കല്ലുകളുമായി പ്രാർത്ഥിക്കാനിരുന്നവർ

ഫാ. ജെൻസൺ ലാസലെറ്റ്
ഫാ. ജെൻസൺ ലാസലെറ്റ്

വി. ഫ്രാൻസിസ് അസീസ്സിയെക്കുറിച്ചുള്ള ഈ സംഭവം നിങ്ങൾ കേട്ടിട്ടുണ്ടാകും.

രാത്രി മുഴുവനും പ്രാർത്ഥനയിൽ ചിലവഴിക്കുന്ന ഫ്രാൻസിസിനോട് ശിഷ്യൻ ചോദിച്ചു: “ഇങ്ങനെ പ്രാർത്ഥിക്കാൻ എങ്ങനെ കഴിയുന്നു?”

പ്രാൻസിസ് പറഞ്ഞു: “ലളിതമാണത്. പ്രാർത്ഥിക്കാൻ പോകുമ്പോൾ ഞാൻ രണ്ട് സഞ്ചിയെടുക്കും. അതിൽ ഒരു സഞ്ചി നിറയെ കല്ലുകളായിരിക്കും; മറ്റേത് കാലിയും. ഒരു തവണ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ചൊല്ലുമ്പോൾ ഒരു കല്ലെടുത്ത് ശൂന്യമായ സഞ്ചിയിൽ നിക്ഷേപിക്കും.”

ശിഷ്യൻ പറഞ്ഞു: “ഇത്രയേ ഉള്ളൂ. എങ്കിൽ ഇന്ന് രാത്രി അങ്ങയുടെ കൂടെ ഞാനും വരുന്നു.”

ഏറെ സമയം അവർ പ്രാർത്ഥിച്ചു. പ്രഭാതമായപ്പോൾ ശിഷ്യൻ വലിയ സന്തോഷത്തോടെ ഫ്രാൻസിസിനരികിലെത്തി. എത്ര തവണ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന ജപം ചൊല്ലി എന്ന് പറയാനൊരുങ്ങിയപ്പോൾ ഫ്രാൻസിസ് പറഞ്ഞു: “ശാന്തമാകുക. ഞാൻ ഇനിയും പ്രാർത്ഥിച്ചു തീർന്നിട്ടില്ല.”

ഒരു തവണ പോലും സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ചൊല്ലിത്തീർക്കാൻ കഴിയാതെ മുട്ടുകുത്തി നിൽക്കുന്ന ഗുരുവിനെയാണ് ശിഷ്യൻ കണ്ടത്. ആ കാഴ്ചയിൽ പ്രാർത്ഥനയെക്കുറിച്ചുള്ള ശിഷ്യന്റെ ബോധ്യങ്ങൾ തകിടം മറിഞ്ഞു. എത്രയെണ്ണം ചൊല്ലി എന്നതിനേക്കാൾ എങ്ങനെ പ്രാർത്ഥിക്കുന്നു എന്നതിലായിരുന്നു ഗുരുവിന്റെ ശ്രദ്ധ. ശിഷ്യൻ അധരം കൊണ്ട് പ്രാർത്ഥിച്ചപ്പോൾ ഫ്രാൻസിസ് ഹൃദയം കൊണ്ടാണ് പ്രാർത്ഥിച്ചത്.

മനുഷ്യരോടുള്ള പെരുമാറ്റങ്ങളിൽ മാത്രമല്ല, ദൈവത്തോടുള്ള സമീപനത്തിലും നമ്മിൽ കാപട്യം നിറയുന്നുണ്ട്. ഒരിക്കൽ ഒരു സ്ത്രീ പറഞ്ഞതുപോലെ: “ഞാനും ഭർത്താവും ഒന്നിച്ചായിരിക്കുമ്പോൾ പോലും അയാളുടെ ഉടൽ മാത്രമേ എന്നോടൊപ്പമുള്ളൂ. മനസ് മറ്റെവിടെയോ ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എല്ലാം ഒരുതരം കാണിച്ചുകൂട്ടലുകൾ. ആത്മാർത്ഥതയുടെ തരിപോലുമില്ലാത്ത പ്രഹസനങ്ങൾ. മടുത്തു, എങ്കിലും ജീവിക്കുന്നു.”

ക്രിസ്തു പറഞ്ഞത് എത്രയോ ശരിയാണ്: “ഈ ജനം അധരം കൊണ്ട്‌ എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍നിന്ന് വളരെ അകലെയാണ്‌” (മത്തായി 15:8).

ക്രിസ്തുവിനോട് ചേർന്നുനിൽക്കുന്നു എന്ന് പറയുമ്പോഴും നമ്മുടെ ഹൃദയങ്ങൾ ക്രിസ്തുവിൽ നിന്നും ബന്ധങ്ങളിൽ നിന്നും എത്രയോ അകലെയാണെന്ന് ചിന്തിക്കുന്നത് ഉചിതമല്ലേ?

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.