മോഷ്ടാവിന് മാനസാന്തരം: ക്ഷമാപണം നടത്തി തിരുശേഷിപ്പ് തിരികെയേല്‍പ്പിച്ചു

ഈശോയോടൊപ്പം കാല്‍വരിയിലെ കുരിശില്‍ ഉണ്ടായിരുന്ന നല്ല കള്ളനെക്കുറിച്ച് സുവിശേഷത്തില്‍ നാം വായിച്ചിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു നല്ല കള്ളന്റെ മാനസാന്തര കഥ ലോകത്തെ അത്ഭുതപ്പെടുത്തുന്നു. പോളണ്ടിലെ ഒരു വിശുദ്ധനായ, ബ്രദര്‍ ആല്‍ബര്‍ട്ട് എന്നറിയപ്പെടുന്ന വി. ആല്‍ബെര്‍ട്ട് ച്മിയലോവ്‌സ്‌കിയുടെ തിരുശേഷിപ്പാണ് ഈ നല്ല കള്ളന്‍ മോഷ്ടിച്ചുകൊണ്ടു പോയത്. ക്രാക്കോവിലെ പോഡ്‌ഗോര്‍സിലെ സെന്റ് ജോസഫ് ഇടവക ദേവാലയത്തില്‍ നിന്നായിരുന്നു മോഷണം.

പക്ഷേ, മോഷണം നടത്തി ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ മോഷ്ടാവ് തന്നെ നേരിട്ടെത്തി തിരുശേഷിപ്പ് തിരിച്ചേല്‍പ്പിക്കുകയുണുണ്ടായത്. ഇടവക നേതൃത്വം തന്നെയാണ് ഇക്കാര്യം സാമൂഹ്യമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.

“മോഷ്ടിക്കപ്പെട്ട ബ്രദര്‍ ആല്‍ബര്‍ട്ടിന്റെ തിരുശേഷിപ്പുകള്‍ തിരികെ ലഭിച്ചു. ഇന്നു രാവിലെ 7.00-ന് മോഷ്ടാവ് നേരിട്ട് തിരുശേഷിപ്പുകള്‍ തിരികെയെത്തിച്ച് ക്ഷമ ചോദിക്കുകയായിരുന്നു. പ്രാര്‍ത്ഥനയ്ക്ക് ഉത്തരമുണ്ട്, ദൈവത്തിന് നന്ദി” – എന്ന കുറിപ്പ് തിരുശേഷിപ്പുകളുടെ ഫോട്ടോ സഹിതമാണ് സോഷ്യല്‍ മീഡിയയില്‍ അവര്‍ പോസ്റ്റ് ചെയ്തത്.

തിരുശേഷിപ്പ് മോഷണം പോയതു മുതല്‍ കള്ളന് മാനസാന്തരം ഉണ്ടാകാനും തിരുശേഷിപ്പ് തിരികെ ലഭിക്കാനും വേണ്ടി ഇടവകയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു.

19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വി. ആല്‍ബെര്‍ട്ട് ച്മിയലോവ്സ്‌കി വി. ജോണ്‍പോള്‍ രണ്ടാമന്റെ ദൈവവിളിയില്‍ നിര്‍ണ്ണായകസ്വാധീനം ചെലുത്തിയ വിശുദ്ധനാണ്. 1845-ല്‍ പോളണ്ടിലെ ഒരു സമ്പന്നകുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. പതിനെട്ടാമത്തെ വയസ്സില്‍ റഷ്യന്‍ സൈന്യത്തിനെതിരെയുള്ള കലാപത്തില്‍ പങ്കെടുക്കുന്നതിനിടയില്‍ മുറിവേറ്റ അദ്ദേഹത്തിന്റെ കാല്‍ മുറിച്ചുനീക്കേണ്ടി വന്നു. ചിത്രകലയിലും വിശുദ്ധന്‍ അഗ്രഗണ്യനായിരുന്നു. പിന്നീട് ആല്‍ബര്‍ട്ട് എന്ന നാമധേയം സ്വീകരിച്ച് ഫ്രാന്‍സിസ്‌കന്‍ സന്യാസിയായി. 1887-ല്‍ അദ്ദേഹം ആല്‍ബര്‍ട്ടൈന്‍ ബ്രദേഴ്‌സ് എന്ന സഭ സ്ഥാപിച്ചു. 1891-ല്‍ ‘ആല്‍ബര്‍ട്ടൈന്‍ സിസ്റ്റേഴ്‌സ്’ സഭയും സ്ഥാപിച്ചു. 1916-ലെ ക്രിസ്തുമസ് ദിനത്തില്‍ ബ്രദര്‍ ആല്‍ബര്‍ട്ട് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. 1983-ല്‍ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായും 1989-നവംബര്‍ 12-ന് വിശുദ്ധനായും സഭ പ്രഖ്യാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.