ചെറിയ കുട്ടികളെ അവരുടെ ശരീരത്തെക്കുറിച്ച് പഠിപ്പിക്കാൻ മൂന്ന് കാര്യങ്ങൾ

ശരീരത്തെക്കുറിച്ചുള്ള അവബോധം മുതിർന്നവർക്കു മാത്രമുള്ളതല്ല. മക്കൾക്ക്, അവർ കുട്ടികൾ ആയിരിക്കുമ്പോൾ തന്നെ സ്വന്തം ശരീരത്തെക്കുറിച്ചുള്ള അവബോധം നൽകണം. മാതാപിതാക്കളെന്ന നിലയിൽ നിങ്ങളുടെ കുട്ടികളെ വളരെ ചെറുപ്പത്തിൽ തന്നെ അവരുടെ ശരീരഭാഗങ്ങളെക്കുറിച്ച് പറഞ്ഞുമനസിലാക്കി കൊടുക്കണം. അവരുടെ പഞ്ചേന്ദ്രിയങ്ങൾ, മറ്റ് ശരീര അവയവങ്ങൾ, അവയുടെ ഉപയോഗം തിരിച്ചറിയാനും മനസിലാക്കാനും ഒക്കെ കുട്ടികളെ സഹായിക്കുക. പ്രായമാകുമ്പോൾ അവരുടെ ശരീരം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചും കുട്ടികൾക്ക് പറഞ്ഞുകൊടുക്കണം. കുട്ടികൾ അവരുടെ ശരീരത്തിന്റെ അർത്ഥവും ലക്ഷ്യവും എന്താണെന്ന് പഠിക്കണം.

എന്തുകൊണ്ടാണ് ദൈവം നമുക്ക് ശരീരം നൽകിയത്? ഒരു ശരീരവും ആത്മാവും ഉണ്ടായിരിക്കുക എന്നതിന്റെ അർത്ഥമെന്താണ്? ദൈവത്തിന്റെ പ്രതിച്ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചു എന്നതിന്റെ അർത്ഥമെന്താണ്? നമ്മുടെ ശരീരത്തിന്റെ ഉദ്ദേശത്തെക്കുറിച്ച് യേശു എന്താണ് പറഞ്ഞിട്ടുള്ളത്? ഇക്കാര്യങ്ങൾ വ്യത്യസ്തമായ രീതിയിൽ മക്കൾക്ക് പറഞ്ഞുകൊടുക്കാൻ സാധിക്കും. എല്ലാ രക്ഷിതാക്കൾക്കും, കുട്ടിക്കാലം മുതൽ തന്നെ കുട്ടികൾക്ക് പകർന്നുനൽകാൻ കഴിയുന്ന അടിസ്ഥാനതത്വങ്ങളുണ്ട്. അത് അവരെ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലൂടെയും കടന്നുപോകുമ്പോൾ ആഴത്തിൽ സഹായിക്കും. ഓരോ ചെറിയ കുട്ടിയും തന്റെ ശരീരത്തെക്കുറിച്ച് അറിയേണ്ട ലളിതമായ മൂന്ന് സത്യങ്ങൾ ഇതാ…

1. നിങ്ങളുടെ ശരീരം നല്ലതാണ്

ദൈവം ലോകത്തെയും അതിലുള്ള സകലത്തെയും സ്നേഹത്തിൽ നിന്നാണ് സൃഷ്ടിച്ചത്. ദൈവം മനുഷ്യനെ തന്റെ രൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ചു. സ്ത്രീയും പുരുഷനുമായി നമ്മെ സൃഷ്ടിച്ചു എന്ന് ഉല്പത്തി പുസ്തകത്തിൽ നാം വായിക്കുന്നു.

കൊച്ചുകുട്ടികളോട് അവരുടെ ശരീരം ദൈവം തന്ന ദാനമാണെന്ന് നമുക്ക് എങ്ങനെ പറഞ്ഞുമനസിലാക്കി കൊടുക്കാം. ശരീരത്തിന്റെ സൗന്ദര്യം, അവരുടെ ചർമ്മത്തിന്റെ മൃദുത്വം, അവരുടെ കണ്ണുകളുടെ നിറം, അവരുടെ ചലനങ്ങളുടെ വിസ്മയം എന്നിവ നമുക്ക് ചൂണ്ടിക്കാണിക്കാൻ കഴിയും.

ശരീരത്തിന്റെ കുറവുകളെ നോക്കി അവയെ ഓർത്ത് പരിതപിക്കാൻ കുട്ടികളെ അനുവദിക്കരുത്. ശരീരത്തെക്കുറിച്ചുള്ള നമ്മുടെ സ്വന്തം നിലപാടുകൾ പരിശോധിച്ച് ശരീരത്തെക്കുറിച്ച് സംസാരിക്കുന്ന രീതികളും നമ്മുടെ ദൈനംദിന ജീവിതത്തിൽ നമ്മൾ എങ്ങനെ പെരുമാറുന്നു എന്നതും മനസിലാക്കാൻ പരിശ്രമിക്കുക. ശരീരം മനോഹരമാണെന്ന് വിശ്വസിക്കാനും ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചതാണെന്നും അതിനാൽ വളരെ നല്ലതാണെന്നും കുട്ടികൾക്ക് മനസിലാക്കി കൊടുക്കുക.

2. നിങ്ങളുടെ ശരീരം ഒരു സമ്മാനമാണ്

നമ്മുടെ ശരീരം ഇല്ലെങ്കിൽ നമ്മൾ മനുഷ്യനാകില്ല. നമ്മുടെ ശരീരം മുഴുവൻ ഒരു സമ്മാനമാണ്. കൈകളും കാലുകളും പേശികളും അവയവങ്ങളും കോശങ്ങളും സിനാപ്സുകളും ഒക്കെ നിറഞ്ഞ സമ്മാനം. നമ്മുടെ ശരീരം ഒരു സമ്മാനമാണെങ്കിൽ, അതിനർത്ഥം ഒരു ദാനദാതാവ് ഉണ്ട് എന്നാണ് – ദൈവം. സമ്മാനങ്ങൾ നന്ദിയോടെ സ്വീകരിക്കുക മാത്രമല്ല, അവയ്ക്ക് നന്ദി പറയുകയും വേണം. നമ്മുടെ ശരീരത്തിലൂടെ നമ്മെത്തന്നെ ദാനമായി, നന്മയ്ക്കായി മറ്റുള്ളവർക്ക് നൽകുക. നമ്മെയും മറ്റുള്ളവരെയും സ്നേഹിക്കുമ്പോൾ അത് കൂടുതൽ മികച്ച രീതിയിൽ ചെയ്യാൻ സാധിക്കുമെന്ന് കുട്ടികൾക്ക് ബോധ്യപ്പെടുത്തി കൊടുക്കുക.

അവരുടെ ശരീരം ഒരു സമ്മാനമാണെന്ന് കുട്ടികളെ പഠിപ്പിക്കാൻ, ശരീരം അവർക്ക് എന്ത് നൽകുന്നുവെന്ന് കുട്ടികൾക്ക് മനസിലാക്കി കൊടുക്കുക. ചലിക്കാനുള്ള കഴിവ്, പഠിക്കാനുള്ള, അനുഭവിക്കാനുള്ള, ലോകത്തെ മനസ്സിലാക്കാനുള്ള കഴിവ്. ദാനദാതാവായ ദൈവത്തെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത് എത്രയോ പ്രധാനമാണെന്ന് കുട്ടികളോട് പറയുക.

ദൈവത്തെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുക എന്നതിനർത്ഥം എല്ലാ ദിവസവും ദൈവത്തോട് നന്ദി പറയുകയും അവന്റെ കൽപനകളെ ജീവിക്കുകയും ചെയ്യുക എന്നതാണ്. നമ്മെത്തന്നെ ബഹുമാനിക്കേണ്ടതിന്റെയും സ്നേഹിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചും നമുക്ക് പഠിപ്പിക്കാനാകും. അതായത് നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കുക, എല്ലാ ദിവസവും കുളിക്കുക, പല്ല് തേക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, ധാരാളം ഉറക്കവും വ്യായാമവും നേടുക, നല്ല തിരഞ്ഞെടുപ്പുകൾ നടത്തുക. മക്കൾക്ക് ഏതെങ്കിലും തരത്തിലുള്ള അസുഖമോ, രോഗമോ, വൈകല്യമോ ഉണ്ടെങ്കിൽ ഒരുതരത്തിലും അവന്റെ ശരീരത്തിൽ നിന്ന് ഒരു സമ്മാനവും ദൈവം നിഷേധിക്കുന്നില്ലെന്ന് മനസിലാക്കി കൊടുക്കുക.

3. നിങ്ങളുടെ ശരീരം ഒരു ഭാഷ സംസാരിക്കുന്നു

നമ്മുടെ ശരീരം എന്തു ചെയ്യുന്നു എന്നതാണ് പ്രധാനം. നമ്മുടെ ശരീരം ഒരു ഭാഷ സംസാരിക്കുന്നു. ഓരോ ആംഗ്യവും ഓരോ ചിന്തയും വാക്കും പ്രവൃത്തിയും നമ്മൾ ആരാണെന്നും ദൈവം ആരാണെന്നും അറിയിക്കുകയാണ്. നമുക്ക് സത്യം പറയാനും കള്ളം പറയാനും കഴിയും. നമ്മൾ മറ്റുള്ളവരെ ആത്മാർത്ഥമായും സത്യസന്ധമായും സ്നേഹിക്കുന്നുണ്ടോ? അതോ നമ്മൾ സ്വന്തം നേട്ടത്തിനായി മറ്റുള്ളവരെ ഉപയോഗിക്കുകയാണോ? ഇവയുടെ ഉത്തരങ്ങൾക്ക് ജീവിതത്തിലൂടെ മറുപടി കൊടുക്കുക.

നമ്മുടെ ശരീരം അവരുടെ ശരീരത്തെ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് ശ്രദ്ധിച്ചുകൊണ്ട് അവരുടെ ശരീരത്തിന്റെ ഭാഷയെക്കുറിച്ച് നമുക്ക് കുട്ടികളെ പഠിപ്പിക്കാം. അവരുടെ ശരീരം കൊണ്ട് എപ്പോഴും സത്യം പറയാൻ നമുക്ക് അവരെ പ്രോത്സാഹിപ്പിക്കാം. വികാരങ്ങൾ ഉണ്ടാകുമ്പോൾ അവയെ അംഗീകരിക്കുകയും അവയ്ക്ക് പേര് നൽകുകയും വേണം. അങ്ങനെ കുട്ടികൾ വികാരങ്ങളും അവ എങ്ങനെ ആശയവിനിമയം നടത്തുന്നുവെന്നു മനസ്സിലാക്കാനും പഠിക്കും. മുട്ടുകുത്തി നിൽക്കുക, കൈകൾ കൂപ്പുക, കുമ്പിടുക, കൈകൾ ഉയർത്തുക എന്നീ ചെറിയ പ്രവർത്തികളിലൂടെ പോലും നാം ദൈവത്തെ ആരാധിക്കുന്നുവെന്നും കുട്ടികളെ ഓർമ്മിപ്പിക്കാം.

ലളിതവും ദൈനംദിനവുമായ വിധങ്ങളിൽ നമ്മുടെ ശരീരം ശരിക്കും പ്രാധാന്യമർഹിക്കുന്നതാണെന്നും സ്നേഹത്തിനും ബന്ധത്തിനും ആരാധനയ്ക്കുമായി അവരെ ഉപയോഗിച്ചുകൊണ്ട് നമ്മുടെ ശരീരത്തിലൂടെയും ദൈവത്തിലൂടെയും മഹത്വം നൽകാൻ നമ്മെ സൃഷ്ടിച്ചതായും നമുക്ക് കുട്ടികളെ പഠിപ്പിക്കാം.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.