ദൈവത്തെ അറിയുവാൻ ഇടയാക്കിയ ക്യാൻസർ രോഗം 

സ്കോട്ട് കോളിയർ എന്ന 43 വയസുകാരൻ 2018 ഫെബ്രുവരിയിൽ വളരെ ഞെട്ടലോടെയാണ് തനിക്ക് ക്യാൻസർ ആണെന്ന സത്യം തിരിച്ചറിഞ്ഞത്. അതും നാലാം ഘട്ടം വരെയെത്തിയ അവസ്ഥ. ആദ്യ ശസ്ത്രക്രിയയിൽ വയറ്റിൽ ഒരു വലിയ ട്യൂമറും ക്യാൻസർ കോശങ്ങളും കണ്ടെത്തി. അദ്ദേഹത്തിന് ഏതാനും മാസങ്ങൾ മാത്രമാണ് ഡോക്ടർമാർ ആയുസ് വിധിച്ചത്. എന്നാൽ ദൈവത്തിന്റെ പദ്ധതി മറ്റൊന്നായിരുന്നു. ക്യാൻസർ എന്ന രോഗത്തിനെതിരെയുള്ള പോരാട്ടം മാത്രമായിരുന്നില്ല അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഹൃദയം ക്ഷമയ്ക്കായി തുറന്ന് കൊടുക്കുക എന്ന ദൗത്യവും അദ്ദേഹം തന്റെ രോഗാവസ്ഥയിൽ സ്വീകരിച്ചു.

രോഗനിർണ്ണയത്തിന് മുമ്പ് അമേരിക്കയിലെ ഡെൻവറിൽ ആണ് സ്കോട്ട് താമസിച്ചിരുന്നത്. സ്കോട്ടിന്റെ അയൽക്കാരായിരുന്നു ഷേർലിയും അവരുടെ അഞ്ചു വയസുള്ള മകൾ നെവിയായും. സ്കോട്ടിന്റെ ജീവിതത്തെ വളരെയധികം സ്വാധീനിച്ച ഒരാളായിരുന്നു ആ അഞ്ചു വയസുകാരി. ഒരിക്കല്‍ തന്റെ സൈക്കിള്‍ നന്നാക്കുവാന്‍ അദ്ദേഹത്തിന്റെ സഹായം ചോദിക്കുന്നതിലൂടെയാണ് ഇവര്‍ തമ്മില്‍ പരിചയപ്പെടുന്നത്. നെവിയയിലൂടെ മറ്റൊരു വ്യക്തിയായി അദ്ദേഹം മാറി. നെവിയയുമായിട്ടുള്ള ചങ്ങാത്തം ആദ്ദേഹത്തിൽ വളരുകയും അവളുടെ സ്‌കൂളിലും അദ്ദേഹം അവളെ കൊണ്ടുപോകുകയും ഒക്കെ ചെയ്യുമായിരുന്നു. നെവിയയുമായുള്ള സ്കോട്ടിന്റെ ചങ്ങാത്തമാണ് പിന്നീട് ഹൃദയ പരിവർത്തനത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. “ആരെയെങ്കിലും നിരുപാധികമായി സ്നേഹിക്കുക എന്നതിന്റെ അർത്ഥമെന്താണെന്ന് ഞാൻ ഇപ്പോൾ മനസിലാക്കുന്നു.” -സ്കോട്ട് പറയുന്നു.

നെവിയയെ കണ്ടുമുട്ടുന്നതിന് മുൻപ് ആളുകളോട് അദ്ദേഹത്തിന് ദേഷ്യമായിരുന്നു. എപ്പോഴും മനസ് ഇരുണ്ട് മൂടി കിടന്നു. എന്നാൽ, നെവിയ ആ ഇരുട്ടിനെ അകറ്റി ഹൃദയം പ്രകാശത്താൽ നിറച്ചു. മറ്റുള്ളവരെ ശ്രദ്ധിക്കുവാൻ ആ അഞ്ചു വയസുകാരി അദ്ദേഹത്തെ സഹായിച്ചു. അത് ദൈവത്തിന്റെ പ്രവർത്തി  അദ്ദേഹത്തിൽ തുടക്കം കുറിക്കുകയായിരുന്നു. നെവിയയുടെ മേലുള്ള ആത്മീയ പിതൃത്വം അദ്ദേഹത്തിന്റെ ഹൃദയത്തെ സുഖപ്പെടുത്താൻ തുടങ്ങിയപ്പോൾ ശാരീരിക സൗഖ്യം അദ്ദേഹത്തിന് ആവശ്യമായി വരുന്ന ഒരു സന്ദർഭം കാത്തിരുപ്പുണ്ടായിരുന്നു. വർഷങ്ങളോളം അദ്ദേഹം മാതാപിതാക്കളിൽ നിന്ന് അകന്നു ജീവിക്കുകയായിരുന്നു. ദുഖവും ദേഷ്യവും വരുമ്പോൾ അദ്ദേഹം സുഹൃത്തുക്കളിൽ നിന്നും അകന്നു. ഗുരുതരമായ വിഷാദരോഗത്തിന് അടിമയായിരുന്നു സ്‌കോട്ട്. ദൈവ വിശ്വാസത്തിൽ നിന്നും അകന്നാണ് ജീവിച്ചിരുന്നത്.
സ്നേഹബന്ധങ്ങളിൽ എന്നും നിരാശനായിട്ടാണ് അദ്ദേഹം കാണപ്പെട്ടത്. കാൻസർ രോഗം ബാധിക്കുന്നതിന് മുൻപ് വളരെയധികം ഉത്കണ്ഠകുലനായും വിഷാദചിത്തനായും അദ്ദേഹം കാണപ്പെട്ടു. ചെയ്യുന്ന ജോലിയെ വെറുത്തു. കാണുന്ന ആളുകളോടൊക്കെ മിക്കവാറും കലഹിച്ചു. എന്നാൽ, ക്യാൻസർ രോഗനിർണ്ണയത്തിനുശേഷം ആശുപത്രി കിടക്കയിൽ കിടന്ന സ്കോട്ടിന് സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും അനുരഞ്ജനപ്പെടണമെന്ന ആഗ്രഹം തോന്നിത്തുടങ്ങി.

അങ്ങനെ ആത്മീയ പിതാവായ ഒരു വൈദികന്റെ സഹായത്തോടെ, ആദ്യം സുഖപ്പെടേണ്ടത് തന്നെ ബാധിച്ചിരിക്കുന്ന വൈകാരികവും ആത്മീയവുമായ അർബുദം ആണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അങ്ങനെ ആത്മീയമായ സൗഖ്യത്തിന് വേണ്ടി സ്കോട്ട് ആഗഹിച്ചു തുടങ്ങി. തനിക്ക് വളരെ കുറച്ച് സമയം മാത്രമേ അവശേഷിക്കുന്നുവെന്ന് മനസിലാക്കിയ അദ്ദേഹം സുഹൃത്തക്കളെയൊക്കെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ അദ്ദേഹത്തെ കാണാൻ നിരവധി സന്ദർശകരെത്തി തുടങ്ങി.

ജോലി സ്ഥലത്തെ മേലധികാരികളുമായും സുഹൃത്തുക്കളുമായും അങ്ങനെ അനുരഞ്ജനപ്പെടുവാൻ തുടങ്ങി. അവസാനം മാതാപിതാക്കളുമായും അനുരഞ്ജപ്പെടാൻ തയ്യാറായി. ഏതാനും മാസങ്ങൾ അദ്ദേഹത്തോടൊപ്പം താമസിക്കാൻ മാതാപിതാക്കൾ കൊളറാഡോയിലേക്ക് വന്നു. ക്യാൻസറാണ് എന്നിൽ നിന്ന് ജീവിക്കാതിരിക്കാൻ കാരണമായ പലതും വേരോടെ പിഴുതെറിയാൻ കാരണമായത്. കാൻസറിൽ നിന്നും മോചിതമാകാനാണ് ഞാൻ ദൈവത്തിൽ ആശ്രയിക്കാൻ തുടങ്ങിയത്” – സ്‌കോട്ട് പറയുന്നു.

ആത്മീയമായി സ്കോട്ടിന്റെ ജീവിതത്തിന് ക്യാൻസർ ഒരു ഉത്തരം നൽകുകയായിരുന്നു. ആത്മീയമായ രോഗശാന്തിയുടെ ഉത്തരമായി അയാളുടെ രോഗം അവശേഷിച്ചു. ദൈവം നല്ലവനാണെന്നും മുമ്പ് മനസ്സിലാക്കാത്ത വിധത്തിൽ തന്നെ സ്നേഹിച്ചുവെന്നും വിശ്വസിക്കാൻ അദ്ദേഹം പഠിച്ചു. 2019 ജനുവരിയിൽ സ്കോട്ടിന് ക്യാൻസറിൽ നിന്നും രോഗസൗഖ്യവും ദൈവം നൽകി.  എന്നാൽ, കുറച്ചുനാളുകൾക്ക് ശേഷം രണ്ടാമതും ക്യാൻസർ വന്നു. ഒരു വർഷത്തിനുശേഷം അദ്ദേഹം മരിച്ചു. ലോകമെമ്പാടുമുള്ള നിരവധി സുഹൃത്തുക്കൾ അദ്ദേഹത്തിനായി പ്രാർത്ഥിക്കുന്നു. സ്കോട്ടിന്റെ അവസാന വാക്കുകളും ക്ഷമയെ കുറിച്ചായിരുന്നു. എല്ലാവരോടും ക്ഷമിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ അവസാന ദൗത്യം.

ഇപ്പോള്‍ നെവിയ എട്ടാം ക്ലാസിലെത്തി. സ്കോട്ടിന്റെ സ്വത്തുക്കൾ അവളുടെ പഠനത്തിനായിട്ടാണ് ചിലവഴിക്കുന്നത്. ഒരു സൈക്കിൾ നന്നാക്കിയതിൽ തുടങ്ങിയ ബന്ധമായിരുന്നു ഇവർ തമ്മിലുണ്ടായിരുന്നത്‌. അത് സ്കോട്ടിന്റെ ജീവിതത്തെ വലിയ പരിവർത്തനത്തിലേക്ക് നയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.