നന്മയുടെ പൂക്കളമൊരുക്കുന്നവര്‍ – 14

ജോസ് ക്ലെമന്റ്

മനുഷ്യന്റെ ഏറ്റവും വലിയ വിളി വിശപ്പിന്റെ തന്നെയാണെങ്കിലും വിശപ്പടക്കി കഴിഞ്ഞാലും ദുഃഖവും ദുരിതങ്ങളും ബാക്കിയാകുന്നുണ്ട്. രോഗങ്ങള്‍ ഒഴിയാതെ പിടികൂടുമ്പോള്‍ അവയ്ക്ക് പരിഹാരം കാണുകയെന്നത് ഇന്ന് വലിയൊരു സാഹസം തന്നെയാണ്. ഒരു നേരത്തെ ഭക്ഷണം നല്‍കാനും കരുതലേകാനും ഏതെങ്കിലും പരോപകാരികളുണ്ടാകാം. എന്നാല്‍ മനുഷ്യനെ കാര്‍ന്നുതിന്നുന്ന കാന്‍സര്‍പോലുള്ള ഭീകര രോഗങ്ങള്‍ കീഴ്‌പ്പെടുത്തുമ്പോള്‍ അവയ്‌ക്കൊരാശ്വാസവും സാന്ത്വനവുമേകാന്‍ ഒരത്താണി കണ്ടെത്തുക വിഷമകരമാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ ആരെങ്കിലുമൊക്കെ ഉണ്ടാകുകയെന്നത് വലിയ ആശ്വാസവും പ്രതീക്ഷയുമാണ്. ഭക്ഷണത്തോടൊപ്പം രോഗീപരിചരണത്തിലും വിശിഷ്യാ കാന്‍സര്‍ രോഗികളായവരെ പരിപാലിക്കുന്നതിലും ശ്രദ്ധാലുവാണ് വൈപ്പിന്‍ ഓച്ചന്തുരുത്തിലെ പീറ്റര്‍ കൂളിയത്ത്. ഈ രംഗത്ത് റോസറി ഓഫ് ഡിവൈന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളിലൂടെ പീറ്ററേട്ടന്‍ എല്ലാവരേയും സ്‌നേഹിക്കുന്നവനും എല്ലാവരാലും സ്‌നേഹിക്കപ്പെടുന്നവനുമായി മാറിയിരിക്കുകയാണ്.

അന്നം വിളമ്പി അഭയമേകുന്ന റോസറി പീറ്റര്‍

”പാറയെന്നര്‍ത്ഥമുള്ള പത്രോസ് യേശുവിന്റെ അരുമശിഷ്യനായിരുന്നു. മൂന്നുതവണ തള്ളിപ്പറഞ്ഞെങ്കിലും മറ്റാരേക്കാളും കൂടുതലായി യേശുവിനെ സ്‌നേഹിച്ച ശിഷ്യന്‍. പത്രോസെന്ന പീറ്ററിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും വിജകയകരമായിത്തീരട്ടെ!” എറണാകുളം ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ഒരു എയ്ഡ്‌സ് രോഗിക്കൊപ്പം ചിലവഴിച്ച ശേഷം എറണാകുളം- അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് എഴുതിക്കൊടുത്ത ഈ വാചകം ഒരമൂല്യ നിധിയായി കാത്തു സൂക്ഷിക്കുകയാണിന്നും കൂളിയത്ത് പീറ്റര്‍. വൈപ്പിന്‍ കരയിലെ ഓച്ചന്തുരുത്ത് റോസറി ഓഫ് ഡിവൈന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്ഥാപകനും അന്നദാതാവുമാണ് കാരുണികനായ ഈ പത്രോസ്.

14 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച പീറ്ററിന്റെ സാധുജന സംരക്ഷണവും അന്നം വിളമ്പലും ഇന്നും മുടക്കം കൂടാതെ തുടരുകയാണ്; ആരെയും തള്ളിപ്പറയാതെയും തള്ളിക്കളയാതെയും. വിട്ടുമാറാതിരുന്ന തന്റെ നടുവേദനയും കാല്‍മുട്ടുവേദനയും വിട്ടൊഴിഞ്ഞതിന്റെ ഒരു പിന്നാമ്പുറകഥ ഈ സാധുജന സംരക്ഷകന്റെ അന്നമൂട്ടിനു പിന്നിലുണ്ട്. പീറ്ററിന്റെ അയല്‍വാസിയായിരുന്ന ഗ്രേസി ചേച്ചി എറണാകുളം ജനറല്‍ ആശുപത്രിയിലെ കിടപ്പുരോഗികളെ പതിവായി സന്ദര്‍ശിക്കുകയും ആശ്വസിപ്പിക്കുകയും തന്നാലാവുന്ന വിധത്തില്‍ ചെറുസഹായങ്ങള്‍ നല്‍കി സംരക്ഷിക്കുകയും ചെയ്തിരുന്നു. ഇതിനായി ഗ്രേസി ചേച്ചി ഒരു പ്രാര്‍ത്ഥനാകൂട്ടായ്മയ്ക്ക് രൂപം നല്‍കിയിരുന്നു. 2003-ലാണ് കൂളിയത്ത് പീറ്റര്‍ ഈ കൂട്ടായ്മയില്‍ അതിഥിയായിട്ടെത്തുന്നത്. അതിഥി താല്‍പര്യപൂര്‍വ്വം കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ തുടങ്ങിയതോടെ വര്‍ഷങ്ങളായി പീറ്ററനുഭവിച്ചുകൊണ്ടിരുന്ന അസഹ്യമായ നടുവേദനയ്ക്കും കാല്‍മുട്ടുവേദനയ്ക്കും ശമനമുണ്ടാകുന്നതായി അനുഭവപ്പെട്ടു തുടങ്ങി. ക്രമേണ മരുന്നോ ലേപനങ്ങളോ ഒന്നും കൂടാതെ പൂര്‍ണമായും ശാരീരിക അസ്വസ്ഥതകള്‍ വിട്ടകന്നു. തനിക്ക് ലഭിച്ച ശാരീരിക സുഖം പീറ്ററില്‍ വലിയ വിശ്വാസവും ഉണര്‍വുമാണ് പ്രദാനം ചെയ്തത്. സൗഖ്യാനുഭവത്തില്‍ നിന്നുണ്ടായ വിശ്വാസം മറ്റുള്ളവരുടെ വേദനകളെ ഉള്‍ക്കൊള്ളാനുള്ള ഒരു മാനസികാവസ്ഥ പീറ്ററിലുണ്ടാക്കിത്തീര്‍ത്തു. വേദനിപ്പിക്കുന്നവരെ ആശ്വസിപ്പിക്കുക തന്റെ കൂടെ ദൗത്യമാണെന്ന് തിരിച്ചറിഞ്ഞ പീറ്റര്‍, വലയും വള്ളവുമുപേക്ഷിച്ച് ഗുരുവിനെ അനുഗമിച്ച പത്രോസിനെപ്പോലെ എല്ലാ ലൗകിക വ്യഗ്രതകളില്‍ നിന്നും വിട്ടകന്ന് സാധുജന സംരക്ഷണത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. ഈ ശുശ്രൂഷാ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കേയാണ് വല്ലാര്‍പാടം സ്വദേശി ബ്രദര്‍ ജസ്റ്റിന്‍ ആഴ്ചയില്‍ മൂന്നു ദിവസം നിര്‍ധന രോഗികള്‍ക്ക് ഭക്ഷണം നല്‍കുന്ന ജീവകാരുണ്യ പ്രവര്‍ത്തനം പീറ്ററിന്റെ ശ്രദ്ധയില്‍പ്പെട്ടത്. വിശപ്പകറ്റുന്ന ശുശ്രൂഷയില്‍ പീറ്ററും ജസ്റ്റിന്‍ ബ്രദറിനൊപ്പം ചേര്‍ന്നു.

2006-ല്‍ ജസ്റ്റിന്‍ ബ്രദര്‍ വല്ലാര്‍പാടത്തു നിന്നും മാറിയതോടെ ഭക്ഷണവിതരണം നിലക്കുന്ന സാഹചര്യം വന്നു. പക്ഷേ അതു മുടക്കാന്‍ പീറ്ററേട്ടന്‍ തയ്യാറായില്ല. തുടര്‍ന്നുകൊണ്ടുപോകാന്‍ മുന്‍കയ്യെടുത്തു. ഭക്ഷണവിതരണം വിപുലീകരിക്കാനും കൂടുതല്‍ പേര്‍ക്ക് എത്തിക്കാനുമായി പീറ്ററേട്ടന്‍ മറ്റ് എട്ടുപേരെക്കൂടി ചേര്‍ത്തുകൊണ്ട് 2006 ജൂലൈ 19-ന് റോസറി ഓഫ് ഡിവൈന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടനയ്ക്ക് രൂപം നല്‍കി. ഒരു കെട്ടിടം വാടകയ്‌ക്കെടുത്ത് ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളുണ്ടാക്കി. ഇതൊരു വളര്‍ച്ചയുടെ തുടക്കമായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അതിര്‍ത്തികളില്ലാതായപ്പോള്‍ അന്നദാനം വിപുലീകൃതമായി. ഈ ഊട്ടുകാരനിലെ നന്മ കണ്ടറിഞ്ഞ എറണാകുളം ജനറല്‍ ആശുപത്രി അധികൃതര്‍ ആശുപത്രിയോടനുബന്ധിച്ച് ഒരു പാചക ശാലതന്നെ പീറ്ററിന്റെ മനോഗുണ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടു കൊടുത്തു. 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് അഞ്ച് കിലോ അരി പാചകം ചെയ്ത് ഉച്ചഭക്ഷണം ആരംഭിച്ചു. ഇന്ന് ജനറല്‍ ആശുപത്രിയിലെ കിടപ്പുരോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി പ്രതിദിനം നാലുനേരമായി 2500-ല്‍പ്പരം പേര്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുക്കുന്നുണ്ട്. പൊതുജനങ്ങളുടെയും ആശുപത്രി അധികൃതരുടെയും കലവറയില്ലാത്ത സഹകരണവും നാനാഭാഗത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന സഹായങ്ങളുംകൊണ്ട് അന്നമൂട്ടിന് യാതൊരുവിധ തടസ്സ ങ്ങളുമുണ്ടായിട്ടില്ലായെന്ന് പീറ്ററേട്ടന്‍ വെളിപ്പെടുത്തുന്നു.

അങ്കമാലി പൊയ്ക്കാട്ടുശ്ശേരിയില്‍ കിടപ്പുരോഗികളെ ശുശ്രൂഷിക്കുന്നതിനായി പീറ്ററേട്ടന്‍ ഒരു ആലയം ആരംഭിച്ചെങ്കിലും നഗരത്തില്‍നിന്നുള്ള ദൂരക്കൂടുതല്‍ രോഗികളുടെ യാത്ര ക്ലേശകരമാക്കി. അതിനാല്‍ പ്രസ്തുത അഭയകേന്ദ്രം ജറമിയ ബര്‍ട്ടോണി സഭാംഗമായ സാജനച്ചനെ ഭരമേല്‍പ്പിച്ചുകൊണ്ട് പീറ്ററേട്ടന്‍ അവിടെനിന്നും വിടവാങ്ങി. അതിനു ബദലായി വൈപ്പിന്‍ ഓച്ചന്തുരുത്ത് സ്‌കൂള്‍മിറ്റത്ത് ‘ജറമിയ ബര്‍ട്ടോണി പാലിയേറ്റീവ് കെയര്‍ സെന്ററര്‍’ എന്ന പേരില്‍ പുതിയൊരു അഭയാലയം ആരംഭിച്ചു. ദൂരദിക്കുകളില്‍ നിന്നും എറണാകുളം നഗരത്തില്‍ റേഡിയേഷനും അനുബന്ധ ചികിത്സ കള്‍ക്കുമായി എത്തിച്ചേരുന്ന നിര്‍ധനരായ രോഗികള്‍ക്കും അവരുടെ ശുശ്രൂഷകര്‍ക്കും താമസിക്കാനുള്ള ഒരിടമായാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. 20 പേര്‍ക്കുവരെ ഒരേ സമയം താമസിക്കുന്നതിനുള്ള സജ്ജീകരണങ്ങളാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്. മൂന്നുമാസം വരെ ചികിത്സകള്‍ക്കായി തങ്ങാനാകും. ഇക്കാലയളവില്‍ സൗജന്യ ഭക്ഷണത്തോടൊപ്പം സൗജന്യതാമസത്തിനുള്ള സൗകര്യങ്ങളുമാണ് ഒരുക്കിക്കൊടുക്കുന്നത്.

കാന്‍സര്‍ രോഗം അഭൂതപൂര്‍വ്വമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കാന്‍ ക്യുവര്‍ സംഘടനയുടെ സഹകരണത്തോടെ കാന്‍സര്‍ ബാധിത കിടപ്പുരോഗികള്‍ക്കായി ഒരു സെന്റര്‍ പടുത്തുയര്‍ത്തുന്നതിനുള്ള ശ്രമത്തിലാണ് പീറ്റര്‍ കൂളിയത്ത്. 40 രോഗികളെ പുനരധിവസിപ്പിക്കാനാകുന്ന രീതിയില്‍ ഓച്ചന്തുരുത്ത് സ്‌കൂള്‍മിറ്റത്ത് 16 സെന്റ് ഭൂമിയില്‍ ഇതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഭക്ഷണവും താമസവും ഒരുക്കിക്കൊടുക്കുന്നതോടൊപ്പം വേദനിക്കുന്ന രോഗികള്‍ക്കും അവരെക്കുറിച്ച് വേദനിക്കുന്ന ശുശ്രൂഷകര്‍ക്കും മനസമാധാനവും സന്തോഷവും പകര്‍ന്നു നല്‍കുകയെന്നതാണ് റോസറി പീറ്ററേട്ടന്റെ ആത്യന്തിക ലക്ഷ്യം.

എറണാകുളം ജനറല്‍ ആശുപത്രിയിലെ ശോച്യാവസ്ഥയില്‍ കിടക്കുന്ന ഐസൊലേഷന്‍ വാര്‍ഡിന് പുതുജീവന്‍ നല്‍കി ശുചിത്വവും സൗകര്യങ്ങളും വര്‍ധിപ്പിച്ച് നവീകരിക്കുന്നതിനുള്ള തീവ്ര ആഗ്രഹമാണ് ഇപ്പോള്‍ പീറ്ററേട്ടനുള്ളത്. റോസറി ഡിവൈന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും പൊതുജനങ്ങളുടെയും ആശുപത്രി അധികൃതരുടെയും സഹായസഹകരണങ്ങളോടെ അതിവേഗം ഇത് നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് പീറ്ററേട്ടന്‍. പേരില്‍ പാറയാണെങ്കിലും ശിലയെ അലിയിക്കുന്ന കാരുണ്യവും സ്‌നേഹവും അളവില്‍ കവിഞ്ഞ് തുളുമ്പുന്ന മനസ്സിനുടമയാണ് റോസറിയുടെ അമരക്കാരന്‍ പീറ്റര്‍.

ഭാര്യ: ലീമ. മക്കള്‍: കാര്‍മല്‍ഗിരി സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയിലെ രണ്ടാം വര്‍ഷ തത്വശാസ്ത്ര വൈദികാര്‍ത്ഥി ജിബിന്‍ ജോസ്, ലിയോ സണ്ണി
പീറ്റര്‍ കൂളിയത്ത്

റോസറി ഓഫ് ഡിവൈന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്
ഓച്ചന്തുരുത്ത്, വൈപ്പിന്‍
മൊബൈല്‍: 98950 35830

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.