കോവിഡ് സന്നദ്ധപ്രവര്‍ത്തകരുടെ സേവനങ്ങള്‍ ശ്ലാഘനീയം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

കോവിഡ് മഹാമാരി സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥയെ നേരിടുവാന്‍ കേരളസമൂഹം മത-സാമുദായിക-രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറം ഒറ്റക്കെട്ടായി നിന്നുവെന്നും ഈ പ്രതിസന്ധി അതീജീവിക്കാന്‍ സന്നദ്ധപ്രവര്‍ത്തകരുടെ സേവനങ്ങള്‍ വലിയ കരുത്തേകുന്നുവെന്നും സംസ്ഥാന കുടുംബക്ഷേമ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചങ്ങനാശ്ശേരി അതിരൂപതാ പബ്ലിക് റിലേഷന്‍സ് ജാഗ്രതാസമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തകസംഗമത്തില്‍ സന്ദേശം നല്‍കുകയായിരുന്നു ആരോഗ്യമന്ത്രി.

ഈ രംഗത്ത് ചങ്ങനാശ്ശേരി അതിരൂപത ചെയ്യുന്ന വലിയ സേവനങ്ങളെയും നേതൃത്വത്തെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ പ്രതിഫലനമാണ് ഓരോ കോവിഡ് സന്നദ്ധപ്രവര്‍ത്തകനും നിര്‍വ്വഹിക്കുന്നതെന്ന് സംഗമം ഉദ്ഘാടനം ചെയ്ത സീറോ മലബാര്‍ സഭയുടെ തലവനും കെ.സി.ബി.സി പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം അദ്ധ്യക്ഷത വഹിച്ചു. അതിരൂപതയിലെ വിവിധ ഇടവകയുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ചുമതലയില്‍ മൃതസംസ്‌കാരം, ചികിത്സാ ക്രമീകരണം, മരുന്ന് വിതരണം, ഭക്ഷണ വിതരണം, ആംബുലന്‍സ് സര്‍വ്വീസ്, കൗണ്‍സിലിംഗ് തുടങ്ങി നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സന്നദ്ധപ്രവര്‍ത്തകരെ സമ്മേളനത്തില്‍ ആദരിച്ചു.

സന്നദ്ധപ്രവര്‍ത്തകരുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡയറക്ടറി സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു. കോവിഡ് മൂന്നാം തരംഗ സാധ്യതയും മുന്‍കരുതലും എന്ന വിഷയം, കോട്ടയം മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ് അവതരിപ്പിച്ചു. സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനവും സമാപനസന്ദേശവും മാര്‍ തോമസ് തറയില്‍ നിര്‍വ്വഹിച്ചു.

അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ, റവ. ഫാ. ജയിംസ് കൊക്കാവയലില്‍, അഡ്വ. ജോജി ചിറയില്‍, ബിനു കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പി.യു. തോമസ് നവജീവന്‍, റവ. സി. ലിസ് മരിയ എഫ്.സി.സി, സ്റ്റാന്‍സണ്‍ മാത്യു ആര്‍പ്പൂക്കര, അരുണ്‍ നെടുംപറമ്പില്‍ തുരുത്തി, അനീഷ് തോമസ് മലകുന്നം, ബിനു വില്‍സണ്‍ ഡാല്‍മുഖം തുടങ്ങിയവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു.

പരിപാടികള്‍ക്ക് റവ. ഫാ. ജോസഫ് പനക്കേഴം, റവ. ഫാ. ആന്റണി തലച്ചല്ലൂര്‍, റവ. ഫാ. തോമസ് തൈക്കാട്ടുശ്ശേരി, ഷിജോ ജേക്കബ്, ബോബി തോമസ്, ജോര്‍ജ് ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.