ക്രിസ്മസ് മതേതരമാക്കി ഒരു ഗ്രാമം 

തൃശൂര്‍: ക്രിസ്തുവിന്റെ തിരുപ്പിറവിയെ ജാതിക്കും മതത്തിനും അതീതമായ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഒളരിക്കര ഗ്രാമം. 24-ാം തീയതി മുതല്‍ 26 – വരെ നടക്കുന്ന ഈ ആഘോഷങ്ങളില്‍ ഒരേസമയം ബെത്‌ഹേമിലെ പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണിയേശുവും തൃശൂരിന്റെ വടക്കുംനാഥനും ഒന്നിച്ചിടം പിടിക്കും. ഒളരിക്കര ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ക്രിസ്മസിന്റെ സ്‌നേഹസന്ദേശം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ആഘോഷപരിപാടികള്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.

2001 വരെ എല്ലാ ക്രിസ്മസ് കാലത്തും പതിവായി വായനശാലയുടെ നേതൃത്വത്തില്‍ ഈ ഗ്രാമത്തില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ ഒരുക്കിയിരുന്നു. 15 വര്‍ഷം മുന്‍പു നഷ്ടപ്പെട്ടുപോയ ഒരു കൂട്ടായ്മയുടെ പുനഃസമാഗമം കൂടിയാണ് ഈ പ്രദര്‍ശനം. 2001-ലെ കമ്മിറ്റിയിലുണ്ടായിരുന്ന എല്ലാവരെയും വീണ്ടും സംഘടിപ്പിച്ചാണ് ആഘോഷങ്ങള്‍ പുനരവതരിപ്പിക്കുന്നത്. 90 അംഗങ്ങളാണ് ഈ വായനശാല കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്.

തൃശൂരില്‍ ഇത്തവണ ഒരുങ്ങുന്ന പുല്‍ക്കൂടുകളില്‍ ഏറ്റവും വലുത് ഒളരിക്കര ഗ്രാമീണ വായനശാല ഒരുക്കുന്ന പുല്‍ക്കൂടാവാം. 10 മുതല്‍ 12 അടിവരെ ഉയരമുള്ള രൂപങ്ങളാണ് പുല്‍ക്കൂടിനായി ഒരുക്കുന്നത്. വടക്കുംനാഥന്‍ 35 അടി ഉയരത്തിലുള്ള വടക്കുംനാഥ ക്ഷേത്രത്തിന്റെ മാതൃകയും പുല്‍ക്കൂടിനൊപ്പം ഇവിടെ ഇടം പിടിച്ചിട്ടുണ്ട്. വടക്കുംനാഥന്റെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നതേയുള്ളു. പിരമിഡ് അറബി കഥകളിലും മമ്മി സീരിയസിലെ സിനിമകളിലും മാത്രം കേട്ടും കണ്ടും പരിചയിച്ച പിരമിഡുകളും ഇവിടെ കാണാന്‍ അവസരമുണ്ട്.

കെ.സന്തോഷ്‌കുമാര്‍, പി.എം.ഷാനവാസ്, എം.ഡി.സുനില്‍ബാബു, രാജേഷ് ചിറ്റിശേരി, വെറൈറ്റി സുരേഷ് എന്നിവരാണ് കലാസൃഷ്ടികള്‍ക്കു നേതൃത്വം നല്‍കിയിരിക്കുന്നത്. രണ്ടരമാസം മുന്‍പു തുടങ്ങിയ ഒരുക്കങ്ങളുടെ അവസാനമിനുക്കപണികളിലാണ് ഇവര്‍. തെര്‍മ്മോക്കോളിലാണു പിരമിഡിന്റെ മാതൃക തീര്‍ത്തിരിക്കുന്നത്. അര്‍ജന്റീനിയന്‍ സ്വാതന്ത്ര്യ പ്രതിമയായ ‘സെറാ ഡിലാഗ്ലോറിയാ’ യുടെ മാതൃകയാണ് വര്‍ണകാഴ്ചകളില്‍ ഒരുക്കിയിരിക്കുന്ന മനോഹരമായ സൃഷ്ടികളിലൊന്ന്. 30 അടിക്കുമുകളില്‍ ഉയരത്തിലാണ് ഈ ശില്‍പമാതൃക പുനര്‍നിര്‍മ്മിച്ചിരിക്കുന്നത്. ഇതോടൊപ്പം ജലധാരയും സാന്താക്ലോസിന്റെ പ്രതിമയും ചലിക്കുന്ന ഭൂഗോളവും മാലാഖയുടെ രൂപവും ഒരുക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.