സന്തോഷങ്ങൾ മോഷ്ടിക്കുന്നവർ

സുനീഷ നടവയല്‍
സുനീഷ നടവയല്‍

പ്രശസ്ത അമേരിക്കൻ ബാലസാഹിത്യ രചയിതാവും സിനിമാ സംവിധായകനുമായ ഡോ. സ്യുസ് 1957-ൽ ‘How the Grinch Stole Christmas’ (ഗ്രിൻജ് ക്രിസ്മസ് മോഷ്ടിച്ചതെങ്ങനെ) എന്ന ഒരു പുസ്തകം രചിച്ചു. അതിനെ അടിസ്ഥാനപ്പെടുത്തി 2018-ൽ പുറത്തിറങ്ങിയ അമേരിക്കൻ അനിമേഷൻ ചിത്രമാണ് ദ ഗ്രിൻജ് (The Grinch). ക്രിസ്മസിനെയും അതിന്റെ ആഘോഷങ്ങളെയും ഇഷ്ടപ്പെടാത്ത പൂച്ചയുടെ മുഖത്തോടുകൂടിയ പച്ചനിറമുള്ള ഒരു ജീവിയാണ് ഗ്രിൻജ്. അവൻ 53 വര്‍ഷങ്ങളായി ആരാലും ശ്രദ്ധിക്കപ്പെടാതെ ഒറ്റപ്പെട്ട ജീവിതം നയിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ അവന് മനുഷ്യരെ വളരെയധികം വെറുപ്പായിരുന്നു (misanthropic).

അങ്ങനെയിരിക്കെയാണ് ക്രിസ്മസ് കാലം വന്നെത്തിയത്. ക്രിസ്മസിനോടുള്ള വെറുപ്പ് കാരണം ആ വർഷത്തെ ക്രിസ്മസ് മോഷ്ടിക്കുവാൻ പദ്ധതിയിടുകയാണ് ഗ്രിൻജും അവന്റെ വളർത്തുനായ ആയ മാക്സും. ഒരു ഹിമവണ്ടി (Sleigh) സംഘടിപ്പിച്ചുകൊണ്ട് റെയ്ൻ ഡിയറുകൾക്കു പകരം വണ്ടി വലിക്കുവാൻ ഗ്രിൻജ് മാക്സിനെ ഏൽപ്പിക്കുകയാണ്. അങ്ങനെ സാന്റാ ക്ലോസിന്റെ വേഷം കെട്ടി ഗ്രിൻജും റെയിൻ ഡിയറിനെപ്പോലെ കൊമ്പുകളൊക്കെ വച്ച് വേഷമിട്ട മാക്സും കൂടി ആ ക്രിസ്മസ് സായാഹ്നത്തിൽ വീടുകളിലേയ്ക്കിറങ്ങുകയാണ്. എന്തിനെന്നോ, നഗരത്തിലെ വീടുകളിൽ ഒരുക്കിയിരിക്കുന്ന നക്ഷത്രവിളക്കുകളും ക്രിസ്മസ് മരങ്ങളും സമ്മാനങ്ങളും അലങ്കാരങ്ങളുമെല്ലാം മോഷ്ടിക്കുവാനായിട്ട്.

മറ്റുള്ളവരുടെ സന്തോഷം മോഷ്ടിച്ച് അതില്ലാതാക്കുവാൻ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളുണ്ട്. ഗ്രിൻജ് എന്ന ഇംഗ്ലീഷ് വാക്കിന്റെ അർത്ഥം പോലും ഇപ്രകാരമാണ്, ‘Killing the joy’ അഥവാ ‘സന്തോഷത്തെ കൊല്ലുന്നവൻ’ എന്ന്. ജീവിതത്തിൽ സംഭവിക്കുന്ന ഒരു കാര്യത്തിലും ആനന്ദം കണ്ടെത്തുവാൻ സാധിക്കാത്ത ഗ്രിൻജുമാർ നമ്മുടെ ഇടയിലും ധാരാളമുണ്ട്. ലോകത്തുള്ള ഒന്നിലും നന്മയോ സൗന്ദര്യമോ കാണുവാൻ സാധിക്കുന്നില്ല എന്നുള്ളതിനു പുറമെ മറ്റുള്ളവരെക്കൂടി അത്തരത്തിലാക്കി തീർക്കുവാൻ അതിയായ ആഗ്രഹമുള്ള ചില മനുഷ്യർ. ജീവിതം കഷ്ടതകൾ നിറഞ്ഞതാണെങ്കിൽ പോലും അതിനുള്ളിൽക്കൂടി ഒരുപാട് നന്മയും ആനന്ദവും കടന്നുപോകുന്നുണ്ട്. അവയൊക്കെ ദർശിക്കുവാൻ സാധിക്കുമ്പോഴേ നമുക്ക് മറ്റുള്ളവരിലേയ്ക്ക് നന്മയുടെ പാഠങ്ങൾ പകർന്നുകൊടുക്കുവാൻ സാധിക്കുകയുള്ളൂ. അപരനിലേയ്ക്ക് നീട്ടുവാൻ കഴിയുന്ന സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും കരങ്ങളുടെ അനന്തമായ സാധ്യതകളെ നാം ഒരിക്കലും അവഗണിക്കരുത്. ഹൃദയപൂർവ്വകമായ ഒരു നോട്ടമോ അഭിവാദനമോ മതി മറ്റൊരാളുടെ ജീവിതത്തിലെ വഴിത്തിരിവുകൾക്ക് നാം കാരണക്കാരാകുവാൻ.

ഇരുള്‍ പരക്കുന്നുവെന്ന് തോന്നിത്തുടങ്ങുമ്പോഴാണ് നാം പ്രകാശത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങുന്നത്. അതുകൊണ്ടു തന്നെ പുറത്തുള്ള പ്രകാശത്തെ തേടിപ്പോകാതെ നിന്നിലുള്ള വെളിച്ചത്തെ ആളിക്കത്തിച്ചുകൊണ്ട് നമുക്കും മറ്റുള്ളവർക്കും ഒരു വിളക്കായി മാറുവാനുള്ള വലിയ ഉത്തരവാദിത്വം നമുക്കുണ്ട്. ‘ഞാൻ ലോകത്തിന്റെ പ്രകാശമാണ്’ എന്ന് അരുൾചെയ്തവന്റെ അനുയായികൾക്ക് ഒരിക്കലും മറ്റുള്ളവരുടെ സന്തോഷവും സമാധാനവുമാകുന്ന പ്രകാശത്തെ തല്ലിക്കെടുത്തുവാൻ അവകാശമില്ല.

ഉള്ളിലുള്ള ഗ്രിൻജിനെ എങ്ങനെ ഇല്ലാതാക്കാമെന്ന് തുടർന്നുവരുന്ന സിനിമയിലെ ഭാഗങ്ങൾ നമുക്ക് കാണിച്ചുതരുന്നുണ്ട്.

മാക്സിനെയും ഗ്രിൻജിനേയും പോലെ തന്നെ സിൻഡി ലോ (Cindy Lou) എന്ന കൊച്ചുപെൺകുട്ടിയും അതേ ക്രിസ്മസ് രാത്രിയിൽ മറ്റൊരു ഗൂഢാലോചന നടത്തുന്നുണ്ട്. സാന്റായെ നേരിട്ട് കണ്ട് അവളുടെ ഒരു ആഗ്രഹം പൂർത്തീകരിക്കുവാൻ കാത്തിരിക്കുകയാണവൾ. ഉറക്കത്തിലെങ്ങാനും സാന്റാ വന്നുപോയാലോ എന്ന് കരുതി ചില സൂത്രപ്പണികളൊക്കെ ഒരുക്കി അവൾ ഉറങ്ങാന്‍ പോവുകയാണ്. അങ്ങനെ എല്ലാ വീടുകളിൽ നിന്നും ക്രിസ്മസിന്റേതായ എല്ലാ ഒരുക്കങ്ങളെയും മോഷ്ടിച്ചെടുത്തുകൊണ്ട് അവസാനത്തെ വീടായ കൊച്ചു സിൻഡിയുടെ വീട്ടിൽ എത്തിച്ചേരുകയാണ് ‘സാന്റാ ഗ്രിൻജ്.’

പുകക്കുഴലിലൂടെ താഴേയ്ക്കിറങ്ങി വര്‍ണ്ണശബളമായ അലങ്കാരങ്ങളിൽ സ്പര്‍ശിച്ചപ്പോഴേയ്ക്കും പെട്ടന്നു തന്നെ ‘സാന്റാ’ ഒരു കുരുക്കിൽപ്പെട്ട് വലയ്ക്കുള്ളിൽ അകപ്പെടുകയാണ്. ശബ്ദം കേട്ട് ഞെട്ടിയുണർന്ന സിൻഡി വളരെപ്പെട്ടെന്നു തന്നെ ക്ഷമാപണം നടത്തിക്കൊണ്ട് ഗ്രിൻജിനെ സ്വാതന്ത്രനാക്കുകയാണ്. കുടിക്കുവാൻ വെള്ളം നൽകിക്കൊണ്ട് അവൾ തനിക്കു മുമ്പിലുള്ള സാന്റയെ കൗതുകത്തോടെയും അതിലുപരി ബഹുമാനത്തോടെയും നോക്കുകയാണവൾ. തുടർന്നുള്ള അവരുടെ സംഭാഷണങ്ങൾ ഇപ്രകാരമാണ്:

“നിനക്ക് സമ്മാനങ്ങൾ വേണ്ടേ” എന്ന് ഗ്രിൻജ് ചോദിക്കുകയാണ്.

“സത്യത്തിൽ എനിക്ക് സമ്മാനമല്ല ആവശ്യം. താങ്കളിലൂടെ എനിക്ക് എന്റെ അമ്മയെ സഹായിക്കണമെന്നാണ് ആഗ്രഹം.” കൊച്ചു സിൻഡി തുടരുകയാണ്. “മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുത്തതു കൊണ്ട് എന്റെ അമ്മ ഒരുപാട് കഷ്ടപ്പെടുന്നുന്നുണ്ട്. അതുകൊണ്ടു തന്നെ എനിക്ക് എന്റെ അമ്മയെ സന്തോഷവതിയായി കാണുവാൻ ആഗ്രഹമുണ്ട്. അതിനായി എന്നെയൊന്നു സഹായിക്കാമോ?”

“എന്റെ സഹായമോ? എന്താണത്?” ഗ്രിൻജ് അത്ഭുതത്തോടെ ചോദിച്ചു.

“നിങ്ങൾ സാന്റാ അല്ലേ. മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ തീർച്ചയായും നിങ്ങള്‍ക്ക് സാധിക്കും. നാളെ നിങ്ങൾ ഇവിടെ വന്ന്നു ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കുചേരുകയായിരുന്നെങ്കിൽ എന്റെ അമ്മയ്ക്ക് ഒരുപാട് സന്തോഷമാകുമായിരുന്നു. നമുക്കൊരുമിച്ചു പാടുകയും നൃത്തം ചെയ്യുകയും ചെയ്യാം. ഒരു നിമിഷം കണ്ണുകളടച്ച് ചിന്തിച്ചുനോക്കിക്കേ, നിങ്ങളുടെ ദുഃഖങ്ങൾ പോലും ഇല്ലാതാകുന്നുവെന്നു തോന്നുന്നില്ലേ?”

തന്റെ സാന്നിധ്യം മറ്റുള്ളവർക്ക് സന്തോഷം നൽകുന്നുവെന്നറിഞ്ഞ ഗ്രിൻജിന്റെ മനസ്സ് പെട്ടന്ന് ആർദ്രമായി. എങ്കിലും അവൻ തന്റെ പ്രവർത്തിയിൽ നിന്നു പിന്മാറുന്നില്ല. “വളരെ നല്ല കാര്യമാണത്” എന്ന് പറഞ്ഞുകൊണ്ട് അവളെ ഉറങ്ങാൻ പറഞ്ഞയയ്ക്കുകയാണവൻ.

ഗ്രിൻജിന്റെ നേർ വിപരീത കഥാപാത്രമാവുകയാണ് സിൻഡി ലോ എന്ന കൊച്ചു പെൺകുട്ടി. തന്റെ പ്രിയപ്പെട്ട അമ്മയ്ക്കുവേണ്ടി അവളാൽ കഴിയുന്ന സന്തോഷം നൽകുവാനായി സാന്റാ ക്ലോസിനെ കെണിവച്ചു പിടിച്ച നിഷ്കളങ്കതയുടെ കുഞ്ഞുവെളിച്ചം. നൽകാവുന്നതിൽ വച്ച് ഏറ്റവും ഉന്നതമായത് മറ്റുള്ളവർക്ക് നൽകണമെന്ന് ശഠിച്ചവൾ. കുഞ്ഞാണെങ്കിലും ഉൾബോധ്യങ്ങളുടെ വലിയ പ്രകാശം മറ്റുള്ളവരിലേയ്ക്കു കൂടി പകരുവാൻ ധൈര്യം കാണിച്ചവൾ. ഇത്തരത്തിലുള്ള ഒരു വലിയ തിരിച്ചറിവ് നമുക്കും സാധ്യമാകണം. കൈവശം വലുതൊന്നുമില്ലെങ്കിൽ =പോലും മറ്റുള്ളവർക്ക് ഏറ്റവും മികച്ചത് നൽകുവാനായി ഹൃദയം കൊണ്ട് പല പ്ലാനിങ്ങും നടത്താൻ കഴിയുന്ന ഒരു നാൾ നമുക്കുമുണ്ടാകണം. അന്നു മാത്രമേ മനസിന്റെ ഉള്ളറകളിൽ കത്തിച്ചുവച്ചിരിക്കുന്ന കെടാവിളക്കിന്റെ പ്രകാശം വാക്കിലൂടെയും പ്രവർത്തികളിലൂടെയുമെല്ലാം മറ്റുള്ളവരിലേയ്ക്ക് കൊളുത്തുവാൻ സാധിക്കുകയുള്ളൂ.

പിറ്റേ ദിവസം രാവിലെ ആ സ്ട്രീറ്റിലെ എല്ലാ വീടുകളും ഉണർന്നത് അതീവദുഃഖത്തോടെയാണ്. തങ്ങളുടെ എല്ലാ ക്രിസ്മസ് ഒരുക്കങ്ങളും ആരാലോ മോഷ്ടിക്കപ്പെട്ടിരിക്കുന്നു. സിൻഡിയും വളരെ വിഷമത്തിലായി. എല്ലാവരും തെരുവിലിറങ്ങി വലിയ വിഷമത്തോടെ നിൽക്കുകയാണ്. നരച്ച മഞ്ഞുപാളികൾ മാത്രമല്ലാതെ മറ്റൊന്നും അവർക്കായി അവിടെ അവശേഷിച്ചിരുന്നില്ല. ഉടനെ തന്നെ സിൻഡി കരയുവാൻ തുടങ്ങി. അവളുടെ അമ്മ ഡോണ കാര്യം ചോദിച്ചപ്പോൾ തലേ ദിവസം രാത്രിയിൽ നടന്ന സംഭവം അവൾ വിവരിച്ചു. താൻ കാരണമാണ് സാന്റാ എല്ലാരുടെയും ക്രിസ്മസ് ഇല്ലാതാക്കിയതെന്നു പറഞ്ഞ് അവൾ ഏങ്ങലടിച്ചു. പക്ഷേ, അവളുടെ അമ്മ അവളെ ആശ്വസിപ്പിക്കുകയാണ് ചെയ്തത്. കാരണം ക്രിസ്മസ്, സമ്മാനങ്ങളിലല്ല ഉള്ളത് മറിച്ച് മനസ്സുകളിലാണ് എന്ന സത്യം ബോധ്യപ്പെടുത്തിക്കൊണ്ട് അവിടെ കൂടിനിന്ന എല്ലാവരും ഒരുമിച്ച് അതിമനോഹരമായ ഒരു കരോൾ ഗാനം ആലപിക്കുകയാണ്.

അതേസമയം അങ്ങ് ദൂരെ, ഏതാണ്ട് മൂവായിരം അടി മുകളിൽ, മോഷ്ടിച്ച ക്രിസ്മസ് വസ്തുക്കളുമായി ഗ്രിൻജും മാക്സും എത്തിച്ചേരുകയാണ്. വലിയ മഞ്ഞുമലയുടെ മുകളിൽ നിന്ന് എല്ലാ വസ്തുക്കളും താഴേയ്ക്കു കളയുവാൻ തീരുമാനിച്ച ഗ്രിൻജ്, അകലെ നിന്ന് ഒരു ഗാനം കേൾക്കുകയാണ്. തന്റെ ബൈനോക്കുലറിലൂടെ എന്താണ് സംഭവിക്കുന്നതെന്നു നോക്കിയ ഗ്രിൻജ് അത്ഭുതപ്പെട്ടു. സ്ട്രീറ്റിൽ ഒന്നുചേർന്ന് മനോഹരമായ ക്രിസ്മസ് ഗാനമാലപിക്കുന്ന ജനങ്ങൾ. അവന്റെ ഹൃദയം കൂടുതൽ ആർദ്രമാകുവാൻ തുടങ്ങി. ഇതിനിടയിൽ അവന്റെ ഹിമവണ്ടിയുടെ ഭാരം കാരണം മഞ്ഞുമലയിൽ വിള്ളൽ വീണ് വാഹനത്തോടൊപ്പം തന്നെ ഗ്രിൻജും താഴേയ്ക്ക് വീഴുവാൻ തുടങ്ങി. തന്റെ വാഹനത്തിൽ നിന്നും ആങ്കർ പിടിപ്പിച്ച കയർ മലയിലേയ്ക്ക് വലിച്ചെറിയുകയാണ്. മാക്സ് അവിടെ ഉണ്ടായിരുന്നെങ്കിൽക്കൂടിയും അവന് ഒന്നും ചെയ്യുവാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ഒടുവിൽ മുമ്പ് ഗ്രിൻജ് പറഞ്ഞു വിട്ട ഫ്രഡ്‌ എന്ന റെയ്ൻ ഡിയറും സുഹൃത്തുക്കളും ചേർന്ന് കയർ മുകളിലേയ്ക്ക് വലിച്ചുകയറ്റി.

തന്റെ ഉള്ളിലുള്ള ദേഷ്യത്തിന്റെയും വെറുപ്പിന്റെയും മഞ്ഞുപാളികൾ ഉരുകി, സന്തോഷത്തിന്റെ സ്നിഗ്ധമായ തിരി തെളിയുകയാണ് ഗ്രിൻജിന്റെ മനസ്സിൽ. ഉടനെ തന്നെ അവൻ താഴെയെത്തി എല്ലാവരോടും ക്ഷമ ചോദിക്കുകയും മോഷ്ടിച്ചവയെല്ലാം തിരികെ നൽകുകയും ചെയ്തു. അങ്ങനെ ഗ്രിൻജ് ഒരു പുതിയ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുകയാണ്.

ശൂന്യമായ മനസ്സോടെ വീട്ടിലേയ്ക്കു പ്രവേശിച്ച ഗ്രിൻജിനെ തന്റെ വീട്ടിലെ ക്രിസ്മസ് പാർട്ടിക്ക് ക്ഷണിക്കുവാൻ സിൻഡി എത്തിച്ചേരുകയാണ്. വളരെ സ്നേഹത്തോടെ അവൾ അവനെ തന്റെ വീട്ടിലെ അത്താഴവിരുന്നിനു ക്ഷണിക്കുമ്പോൾ ഗ്രിൻജിന്റെ ഹൃദയം കുറ്റബോധത്താൽ നീറുകയായിരുന്നു. അന്ന് വൈകുന്നേരം സിൻഡിയുടെ വീട്ടിൽ എത്തിച്ചേർന്ന ഗ്രിൻജിനും മാക്സിനും വളരെ ഗംഭീരമായ സ്വീകരണമാണ് സിൻഡിയും കൂട്ടരും നൽകിയത്. അവിടെ കൂടിയിരുന്ന എല്ലാവരും വളരെ അടുപ്പവും കരുതലും ഗ്രിൻജിനോടും മാക്സിനോടും കാണിക്കുകയാണ്. ആളുകൾ തങ്ങളിലേയ്ക്ക് കൂടുതൽ അടുക്കുമ്പോൾ അവർ രണ്ടുപേരുടെയും ഹൃദയങ്ങൾ കൂടുതൽ പ്രകാശഭരിതമായി മാറുകയായിരുന്നു. ഇത്രയും കാലം ഒറ്റപ്പെട്ടു ജീവിച്ചിരുന്ന അവരുടെ ജീവിതങ്ങൾക്ക് കൂടുതൽ അര്‍ത്ഥമുള്ളതായി മാറുന്നതുപോലെ അവർക്ക് അനുഭവപ്പെട്ടു.

ചേർത്തുപിടിക്കലുകളിൽ തങ്ങളുടെ സ്വീകാര്യതയുടെ ആഴം എത്രത്തോളമുണ്ടെന്ന സത്യം മനസ്സിലാക്കുകയാണ് ഗ്രിൻജ്. അവസാനം അത്താഴത്തിനു സമയമായപ്പോൾ വിശിഷ്ടാതിഥിയായി ഗ്രിൻജിനെ ക്ഷണിക്കുകയാണ് സിൻഡിയുടെ അമ്മ. കേക്ക് മുറിക്കുന്നതിനു മുമ്പ് ഗ്രിൻജ് ഒരു ചെറിയ പ്രസംഗം നടത്തുന്നുണ്ട്.

“എന്റെ ജീവിതകാലമത്രയും ഞാൻ ക്രിസ്മസിനെയും അതുമായി ബന്ധപ്പെട്ട എല്ലാത്തിനെയും വെറുത്തിരുന്നു. പക്ഷേ, ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നത് ക്രിസ്മസിനെയല്ല, എന്റെ ഏകാന്തതയെയാണ് ഞാൻ വെറുത്തതെന്ന്. ഇപ്പോൾ ഞാൻ ഒറ്റയ്ക്കല്ല; എനിക്ക് നന്ദി പറയുവാൻ ഇപ്പോൾ നിങ്ങളെല്ലാവരുമുണ്ട്. പ്രത്യേകിച്ച്, എന്റെ അരികിലിരിക്കുന്ന ഈ കൊച്ചുപെൺകുട്ടി ! അവളുടെ കരുണ എന്റെ ജീവിതത്തെ മാറ്റിമറിച്ചു. അതുകൊണ്ടു തന്നെ ഞാൻ പറയട്ടെ, നമ്മുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആവശ്യമുള്ളത് സ്നേഹവും കരുണയുമാണ്.” ഇത്രയും പറഞ്ഞുകൊണ്ട് ഗ്രിൻജ് അവിടെ കൂടിയിരുന്ന ഏവരോടും കൂടി ക്രിസ്മസ് ആഘോഷിക്കുകയാണ്.

ഒരു കൊച്ചുപെൺകുട്ടി അവളുടെ അമ്മയുടെ നേർക്കു കാണിച്ച കരുണയും സ്നേഹവും മറ്റൊരാൾക്ക് ഇവിടെ ജീവിതത്തിലേയ്ക്കുള്ള തിരിച്ചുവരവിനു കാരണമായി. ഒരു ചെറിയ പരിഗണന നൽകിയപ്പോൾ “ഗ്രിൻജ്” ഇവിടെ സന്തോഷത്തിന്റെയും കാരുണ്യത്തിന്റെയും വാഹകനാവുകയാണ്. അതുകൊണ്ടു തന്നെ സ്നേഹത്തിന്റെ പ്രകാശനമാണ് ഒറ്റപ്പെട്ടുപോയവർക്കുള്ള മറുമരുന്ന്.

ജീവിതത്തിൽ നാം മറ്റുള്ളവരോട് കാണിക്കേണ്ടുന്ന ഏറ്റവും അടിസ്ഥാനപരമായ രണ്ടു ഗുണങ്ങളാണ് സ്നേഹവും കരുണയും. യേശുവും ഇതു തന്നെയാണ് പഠിപ്പിച്ചതും തന്റെ ജീവിതത്തിലൂടെ നമുക്ക് കാണിച്ചുതന്നതും.

കാലത്തിന്റെ തിരക്കുകളിൽ അരികിലിരിക്കുന്നവരെ നോക്കി പുഞ്ചിരിക്കുവാൻ പോലും മറന്നുപോകുന്ന നമുക്കുള്ള ഒരു ഓർമ്മപ്പെടുത്തലാണ് ഗ്രിൻജിന്റെ കഥ. ഒറ്റപ്പെടലുകളിൽ സന്തോഷം കണ്ടെത്തുവാൻ സാധിക്കാതെ വന്നപ്പോൾ തനിക്കില്ലാത്ത സന്തോഷം മറ്റുള്ളവർക്കും വേണ്ടെന്നുവച്ച ചിന്താഗതിയിൽ സ്നേഹവും അല്പം പരിഗണനയും കൂടിച്ചേർന്നപ്പോൾ ഉണ്ടായ മാറ്റം വളരെ വലുതാണ്. ‘നിങ്ങളുടെ സാന്നിധ്യം എന്റെ അമ്മയ്ക്ക് വലിയ സന്തോഷമായിരിക്കും’ എന്ന ഒറ്റ വാചകത്തിലൂടെ അവന്റെ മനസ് ഉരുകുവാൻ തുടങ്ങിയപ്പോൾ മുതൽ ഒരു വലിയ ട്രാൻസ്ഫോർമേഷൻ (transformation) നടക്കുകയാണ് അവിടെ. അത്തരം രൂപാന്തരങ്ങൾ സ്നേഹം കൊണ്ടോ, നാം കാണിക്കുന്ന കരുണ കൊണ്ടോ സാധിക്കുമെങ്കിൽ തീർച്ചയായും അവിടെ നിങ്ങൾ കൊളുത്തിവയ്ക്കുന്നത് തീരെ ചെറുതല്ലാത്ത പ്രകാശമാണ്; ഒന്നിൽ നിന്നും മറ്റൊന്നിലേയ്ക്ക് പകർത്തപ്പെടുന്ന നന്മയുടെ വെളിച്ചം.

പ്രിയപ്പെട്ടവരേ, ജീവിതത്തിലെ നഷ്ടപ്പെട്ടുപോയ ഇരുണ്ട നിമിഷങ്ങളിലേയ്ക്ക് കണ്ണു നട്ടിരിക്കാതെ, മുമ്പിലുള്ള നല്ല നാളേയ്ക്കായി സ്നേഹത്തിന്റെ എണ്ണയൊഴിച്ച് കരുണയുടെ തിരികളിട്ട് നമ്മുടെ ഹൃദയവിളക്കുകൾ പ്രകാശിപ്പിക്കുവാൻ നമുക്കൊരുങ്ങാം.

പ്രാർത്ഥനാശംസകൾ!
സുനിഷ നടവയല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.