്ള കാലത്തിലൂടെ മുപ്പത്തിമൂന്നു വർഷം അവൻ നമ്മോടൊപ്പം ജീവിച്ചു കടന്നുപോയി എന്നുള്ളത് ഏറ്റവും വലിയ വിസ്മയം. ഒടുവിൽ ലോകാവസാനം വരെ നമ്മോടു കൂടെയായിരിക്കാൻ കൊതിച്ച് സ്വന്തം രൂപം പോലും ചോർത്തിക്കളഞ്ഞ്, തന്നെത്തന്നെ പൂർണ്ണമായും നമുക്ക് ഭക്ഷണയോഗ്യമായ, ഊതിയാൽ പറക്കുന്ന വെറും ഒരു ഗോതമ്പപ്പത്തിലേക്ക് സ്വയം ആവാഹിച്ചു.

ജീവിത മാരത്തോണിൽ സമയമില്ലാതെ പരക്കം പായുന്ന നമ്മുടെയൊക്കെ അബദ്ധത്തിലുള്ള ഒരു വിളി പോലും കേട്ട് ഇറങ്ങിവരാൻ വെമ്പൽ കൊണ്ട് ലോകമെമ്പാടുമുള്ള സക്രാരികളിൽ രാപകലില്ലാതെ ഇന്നും അവന്റെ നിറസാന്നിധ്യം. നമ്മുടെ അനുദിന ജീവിതാനുഭവങ്ങളെ അവിടുത്തെ സാന്നിധ്യത്തിൽ അനുഗ്രഹീതമാക്കാൻ, ആത്മീയാഘോഷമാക്കാനാണ് അവൻ വന്നത്. എന്നിട്ടും ഇന്ന് അവന്റെ പിറവിയുടെ ഓർമ്മ പോലും അവനെയും അവന്റെ വായ്മൊഴികളെയും മറന്ന് നമ്മൾ ആഘോഷമാക്കുന്നു.

പിന്തിരിഞ്ഞൊന്നു നോക്കിയാൽ കാണാം, കാലിത്തൊഴുത്തിൽ അമ്മയുടെ മാറോടു ചേർന്നു കിടക്കുമ്പോഴും അവന്റെ ഹൃദയത്തുടിപ്പുകൾ നമുക്കോരോരുത്തർക്കും വേണ്ടിയാണെന്ന്…

ജിൻസി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.