‘ഔര്‍ ലേഡി ഓഫ് വാൽസിംഗ്ഹാ’മിലെ സ്വര്‍ണ്ണ കിരീടം വച്ച അമ്മ

വത്തിക്കാനിലെ ഗ്രിഗോറിയൻ ചാപ്പലിൽ പ്രാർത്ഥിച്ചുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്റെ ജപമാല മരത്തോണിന് തുടക്കം കുറിച്ചത്. മെയ് ഒന്നിന് ഗ്രിഗോറിയൻ ചാപ്പലിലെ പരിശുദ്ധ കന്യക മറിയത്തിന്റെ ചിത്രത്തിന് മുൻപിൽ കോവിഡ് മഹാമാരിയെ ഭൂമിയിൽ നിന്ന് തുടച്ചു മാറ്റുവാനായി പ്രത്യേക ജപമാല പ്രാർത്ഥനയാണ് 31  ദിവസങ്ങളിലായി നടക്കുന്നത്.

വിവിധ രാജ്യങ്ങളിലെ 30 തീർത്ഥാടന കേന്ദ്രങ്ങളിലായി നടക്കുന്ന ഈ മാരത്തണിന് തുടക്കം, ഗ്രിഗോറിയൻ ചാപ്പലിനോടൊപ്പംതന്നെ ഇംഗ്ലണ്ടിലെ ‘ഔര്‍ ലേഡി ഓഫ് വാൽസിംഗ്ഹാം’ ദൈവാലയത്തിലും കൂടിയായിരുന്നു.

വൈകുന്നേരം ആറു മണിക്ക്  വത്തിക്കാനിലിരുന്നുകൊണ്ട് ഫ്രാൻസിസ് പാപ്പായും ഇംഗ്ളണ്ടിലെ പരിശുദ്ധ ദൈവ മാതാവിന്റെ തീർത്ഥാടന ദൈവാലയത്തിലിരുന്നുകൊണ്ട് വിശ്വാസികളും ജപമാല മാരത്തോണിൽ പങ്കു ചേർന്നു. കോവിഡ് ബാധിച്ചു മരണമടഞ്ഞവർക്കുവേണ്ടിയാണ് വാൽസിംഗ്ഹാം ബസിലിക്കയിലെ ജപമാല സമർപ്പണത്തിൽ പ്രത്യേക നിയോഗമായി സമർപ്പിക്കപ്പെട്ടത്. ഇംഗ്ളണ്ടിലെ നോർഫോക്കിൽ സ്ഥിതിചെയ്യുന്ന ഈ ദൈവാലയത്തിന്റെ പ്രത്യേകതകളാണ് ലൈഫ് ഡേയിൽ ഇന്ന്.

ചരിത്രം 

1061 ൽ ഇംഗ്ലണ്ടിലെ നോർഫോക്കിലെ വൽസിംഗ്ഹാം എന്ന ഗ്രാമത്തിലെ ഒരു വനിതയ്ക്ക് പരിശുദ്ധ അമ്മ നൽകിയ ദർശനമാണ് ഈ ദൈവാലയത്തിന്റെ ചരിത്രത്തിനു പിന്നിൽ. റിച്ചെൽഡിസ് എന്ന സ്ത്രീയ്ക്കായിരുന്നു മാതാവ് പ്രത്യക്ഷപ്പെട്ടത്. ലേഡി റിച്ചെൽഡിസിനു പരിശുദ്ധ അമ്മ  നൽകിയ ദർശനത്തിൽ നസ്രേത്തിലെ  തിരുക്കുടുംബത്തിന്റെ ഒരു വലിയ മാതൃകയെ കാണിച്ചു കൊടുത്തു. ഇതേ മാതൃകയിൽ ഒരു ഭവനംപണിയുവാൻ മാതാവ് ദര്‍ശനത്തിലൂടെ അറിയിക്കുകയും ചെയ്തു. അതിനു ശേഷം ലേഡി റിച്ചെൽഡിസ് ഒരു മന്ദിരം നിർമ്മിക്കുകയും അതിനെ ‘ദി ഹോളി ഹൌസ്’ എന്ന് വിളിക്കുകയും ചെയ്തു.

‘സ്ലിപ്പർ ചാപ്പൽ’

ഈ ‘വിശുദ്ധ ഭവന’മാണ് പിന്നീട് തീർത്ഥാടന കേന്ദ്രമായി മാറിയത്. ‘സ്ലിപ്പർ ചാപ്പൽ’ എന്നും ഈ ദൈവാലയം അറിയപ്പെടുന്നു. സ്വർണ്ണ പാദുകം ധരിച്ചു കൈയ്യിൽ ലില്ലിപുഷ്പവും തലയിൽ സ്വർണ്ണ  കിരീടവും ധരിച്ചു സ്വർഗ്ഗീയ രാജ്ഞിയായി പരിശുദ്ധ അമ്മയും, വിശുദ്ധ ഗ്രന്ഥവും  കൈയ്യിലേന്തി നിൽക്കുന്ന ഉണ്ണിയേശുവും ചേർന്നുള്ള മരിയൻ ചിത്രമാണ് ഈ ദൈവാലയത്തിന്റെ പ്രധാന പ്രത്യേകത.

സീനായ് മലമുകളില്‍ മോശ ചെരുപ്പഴിച്ചു മാറ്റിയതുപോലെ, ഈ പരിശുദ്ധ ആലയത്തിലേയ്ക്ക് പ്രവേശിക്കും മുന്‍പ് ആളുകള്‍ ചെരുപ്പുകള്‍ അഴിച്ചു മാറ്റുന്നു. തുടര്‍ന്നു ‘ഹോളി മൈല്‍’ പിന്നിട്ട് ചാപ്പലില്‍ എത്തുന്നു. ‘സ്ലിപ്പര്‍ ചാപ്പല്‍’ എന്ന പേര് അങ്ങനെയാണ് വരുന്നത്.

മധ്യകാലഘട്ടങ്ങളിൽ യുദ്ധങ്ങളാലും രാഷ്ട്രീയ കാരണങ്ങളാലും തീർത്ഥാടകർക്ക് റോമിലേക്കുള്ള  യാത്ര ബുദ്ധിമുട്ടേറിയതായി മാറി. അതുകൊണ്ടു തന്നെ യൂറോപ്പിലെ തീർത്ഥാടന ദൈവാലയങ്ങൾ വിശ്വാസികളാൽ നിറഞ്ഞു. അതിനാൽ തന്നെ യൂറോപ്പ് ഭരിച്ചിരുന്ന വിവിധ രാജാക്കൻമാരും രാഞ്ജിമാരുമടക്കംനിരവധി പ്രശസ്തരായ ഭക്തർ ദൈവാലയത്തിൽ വരികയും പ്രാർത്ഥിക്കുകയും അനുഗ്രഹം പ്രാപിക്കുകയും ചെയ്തിരുന്നു.

1954 ൽ പിയൂസ് XII മൻ പാപ്പാ പരിശുദ്ധ ‘അമ്മ ‘ഔര്‍ ലേഡി ഓഫ് വാൽസിംഗ്ഹാം’ എന്ന പേരിൽ നാമകരണം ചെയ്തു. 2015  ഡിസംബർ 27- നു ഫ്രാൻസിസ് പാപ്പാ ഈ തീർത്ഥാടന ദൈവാലയത്തെ മൈനർ ബസിലിക്ക പദവി നൽകി ഉയർത്തിയിരുന്നു.

‘ഹോളി മൈൽ’

ബസിലിക്കയിലേക്കുള്ള യാത്രയിൽ ഒരു മൈൽ ദൂരം ബാക്കി നിൽക്കെ തീർത്ഥാടകർ തങ്ങളുടെ പാദുകം അഴിച്ചു മാറ്റി നഗ്നപാദരായി പ്രാർത്ഥനാപൂർവ്വം നടന്നു നീങ്ങുന്നത് ഒരു സാധാരണ കാഴ്ചയാണ്. ചാപ്പലിലേക്കുള്ള ഈ ദൂരത്തിനെയാണ് ‘ഹോളി മൈൽ’ എന്ന് വിശേഷിപ്പിക്കുന്നത്. 1934 ഓഗസ്റ്റ് 19- നു കർദിനാൾ ബൗൺ,  ബിഷപ് ലോറൻസ് യൂനസ് എന്നിവർ 10000 വിശ്വാസികൾക്കൊപ്പം ദൈവാലയത്തിലേക്ക് തീർത്ഥാടനം നടത്തുകയുണ്ടായി. അതിനു ശേഷമാണു ഇംഗ്ളണ്ടിലെ റോമൻ കത്തോലിക്കാ ദൈവാലയമായ സ്ലിപ്പർ ചാപ്പലിനെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നത്.

സുനീഷാ നടവയല്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.