മനുഷ്യഹൃദയങ്ങളെ മനസിലാക്കുന്ന തിരുഹൃദയം

സി. ജിസ്മി SMC

ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ, ഞങ്ങളുടെ മേൽ സ്നേഹമായിരിക്കണമെ… പലവുരു നാം ആവർത്തിച്ചു ചൊല്ലുന്ന ഈ സുകൃതസൂക്തത്തിന്റെ ആഴങ്ങളിലേക്ക് നമ്മളാരും കടന്നു ചിന്തിക്കാറില്ല.

ഈശോയുടെ തിരുഹൃദയം എങ്ങനെയാണ് മാധുര്യമുള്ളതാകുന്നത് ? ചിന്തിക്കുമ്പോൾ യുക്തിക്കു നിരക്കാത്ത ഒരു പ്രയോഗമായി മാറുന്നുണ്ടോ? സിരകളിലേക്ക് രക്തം പ്രവഹിപ്പിക്കുക മാത്രമല്ലേ ഹൃദയത്തിന്റെ ധർമ്മം?  ഈശോയുടെ തിരുഹൃദയത്തിൽ നിന്നും ഒഴുകിയിറങ്ങുന്ന ചുടുനിണം മനുഷ്യകുലത്തിന്റെ പാപപരിഹാരത്തിനായി കാൽവരിയിലെ കുരിശിലൂടെ ഒഴുകിയിറങ്ങിയ തിരുരക്തം തന്നെയാണ്.

മുള്ളുകളാൽ ചുറ്റപ്പെട്ട (വേദനിക്കുന്ന) ഹൃദയത്തിന്റെ ഉടമസ്ഥതയിലാണ് രക്ഷയുടെ കവാടം സ്ഥിതി ചെയ്യുന്നത്. ദുരിതങ്ങളെയും വേദനകളേയും നെഞ്ചോട് ചേർക്കുന്നവരിലേ പരിശുദ്ധാത്മാവിന്റെ ശക്തി അഗ്നിയായി ആളിക്കത്തുകയുള്ളൂ. ഈശോയുടെ അവർണ്ണനീയമായ ഈ തിരുഹൃദയത്തിൽ നിന്നുമാണ് സമസ്ത ജനതകളിലേക്കുമുള്ള സ്നേഹസന്ദേശം പുറപ്പെടുന്നത്. ഈ സന്ദേശമാണ് ഈശോയുടെ ജീവിതം കൊണ്ടും മരണം കൊണ്ടും ഉയർപ്പു കൊണ്ടും നമുക്ക് പകർന്നു നൽകിയിട്ടുള്ളത്. നമ്മുടെ മനസ്സും ആത്മാവും സ്ഥിതി ചെയ്യുന്ന നമ്മുടെ ഹൃദയത്തെ ഈശോയുടെ തിരുഹൃദയത്തോട് ചേർത്തുവച്ച് ഒരു താരതമ്യപഠനത്തിന് വിധേയമാക്കിയാൽ രക്ഷയിൽ നിന്നും രക്ഷകനിൽ നിന്നും നമ്മൾ അടുത്തോ അകലെയോ എന്ന് മനസ്സിലാക്കാൻ കഴിയും.

ആത്മാവ് കുടികൊള്ളാത്ത മനസ്സും മനഃസാക്ഷിയില്ലാത്ത ഹൃദയവും വക്രതയുടെ ചായം പൂശി തിരുഹൃദയത്തോട് ചേർത്തുവച്ചാൽ നിന്റെ ഉള്ളറിയുന്ന പിതാവ് നെല്ലും പതിരും വേർതിരിക്കുമ്പോൾ അന്ധകാരത്തിലേക്ക് വലിച്ചെറിയപ്പെടുന്ന മുക്കുപണ്ടങ്ങളായി നാം മാറാതിരിക്കട്ടെ. കുന്തത്താൽ തുറക്കപ്പെട്ട, മുള്ളുകൾ കൊണ്ട് ചുറ്റപ്പെട്ട, കത്തിജ്വലിക്കുന്ന ഹൃദയം – അതാണ് മാധുര്യമായ ഹൃദയം. മകളേ, മകനേ, നിനക്കു വേണ്ടിയാണ് ഹൃദയം കത്തിയെരിയുന്നത് എന്ന് മറക്കാതിരിക്കാം. സ്നേഹത്തിന്റെ മഹത്തായ പ്രതീകമാണ് ഇത്. തിരുഹൃദയം സ്നേഹിക്കാനും ക്ഷമിക്കാനും പാപം ചെയ്ത് തിരുഹൃദയത്തിൽ നിന്ന് അകന്നുപോകുന്നവരെ വീണ്ടും ചേർക്കാനും നമ്മെ കാത്തിരിക്കാനും കഴിയുന്ന ഹൃദയം മാധുര്യമുള്ള ഹൃദയമാണ്.

എന്തേ, നമ്മുടെ ഹൃദയം മാധുര്യം നിറഞ്ഞതാവാത്തത്. ഈശോയുടെ ഹൃദയത്തോട് നമ്മുടെ ഹൃദയത്തെ ചേർത്തുവയ്ക്കുമ്പോൾ നമ്മുടെ കുറവുകൾ നിറവുകളാക്കി മാറ്റാനാകും. സ്വാർത്ഥത നിറഞ്ഞ ഈ ലോകത്ത് എല്ലാം എന്റെ സ്വന്തമാക്കാനുള്ള പരക്കംപാച്ചിലിൽ ഇന്ന് നഷ്ടമായിരിക്കുന്നത് ആത്മാർത്ഥമായി സ്നേഹിക്കുന്ന ഹൃദയമാണ്. അദ്ധ്വാനിക്കാതെ ധനം ആർജിക്കാനും പാവപ്പെട്ടവരെ ചൂഷണം ചെയ്ത് ജീവിച്ച് എല്ലാം സ്വന്തമാക്കാനുള്ള നമ്മുടെ യാത്രയിൽ നഷ്ടമായത് ശുദ്ധിയില്ലാത്ത സ്നേഹബന്ധങ്ങളാണ്. നമ്മുടെ ജീവിതം വഞ്ചനയാലും തിന്മയാലും നിറഞ്ഞതാണോ എന്ന് ഒരു നിമിഷം പിന്നിലേക്ക് തിരിഞ്ഞുനോക്കാം. കാൽവരിയുടെ നെറുകയിൽ ഏകനായി കുരിശിലേറ്റപ്പെട്ടപ്പോഴും ദാഹിച്ചു വലഞ്ഞപ്പോഴും സ്വന്തം വേദനകൾ മറന്ന്, ‘പിതാവേ ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല; ഇവരോട് ക്ഷമിക്കണമേ’ എന്ന പ്രാർത്ഥനാമന്ത്രം അല്ലാതെ മറ്റൊന്നും അവിടുന്നു ഉരുവിട്ടില്ല.

നിസ്സാര സന്തോഷങ്ങൾക്കു വേണ്ടി അമ്മയെ, സഹോദരനെ, സഹോദരിയെ വിട്ടുകൊടുക്കാനോ ഇല്ലാതാക്കാനോ യാതൊരു മടിയുമില്ലാത്ത കാലമാണ് ഇന്ന്. സ്വാർത്ഥ മോഹത്തിനായി, ധനസമ്പാദനത്തിനായി സ്വന്തം ജീവിതപങ്കാളിയെ ഇല്ലാതാക്കാൻ യാതൊരു സങ്കോചവുമില്ലാത്ത കാലം. എവിടെയും ശുദ്ധതയില്ലാത്ത സ്നേഹം, ആത്മാർത്ഥതയില്ലാത്ത ഹൃദയം നിഴലിച്ചു കാണാനാവും. വേദനയുടെയും ദുഃഖത്തിന്റെയും കണ്ണീർക്കടലിൽപെട്ട് ആടിയുലയുമ്പോൾ നമ്മുടെ ഹൃദയവേദന കത്തിയെരിയുന്ന തിരുഹൃദയത്തോട് ചേർത്തുവച്ച് ആ ഹൃദയത്തണലിൽ നമുക്ക് അഭയം തേടാം.

ലോകത്തിലെ സന്തോഷത്തിനു വേണ്ടി, സ്നേഹത്തിനു വേണ്ടി ഓടി അലയാതെ നമുക്കായി കുത്തിത്തുറക്കപ്പെട്ട ആ തിരുഹൃദയത്തിൽ നിന്ന് ആശ്വാസം നേടാം. എല്ലാ വേദനയും അവിടെ ഇറക്കിവച്ച് അവിടെ നിന്ന് ശുദ്ധത നിറഞ്ഞ, ആത്മാർത്ഥത നിറഞ്ഞ സ്നേഹം നമുക്ക് ആവഹിച്ചെടുക്കാം. തളരുമ്പോൾ താങ്ങായി, ആശ്വാസമായി, കരയുമ്പോൾ കണ്ണീരൊപ്പാനായി തിരുഹൃദയനാഥൻ എന്നും നമ്മോടൊപ്പമുണ്ടാകും. ആ ഹൃദയത്തോട് നമ്മുടെ ഹൃദയം ചേർത്തുവയ്ക്കാം. നമ്മുടെ ഹൃദയം മധുര്യമുള്ളതാക്കാം, ജീവിതം സുന്ദരമാക്കാം…

സി. ജിസ്മി കൂട്ടിയാനിക്കല്‍ SMC

1 COMMENT

  1. 🙏🙏 ഹൃദയത്തിൽ തൊടുന്ന രീതിയിൽ അതി മനോഹരമായി എഴുതിയിരിക്കുന്നു. എല്ലാവിധ ആശംസകൾ. ഇനിയും ഇതുപോലെ ധാരാളം എഴുതുവാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.