ഡൊമിനിക് ചേട്ടന്റെ ‘ആശ്വാസാലയം’

ജോസ് ക്ലെമന്റ്

നന്മയുടെ പൂക്കളമൊരുക്കുന്നവര്‍ – 20

പാവപ്പെട്ട മനുഷ്യര്‍ക്ക് പ്രത്യേകിച്ച് നിരാലംബരും പതിതമനസ്‌ക്കരും രോഗികളും ആലംബഹീനരുമായവര്‍ക്ക് സഹായവും സംരക്ഷണവും നല്‍കുക എന്നത് പലര്‍ക്കും ബുദ്ധിമുട്ടേറിയ കാര്യമാണ്. വീട്ടുപടിക്കല്‍ യാചിച്ചെത്തുന്നവരെയും സഹായം തേടിയെത്തുന്നവരെയും ശല്യക്കാരായി കണ്ട് എന്തെങ്കിലും നല്‍കി ഒഴിവാക്കാനാണ് പലപ്പോഴും ശ്രമിക്കുക. പിന്നാലെ പിറുപിറുപ്പോടെ ഒരു കമന്റും പാസ്സാക്കും; പണിയെടുത്തു ജീവിക്കാന്‍ പാടില്ലാത്ത സംസ്‌ക്കാര ശൂന്യര്‍! സഹായമനോഭാവം ഇല്ലാത്തവരുടെ ഇത്തരം പിറുപിറുക്കലുകള്‍ക്ക് മറുപടിയെന്നോണം പാവപ്പെട്ടവരെ തേടിനടന്ന് കണ്ടെത്തി സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന കുറേപ്പേരുണ്ട്. ഇത്തരക്കാരെ കണ്‍തുറന്നു കാണാനുള്ള സംസ്‌ക്കാരം പോലും ഇല്ലാത്തവരാണ് വീട്ടുപടിക്കലെത്തുന്ന സാധുക്കളുടെ സംസ്‌ക്കാരത്തിന് മാര്‍ക്കിടുന്നവര്‍.

ആവശ്യത്തിലേറെ വിഭവങ്ങള്‍ ഉണ്ടായിരുന്നാല്‍ പോലും അത് ഭക്ഷണമാകട്ടെ, വസ്ത്രമാകട്ടെ സമ്പത്താകട്ടെ, അതില്‍ നിന്നും തെല്ലും അര്‍ഹരായവര്‍ക്കും അവശര്‍ക്കുമായി മാറ്റിവയ്ക്കാന്‍, പകുത്തുകൊടുക്കാന്‍ മനസ്സില്ലാത്ത ഒരു സമൂഹം ഇവിടെ തഴച്ചുവളരുകയാണ്. ഇവര്‍യ്ക്കിടയിലും ചില തണല്‍മരങ്ങള്‍ പോലെ ആശ്വാസത്തിന്റെ കുടചൂടുന്ന പരോപകാരികളുണ്ട്. ഇവര്‍ നാടിന്റെ സര്‍ച്ച് ലൈറ്റുകളാകുമ്പോള്‍ നന്മയുടെ വെളിച്ചം പാല്‍നിലാവുപോലെ ഇന്നും പരക്കുന്നുണ്ട്. ഈ തണല്‍ വൃക്ഷങ്ങള്‍ക്കടിയിലും ചില്ലകളിലും ചേക്കേറി സന്തോഷിക്കുന്ന ഒട്ടനവധി പാവപ്പെട്ടവരുമുണ്ട്. ആലുവ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മിഷണറീസ് ഓഫ് ഔവ്വര്‍ ലേഡി ഓഫ് ഹെല്‍ത്ത് (ആരോഗ്യമാതാവിന്റെ പ്രേഷിതര്‍) എന്ന ശുശ്രൂഷാ സമൂഹം നാടിന് മാതൃകയാകുന്നു. ആലുവ നസ്രത്ത് റോഡില്‍ ഡൊമിനിക് പുതുശ്ശേരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആശ്വാസാലയം അനേകായിരങ്ങള്‍ക്കിന്ന് ആശ്വാസവും ആശ്രയവുമാണ്.

നിരാലംബരുടെ പ്രേഷിതന്‍

കണക്കപിള്ള കണക്കുപറയാതെ കരുണ വിതറാന്‍ തുടങ്ങിയപ്പോള്‍ കണക്കില്ലാതെഴുതികൂട്ടിയ കണക്കു പുസ്തകങ്ങള്‍ അടച്ചുവച്ചു. അക്കൗണ്ടന്റ് ഡൊമിനിക് ചേട്ടന്റെ കയ്യിലിപ്പോള്‍ പേനയും കാല്‍ക്കുലേറ്ററുമല്ല. കത്രികയും ക്ഷുരക കത്തിയും അന്നവുമാണ്. ഇന്‍കം ടാക്‌സ്, സെയില്‍ടാക്‌സ് കണക്കുകള്‍ ക്രമീകരിച്ച് കച്ചവടക്കാരുടെ ഇംഗിതത്തിനു കണക്കുകള്‍ ചിട്ടപ്പെടുത്തിയിരുന്ന ഡൊമിനിക് ചേട്ടന്‍ കാപട്യക്കാരനല്ലായിരുന്നു. തികഞ്ഞ വിശ്വാസിയും കുറച്ചു സാമൂഹ്യ ശുശ്രൂഷകളില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തിയുമാണ്. 1992 കാലഘട്ടം മുതല്‍ എച്ച്‌ഐവി ബാധിതരായവരെ പരിചരിക്കുന്നതിലും സാന്ത്വനിപ്പിക്കുന്നതിലും അവര്‍ക്ക് പുനരധിവാസങ്ങള്‍ ഒരുക്കുന്നതിലും തല്പരനായിരുന്നു. കണക്ക് തെറ്റാതെയും കണക്കില്‍ കുറയാതെയും 1997 മുതല്‍ ശുശ്രൂഷകളുടെ ക്യാന്‍വാസ് വലുതാക്കി. പട്ടിണി പാവങ്ങള്‍ക്ക് അന്നം വിളമ്പി വിശപ്പകറ്റുന്ന ഉത്തരവാദിത്വത്തിനു കൂടി സാക്ഷിയാകാന്‍ തുടങ്ങിയപ്പോള്‍ ജോലി ഒരധികബാധ്യതയായി തോന്നിത്തുടങ്ങി. ക്രിസ്തുജയന്തി മഹാജൂബിലി വര്‍ഷത്തില്‍ പൂര്‍ണ്ണമായും കണക്കെഴുത്തിനോട് വിടചൊല്ലി.

ആലുവ നസ്രത്ത് റോഡിലെ തന്റെ ഭവനത്തോട് ചേര്‍ന്ന് സാധുജനസംരക്ഷണത്തിനായുള്ള കൂട്ടായ്മയ്ക്ക് ഒരു ഭവനമുണ്ടാക്കി ആരോഗ്യമാതാവിന്റെ പ്രേഷിത സമൂഹം. പ്രാര്‍ത്ഥനാകൂട്ടായ്മയോടുകൂടി ആരംഭിച്ച ശുശ്രൂഷായജ്ഞം ഇന്ന് വ്യാപകമായ പരോപകാര പ്രവര്‍ത്തനങ്ങളുടെ തട്ടകമായി മാറി. ഇന്നിതൊരു ആശ്വാസാലയമാണ്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രതിദിനം 110 രോഗികള്‍ക്ക് ഉച്ചഭക്ഷണമെത്തിച്ച് വിശപ്പിന്റെ വിളിക്ക് ഡൊമിനിക് ചേട്ടനും സംഘവും പ്രത്യുത്തരമേകുകയാണ്. ആഴ്ചയില്‍ ആറുദിവസം മുടങ്ങാതെ ഈ ശുശ്രൂഷ നടത്തിക്കൊണ്ടിരിക്കുന്നു. ഞായര്‍, ചൊവ്വ ദിനങ്ങളില്‍ എറണാകുളം സര്‍ക്കാര്‍ ആശുപത്രി, കളമശ്ശേരി മെഡിക്കല്‍ കോളജ്, ആലുവ സര്‍ക്കാര്‍ ആശുപത്രി എന്നിവിടങ്ങളിലെ രോഗികളുടെ മുടിവെട്ടും ഷേവിംഗും നിര്‍വ്വഹിക്കുന്നത് ആരോഗ്യമാതാവിന്റെ പ്രേഷിത സമൂഹമായ ആശ്വാസാലയത്തിലെ 40 അംഗ സംഘമാണ്. ആലുവ ദേശത്തും പരിസരപ്രദേശങ്ങളിലുമായുള്ള അനാഥമന്ദിരങ്ങള്‍ സന്ദര്‍ശിച്ച് പാലിയേറ്റീവ് ശുശ്രൂഷയ്ക്കും നേതൃത്വം നല്‍കി വരുന്നിവര്‍. ‘സാന്ത്വന ഹോം കെയര്‍’ എന്ന പേരില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ ശുശ്രൂഷാ സംഘത്തിനൊപ്പം ഡോക്ടര്‍മാരും നഴ്‌സുമാരുമുണ്ടാകും. സാന്ത്വനവും ശുശ്രൂഷകളും നല്‍കുന്നതോടൊപ്പം സൗജന്യ മരുന്നുവിതരണവും നടത്തുന്നുണ്ട്.

എല്ലാ രണ്ടാം ശനിയാഴ്ചകളിലും എച്ച്‌ഐവി ബാധിതര്‍ക്കായി അര്‍ധദിന സാന്ത്വനശുശ്രൂഷ നല്‍കിവരുന്നുണ്ട്. എച്ച്‌ഐവി ബാധിതരായ 35 കുടുംബങ്ങള്‍ക്ക് ആയിരം രൂപയില്‍ ഉള്‍ക്കൊള്ളുന്ന പലവ്യജ്ഞനകിറ്റും 200 രൂപ യാത്രാപ്പടിയുമായി എല്ലാമാസത്തിലും നല്‍കുന്നു. ആലുവ സെന്റ് ഡൊമിനിക് പാരിഷ് ഹാളില്‍ നടത്തുന്ന ബോധവല്‍ക്കരണ ക്ലാസും ഇതോടൊപ്പമുണ്ടായിരിക്കും. മദ്യ-ലഹരി വിമുക്ത കുടുംബങ്ങളെ ശക്തീകരിക്കുന്നതിനായി മാസത്തിലെ ആദ്യഞായറാഴ്ചകളില്‍ ഒത്തുകൂടുകയും മദ്യ-ലഹരി മോചിതരായ വ്യക്തികള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ച് അവബോധമുണ്ടാക്കുകയും ചെയ്യുന്നു. മദ്യത്തിനും മയക്കുമരുന്നുകള്‍ക്കും സാമൂഹ്യതിന്മകള്‍ക്കുമെതിരെ ‘സ്‌നേഹസന്ദേശ യാത്ര’ നടത്തിക്കൊണ്ട് പുതിയ ഉണര്‍വും ഉന്മേഷവും സമൂഹത്തിന് നല്‍കുകയാണ്. ഒരു ലോറി ഇതിനായി സജ്ജീകരിച്ച് വീഡിയോ പ്രദര്‍ശനങ്ങള്‍ ഉള്‍പ്പെടെ കേരളത്തിലെ തെരുവോരങ്ങളിലും കവലകളിലും ഇടവകകളിലുമൊക്കെ ചുറ്റിസഞ്ചരിച്ച് ലഹരിയുടെ ദൂരവ്യാപക ദൂഷ്യവശങ്ങളെക്കുറിച്ച് അവബോധം നല്‍കിക്കൊണ്ടിരിക്കുകയാണ്.

രണ്ടായിരാമാണ്ട് നവംബര്‍ 30-നാണ് പുതുശ്ശേരി ഡൊമിനിക് ചേട്ടന്‍ കരുണയുടെ കനലെരിയുന്ന വഴികളിലേക്ക് പൂര്‍ണ്ണമായും പാദങ്ങളൂന്നുന്നത്. 17 വര്‍ഷത്തെ തുടര്‍ച്ചയായ ഈ ശുശ്രൂഷാദൗത്യത്തില്‍ നേടിയത് ഒട്ടേറെ പാവപ്പെട്ട മനുഷ്യരെയാണ്. പക്ഷേ നഷ്ടമായത് തന്റെ സ്വന്തം മകനെയും. 2007-ലെ മഹാശിവരാത്രിയില്‍ ആലുവ മണപ്പുറത്ത് ഒരുക്കിയ ലഹരിവിരുദ്ധ പ്രദര്‍ശനത്തിന്റെ അണിയറ വര്‍ക്കുകള്‍ക്കിടയിലാണ് ഡൊമിനിക് ചേട്ടന്റെ മകന്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായ 17-കാരന്‍ ബിജോയ് പെരിയാറില്‍ മുങ്ങിമരിച്ചത്. സ്വന്തം പുത്രന്റെ വേര്‍പാടില്‍ പോലും തളര്‍ന്നു പിന്മാറാതെ ഈ പ്രേഷിതന്‍ സഹപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് പറഞ്ഞുകൊടുത്തത് സഹനദാസനായ ജോബിന്റെ വാക്കുകളാണ്. ”ദൈവം തന്നു ദൈവം എടുത്തു. അവിടുത്തെ നാമം മഹത്വപ്പെടട്ടെ.” ദൈവസ്‌നേഹത്തിന്റെ ആന്ദോളനങ്ങളനുഭവിച്ച ഒരു മനുഷ്യസ്‌നേഹിക്കു മാത്രമേ ഇപ്രകാരം പ്രത്യുത്തരിക്കാനാവൂ. നഷ്ടങ്ങളെയോര്‍ത്ത് വിലപിച്ച് ജീവിതം ദുഃഖമയമാക്കുന്നവര്‍ക്കിടയില്‍ ആശ്വാസാലയത്തിലെ പ്രേഷിതന്‍ ഡൊമിനിക് നഷ്ടങ്ങളും നേട്ടങ്ങളായി ഗണിക്കുന്ന വ്യക്തിയായി മാറുകയാണ്.

ആശ്വാസാലയത്തിന്റെ പടിക്കല്‍ ഡൊമിനിക് ചേട്ടനെ ഏല്‍പ്പിക്കാന്‍ കൊണ്ടുവരുന്ന ബാക്കി വന്ന ഭക്ഷണപദാര്‍ത്ഥങ്ങളല്ല, സ്‌നേഹയാചനകളോടെ സമാഹരിക്കുന്ന ഭക്ഷണമാണ് പ്രതിദിനം രോഗികള്‍ക്കായി വിതരണം ചെയ്യുന്നത്. കളമശ്ശേരി, കാക്കനാട് രാജഗിരി കോളജുകള്‍, ആലുവ തൃക്കുന്നത്തു സെമിനാരി, കുഞ്ചാട്ടുകര സി.എസ്.ഐ. ഭവനം, ആലുവ സെന്റ് ആന്റണീസ് മൊണസ്ട്രിയിലെ വിന്‍സെന്റ് ഡി പോള്‍ സഖ്യം, സിസ്റ്റേഴ്‌സ് ഓഫ് ഡസ്റ്റിറ്റിയൂട്ട് (എസ്.ഡി) സന്യാസിനി സമൂഹത്തിന്റെ ജനറലേറ്റ് ഭവനം, ആലുവയിലെ ഹോട്ടല്‍ അസോസിയേഷന്‍, മുസ്ലീം സഹോദരര്‍ എന്നിവരുടെ കരുണ നിറഞ്ഞ കടാക്ഷത്തിലൂടെയാണ് നിത്യവും 110 പേര്‍ക്കുള്ള ഭക്ഷണം ശേഖരിക്കുന്നത്. കതൃക്കടവ് സ്വദേശി റെജി കുര്യാക്കോസെന്ന ദയാലു ഒരുദിവസത്തെ ഭക്ഷണം ആഴ്ചയില്‍ മുടങ്ങാതെ നല്‍കി സഹകരിക്കുന്നുണ്ട്. 40 അംഗ പ്രേഷിതര്‍ക്കൊപ്പമുള്ള ശുശ്രൂഷകളില്‍ ഡൊമിനിക് ചേട്ടന്റെ ഭാര്യ ജെസി വലംകയ്യായി പ്രവര്‍ത്തിക്കുന്നത് ആശ്വാസാലയത്തിന്റെ വലിയ ആശ്വാസമാണെന്ന് നിരാലംബരുടെ ഈ പ്രേഷിതന്‍ പറയുന്നു.

മനുഷ്യനിലെ നന്മയും സ്‌നേഹവും അനുഭവിച്ചറിയണമെങ്കില്‍ പരിത്യജിക്കപ്പെട്ടവര്‍ക്കിടയിലേക്കും രോഗികളായി കഴിയുന്നവര്‍ക്കിടയിലേക്കും കടന്നു ചെല്ലണമെന്നാണ് ഡൊമിനിക് ചേട്ടന്‍ തന്റെ അനുഭവങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. ശീതീകരണമുറികളിലിരുന്ന് കൂട്ടലും കിഴിക്കലും ഹരിക്കലുമൊക്കെയായി ഗണിതത്തിന്റെ സമീകരണങ്ങളില്‍ വ്യാപൃതനായിരുന്ന ഡൊമിനിക്കിന് സാമൂഹ്യ ശുശ്രൂഷ്‌ക്കായി ഇറങ്ങിപുറപ്പെട്ടപ്പോള്‍ ചുട്ടുപൊള്ളുന്ന വെയിലും ആര്‍ത്തലച്ചു പെയ്യുന്ന മഴയുമൊക്കെ ഇന്ന് കുളിരനുഭവം തന്നെയാണ്. ദുര്‍ഗന്ധം വമിക്കുന്ന രോഗികള്‍ക്കിടയിലെ ശുശ്രൂഷയും ജഡപിടിച്ച മുടിയും താടിയുമൊക്കെ ക്ഷുരക ക്രിയചെയ്യുമ്പോഴുമൊക്കെ ഡൊമിനിക് ചേട്ടന്റെ മുഖത്തെ വിടര്‍ന്ന ചിരി മായുന്നില്ല. ”ഈ എളിയവര്‍ക്ക് നീ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തു തന്നതെന്ന” വചനത്തിന്റെ ശീലുകള്‍ ഡൊമിനിക് ചേട്ടന്റെ അന്തരാത്മാവില്‍ പ്രതിധ്വനിക്കുകയാണെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. സഹോദരങ്ങളെ സ്‌നേഹിക്കുമ്പോള്‍ ദൈവസ്‌നേഹം അനുഭവിച്ചറിയാനാകുമെന്നാണ് നിരാലംബരുടെ ഈ പ്രേഷിതന്റെ നിറഞ്ഞ മനസ്സോടെയുള്ള ഭാഷ്യം.

ഡൊമിനിക് പുതുശ്ശേരി
മിഷണറീസ് ഓഫ് ഔച്ചര്‍ ലേഡി ഓഫ് ഹെല്‍ത്ത്
ആശ്വാസാലയം
നസ്രത്ത് റോഡ്, ആലുവ
മൊബൈല്‍ : 9947948491

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.