സ്കോട്ട്ലാന്റില്‍ 50 വർഷങ്ങൾക്കു മുൻപുള്ള സെമിനാരി ക്ഷയിച്ച നിലയിൽ

സ്കോട്ട്ലാന്റിലെ കത്തോലിക്ക വിശ്വാസികളുടെയും ദൈവവിളിയുടെയും എണ്ണം വർദ്ധിച്ചു കൊണ്ടിരുന്ന  1966 -ൽ പണിയിക്കപ്പെട്ട സെന്റ്. പീറ്റേഴ്സ് സെമിനാരി വർഷങ്ങൾക്കു ശേഷം വന മധ്യത്തിൽ ക്ഷയിച്ച നിലയിൽ. അക്കാലഘട്ടത്തിൽ ‘വാസ്തുവിദ്യയുടെ മാണിക്യം’ എന്ന് വിശേഷിപ്പിച്ചിരുന്ന സെമിനാരിയാണ് വർഷങ്ങൾക്കിപ്പുറം ഉപേക്ഷിക്കപ്പെട്ട അവസ്ഥയിൽ തുടരുന്നത്. ആദ്യകാലഘട്ടങ്ങളിൽ ഒരുപാട് നിരൂപണങ്ങൾക്കും പ്രശംസയ്ക്കും അർഹമായ ഈ കെട്ടിടം അതിന്റെ നിർമ്മാണ പ്രക്രിയയിലെ സങ്കീർണ്ണതകൾ കൊണ്ട് തന്നെ പരിപാലിക്കുവാൻ വളരെയധികം ചെലവ് നേരിട്ടതിനാലാണ് നിർമ്മിക്കപ്പെട്ടു കുറച്ച് വർഷങ്ങൾക്കു ശേഷം തന്നെ ആൾ താമസമില്ലാതെ ഉപേക്ഷിക്കുവാൻ തീരുമാനമായത്.

നാഷണൽ കത്തോലിക് രജിസ്റ്റർ അനുസരിച്ച് ഗ്ലാസ്ഗോ ആർച്ച് ബിഷപ്പ് ഡൊണാൾഡ് കാംബെൽ ആണ് 1958 -ൽ സെമിനാരി നിർമ്മിക്കുവാൻ തീരുമാനിക്കുന്നത്. നിലവിലുണ്ടായിരുന്ന സെമിനാരി 1946 -ൽ ഒരു തീ പിടുത്തത്തിൽ നശിപ്പിക്കപ്പെട്ടതിനാലാണ് പുതിയത് നിർമ്മിക്കുവാൻ തീരുമാനിച്ചതും. ആ സമയത്തെ ദൈവവിളിയിലുണ്ടായ വലിയ വർദ്ധനവ് ബിഷപ്പിന്റെ നിർദ്ദേശത്തെ ശരിവെച്ചു. അങ്ങനെ 1962 -ൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച കെട്ടിടം 1966 -ൽ പൂർത്തീകരിക്കപ്പെടുകയും പ്രവർത്തനമാരംഭിക്കുകയും ചെയ്തു. എങ്കിലും കുറച്ചു വർഷങ്ങൾക്കു ശേഷം കെട്ടിടത്തെ പരിപാലിക്കുവാനുള്ള ഭീമമായ ചിലവും ദൈവവിളിയുടെ ഗണ്യമായ കുറവും പരിഗണിച്ച് രണ്ടാം വത്തിക്കാൻ കൗൺസിലാണ് സെമിനാരിയുടെ പ്രവർത്തനം നിർത്തിവയ്ക്കുവാൻ തീരുമാനിച്ചത്. അങ്ങനെ 1980 -ൽ കെട്ടിടം അടയ്ക്കപ്പെട്ടു. ഏതാണ്ട് നാല് വർഷങ്ങൾക്കുള്ളിൽത്തന്നെ പരിസരപ്രദേശങ്ങൾ വനമായതിനാൽ വളരെപ്പെട്ടെന്നുതന്നെ കെട്ടിടം നശിക്കുകയും കാലഹരണപ്പെടുകയും ചെയ്തു.

2020 -ൽ ഗ്ലാസ്ഗോ അതിരൂപത പഴയ സെമിനാരിയുടെ ഉടമസ്ഥാവകാശം ഒരു ചാരിറ്റബിൾ സൊസൈറ്റിക്ക് കൈമാറി. വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിലേക്കായി ആ കെട്ടിടം പുനരുദ്ധരിക്കുവാൻ പദ്ധതിയിടുന്നതായി സംഘടനയുടെ ഭാരവാഹികൾ അറിയിച്ചിരിക്കുന്നത് ആശ്വാസം പകരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.