മാത്തപ്പന്‍ ചേട്ടന്റെ ‘ലവ് ഹോം’, മൂവാറ്റുപുഴ

ജോസ് ക്ലെമന്റ്

നന്മയുടെ പൂക്കളമൊരുക്കുന്നവര്‍ – 21

സ്വത്വബോധം നഷ്ടപ്പെടുമ്പോള്‍ മനുഷ്യന്‍ ആശങ്കാകുലനായിത്തീരാറുണ്ട്. അപ്പോള്‍ സുബോധം നഷ്ടമാകുമ്പോഴത്തെ അവസ്ഥ പറയാനുമില്ല. ശതകോടീശ്വരനായിരുന്നാലും അതുല്യപ്രതിഭയായിരുന്നാലും ബോധം നഷ്ടമായാല്‍ പിന്നെ അവര്‍ അവരല്ലാതായിമാറുന്ന ദയനീയാവസ്ഥയാണ്. താളം തെറ്റിയ ഇത്തരം താരാട്ടു ജീവിതവുമായി കഴിയുന്ന എത്രയോ പേര്‍ നമ്മുടെ ചുറ്റിലും നമുക്കിടയിലും ഉണ്ട്. അറിവും തിരിച്ചറിവും പൂര്‍ണമായും നഷ്ടപ്പെടുന്ന ആ അവസ്ഥയില്‍ എത്ര ഇഴയടുപ്പമുള്ള വ്യക്തിയാണെങ്കില്‍പോലും സംരക്ഷിക്കാനും പരിപാലിക്കാനും ആര്‍ക്കും ഭയവും ആശങ്കകളുമായിരിക്കും. മനോനില തെറ്റിയ വ്യക്തിയുടെ അടുത്ത നിമിഷത്തെ പ്രകോപനം എന്താണെന്ന് പ്രവചനാതീതമാണ്. അതുകൊണ്ടുതന്നെ ഇത്തരം മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നവരെ എത്രയും വേഗം പുറന്തള്ളാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. അത് ഒരു പക്ഷേ തെരുവോരത്തേക്കായിരിക്കാം, അല്ലെങ്കില്‍ മാനസികനില തെറ്റിയവര്‍ക്ക് അഭയമേകുന്ന ആലയങ്ങളിലേക്കായിരിക്കാം കുടിയിരുത്തപ്പെടുക. സ്വന്തബന്ധങ്ങള്‍ക്കൊന്നും ഇക്കാര്യത്തില്‍ യാതൊരു വിലയും പ്രദര്‍ശിപ്പിക്കാറില്ല. മാനസികരോഗത്തിനടിമയായവരെ സ്വഭവനങ്ങളില്‍ പോലും കരുതലോടെ സംരക്ഷിക്കാനാകാത്തവസ്ഥയിലും നൂറുകണക്കിന് മാനസികരോഗികളെ സ്വീകരിച്ച് സ്‌നേഹത്തോടെ പരിപാലിക്കുന്ന ക്ഷമാശീലരായ ഒട്ടേറെ വ്യക്തികള്‍ ഈ ഭൂമിയില്‍ ഉണ്ടെന്നുള്ളത് സ്മരണീയമാണ്. മൂവാറ്റുപുഴ പോത്താനിക്കാട് കടവൂരിലെ ‘സ്‌നേഹവീട്’ ചിത്തഭ്രമക്കാരുടെ സംഗമകൂടാരമാണ്. എണ്‍പതിന്റെ നിറവിലും മാത്തപ്പന്‍ ചേട്ടന്‍ സ്‌നേഹപിതാവിനെപ്പോലെ ലവ് ഹോമിന്റെ ഉമ്മറത്ത് കാത്തിരിക്കുകയാണ് മനോരോഗികളെ സ്വീകരിക്കാന്‍. സ്വന്തം സായന്തനത്തെ മനോരോഗികളോടൊപ്പമുള്ള സഹവാസത്തില്‍ സന്തോഷഭരിതമാക്കുകയാണ് ഈ വയോധികന്‍. സ്‌നേഹവീടിനെ സ്മരിക്കുമ്പോള്‍ അതിലെ കാരണവര്‍ മാത്തപ്പന്‍ ചേട്ടനെ മറക്കാനാവില്ല.

സ്‌നേഹവീടിന്റെ കാവല്‍ക്കാരന്‍

ആധുനിക വിവരസാങ്കേതിക വിദ്യകളുടെ ആവിര്‍ഭാവത്തിനു മുമ്പേ സംസ്ഥാനത്തിന്റെ പരമോന്നത കോടതിയുടെ വിധിപ്പകര്‍പ്പുകള്‍ക്ക് അക്ഷരഭാഷ്യം നല്‍കിയിരുന്നയാളാണ് എന്‍. പി. മാത്തപ്പന്‍. ഇദ്ദേഹം യഥാര്‍ത്ഥ നീതി നിര്‍വ്വഹണത്തിനായി പകര്‍ത്തെഴുത്തില്ലാതെ ജീവിക്കാനിറങ്ങിയപ്പോള്‍ നഷ്ടപ്പെടുത്തിയത് സ്വന്തം ജീവനോപാധി തന്നെയാണ്. നേടിയെടുത്തതോ മാനസികരോഗികളായ ആയിരങ്ങളെ. കേരള ഹൈക്കോടതിയിലെ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് ക്ലര്‍ക്കായിരുന്ന നെടുംതടത്തില്‍ പൈലി മാത്തപ്പന്‍ ജോലി രാജിവച്ച് പുറത്തേക്കിറങ്ങിയത് ഉന്നത ജോലി വാഗ്ദാനങ്ങളില്‍ അഭിരമിച്ചോ വിദേശത്തേക്ക് കടക്കുന്നതിനോ അല്ല. മനോരോഗികളെ സംരക്ഷിക്കാനായിരുന്നു. കേട്ടവര്‍ക്കാദ്യം തോന്നിയത് മാത്തപ്പന് മനോനില തെറ്റിയെന്നാണ്. പക്ഷേ കേട്ടവരുടെയും കണ്ടവരുടെയും കേള്‍വിക്കും കാഴ്ചയ്ക്കുമാണ് മനോദൗര്‍ബല്യമുണ്ടായത്. കാരണം ഇന്ന് 153 മനോരോഗികളായ സ്ത്രീകളുടെ പിതാവും സംരക്ഷകനുമൊക്കെയായി സ്‌നേഹവീടിന്റെ കാവല്‍ക്കാരനായി മാത്തപ്പന്‍ ചേട്ടന്‍ വിരാജിക്കുമ്പോള്‍ യുവത്വത്തിലുള്‍ക്കൊണ്ട വിളി വാര്‍ധക്യത്തിലും സന്തോഷനിറവു പകര്‍ന്നുകൊണ്ടിരിക്കുകയാണ്.

1986-ല്‍ പാലാ അസ്സീസി ധ്യാനകേന്ദ്രത്തില്‍ വച്ചു കൂടിയ ധ്യാനമാണ് മാത്തപ്പനിലെ പരസ്‌നേഹത്തെ തൊട്ടുണര്‍ത്തിയത്. പ്രാര്‍ത്ഥനാകൂട്ടായ്മകളിലെ സജീവപങ്കാളിത്തം മാത്തപ്പന്‍ ചേട്ടന്റെ കണ്ണും കാതും കരങ്ങളുമൊക്കെ പതിതരിലേക്കും പാതയോരങ്ങളിലേക്കുമൊക്കെ കടന്നു ചെന്നു. 1993 ജൂലൈ മാസത്തില്‍ കാരക്കുന്നം സെന്റ് മേരീസ് പള്ളിയിലെ കരിസ്മാറ്റിക് പ്രാര്‍ത്ഥനാ കൂട്ടായ്മ കഴിഞ്ഞ് മടങ്ങിയ മാത്തപ്പന്‍ ചേട്ടന്റെ പ്രാര്‍ത്ഥനാക്കൂട്ടായ്മയിലെ ചേട്ടത്തിമാരുടെ സമയോചിതമായ ഇടപെടല്‍ മൂലം ഒരു യുവതിയുടെ മാനവും ജീവനും രക്ഷപ്പെട്ടു. ഒരു കൂട്ടം ചെറുപ്പക്കാര്‍ റോഡില്‍ വട്ടം കൂടി കൂകി വിളിച്ചുനിന്നിരന്നതുകണ്ടാണ് അവര്‍ ശ്രദ്ധിച്ചത്. അല്പ വസ്ത്രധാരിയായ ഒരു യുവതിയ്ക്ക് ചുറ്റുമാണ് കാമക്കണ്ണുകളുമായി യുവാക്കള്‍ കൂകി വിളിച്ചുനില്‍ക്കുന്നത്. സന്ധ്യാസമയത്തെ ആ ദൃശ്യത്തിന് വാര്‍ത്താ പൊലിമ നല്‍കാതെ ചേട്ടത്തിമാര്‍ പെട്ടെന്ന് അവളുടെ അടുത്തെത്തി യുവതിയെ ചേര്‍ത്തണച്ച് യുവാക്കളില്‍ നിന്ന് രക്ഷപ്പെടുത്തി. അമ്മക്കൂട്ടത്തിലൊരാളുടെ വീട്ടിലേക്ക് അവളെ കൊണ്ടുപോയി. അവളൊരു മാനസികരോഗിയാണെന്നും പേരും സ്ഥലവും ഒന്നും അവള്‍ക്കറിയില്ലെന്നു ബോധ്യമായപ്പോള്‍ അവളെ കുളിപ്പിച്ച് വസ്ത്രങ്ങള്‍ ധരിപ്പിച്ചു. പക്ഷേ വസ്ത്രം ധരിക്കുന്നതിനോട് എതിര്‍പ്പു കാണിച്ച ആ യുവതി ധരിപ്പിച്ച വസ്ത്രമൊക്കെ വലിച്ചു കീറുകയായിരുന്നു. അവള്‍ മാനസികരോഗത്തിന്റെ പാരമ്യത്തിലാണെന്ന് ബോധ്യമായതോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. പക്ഷേ അവിടെ സൈക്യാട്രി വിഭാഗത്തില്‍ പ്രവേശിപ്പിക്കണമെങ്കില്‍ ആരെങ്കിലും കൂട്ടുനില്‍പ്പുകാരുണ്ടാകണമെന്നു ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശം അവരെ കുഴപ്പിച്ചു. തെരുവില്‍ നിന്നും സംരക്ഷിച്ചെടുത്ത കുട്ടിയാണെന്നു പറഞ്ഞപ്പോള്‍ ആരെങ്കിലും ഉത്തരവാദിത്വമേറ്റെടുക്കാതെ പ്രവേശിപ്പിക്കാന്‍ സാധ്യമല്ലായെന്ന് തീര്‍ത്തു പറഞ്ഞു.

നവജീവന്റെ സാരഥിയായ പി.യു. തോമസ് ചേട്ടന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അറ്റന്‍ഡറായിരിക്കുന്ന ആ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ ഉത്തരവാദിത്വത്തില്‍ ഈ യുവതിയെ അഡ്മിറ്റ് ചെയ്യാമെന്ന് സമ്മതിച്ചു. പക്ഷേ ഒരു വ്യവസ്ഥയ്ക്ക് വിധേയമായിരുന്നു. നവജീവനിലെ മൂന്നു സ്ത്രീകളെ പകരം ഇവര്‍ കൂട്ടിക്കൊണ്ടുപോയി പാര്‍പ്പിക്കണം. ഒരു വാടകക്കെട്ടിടം കണ്ടെത്തിയിട്ട് കൂട്ടിക്കൊണ്ടുപോകാമെന്ന് അറിയിച്ചു. പക്ഷേ മാസം ഒന്നര പിന്നിട്ടിട്ടും കരാര്‍ പാലിക്കാന്‍ പ്രാര്‍ത്ഥനാ കൂട്ടായ്മയിലെ ചേട്ടത്തിമാര്‍ക്ക് സാധിച്ചില്ല. തോമസ് ചേട്ടന്റെ സ്‌നേഹശാസന കൂടി വന്നപ്പോഴാണ് മാത്തപ്പന്‍ ചേട്ടന്‍ സ്‌നേഹദൂതനായി കടന്നു വന്നത്.

കോതമംഗലം രൂപത കരിസ്മാറ്റിക് കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ആ കാലഘട്ടത്തില്‍ മാത്തപ്പന്‍ ചേട്ടന്‍ പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ ചാത്തമറ്റത്ത് ഒരു ഒറ്റമുറി കെട്ടിടം വാടകയ്ക്ക് എടുത്തു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നവരും നവജീവനിലെ അന്തേവാസികളുമായ തമിഴ് സംസാരിക്കുന്നവരും കൃത്യമായ പേരും മേല്‍വിലാസവും അറിയാത്ത മാനസിക രോഗികളായ മൂന്നു സ്ത്രീകളെ 1993 സെപ്തംബര്‍ 13-ന് മാത്തപ്പന്‍ ചേട്ടന്‍ ചാത്തമറ്റത്തെ വാടക മുറിയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. കോതമംഗലം സ്വദേശിയായ ഒരു യുവതി ഇവരെ സംരക്ഷിക്കാന്‍ സ്വയം സന്നദ്ധയായി മുന്നോട്ടുവരികയും ചെയ്തു. അങ്ങനെ ഇവരെ നാലുപേരെയും ചേര്‍ത്ത് ഉച്ചഭക്ഷണത്തോടെ മാത്തപ്പന്‍ ചേട്ടന്റെ ‘ലവ് ഹോം’ പ്രവര്‍ത്തനമാരംഭിച്ചു. അന്ന് ശുശ്രൂഷിക്കാന്‍ സന്നദ്ധയായി വന്ന മേരിക്കുട്ടി എന്ന യുവതി ഇന്ന് ഒരു സന്യാസിനിയാണ്. ഒരു വര്‍ഷത്തെ ശുശ്രൂഷയ്ക്കു ശേഷം കോണ്‍വന്റിലേക്കു പോയ മേരിക്കുട്ടിക്കു പകരം മാത്തപ്പന്റെ ഭാര്യ പെണ്ണമ്മ ശുശ്രൂഷാദൗത്യം ഏറ്റെടുത്തു.

ചികത്സിക്കാന്‍ കഴിവില്ലാതെ ഭവനങ്ങളില്‍ ബന്ധനത്തിലായിരുന്നവരേയും തെരുവില്‍ സുബോധമില്ലാതെ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന രോഗികളെയും സാമൂഹിക പ്രവര്‍ത്തകരും പൊലീസുദ്യോഗസ്ഥരും ലവ് ഹോമിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ തുടങ്ങിയപ്പോള്‍ അന്തേവാസികളുടെ എണ്ണം വര്‍ധിച്ചു. ഒറ്റമുറി കെട്ടിടം അപര്യാപ്തമായപ്പോള്‍ 1994-ല്‍ കടവൂര്‍ തെക്കേപുന്നമറ്റത്ത് മറ്റൊരു വാടക കെട്ടിടം കൂടി മാത്തപ്പന്‍ കണ്ടെത്തി. 34 അന്തേവാസികളുമായി രണ്ടുവര്‍ഷം ഇവിടെ ചിലവഴിച്ചു. പലദിക്കുകളില്‍ നിന്നുമായി മനോരോഗികളായവരേയും കൊണ്ട് നിര്‍ധന കുടുംബങ്ങള്‍ ലവ് ഹോം തേടിവരാന്‍ തുടങ്ങിയപ്പോള്‍ ഇവിടെയും സ്ഥലപരിമിതി അനുഭവപ്പെടാന്‍ തുടങ്ങി. സ്ഥലമില്ലായെന്ന പേരില്‍ ആരെയും ഉപേക്ഷിക്കാന്‍ മാത്തപ്പന്‍ ചേട്ടനോ പെണ്ണമ്മ ചേട്ടത്തിയോ തയ്യാറായില്ല.

1996-ല്‍ പനങ്കരയില്‍ 95 സെന്റ് സ്ഥലം മാത്തപ്പന്‍ സ്വന്തമായി വാങ്ങിക്കുകയും സുമാനസരുടെ ഔദാര്യം കൊണ്ടൊക്കെ അവിടെ ഒരു കെട്ടിടസമുച്ചയവും പണിതുയര്‍ത്തി. ഇതോടെ മാനസിക രോഗികളുടെ വരവ് വര്‍ധിച്ചു. ഇവിടെയും അസൗകര്യങ്ങളായപ്പോള്‍ വീണ്ടും ഭൂമി വാങ്ങിക്കാനും കെട്ടിടങ്ങള്‍ ഉണ്ടാക്കാനും നിര്‍ബന്ധിതനായിത്തീര്‍ന്നു. അങ്ങനെ ഇന്ന് രണ്ട് ഏക്കര്‍ ഭൂമിയില്‍ 15,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ കെട്ടിടങ്ങളും താമസ സൗകര്യങ്ങളുമായി. ഇപ്പോള്‍ എല്ലാവരേയും പുനരധിവസിപ്പിക്കാനും കൈത്തൊഴില്‍ശാലയ്ക്കുമുള്ള ഇടമായിത്തീര്‍ന്നു ലവ് ഹോം. മൂന്നു സ്ത്രീകളുമായി ഒരു സ്ത്രീയുടെ ശുശ്രൂഷയില്‍ തുടങ്ങിയ ലവ് ഹോം ഇന്ന് 153 സ്ത്രീകളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ആയിരത്തിലധികം പേരാണ് കഴിഞ്ഞ 24 വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്‌നേഹവീടിന്റെ സ്‌നേഹലാളനകളേറ്റ് കടന്നുപോയിട്ടുള്ളത്. ജാതിമതഭേദമെന്യേ മുസ്ലീം-ഹൈന്ദവ-ക്രിസ്ത്യന്‍ സഹോദരിമാരായ റെജീനയും ശാരദയും റോസമ്മയും ഉള്‍പ്പെടെ 18 വയസു മുതല്‍ 75 വയസു വരെ പ്രായമുള്ള സ്ത്രീകള്‍ ഇന്ന് ലവ് ഹോമിലെ അന്തേവാസികളായുണ്ട്.

153 അന്തേവാസികളും ചികിത്സയ്ക്ക് വിധേയരായിട്ടുള്ള മാനസികരോഗികളാണ്. ഇതോടൊപ്പം ശാരീരിക അസ്വസ്ഥതകളുള്ള സ്ത്രീകളും ഇക്കൂട്ടത്തിലേറെയുണ്ട്. ഓരോരുത്തരേയും കൃത്യമായി സന്ദര്‍ശിച്ച് മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്നതിന് ഒരു സൈക്യാട്രിസ്റ്റിന്റെ സേവനം ലവ് ഹോമിലുണ്ട്. കൂടാതെ കടവൂര്‍ ആരോഗ്യകേന്ദ്രവും പോത്താനിക്കാട് സെന്റ് തോമസ് ആശുപത്രിയും മുതലക്കോടം ഹോളിഫാമിലി ആശുപത്രിയും രോഗികളെ ശുശ്രൂഷിക്കുന്നതില്‍ പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ട്. കടവൂര്‍ ആരോഗ്യകേന്ദ്രാധികൃതര്‍ ലവ് ഹോമില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാറുണ്ടെന്ന് മാത്തപ്പന്‍ ചേട്ടന്‍ പങ്കുവയ്ക്കുന്നു.

രോഗവിമുക്തി പൂര്‍ണ്ണമായി ലഭിച്ചു എന്നുറപ്പാക്കിയാല്‍ ബന്ധുജനങ്ങളുള്ളവരെ വിവരം അറിയിക്കുമ്പോള്‍ അവര്‍ വന്ന് കൂട്ടിക്കൊണ്ടുപോകാറുണ്ട്. എന്നാല്‍ വീട്ടിലെ പരിസ്ഥിതിയില്‍ സമനില തെറ്റി വീണ്ടും ഇവിടേക്കു തന്നെ തിരിച്ച് കൊണ്ടുവന്നാക്കുന്നവരുമുണ്ട്. ബന്ധുജനങ്ങളില്ലാത്തവരെ ഇവിടെ തന്നെ പുനരധിവസിപ്പിച്ച് കൈത്തൊഴിലുകള്‍ ചെയ്യുന്നതിനുള്ള സൗകര്യങ്ങളും മാത്തപ്പന്‍ ചേട്ടന്‍ ഒരുക്കികൊടുത്തിട്ടുണ്ട്. മെഴുകുതിരി നിര്‍മ്മാണം, സോപ്പുനിര്‍മ്മാണം, ഗുളികകള്‍ക്കുള്ള കവറുകള്‍ നിര്‍മ്മിക്കല്‍, തോര്‍ത്ത് നെയ്യല്‍ തുടങ്ങിയ ചെറുകിട തൊഴിലുകളില്‍ വ്യാപരിക്കുമ്പോള്‍ ഇവര്‍ക്ക് മാനസിക ഉല്ലാസവും ശാരീരിക വ്യായാമവും ലഭ്യമാകുന്നു. അന്തേവാസികള്‍ക്കാവശ്യമായ സോപ്പുകള്‍ ഇവിടെ തന്നെ പൂര്‍ണ്ണമായി ഇവര്‍ തന്നെയാണ് ഉല്‍പ്പാദിപ്പിക്കുന്നത്.

സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റര്‍ ബിരുദമുള്ള സാമൂഹ്യപ്രവര്‍ത്തകരുടെയും യോഗ്യരായ നഴ്‌സുമാരുടെയും ലവ് ഹോമിലെ സാന്നിധ്യം രോഗീശുശ്രൂഷകളെ കൂടുതല്‍ ഫലപ്രദമാക്കിത്തീര്‍ക്കുന്നുണ്ട്. രജതജൂബിലിയുടെ പടിവാതില്‍ക്കലെത്തിനില്‍ക്കുന്ന സ്‌നേഹവീട്ടില്‍ നിന്നും നാളിതുവരെയായി 84 പേരോളം മരണം വഴി വേര്‍പെട്ടുപോയിട്ടുണ്ട്. മാത്തപ്പന്‍ ചേട്ടനും കുടുംബവും പ്രതിഫലേച്ഛ കൂടാതെ നടത്തുന്ന സ്‌നേഹശുശ്രൂഷയായതിനാല്‍ ഈ അഭയാലയത്തിന് മറ്റൊരു പേരും ചേരില്ല. സ്‌നേഹം കൊടുക്കുന്നിടം സ്‌നേഹവീടുതന്നെയായിരിക്കണമല്ലോ. സ്‌നേഹവീട്ടിലെ സ്‌നേഹം പതിന്മടങ്ങ് വര്‍ധമാനമാക്കാന്‍ ഇപ്പോള്‍ സ്‌നേഹഗിരി മിഷണറീസ് സിസ്റ്റേഴ്‌സി (എസ്എംഎസ്) ന്റെ പൂര്‍ണ്ണസമയ ശുശ്രൂഷ കൂടിയുണ്ട്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം പരമ്പരാഗത മതപാരമ്പര്യങ്ങളില്‍ നിന്നും വ്യത്യസ്തമായി പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും സമന്വയിപ്പിച്ചുകൊണ്ട് പുതിയൊരു മതജീവിതത്തിനായി പ്രത്യേക ദാനധര്‍മ പ്രവര്‍ത്തന ലക്ഷ്യത്തോടെ അബ്രഹാം കൈപ്പന്‍പ്ലാക്കലച്ചന്‍ രൂപീകരിച്ച സഭയാണ് സ്‌നേഹഗിരി മിഷണറീസ് സിസ്റ്റേഴ്‌സിന്റെ സന്യാസ സമൂഹം. സിസ്റ്റര്‍ കരുണ, സിസ്റ്റര്‍ രഞ്ജിത, സിസ്റ്റര്‍ ക്രിസ്പിന്‍, സിസ്റ്റര്‍ ജൊവാന്‍ എന്നിവര്‍ മാത്തപ്പന്‍ ചേട്ടനോടൊപ്പം ലവ് ഹോമിന്റെ മുഴുവന്‍ സമയ ശുശ്രൂഷകരാണിപ്പോള്‍.

വിതക്കാതെയും കൊയ്യാതെയും കളപ്പുരയില്‍ ശേഖരിക്കാതെയും തമ്പുരാന്‍ തീറ്റിപ്പോറ്റുന്ന പറവകളെപ്പോലെ ഒരു കരുതലുമില്ലാതെയാണ് ലവ് ഹോം അനുദിനം നടന്നുപോകുന്നതെന്ന് മാത്തപ്പന്‍ ചേട്ടന്‍ വെളിപ്പെടുത്തുന്നു. അന്നന്നുവേണ്ട ആഹാരം തമ്പുരാന്‍ ഒരു മുട്ടും കൂടാതെ 24 വര്‍ഷമായിട്ടും സമൃദ്ധമായി നല്‍കിക്കൊണ്ടിരിക്കുകയാണ്. ആഹാരമായും ഭക്ഷണസാധനങ്ങളായും വസ്ത്രമായും മരുന്നുകളായും ഉപകരണങ്ങളായും സാമ്പത്തികമായും ഓരോരുത്തരും കയ്യഴിഞ്ഞ് സഹായിക്കുന്നുണ്ട്. ഇതില്‍ വ്യക്തികളും പ്രാര്‍ത്ഥനാഗ്രൂപ്പുകളും ചെറുപുഷ്പ മിഷന്‍ ലീഗ് പ്രവര്‍ത്തകരുമൊക്കെ ഉള്‍പ്പെടുന്നു. പ്രതിസന്ധികളെക്കുറിച്ച് ചോദിക്കുമ്പോള്‍ മാത്തപ്പന്‍ ചേട്ടന്‍ വിടര്‍ന്ന ചിരിയോടെ റബറിന്റെ വിലയിടിവും സര്‍ക്കാര്‍ നിയമങ്ങളെക്കുറിച്ച് ഗൗരവത്തോടെയും പ്രതിപാദിക്കുന്നു. മാനസികരോഗികളും റബറും തമ്മില്‍ എന്താണ് ബന്ധമെന്ന ചോദ്യത്തിനും ചിരിയില്‍ പൊതിഞ്ഞ ഉത്തരം തന്നെയാണ് മാത്തപ്പന്‍ ചേട്ടനുള്ളത്. റബറിന്റെ വിലയിടിഞ്ഞാല്‍ 1000 തന്നിരുന്ന അഭ്യുദയകാംക്ഷി 500 ആക്കി പരിമിതപ്പെടുത്തും. അപ്പോള്‍ റബറിന് വിലകുറഞ്ഞാല്‍ സ്‌നേഹവീടിനും കുറവുണ്ടാകും. പരിധിവിട്ട സര്‍ക്കാര്‍ നിയമങ്ങള്‍ പലപ്പോഴും ഇത്തരം സ്ഥാപനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുകളുണ്ടാക്കുന്നുണ്ട്. സര്‍ക്കാര്‍ ഗ്രാന്റെന്ന ഔദാര്യം വല്ലപ്പോഴും വിരുന്നെത്തുന്ന ഒരു അതിഥി മാത്രമാണ്. പക്ഷേ കൂച്ചു വിലങ്ങുകള്‍ക്കും അന്വേഷണങ്ങള്‍ക്കും എഴുത്തുകുത്തുകള്‍ക്കും കുറവൊട്ടു ഇല്ലതാനും.

നിറകുടം തുളുമ്പില്ലെന്ന ചൊല്ലുപോലെ മാത്തപ്പന്‍ ചേട്ടന്റെ കരുണ കരകവിയുന്നുമില്ല സ്‌നേഹം വറ്റി വരളുന്നുമില്ല. അതിനാല്‍ ജരാനരകള്‍ വിരുന്നെത്തിയിട്ടും അശീതിയിലെത്തിയ മാത്തപ്പന്‍ ചേട്ടന്‍ സ്‌നേഹവീടിന്റെ സ്‌നേഹമായി ഒഴുകുകയാണ്; മനോരോഗികളുടെ മനസിലേക്കും അവരുടെ അനുദിന ജീവിതത്തിലേക്കും. സുബോധം നഷ്ടപ്പെടാന്‍ ഒരു നിമിഷം മതി. പക്ഷേ മറഞ്ഞബോധം തിരിച്ചുകിട്ടാന്‍ നാളുകളേറും. ഒരുപക്ഷേ ജീവിതാന്ത്യംവരെ മനോനില തെറ്റിയവസ്ഥയില്‍ തുടര്‍ന്നെന്നിരിക്കാം. ഈ ഓര്‍മ്മപ്പെടുത്തല്‍ മാത്തപ്പന്‍ ചേട്ടന്‍ പകര്‍ന്നു കൊടുക്കുന്നത് സുബോധമുള്ള സമൂഹത്തിന്റെ മനഃസാക്ഷിയിലേക്കാണ്.

എന്‍. പി. മാത്തപ്പന്‍
ലവ് ട്രസ്റ്റ്,
കടവൂര്‍ പി.ഒ., പോത്താനിക്കാട് (വഴി),
മൂവാറ്റുപുഴ – 686 671.
മൊബൈല്‍ : 9447605946

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.