നന്മയുടെ പൂക്കളമൊരുക്കുന്നവര്‍ – 18

ജോസ് ക്ലെമന്റ്

പട്ടിണിയും രോഗവും മനുഷ്യനെ ആകുലപ്പെടുത്തുകയും വേദനപ്പെടുത്തുകയും ചെയ്യുമെങ്കിലും ഏകാന്തതയും അനാഥത്വവുമാണ് മനസ്സിനേല്‍പ്പിക്കുന്ന ഏറ്റവും വലിയ മുറിവും നൊമ്പരവും. എല്ലാവരുമുണ്ടായിട്ടും ആരുമില്ലാതെ ഏകാന്തതയില്‍ ജീവിതം ഹോമിക്കപ്പെടുന്നവര്‍ സമൂഹത്തില്‍ ഒട്ടനവധിപേരുണ്ട്. അമ്മയും അച്ഛനും നഷ്ടപ്പെട്ടവരും മാതൃസ്‌നേഹവും പിതൃസ്‌നേഹവും അനുഭവിക്കാന്‍ ഭാഗ്യം ലഭിക്കാത്തവരും നിരവധിയാണ്. ഏകാന്തതയും അനാഥത്വവും അനുഭവിച്ചിട്ടുള്ളവര്‍ക്ക് മറ്റുള്ളവരുടെ ദുഃഖങ്ങളേയും ഏകാന്തതയേയും പെട്ടെന്ന് ഉള്‍ക്കൊള്ളാനും മനസ്സിലാക്കാനും കഴിയും. സ്വജീവിതം കൊണ്ടു തന്നെ അനാഥത്വത്തിന്റെ നൊമ്പരം മനസ്സിലാക്കിയ വ്യക്തിയാണ് ബ്രദര്‍ അമല്‍. ആയിരക്കണക്കിന് അനാഥബാല്യങ്ങള്‍ക്കും അതിലേറെ ഏകാന്തതയുടെ തടവറ പേറുന്ന വയോജനങ്ങള്‍ക്കും അച്ഛനും അമ്മയും മകനും സഹോദരനും രക്ഷകര്‍ത്താവുമൊക്കെയായി ബ്രദര്‍ അമല്‍ മാറുമ്പോള്‍ ഇവാഞ്ചലാശ്രമം നവസുവിശേഷവല്‍ക്കരണത്തിന്റെ പറുദീസയായി മാറുകയാണ്.

തെരുവുമക്കളില്ലാത്ത ലോകത്തിന്റെ സ്വപ്നക്കാരന്‍

സെവന്‍സിലും ഇലവന്‍സിലും മൈതാനം നിറഞ്ഞു കളിച്ചിരുന്ന ഫുട്‌ബോള്‍ താരം അമല്‍ അറിയപ്പെടുന്ന ഫുട്‌ബോള്‍ താരമായി തീരണമെന്ന ആഗ്രഹവുമായാണ് ബാല്യ-കൗമാരങ്ങള്‍ പിന്നിട്ടത്. അമലിന്റെ ജനനത്തില്‍ തന്നെ അമ്മ ഫിലോമിന നഷ്ടപ്പെട്ടു. അച്ഛന്‍ അഗസ്റ്റിന്‍ രണ്ടാം വിവാഹിതനായി നാടുവിട്ടു ശ്രീമൂലനഗരത്ത് ചേക്കേറി. തിരിച്ചറിവില്ലാത്ത കുഞ്ഞമല്‍ മുത്തശ്ശി ബ്രിജിറ്റിന്റെ സ്‌നേഹലാളനകളേറ്റാണ് വളര്‍ന്നത്. അതിനും ആയുസ് കുറവായിരുന്നു. അമല്‍ അഞ്ചാം ക്ലാസിലെത്തിയപ്പോള്‍ മുത്തശ്ശിയും കൂടൊഴിഞ്ഞു. പിന്നീട് ഏകാന്തതയും അനാഥതത്തിന്റെ കൗമാര-യൗവ്വന കാലഘട്ടവുമാണ് അമലിനെ കാത്തിരുന്നത്. അന്നൊക്കെ കൂട്ടിനുണ്ടായിരുന്നത് മുത്തശ്ശിയുടെ വലിയ വീടായ ഏകാന്ത തടവറയും പുറത്തെ മൈതാനങ്ങളും ഫുട്‌ബോള്‍ മത്സരങ്ങളുമായിരുന്നു. എതിരാളികളുടെ ഗോള്‍മുഖം ചലിപ്പിക്കുക എന്ന ലക്ഷ്യം മാത്രം വച്ചു നടന്നിരുന്ന അമല്‍ ഒരുവേള ട്രാക്ക് മാറി വെള്ളിത്തിരയിലെത്തി. ചലച്ചിത്രാഭിനയം മോഹമാക്കിയപ്പോള്‍ ഒരു നടനാകാനുള്ള ആഗ്രഹം ഫുട്‌ബോളിനെ തള്ളിക്കളഞ്ഞു. എന്നാല്‍ അമലിനെ കാത്തിരുന്നത് മറ്റൊരു വിളിയായിരുന്നു – തെരുവിന്റെ മക്കളുടെ രക്ഷകനാകുക.

കളിയും കച്ചവടവും അഭിനയവുമൊക്കെയായി തുഴ മാറിയെറിഞ്ഞ് യാത്ര ചെയ്യവേയാണ് യാദൃശ്ചികമെന്നവണ്ണം 1981-ല്‍ ഒരു കരിസ്മാറ്റിക് ധ്യാനത്തിന് കാതോര്‍ക്കാനിടയായത്. എന്നാല്‍ മനപരിവര്‍ത്തനമോ പ്രത്യേക അനുഭൂതികളോ മാറ്റങ്ങളോ ഒന്നും ഇതിലൂടെ അമലിനനുഭവപ്പെട്ടില്ലെങ്കിലും ”എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും” (ഫിലിപ്പി 4:13) എന്ന തിരുവചനം അമലിന്റെ ഹൃദയാന്തര്‍ഭാഗത്ത് പതിച്ചിരുന്നു. തൊട്ടടുത്ത ദിനത്തിലെ സായാഹ്നത്തില്‍ കൂനമ്മാവിനടുത്ത വരാപ്പുഴ പുത്തന്‍പള്ളിയിലേക്കു പോകവേ റോഡരുകില്‍ ചുരുണ്ടുകിടക്കുന്നതെന്തോ അമലിന്റെ ദൃഷ്ടിയില്‍പ്പെട്ടു. മുന്നോട്ടുനടന്ന അമല്‍ ആരോ പിടിച്ചു നിര്‍ത്തിയതുപോലെ പെട്ടെന്നു നില്‍ക്കുകയും പിന്‍തിരിഞ്ഞ് നടക്കുകയും ചെയ്തു. റോഡരുകില്‍ കണ്ട വിചിത്ര ജീവിക്കരികില്‍ ചെന്ന് സൂക്ഷിച്ചുനോക്കിയപ്പോള്‍ ഒരു മനുഷ്യക്കുഞ്ഞാണെന്ന് തിരിച്ചറിഞ്ഞു. ഏകദേശം 11 വയസ്സ് പ്രായം തോന്നുന്ന, മുഖമൊഴിച്ച് ബാക്കി ശരീരഭാഗം മുഴുവന്‍ വ്രണിതനായിരിക്കുന്ന ഒരു കുട്ടി. ഒരു ട്രൗസര്‍ മാത്രം ധരിച്ചിട്ടുണ്ട്. ആയൂ… ആയൂ… എന്നവന്‍ പുലമ്പികൊണ്ട് കൈനീട്ടുന്നുണ്ട്. വിശപ്പിന്റെ കൈനീട്ടലാണെന്ന തിരിച്ചറിവില്‍ ധ്യാനസ്പിരിറ്റോടെ അമല്‍ 10 രൂപ നോട്ടെടുത്ത് അവന്റെ കയ്യില്‍ വച്ചുകൊടുത്തു. അന്ന് 2 രൂപയ്ക്ക് ഒരു ഊണ് കിട്ടും. കുറച്ചുദിവസത്തെ ഭക്ഷണത്തിനുള്ള തുകയായാണ് 10 രൂപ നല്‍കിയതെന്ന് അമല്‍ ഓര്‍മിക്കുന്നു.

10 രൂപ നോട്ട് കൊടുത്തു കഴിഞ്ഞപ്പോഴാണ് കയ്യില്‍ കെട്ടിയ വാച്ചിലേക്ക് അമല്‍ ശ്രദ്ധിച്ചത് – സമയം വൈകിട്ട് 4.30. രാത്രി 7 മണിയാകാതെ അത്താഴം കിട്ടില്ല. അതുവരെ അവന്‍ വിശന്നിരിക്കണമല്ലോ എന്നോര്‍ത്തപ്പോള്‍ തൊട്ടടുത്ത കടയില്‍ നിന്ന് രണ്ട് ഫ്രൂട്ടി ബ്രഡും ഒരു ചിങ്ങന്‍പഴവും വാങ്ങി അവനു നേരെ നീട്ടി. രൂപ കൊടുത്തപ്പോള്‍ മ്ലാനമായിരുന്ന അവന്റെ മുഖം ഭക്ഷണം കൊടുത്തപ്പോള്‍ പുഞ്ചിരിയുള്ളതായി. അവനെ റോഡരുകില്‍ നിന്ന് ആളൊഴിഞ്ഞ കടത്തിണ്ണയിലിരുത്തി അമല്‍ മടങ്ങുമ്പോള്‍ അവന്റെ വായില്‍നിന്നും ഒലിച്ചിറങ്ങിയ തുപ്പലും നോളയുമൊക്കെ അമലിന് ഇഷ്ടക്കേടുണ്ടാക്കിയെങ്കിലും ഒന്നും പുറത്തുകാണിക്കാതെ കടന്നുപോയി. കഥ തീര്‍ന്നില്ല. ഇനി ജീവിതമാണ് അത് ബ്രദര്‍ അമല്‍ തന്നെ വിവരിക്കട്ടെ.

”പിറ്റേന്ന് കൂനമ്മാവ് ജംഗ്ഷനില്‍ ഞാന്‍ നില്‍ക്കേ ഒരു പയ്യന്‍ ഓടിവന്ന് എന്റെ ഇടതു കയ്യില്‍ പിടിച്ചു. പെട്ടെന്ന് ആരെന്നറിയാതെ ”ഞാനും ആ പയ്യന്റെ കയ്യില്‍ കയറി മുറുക്കേ പിടിച്ചു. അപ്പോള്‍ ആയൂ… എന്ന ശബ്ദം അവനില്‍ നിന്നും പുറത്തേക്കു വന്നു. തലേ സായാഹ്നത്തില്‍ കേട്ട വാക്ക് – ‘ആയൂ…!’ ഞാന്‍ പെട്ടെന്നവനെ തിരിച്ചറിഞ്ഞു. അവന്റെ കയ്യില്‍ നിന്നും തന്റെ കൈ വിടാന്‍ ശ്രമിച്ചപ്പോള്‍ പശപോലെ ഒട്ടിയിരിക്കുന്നു. പ്രയാസപ്പെട്ട് കൈ വിടര്‍ത്തിയപ്പോള്‍ തന്റെ ഉള്ളം കൈ നിറയെ ചോരയും ചലവും അവന്റെ കയ്യിലെ മാംസത്തിലെ ഭാഗങ്ങളും. അപ്പോഴും എന്റെ കയ്യിലെ പിടി വിടുവിക്കാതെ അവന്‍ മുറുക്കെ പിടിക്കുകയായിരുന്നു. അവന്റെ കൈവിടുവിച്ച് രക്ഷപ്പെടാനായി എന്റെ വലതുകൈ ഉയര്‍ത്തി അവനെ തല്ലാന്‍ ഓങ്ങിയപ്പോള്‍ ഒരുള്‍വിളി ‘എന്തുകൊണ്ട് നിനക്കിവനെ രക്ഷിച്ചുകൂടാ?’ കഴിഞ്ഞ ദിവസം കൂടിയ ധ്യാനത്തില്‍ വിതച്ച വിത്തുകളില്‍ എന്തോ ഒന്ന് എന്നില്‍ മുളപൊട്ടിയ അനുഭവം; ”ജ്ഞാനി തന്റെ ജ്ഞാനത്താല്‍ അഹങ്കരിക്കാതിരിക്കട്ടെ. ബലവാന്‍ തന്റെ ബലത്തില്‍ പ്രശംസിക്കാതിരിക്കട്ടെ. സമ്പന്നന്‍ തന്റെ സമ്പത്തില്‍ വലിപ്പം ഭാവിക്കാതിരിക്കട്ടെ” (ജറെ 9:23). ഈ വചനധ്വനി അവനെ വഴിയില്‍ ഉപേക്ഷിക്കാന്‍ എന്നെ അനുവദിച്ചില്ല.”

പിന്നീടൊന്നും ചിന്തിക്കാതെ കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളി വക കുളത്തിനരികിലേക്ക് പയ്യനേയും കൂട്ടി അമല്‍ നടന്നു. തൊട്ടടുത്ത കടയില്‍ നിന്നും വാങ്ങിയ സോപ്പുപയോഗിച്ച് പള്ളി കുളത്തില്‍ മുക്കി അവനെ കുളിപ്പിച്ചു. അപ്പോഴാണ് ആ കാഴ്ച അമലിന്റെ ശ്രദ്ധയില്‍പ്പെട്ടത്. കുളം നിറയെ തിലോപ്പിയ മീനുകള്‍. പയ്യന്റെ വ്രണങ്ങളില്‍ മീനുകള്‍ വന്ന് പൊതിഞ്ഞിരിക്കുന്നു. മീന്‍ കൊത്തിയാല്‍ വ്രണം പെട്ടെന്ന് കരിയുമെന്ന് പണ്ട് മുത്തശ്ശി പറഞ്ഞതോര്‍മിച്ച അമല്‍ ആശ്വാസത്തോടെ അവനെ കുളിപ്പിച്ചു കയറ്റി. കുളത്തില്‍ നിന്നും കരച്ചിലോടെയാണവന്‍ കയറിയത്. മീനുകളുടെ കൊത്തലില്‍ വ്രണങ്ങളില്‍ നിന്നെല്ലാം ചോരയൊലിക്കുന്നു. 19-വയസുകാരന്‍ അമലൊന്ന് പതറിയെങ്കിലും യൗവ്വനത്തിന്റെ പ്രസരിപ്പില്‍ തൊട്ടടുത്ത ആശുപത്രിയില്‍ അവനെ എത്തിച്ചു. പക്ഷേ ചോരയൊലിച്ചെത്തിയ അനാഥനായ അവനെ ഏറ്റെടുക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. തന്റേടത്തോടെയുള്ള അമലിന്റെ ഇടപെടലില്‍ ഡോ. രാജലക്ഷ്മി ആ തെരുവോര ബാലനെ അഡ്മിറ്റ് ചെയ്തു. രണ്ടുമാസത്തെ ചികിത്സയും ശുശ്രൂഷകളും കൊണ്ടാണ് അവന്‍ സുഖം പ്രാപിച്ചത്. സംസാരശേഷിയില്ലാത്ത അവന്‍ ആയൂ… അണ്ണാ എന്നല്ലാതെ ഒന്നും ശബ്ദിച്ചു കേട്ടിരുന്നില്ല. ഡിസ്ചാര്‍ജ് ചെയ്ത് പുറത്തിറങ്ങിയ അവന്റെ സ്വദേശം തമിഴ്‌നാടാണെന്ന് മനസ്സിലാക്കിയ അമല്‍ യാത്രാക്കൂലിയും നല്‍കി അവനെ വണ്ടികയറ്റാന്‍ ഒരുങ്ങി. വീണ്ടും അമലിന്റെ കാതില്‍ ആരോ മന്ത്രിക്കുന്നപോലെ തോന്നി. ”നിനക്ക് എന്തുകൊണ്ട് ഇവനെ സ്വീകരിച്ച് പാര്‍പ്പിച്ചുകൂടാ…?”

അമല്‍ ചിന്തിച്ചു, വലിയൊരു വീട്ടില്‍ മുത്തശ്ശിയുടെ മരണത്തോടെ താന്‍ ഏകനാണ്. തനിക്ക് കൂട്ടായി ഇവനെയും പാര്‍പ്പിച്ചുകൂടെ. രണ്ടാമതൊന്നു ചിന്തിക്കാതെ സംസാരശേഷിയില്ലാത്ത ഈ തെരുവിന്റെ മകനെ അമല്‍ തന്റെ ഭവനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. തെരുവിന്റെ മക്കള്‍ക്കുള്ള അഭയാലയത്തിന് കൂടൊരുക്കുകയായിരുന്നുവെന്ന ഒരു ബോധ്യവും അന്ന് അമലിനുണ്ടായിരുന്നില്ല.

1987-ലാണ് താമസിച്ചു കൂടുന്ന കരിസ്മാറ്റിക് ധ്യാനത്തില്‍ അമല്‍ ആദ്യമായി പങ്കെടുക്കുന്നത്. ഇത് തിരുവനന്തപുരത്തു നടന്ന ജീസസ് യൂത്ത് കണ്‍വന്‍ഷനായിരുന്നു. ഈ ധ്യാനമാണ് അമലിനെ നവീകരണത്തിന്റെ പാതയിലേക്ക് നയിച്ചത്. 1981-ല്‍ ഒരുക്കിയിട്ട ഹൃദയവയലില്‍ 87-ലെ ജീസസ് യൂത്ത് കണ്‍വന്‍ഷനിലൂടെ വിതറപ്പെട്ട വിത്തുകള്‍ കളകളില്ലാതെ വളര്‍ന്നപ്പോള്‍ അമല്‍ തെരുവുമക്കളെ തേടി തെരുവോരങ്ങളിലേക്കിറങ്ങി. കൂനമ്മാവ് ചന്തക്കപ്പേളയ്ക്ക് എതിര്‍വശമുള്ള അമലിന്റെ വീട്ടില്‍ ദിനംപ്രതി തെരുവുമക്കള്‍ക്ക് അഭയം നല്‍കിക്കൊണ്ടിരുന്നു. എം.സി.ബി.എസ്. സഭാംഗങ്ങളായ ജോര്‍ജ് കുറ്റിക്കലച്ചന്റെയും ജോര്‍ജ് കരിന്തോളിലച്ചന്റെയും വിന്‍സന്‍ഷ്യല്‍ സഭാംഗമായ പ്രശസ്ത ധ്യാന ഗുരു മാത്യുനായ്ക്കംപറമ്പിലച്ചന്റെയും സിഎംഐ സഭാംഗമായ ഓസ്‌വാള്‍ഡച്ചന്റെയും അടുപ്പവും സൗഹൃദങ്ങളും അമലിനെ ആധ്യാത്മികതയില്‍ കൂടുതല്‍ പ്രചോദിതനാക്കുകയും ആകാശപ്പറവകളെപ്പോലെ പാതയോരങ്ങളിലും ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തുന്നവരെ പുനരധിവസിപ്പിക്കുന്നതിനുമുള്ള തീക്ഷ്ണത വര്‍ദ്ധിപ്പിച്ചു. തെരുവിന്റെ മക്കളില്ലാത്ത ഒരു ലോകം അമല്‍ സ്വപ്നം കാണാന്‍ തുടങ്ങി. സ്വപ്ന സാക്ഷാത്ക്കാരത്തിനായി മുഴുവന്‍ സമയ ശ്രമങ്ങളാരംഭിച്ചപ്പോള്‍ ഒരേക്കര്‍ ഭൂമിയിലെ അയ്യായിരം ചതുരശ്ര വിസ്തീര്‍ണ്ണം വീതമുള്ള ഷെഡ്ഡിലും കെട്ടിടത്തിലും 12000 ചതുരശ്ര വിസ്തീര്‍ണ്ണമുള്ള മൂന്നുനില കെട്ടിടത്തിലും തെരുവു മക്കളെക്കൊണ്ട് നിറഞ്ഞു.

രണ്ടായിരമാണ്ടോടുകൂടി ലോകം മുഴുവന്‍ സുവിശേഷവത്ക്കരിക്കപ്പെടണമെന്ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ആഹ്വാനം 1988-ല്‍ തന്നെ അമലിനെ സ്വാധീനിച്ചിരുന്നു. അതിനാല്‍ 1992 ആയപ്പോഴേക്കും തെരുവുമക്കളുടെ കൂടാരത്തിന് ഒരു പേരിടാന്‍ അമല്‍ തീരുമാനിച്ചു. ആകാശപ്പറവകളുടെ സംരക്ഷകന്‍ ജോര്‍ജ്ജ് കുറ്റിക്കലച്ചന്‍ ആ മഹനീയ ദൗത്യം നിര്‍വ്വഹിച്ചു. അമലിന്റെ സുവിശേഷവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ടെത്തി സ്വീകരിക്കുന്ന മക്കള്‍ കൂടാരത്തിന് ഇവാഞ്ചലാശ്രമമെന്ന് പേരിട്ടു. സര്‍ക്കാര്‍ നിയമങ്ങള്‍ കര്‍ക്കശമാക്കിയതോടെ ഇന്ന് ഇവഞ്ചലാശ്രമത്തില്‍ നിന്നുള്ള കുട്ടികളെയൊക്കെ ഹോസ്റ്റലുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ഇവഞ്ചലാശ്രമത്തില്‍ നൂറിലധികം പ്രായമായ തെരുവുമക്കളാണുള്ളതിപ്പോള്‍. ഇതില്‍ 99 ശതമാനം പേരും അക്രൈസ്തവരാണെന്നത് ശ്രദ്ധേയമാണ്. രണ്ടായിരത്തിലധികം പേരെ ഇവാഞ്ചലാശ്രമത്തില്‍ നിന്നും സ്വന്തക്കാരും ബന്ധുക്കളായവരുമായവര്‍ എത്തി കൂട്ടിക്കൊണ്ടുപോയിട്ടുണ്ട്. തെരുവിലലഞ്ഞ് മാനസികരോഗികളും അക്രമാസക്തരുമൊക്കെയായിത്തീരുമ്പോള്‍ വീട്ടുകാര്‍ പോലും ഇത്തരക്കാരെ ഉപേക്ഷിക്കും. ഇവരെയൊക്കെ സ്വീകരിച്ച് സംരക്ഷിച്ച് മനുഷ്യരാക്കി മാറ്റുമ്പോള്‍ തേടിയെത്താന്‍ സ്വന്തക്കാര്‍ ഏറെയാണെന്നാണ് ബ്രദര്‍ അമല്‍ പറയുന്നത്.

കനകമ്മയെന്ന 82 കാരിയെ മക്കളും കുടുംബാംഗങ്ങളും തേടിയെത്തിയത് ഹൃദയസ്പര്‍ശിയായ സംഭവമായി അമല്‍ ഓര്‍മിക്കുന്നു. എറണാകുളം ഇളമക്കര കൊല്ലാട്ടുപറമ്പ് കുടുംബത്തിലെ കനകമ്മ വീട് വിട്ടിറങ്ങിയിട്ട് രണ്ട് വര്‍ഷത്തോളമാണ് ഭര്‍ത്താവും മക്കളും തേടിയലഞ്ഞത്. എടയാര്‍ മേഖലയില്‍ അലഞ്ഞുതിരിഞ്ഞിരുന്ന ഇവരെ പൊലീസുകാരാണ് ഇവഞ്ചലാശ്രമത്തിലെത്തിച്ചത്. ഇവര്‍ സുബോധമില്ലാതെ പറഞ്ഞത് താന്‍ ‘ശ്യാമള’ എന്നാണ്. ഈ പേരിലുള്ള കാണാതായ വ്യക്തികളെ അന്വേഷിച്ച് ഒരു തുമ്പും കിട്ടാതെ വന്നപ്പോഴാണ് ഇവരെ അമലിനെ ഏല്‍പ്പിക്കുന്നത്. 2 വര്‍ഷം സ്വന്തം അമ്മയെപ്പോലെ സ്‌നേഹിച്ച് പരിചരിച്ച് സംരക്ഷിച്ചപ്പോള്‍ ശ്യാമള ബോധവതിയായി. താന്‍ കനകമ്മയാണെന്നും ഇളമക്കരയില്‍ ഭര്‍ത്താവും മക്കളുമുണ്ടെന്നറിയിക്കുകയും ചെയ്തപ്പോള്‍ അമല്‍ ഇക്കാര്യം വീട്ടുകാരെ അറിയിക്കുകയും അവര്‍ കനകമ്മയെ സ്‌നേഹത്തോടെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു.

വിശുദ്ധ ഗ്രന്ഥത്തില്‍ വിരുന്നിന്റെ ഉപമയില്‍ ലൂക്കാ സുവിശേഷകന്‍ രേഖപ്പെടുത്തിയിട്ടുള്ള വചനമാണ് ബ്രദര്‍ അമലിനെ കഴിഞ്ഞ 36 വര്‍ഷമായി ഉത്തേജിതനാക്കിക്കൊണ്ടിരിക്കുന്നത്. ”നീ പട്ടണത്തിന്റെ തെരുവുകളിലും ഊടുവഴികളിലും ചെന്ന്, ദരിദ്രരേയും വികലാംഗരേയും കുരുടരേയും മുടന്തരേയും കൂട്ടിക്കൊണ്ടുവരിക” (ലൂക്കാ 14:21). ഇങ്ങനെ ആയിരങ്ങളെ തെരുവുകളിലും ഊടുവഴികളിലും നിന്ന് അമല്‍ കൂട്ടിക്കൊണ്ടുവന്നപ്പോള്‍ സമൃദ്ധിയുടെ വിരുന്നൊരുക്കി സംരക്ഷണത്തിന്റെ കൂടാരമൊരുക്കുകയായിരുന്നു ദൈവമെന്ന് ബ്രദര്‍ അമല്‍ സംശയമില്ലാതെ സാക്ഷ്യപ്പെടുത്തുന്നു.

ഭൗതിക സുഖസൗകര്യങ്ങളൊക്കെ ഉപേക്ഷിച്ച് കര്‍ത്താവിനുവേണ്ടി തടവുകാരനായിരിക്കുകയാണ് താനെന്ന അവകാശമാണ് ബ്രദര്‍ അമലിനുള്ളത്. അതിനാല്‍ ആ വിളിക്കനുസരിച്ചു ജീവിക്കുമ്പോള്‍ ആരോരുമില്ലാതെ തെരുവിന്റെ സന്തതികളായി അസന്മാര്‍ഗിക ജീവിതം നയിക്കുന്നവരെയൊക്കെ സംരക്ഷിക്കുക തന്റെ കടമയും ദൗത്യവുമാണെന്ന് ഏറ്റു പറയുന്നു. മൂന്നര പതിറ്റാണ്ടിലെ തന്റെ അനുഭവം കൊണ്ട് അമല്‍ ബ്രദര്‍ പറയുന്നു: ദാരിദ്ര്യമാണ് ഭൂരിഭാഗം പേരെയും തെരുവില്‍ രോഗികളാക്കി മാറ്റിയിരിക്കുന്നത്. വിശപ്പകറ്റി അവര്‍ക്ക് അപ്പനും അമ്മയും സഹോദരനും മകനുമൊക്കെയായി മാറാന്‍ കഴിഞ്ഞാല്‍ അവരൊക്കെ നല്ല മനുഷ്യരായിത്തീരും. നാളിതുവരെയുള്ള അമലിന്റെ അനുഭവമിതാണ്.

ഇവാഞ്ചല്‍ ആശ്രമം ഇപ്പോള്‍ ചാരിറ്റബിള്‍ സൊസൈറ്റിയായി പ്രവര്‍ത്തിക്കുകയാണ്. ഈ അഭയ ഭവനത്തിന്റെ പ്രവര്‍ത്തനങ്ങളെ സാമ്പത്തികവും ആത്മീയവും ഭൗതീകവുമായ സഹകരണങ്ങളിലൂടെ സഹായിക്കുന്നത് കരുണാര്‍ദ്രമായ മനസുകളുള്ള അല്മായ പ്രേഷിതരും വൈദിക-സന്യസ്തരുമാണ്. തെരുവുമക്കളില്ലാത്ത ഒരു ലോകമെന്ന തന്റെ സ്വപ്നത്തിന് സാക്ഷാത്ക്കാരമുണ്ടാകുമെന്ന പൂര്‍ണ പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് ഈ സ്വപ്നാടനക്കാരന്‍.

ബ്രദര്‍ അമല്‍
ഇവാഞ്ചല്‍ ആശ്രമം ചാരിറ്റബിള്‍ സൊസൈറ്റി
കൂനമ്മാവ് പി.ഒ., എറണാകുളം – 683 518.
മൊബൈല്‍ : 9447794874

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.