ചൈന മൂന്ന് മക്കള്‍ നയം നടപ്പില്‍ വരുത്തുന്നു

ലോകമാധ്യമങ്ങള്‍ കൊട്ടിഘോഷിച്ചതും സന്താനനിയന്ത്രണത്തിന്റെ അബദ്ധപ്രബോധകര്‍ മാതൃകയാക്കി ഏറെക്കാലം കൊണ്ടുനടന്നതുമായ ചൈനയുടെ ജനസംഖ്യാ നിയന്ത്രണപദ്ധതികള്‍ക്ക് വലിയ മാറ്റങ്ങള്‍ വരുന്നു. ചൈനീസ് പ്രസിഡന്റ് Xi Jinping ന്റെ നേതൃത്വത്തില്‍ ഒന്നിച്ചുകൂടിയ പോളിറ്റ് ബ്യൂറോ സമ്മേളനത്തിനുശേഷം ഇന്നലെയാണ് (31 മെയ് 2021, തിങ്കള്‍) ചൈന തങ്ങളുടെ ജനസംഖ്യാനയം വ്യക്തമാക്കിയത്. ഇതനുസരിച്ച് ഒരു കുടുംബത്തിന് മൂന്ന് മക്കള്‍ അനുവദനീയമാകും. ഇതിന് സര്‍ക്കാര്‍ തലത്തില്‍ സാമ്പത്തികസഹായം ഉള്‍പ്പടെയുള്ള പദ്ധതികളും നടപ്പില്‍ വരുത്തും. ‘ഈ തീരുമാനം ഞങ്ങളുടെ രാജ്യത്തിന്റെ ജനസംഖ്യാ ഘടനയില്‍ മാറ്റം വരുത്താനും വര്‍ദ്ധക്യത്തില്‍ ജനസംഖ്യയെ സഹായിക്കാനും ഉദ്ദേശിച്ചുള്ളതാണെന്ന് National Beaureau of Statistics ചീഫ്, നിങ് ഷിജോ (Ning Shiho) പ്രസ്താവനയിലൂടെ വ്യക്തമാക്കി.

വര്‍ഷങ്ങള്‍ക്കു മുമ്പ് ചൈനയുടെ വലിയ വികസന കുതിച്ചുചാട്ടത്തിന്റെ ആരംഭത്തില്‍, രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അനുയോജ്യമായ ജനസംഖ്യാ ക്രമീകരണം നിലനിന്നിരുന്നു. 1978-ല്‍, ഡെങ് സിയാവോപിങ് തന്റെ ഒറ്റ കുട്ടി നയം (One Child Policy) രാജ്യം സമ്പന്നരാകുന്നതില്‍ തടസ്സമാകില്ലെന്ന് പ്രഖ്യാപിച്ചപ്പോള്‍, ഈ സന്താനനിയന്ത്രണ പ്രക്രിയ രാജ്യത്തെ തൊഴിലാളി ജനസംഖ്യയെ ബാധിച്ചിരുന്നില്ല. അന്നത്തെ അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍ അനുസരിച്ച് മാതാപിതാക്കളുടെ സാമ്പത്തികചിലവ് മക്കള്‍ക്കു വേണ്ടിക്കൂടി ചിലവഴിക്കേണ്ടി വരുമെന്നതിനാല്‍ അത് പാഴ്ചിലവായി കണ്ട് പരിമിതപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തത്. ചൈന അപ്പോഴും ഒരു യുവത്വം തുടിക്കുന്ന രാജ്യമായിരുന്നു.

ജനസംഖ്യാ കണക്കെടുപ്പില്‍ അദ്ധ്വാനശേഷിയുള്ള മാനവവിഭവശേഷി കണക്കാക്കുന്ന പ്രായത്തിന്റെ അംഗീകൃത മാനദണ്ഡമായ 15-നും 64-നും ഇടയില്‍ പ്രായമുള്ള ആളുകള്‍ പ്രായപൂര്‍ത്തിയായ ജനസംഖ്യയുടെ ഏതാണ്ട് 90% ആയിരുന്നു. സജീവ ഉല്‍പാദനക്ഷമതയില്‍ നിന്ന് വിരമിച്ച മുതിര്‍ന്നവരില്‍ ബാക്കിയുള്ള 10% പേര്‍ക്ക് തൊഴിലാളി ജനസമ്പത്തിന്റെ ഈ വലിയ സംഖ്യയെ എളുപ്പത്തില്‍ പിന്തുണയ്ക്കാനും അതേസമയം ദ്രുതഗതിയിലുള്ള വ്യാവസായികവല്‍ക്കരണത്തിന്റെ തൊഴില്‍, മാനേജ്‌മെന്റ് ആവശ്യങ്ങള്‍ വരെ ചുവടുവയ്ക്കാനും സാധിക്കുമായിരുന്നു.

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, ഡെങ് സിയാവോപിങിന്റെ ജനസംഖ്യാനിന്ത്രണത്തിന്റെ ചുവടുപിടിച്ച് രാജ്യം വികസന ജൈത്രയാത്ര ആരംഭിച്ചപ്പോള്‍ ആദ്യം യുവാക്കളായിരുന്നവരില്‍ പലരും വിരമിക്കാന്‍ തുടങ്ങിയിരുന്നു, അതേസമയം ചൈനയിലെ തൊഴില്‍ ശക്തിയിലേക്ക് പുതുതായി കടന്നുവരുന്നവരുടെ ഒഴുക്ക് ഒരു അനിയന്ത്രതമായി ചുരുങ്ങാന്‍ തുടങ്ങി. തൊഴില്‍ പ്രായത്തിലുള്ള ആളുകളുടെ എണ്ണം സ്തംഭിച്ചു. 2013 ല്‍ പോളിറ്റ്ബ്യൂറോയുടെ നേതൃത്വത്തില്‍ ഇതിനെക്കുറിച്ച് പഠനമാരംഭിച്ചു. തുടര്‍ന്ന് ഒറ്റ കുട്ടിയുള്ള കുടുംബത്തില്‍ പിറന്നവര്‍ക്ക് രണ്ട് കുഞ്ഞുങ്ങളെ ജനിപ്പിക്കാനുള്ള അനുവാദം നല്‍കപ്പെട്ടു. 2016 ല്‍ ഇത് എല്ലാവര്‍ക്കും അനുവദനീയമാക്കി.

എന്നാല്‍ ചൈനീസ് ജനത ആഗ്രഹിച്ച പുരോഗതി പ്രാപിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ചൈന പത്തു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന സെന്‍സസ് നടന്നത് ഈ മാസം ആദ്യമായിരുന്നു. ഇത് പ്രകാരം ഒരു സ്ത്രീക്ക് 1.3 മക്കള്‍ എന്ന രീതിയില്‍ ആണ്. 1950 ന് ശേഷം ഉള്ള ഏറ്റവും താഴ്ന്ന അവസ്ഥയാണിത്. 2020-ല്‍, പുറപ്പെടുവിച്ച യുഎന്‍ ജനസംഖ്യാ റിപ്പോര്‍ട്ട് പ്രകാരം ചൈനയുടെ തൊഴില്‍ പ്രായത്തിലുള്ള ജനസംഖ്യ വളരെ തുഛമാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. യുഎന്നിന്റെ കണക്കുകള്‍ പ്രകാരം, 2040 ആകുമ്പോഴേക്കും, രാജ്യം അതിന്റെ തൊഴിലാളി ജനസംഖ്യയില്‍ 10% കുറവ് രേഖപ്പെടുത്തും, അതേസമയം ആശ്രിതരായ വിരമിച്ചവരുടെ ജനസംഖ്യ ഏകദേശം 50% വര്‍ദ്ധിച്ചിരിക്കും. ആശ്രിതനായ ഓരോ മുതിര്‍ന്നവര്‍ക്കും സമ്പദ് വ്യവസ്ഥയില്‍ കഷ്ടിച്ച് മൂന്ന് തൊഴിലാളികള്‍ ഉണ്ടായിരിക്കും.

ആ മൂന്ന് തൊഴിലാളികളും സ്വന്തം ഉപഭോഗത്തിനും മറ്റ് ആശ്രിതരുടെ ആവശ്യങ്ങള്‍ക്കും വിരമിച്ചവരുടെ ആവശ്യങ്ങളുടെ മൂന്നിലൊന്നിനും വേണ്ടത്ര ഉത്പാദനം കണ്ടെത്തേണ്ടതായി വരും. മാനവവിഭവശേഷി അപ്രത്യക്ഷമാകും, അതേസമയം പരിമിതമായ അദ്ധ്വാനശേഷിയുള്ളവരുടെ ജനസംഖ്യ പരിമിതപ്പെടുന്നത് ഭാവിയിലുള്ള നിക്ഷേപസാധ്യതകളെ പ്രതികൂലമായി ബാധിക്കും. വിരമിക്കുന്നവരുടെ പെന്‍ഷന് ആവശ്യമായ പണം കണ്ടെത്താന്‍ മാത്രമേ നിലവില്‍ അദ്ധ്വാനിക്കുന്നവരുടെ വരുമാനം ഉപയോഗപ്പെടുകയുള്ളൂ എന്ന അവസ്ഥയില്‍ രാജ്യത്തിന്റെ നികുതി വരുമാന സാധ്യതകളും സ്തംഭിക്കും.

ഈ സ്ഥിതി വിശേഷം ഇന്നത്തെ മിക്ക മാധ്യമ വിലയിരുത്തലുകള്‍ക്ക് വിപരീതമായി, രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് , അതിന്റെ വികസനത്തിന്റെയും നൂതനാശയങ്ങളുടെയും വേഗത, ഗണ്യമായി മന്ദഗതിയിലാക്കുമെന്ന് വ്യക്തമാക്കുന്നു. ബീജിംഗിന് അതിന്റെ ഏറ്റവും വലിയ ഡ്രീം പ്രൊജക്ടും എന്നാല്‍ ഏറെ പ്രതികൂലങ്ങളെ അതിജീവിച്ചു നിലനിര്‍ത്തുന്നതുമായബെല്‍റ്റ് ആന്‍ഡ് റോഡ് സംരംഭവും (2013 ല്‍ ആരംഭിച്ച വണ്‍ ബെല്‍റ്റ് വണ്‍ റോഡ് വ്യവസായ സംരംഭം 70 രാജ്യങ്ങളലധികം മുതല്‍ മുടക്കുള്ളതാണ്.

പുരാതനകാലത്തെ സില്‍ക് റോഡിന്റെ മാതൃകയില്‍ ചൈനയെ മറ്റ് രാജ്യങ്ങളുമായി കച്ചവടപരമായി ബന്ധിപ്പിക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുന്ന ഒരു മഹാത്ഭുതമായി ഇതിനെ ചില നിരീക്ഷകര്‍ വിലയിരുത്തുന്നു) ഉള്‍പ്പെടെ മഹത്തായ നിക്ഷേപ പദ്ധതികള്‍ വഴി നിക്ഷേപകരെയും നിരീക്ഷകരേയും ആകര്‍ഷിക്കാന്‍ കഴിയില്ല എന്ന സ്ഥിതിവിശേഷമുണ്ടാകും. ഈ സാഹചര്യങ്ങള്‍ തുടര്‍ന്നാല്‍ ബീജിംഗിന്റെ സൈനിക, ബഹിരാകാശ സ്വപ്നങ്ങള്‍ക്കും അത് കനത്ത മങ്ങലേല്‍പ്പിക്കും. ചൈന നിര്‍ണായക വഴികളില്‍ ജപ്പാനുമായി തുല്യരീതിയിലെത്തും. എന്നാല്‍, ഒരു വ്യത്യാസം, ജപ്പാന്‍ പ്രായമാകുന്നതിന് മുമ്പ് സമ്പന്നമായി, അതേസമയം ചൈന, സമ്പന്നമാകുന്നതിന് മുമ്പ് പ്രായമാകും.

ഫാ. ജസ്റ്റിന്‍ കാഞ്ഞൂത്തറ എംസിബിഎസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.