ഓരോ മനുഷ്യന്റെ ഉള്ളിലും ഒരു സ്ക്രാറ്റ് ഉണ്ട്

സുനീഷ നടവയല്‍
സുനീഷ നടവയല്‍

സ്ക്രാറ്റ് എന്ന അണ്ണാൻ മഞ്ഞു പാളിക്കു മുകളിലൂടെ തെന്നി നീങ്ങിക്കൊണ്ടിരിക്കുകയാണ്. ചുറ്റിനും മഞ്ഞു കടൽ. ഓക്കുമര പഴത്തിന്റെ ഉള്ളിൽ കണ്ട ഭൂപടത്തിലെ  സ്ക്രറ്റ് ലാന്റിസ് എന്ന ദ്വീപ് തേടിയാണ് യാത്ര. അങ്ങനെ അവൻ ദ്വീപിലേക്കെത്തിച്ചേരുകയാണ്.  അവിടെ സ്ക്രാറ്റിനെ സ്വീകരിക്കുവാൻ മറ്റൊരു മുതിർന്ന അണ്ണാൻ ഉണ്ടായിരുന്നു.  മനോഹരമായ കൊട്ടാരം. എല്ലായിടത്തും സന്തോഷം, സമൃദ്ധി. അതിലുപരി അവന്റെ ഇഷ്ട ഭക്ഷണമായ ഓക്കുമരത്തിന്റെ കരുവേലക പഴവും. കൊട്ടാരത്തിന്റെ തൂണുകളിൽ, വലിയ പ്രതിമകൾ സ്ഥാപിച്ചിരിക്കുന്ന പീഠങ്ങളിൽ, എന്തിനേറെ പറയുന്നു അവിടുത്തെ നീന്തൽക്കുളത്തില്പോലും നിറയെ  കരുവേലകപ്പഴങ്ങൾ!

സ്‌ക്രാറ്റിനാണെങ്കിൽ ഈ പഴത്തിനു വേണ്ടി എത്ര വലിയ സാഹസപ്രവർത്തികൾ ചെയ്യാനും ഒരു  മടിയുമില്ല. അപ്പോളാണ് നോക്കുന്നിടത്തെല്ലാം ഇതേ പഴങ്ങളുള്ള ഒരു രാജ്യത്തിൽ എത്തിച്ചേരുന്നതും. ഇതെല്ലാം കൂടി കണ്ടു ഒടുവിൽ സ്ക്രാറ്റിന്റെ  ചിന്തകളുടെ നിയന്ത്രണം തന്നെ നഷ്ടമായത് പോലെയായി. അവൻ എല്ലായിടത്തും ഓടിനടന്ന് പഴങ്ങൾ ശേഖരിക്കുവാൻ ശ്രമിക്കുകയാണ്. അവിടെയുള്ള മറ്റ് അണ്ണാന്മാർക്ക് എല്ലാം അവൻ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയാണ്. ഓരോ ഇടങ്ങളിൽ എത്തുമ്പോഴും അവിടമാകെ താറുമാറാക്കി അവൻ  കടന്നു പോകുന്നു. കരുവേലകപ്പഴങ്ങൾ എടുത്തുകൊണ്ട് ഒരുതരം വിഭ്രമത്തോടെ അവൻ നൃത്തം ചെയ്യുകയാണ്.

ഇത്തരത്തിൽ ഒരുപാട് ആളുകളെ നിത്യജീവിതത്തിൽ നമുക്ക് കാണുവാൻ സാധിക്കും. ഐസ് ഏജ് (Ice  Age-4) എന്ന സിനിമയിലെ നാലാം ഭാഗത്തിലെ ഈ രംഗത്തിന് ഒരുപാട് കാര്യങ്ങൾ നമ്മോട് സംവദിക്കാനുണ്ട്. ജീവിതത്തിൽ സ്വന്തം ഇഷ്ടങ്ങൾക്ക് മാത്രം പ്രാധാന്യം കൊടുക്കുന്നവർ. സ്ക്രാറ്റ്  ഇവിടെ ഒരു സാങ്കൽപ്പിക കഥാപാത്രം മാത്രമാണെങ്കിലും ഓരോ മനുഷ്യന്റെ ഉള്ളിലും ഒരു സ്ക്രാറ്റ്  ജീവിക്കുന്നുണ്ട്. സ്വന്തം താല്പര്യത്തെ മാത്രം മുൻനിർത്തിക്കൊണ്ട് ഓടിനടക്കുന്ന മനുഷ്യർ. മറ്റുള്ളവരുടെ അത്യാവശ്യങ്ങളിൽ  കണ്ണെത്തിക്കാതെ തങ്ങൾക്ക് എത്തി പിടിക്കേണ്ടതിനെ മാത്രം ലക്ഷ്യംവെച്ച് പരിസരബോധമില്ലാതെ ജീവിക്കുന്നവർ.

അത്യാർത്തി കൊണ്ട് മറ്റുള്ളവരെ സ്നേഹിക്കുവാനും ബഹുമാനിക്കുവാനും താല്പര്യമില്ലാത്തവർ. ഇത്തരത്തിൽ ഉള്ളവരുടെ അവസാനം എങ്ങനെയായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?

സ്ക്രാറ്റിന്റെ കഥ തുടരുകയാണ്. കരുവേലകപ്പഴം മുഴുവൻ വാരിക്കൂട്ടുകയും ഇടയിൽ ചിലത് കഴിക്കുകയും അതോടൊപ്പം തന്നെ കൂടുതൽ വലിപ്പമുള്ളതും നല്ലതും കാണുമ്പോൾ അതിലേക്കൊക്കെ  പാഞ്ഞടുക്കുകയും  ചെയ്യുകയാണവൻ. ഇടയിൽ ഒരുപാടെണ്ണം ഒരുമിച്ച് കഴിക്കുവാൻ ശ്രമിക്കുമ്പോൾ പരാജയപ്പെടുന്നതും കാണാം. അങ്ങനെ മുന്നോട്ടു നീങ്ങുമ്പോൾ വൃത്താകൃതിയിലുള്ള ഒരു വലിയ പീഠത്തിന്മേൽ തന്നെക്കാൾ പതിന്മടങ്ങ് വലിപ്പമുള്ള കരുവേലകപഴം സൂക്ഷിച്ചിരിക്കുന്നത് കണ്ടത്. അവൻ ഓടി അതിന് അടുക്കലെത്തി സന്തോഷത്തോടെ ഉയർത്തുവാൻ ശ്രമിക്കു കയാണ്.

പക്ഷേ പെട്ടെന്ന് തന്നെ, സഹോദരാ നിനക്ക് സ്വാഗതം എന്ന് പറഞ്ഞു ദ്വീപിലേക്ക് അവനെ ക്ഷണിച്ച അതേ മുതിർന്ന അണ്ണാൻ ഓടിവന്ന് അത് ഉയർത്തരുത് എന്ന് അവനെ  വിലക്കിക്കൊണ്ട് പറയുകയാണ്:, Brother rise above this basement desire, be more than a rodent. “സഹോദരാ അടിസ്ഥാനപരമായ എല്ലാ ആഗ്രഹങ്ങളിൽ നിന്നും ഉയരുക, ഒരു അണ്ണാൻ എന്നതിനേക്കാൾ അല്പം കൂടി ഉന്നതിയിൽ ആയിരിക്കുക” എന്ന്.

ഇതുകേട്ടപ്പോൾ സ്ക്രാറ്റ്  ഒരു നിമിഷം അതിനുവേണ്ടി ചിന്തിക്കുന്നുണ്ടെങ്കിലും അവന് അതിന് സാധിക്കുന്നില്ല. പെട്ടെന്ന് തന്നെ അവൻ ആ പഴം എടുത്തു ഉയർത്തുകയാണ്. മറ്റുള്ളവർക്ക് ഒക്കെ എന്തെങ്കിലും ചെയ്യുവാൻ സാധിക്കുന്നതിനു മുൻപ് തന്നെ ആ ദ്വീപിന്റെ  നിലനിൽപ്പിന് തന്നെ ആധാരമായ ആ വലിയ പഴം ഇരുന്ന ഭാഗം വലിയൊരു കുഴിയായി മാറുകയാണ് ചെയ്തത്. നിമിഷങ്ങൾക്കകം അതിലൂടെ കടൽ ജലം മുകളിലേക്ക് ഉയർന്നു വന്ന് ആ ദ്വീപിനെ വെള്ളത്തിനടിയിലാക്കി. ഇത്രയുമൊക്കെ സംഭവിച്ചിട്ട് പോലും വെള്ളത്തിലെ വലിയ ചുഴിയിൽ കിടന്ന് കറങ്ങുന്ന ആ അണ്ണാൻ കുഞ്ഞിന്റെ  സ്വഭാവത്തിൽ വലിയ വ്യത്യാസം ഒന്നും സംഭവിക്കുന്നില്ല എന്നുള്ളതാണ് സത്യം. ഒഴുകിവരുന്ന പഴങ്ങൾ ആർത്തിയോടെ പിടിച്ചെടുക്കാൻ ശ്രമിക്കുന്ന അവനെ   അല്പം വിഷമത്തോടെ കൂടിയേ കാഴ്ചക്കാരന് വീക്ഷിക്കുവാൻ സാധിക്കുകയുള്ളൂ.

ഈ ഭാഗത്ത് ആ മുതിർന്ന അണ്ണാൻ പറഞ്ഞത് വളരെ പ്രസക്തമാണ്. നമ്മുടെ അടിസ്ഥാനപരമായി എല്ലാ ആഗ്രഹങ്ങൾക്കും ഉപരിയായി നാം ജീവിക്കണം. ഒരു സാധാരണ വ്യക്തിയേക്കാൾ ഉയർന്ന രീതിയിൽ ചിന്തിക്കുമ്പോഴാണ് ആഗ്രഹങ്ങളെ കൈപ്പിടിയിൽ, മനസ്സിന്റെ സാന്നിധ്യത്തിൽ ഒതുക്കുവാൻ കഴിയുന്നത്. അപ്പോൾ മാത്രമാണ് നാമും അസാധാരണ വ്യക്തിത്വത്തിന് ഉടമകളാകുന്നത്. ഒരുപാട് വലിയ കാര്യങ്ങൾ ചെയ്യുന്നവരല്ല ഉയർന്നവർ.  നമ്മെത്തന്നെ അറിഞ്ഞുകൊണ്ട് മറ്റുള്ളവരെ മനസ്സിലാക്കിക്കൊണ്ട് പെരുമാറുമ്പോൾ ആണ് നാം ഉയർന്നവരാകുന്നത്.

ഇതിനായി നാം ചില തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. 

നാം തയ്യാറാകണം: ഒന്നു പുഞ്ചിരിക്കുവാൻ. അപരിചിതരോട്, വൃദ്ധരോട്, യാചകരോട്,  കുഞ്ഞുങ്ങളോട്, നമ്മെക്കാൾ താഴ്ന്നവരെന്നു സമൂഹം നിശ്ചയിച്ചുവെച്ചിരിക്കുന്നവരോടൊക്കെ.

നാം തയാറാകണം: നമ്മുടെ കരങ്ങൾ നീട്ടുവാൻ. ജീവിതത്തിൽ ദുഃഖങ്ങൾ അനുഭവിക്കുന്നവർക്കുനേരെ,  വിശപ്പുകൊണ്ട് തെരുവിൽ അലയുന്നവർക്ക് നേരെ, കൈവിട്ടുപോയ ജീവിതത്തെ തിരികെ പിടിക്കുവാൻ ശ്രമിക്കുന്നവർക്ക് നേരെ. അപ്പോളാണ് നാം മനുഷ്യരെ കാൾ ഉപരിയാകുന്നത്. യേശു ക്രിസ്തുവും അങ്ങനെയായിരുന്നല്ലോ. മാനുഷികമായ എല്ലാ പ്രതിസന്ധിയിലൂടെയും കടന്നുപോയെങ്കിലും വിശക്കുന്നവരെയും യാചകരെയും രോഗികളെയും കുഞ്ഞുങ്ങളെയുമെല്ലാം അവിടുന്ന് സ്നേഹപൂർവ്വം ചേർത്തുനിർത്തി. അങ്ങനെ സാധാരണയിലും ഉപരിയായി മറ്റുള്ളവർക്കുവേണ്ടി ജീവിച്ചപ്പോളാണ് യേശുവിലെ ദൈവത്വത്തെ മറ്റുള്ളവർ മനസ്സിലാക്കിയത്.

1992 ലെ ഒളിമ്പിക്സ് ഓട്ടമത്സരത്തിൽ സ്വർണ്ണ മെഡൽ സാധ്യതാ  പട്ടികയിൽ ഒന്നാമതായിരുന്നു ഡെറിക് റെഡ്മണ്ട്‌ എന്ന കായിക താരം. പക്ഷേ, മത്സരം തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ കാൽമസിലിനു വേദന വരികയും മത്സരത്തിലെ ഏറ്റവും ഒടുവിലാകുകയും ചെയ്തു. എങ്കിലും തന്റെ ഓട്ടം പകുതി വഴിയിലവസാനിപ്പിക്കാതെ അദ്ദേഹം വളരെ കഷ്ടപ്പെട്ട് ഞൊണ്ടി നടക്കുവാൻ തുടങ്ങി. പെട്ടന്ന് ഗാലറിയിൽ നിന്ന് ഒരാൾ അദ്ദേഹത്തിന്റെ അടുക്കലേക്ക് ഓടി വന്ന് തോളിൽ കൈയ്യിട്ടുകൊണ്ട് അദ്ദേഹത്തെ നടക്കുവാൻ സഹായിക്കുകയാണ്. ഇരുവരും നടന്നു ഫിനിഷിങ് പോയിന്റിൽ എത്തിയപ്പോളേക്കും ഗാലറിയിലുണ്ടായിരുന്നവരെല്ലാവരും എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കി.

മെഡലുകളോ സ്ഥാനമാനങ്ങളോ കിട്ടിയില്ലെങ്കിലും അത് കണ്ടു നിന്ന എല്ലാവർക്കും അതിലുപരി ലോകത്തിനു മുഴുവനും എത്ര വലിയ ബോധ്യമാണ് ആ ചെറുപ്പക്കാരൻ നൽകിയത്. എത്ര വലിയ പ്രതിസന്ധികളുണ്ടായാലും പഴിക്കാതെ പരിഭ്രമിക്കാതെ മുന്നോട്ടേക്കു പോവുകയെന്നത്. അതുപോലെ തന്നെ ഗാലറിയിൽ നിന്നും ഡെറിക്കിനെ സഹായിച്ചയാൾ മറ്റാരുമല്ല  അദ്ദേഹത്തിന്റെ പിതാവായിരുന്നു!  ഈ രണ്ടു ഹൃദയങ്ങളുമിവിടെ അവരുടെ പ്രവർത്തികൾ കൊണ്ട്  സാധാരണയിലും നിന്നു അല്പം കൂടി ഉയർന്നവരാവുകയാണ് ചെയ്തത്. ചില നഷ്ടങ്ങൾ സംഭവിക്കുമ്പോൾ മറ്റുപലതും നമുക്ക് നേട്ടങ്ങളാകും. ഒന്ന് നഷ്ടപ്പെടുമ്പോൾ, കാണാതിരുന്ന മറ്റു പലതും നമ്മുടെ കണ്മുന്പിലെത്തും. അതിൽനിന്നും വേണം നാം ഉയരുവാൻ, നമ്മുടെ ഉയർച്ച അപരന്റെ നന്മ്യ്ക്കായി വിനിയോഗിക്കുകയും ചെയ്യേണ്ടത്.

പൂമൊട്ടുകൾ വിരിയുന്നത് രാത്രിയിലാണ്, ഇരുട്ടിന്റെ തലോടലിലാണ്. അതുപോലെ തന്നെയാണ് മനുഷ്യ ജീവിതങ്ങളും. ഇരുട്ടിന്റെ മറവിൽ മറ്റുള്ളവർക്ക് സൗരഭ്യം പകരുവാൻ പുഷ്ടിപ്പെട്ടുകൊണ്ടുകൊണ്ടുള്ള ജീവിതമാണ് അല്പം കൂടി ഉയർന്നു നിൽക്കുക. സങ്കീർണ്ണതകളെ സുതാര്യമാക്കികൊണ്ട്, ഉള്ളിലുള്ള അത്യാഗ്രഹം എന്ന സ്ക്രാറ്റിനെ  എടുത്തുകളഞ്ഞു കൊണ്ട്,  മറ്റുള്ളവരുടെ ജീവിതങ്ങളെ പരിഗണിച്ചുകൊണ്ട്,  നമുക്കും അസാധാരണ വ്യക്തിത്വത്തിനുടമകൾ ആകാം. അതിനായി എന്നെന്നും ഹൃദയത്തിൽ സൂക്ഷിക്കുവാൻ ഒരു ചിന്ത നൽകട്ടെ, Be more than a human.

സുനിഷാ നടവയല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

2 COMMENTS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.