കോവിഡ് മൂലം കൊളംബിയക്ക് ഒരാഴ്ചക്കിടെ നഷ്ടപ്പെട്ടത് രണ്ടു വൈദികരെ

കോവിഡ് മൂലം കൊളംബിയയിൽ ഒരാഴ്ചക്കിടെ രണ്ടു വൈദികർ മരണമടഞ്ഞു. ഫാ. കോൺസ്റ്റാന്റിനോ ഗോമസ്, ഫാ എലോയ് മോറ പെനാരണ്ട എന്നിവരാണ് കഴിഞ്ഞ ആഴ്ച മരണമടഞ്ഞ കൊളംബിയൻ പുരോഹിതർ. കൊളംബിയൻ എപ്പിസ്കോപ്പൽ കോൺഫറൻസ്(CEC) ആണ് വിയോഗ വാർത്തകൾ പുറത്ത് വിട്ടത്.

രണ്ടു വിയോഗങ്ങളിലും അതീവ ദുഃഖവും പ്രാർത്ഥനയും രേഖപ്പെടുത്തുന്നതായി സിഇസി അറിയിച്ചു. “ഞങ്ങളുടെ സഹോദരങ്ങളുടെ നിത്യമായ വിശ്രമത്തിൽ പ്രാർത്ഥിക്കുവാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു. സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങൾക്കിടയിൽ സ്നേഹത്തിന്റെ സുവിശേഷ പ്രഘോഷണവുമായി തങ്ങളുടെ ദൗത്യം ഏറ്റവും മനോഹരമായി നിർവഹിച്ചവരായിരുന്നു ഇവർ. ഉയർന്ന സേവന ബോധവും വംശീയ പ്രശ്നങ്ങൾക്കെതിരെ സമൂഹത്തിന്റെ ഒപ്പം നിൽക്കുവാൻ പ്രതിബദ്ധതയും കാണിച്ച ഇവരുടെ വിയോഗം സഭാ സമൂഹത്തിനു വളരെയധികം ദുഃഖമുളവാക്കുന്നതാണ്”-മെത്രാൻ സമിതി പറഞ്ഞു.

മനുഷ്യ രാശിയെ ബാധിക്കുന്ന ഈ ഭയാനകമായ വൈറസ് ബാധിച്ചവർക്കായി പ്രാർത്ഥിക്കുന്നത് തുടരുവാൻ സഭയുടെ പ്രത്യേക ആഹ്വാനത്തെ ഒരു ചുമതലയായി വിശ്വാസികൾ ഏറ്റെടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. പുതിയ കണക്കനുസരിച്ച് കൊളംബിയയിൽ നിലവിൽ 67,003 കോവിഡ് രോഗികളും 55,693 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.