സ്നേഹിക്കാൻ പഠിപ്പിക്കുന്ന ഈശോയുടെ തിരുഹൃദയം

ആഗോള കത്തോലിക്കാ സഭ ഒത്തൊരുമിച്ച് ആഘോഷിക്കുന്ന ഒരു തിരുനാളാണ് ഈശോയുടെ തിരുഹൃദയ തിരുനാൾ. സ്നേഹമായ ദൈവത്തിൽ വസിക്കാനും ആ ഹൃദയസ്നേഹം അനുഭവിക്കാനുമുള്ള ക്ഷണമാണ് ഈശോയുടെ ഹൃദയം നമുക്ക് നൽകുന്നത്. ഈശോയുടെ തിരുഹൃദയം നമ്മെ പഠിപ്പിക്കുന്നതും ദൈവസ്നേഹത്തിലേക്ക് വളരാനാണ്.

മനുഷ്യനേത്രങ്ങൾ കൊണ്ട് നോക്കിയാൽ മനുഷ്യഹൃദയത്തിന്റെ വലിപ്പവും, അനുഭവിച്ചറിയുമ്പോൾ ദൈവത്തിന്റെ ഹൃദയത്തിന്റെ അനന്തതയും, ആഴവുമുള്ള ഹൃദയമാണ് ഈശോയുടേത്. ആർക്കും എപ്പോഴും ഇടം തേടാനും ഇടം കൊടുക്കാനും കഴിവുള്ള ഹൃദയമാണ് അവിടുത്തേത്. ശത്രുക്കളെയും മിത്രങ്ങളെയും ഒരുപോലെ ഉൾക്കൊള്ളുന്ന ഹൃദയം. “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വാസിപ്പിക്കാം” (മത്തായി 11:28).

ഈ ലോകത്തിൽ ജീവിക്കുന്ന മനുഷ്യന്റെ യാതനകളും ദുഃഖങ്ങളും കഷ്ടപ്പാടുകളും ദുരിതങ്ങളും വ്യക്തമായി അറിയുകയും മനസിലാക്കുകയും ചെയ്യുന്ന ദൈവമാണ് നമ്മുടേത്. ഓരോ വ്യക്തിക്കും എന്താണ് ആവശ്യം എന്ന് അറിഞ്ഞ് അവരെ സ്നേഹിക്കുന്ന ദൈവം.

മനുഷ്യനെ തേടിയെത്തിയ ദൈവം

അവിടുത്തെ സന്നിധിയിൽ അഭയം തേടുന്നവർക്ക് സൗജന്യമായി അവിടുന്ന് എല്ലാം നൽകുന്നു. ഇങ്ങനെ ക്ഷണിക്കുകയും കൊടുക്കുകയും ചെയ്യുന്ന മറ്റൊരു ദൈവത്തെ ഈ ലോകത്തിൽ നമുക്ക് കണ്ടെത്താൻ കഴിയുകയില്ല. കാരണം, താൻ രൂപവും ഭാവവും കൊടുത്തു സൃഷ്ടിച്ച മനുഷ്യൻ തന്നിൽ നിന്ന് പാപം ചെയ്ത് അകന്നുപോയിട്ടും അവരുടെ പിന്നാലെ പോയി അവരെ തേടിനടന്ന് നേടിയെടുക്കുന്ന ഒരു ദൈവത്തെ മറ്റൊരിടത്തും നമുക്ക് കാണുവാൻ സാധിക്കുകയില്ല. മനുഷ്യൻ പാപം ചെയ്ത് ദൈവത്തെ വേദനിപ്പിക്കുമ്പോഴും മനുഷ്യനെ രക്ഷിക്കാൻ നോക്കുന്ന ദൈവം. ആ സ്നേഹത്തിന്റെ വലിയൊരു ഉദാഹരണമാണ് തന്റെ വിലാപ്പുറത്ത് കുന്തം കൊണ്ടു കുത്തിയ പടയാളിയുടെ കണ്ണ് ആ മുറിവിൽ നിന്നു വീണ രക്തം കൊണ്ട് സുഖപ്പെടുത്തിയത്.

മുറിപ്പെടുത്തുമ്പോഴും സ്നേഹിച്ചുകൊണ്ടിരിക്കുന്ന ഈശോയുടെ സ്നേഹത്തിന്റെ മുമ്പിൽ മനുഷ്യകുലം മുഴുവനെയും സമർപ്പിക്കാം. ആ ഹൃദയത്തിൽ നിന്നും ഒഴുക്കുന്ന ജീവരക്തത്താൽ നാം ശുദ്ധിയുള്ളവരാകട്ടെ. ഏവർക്കും ഈശോയുടെ തിരുഹൃദയ തിരുനാളിന്റെ മംഗളങ്ങളും പ്രാർത്ഥനകളും സ്നേഹപൂർവ്വം ആശംസിക്കുന്നു.

സി. റോസ്‌മേരി അണിയറയിൽ DSHJ

പ്രൊവിന്ഷ്യല്‍ സുപ്പീരിയര്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.