മക്കളുടെ വളർച്ചയിൽ മാതാപിതാക്കളുടെ പങ്ക്

മക്കളുടെ വളർച്ചയിൽ മാതാപിതാക്കളുടെ പങ്ക് വളരെ വലുതാണ്. അവരുടെ  ഉണർവ്വിലും ഉറക്കത്തിലും നമ്മുടെ സാന്നിധ്യവും ബോധ്യവും ആവശ്യമാണ്‌. അതുപോലെ തന്നെ നമ്മുടെ ചിന്താഗതിയിലും പെരുമാറ്റത്തിലും ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ അവരുടെ സ്വഭാവത്തിൽ വളരെയധികം വ്യത്യാസങ്ങൾ വരും. അതിനായി കുറച്ചു നിർദ്ദേശങ്ങളാണ് ഇന്ന് പങ്കുവയ്ക്കുന്നത്.

1. നിങ്ങളുടെ കുട്ടിയുടെ ആത്മാഭിമാനം ഉയർത്തുക

മാതാപിതാക്കൾ എന്ന നിലയിൽ സ്വന്തം കണ്ണിലൂടെ മക്കളെ കാണുന്നതിനു പകരം മക്കളുടെ കണ്ണുകളിലൂടെ നിങ്ങളെ കാണുവാൻ ശ്രമിക്കുക. നിങ്ങളുടെ സ്വരം, ശരീരഭാഷ എന്നിവയെല്ലാം അവർ മനസ്സിൽ നിറച്ചുവയ്ക്കുന്നു. പ്രത്യേകിച്ച് സംസാരരീതികൾ. നിങ്ങളുടെ എല്ലാ പദപ്രയോഗങ്ങളും നിങ്ങളുടെ കുട്ടികൾ മനസ്സിൽ സൂക്ഷിക്കുന്നു. ഒരു രക്ഷകർത്താവ് എന്ന നിലയിലുള്ള നിങ്ങളുടെ വാക്കുകളും പ്രവർത്തനങ്ങളും മറ്റെന്തിനെക്കാളും അവരുടെ ആത്മാഭിമാനത്തെ വളർത്തിയെടുക്കുന്നതാകണം.

എത്ര ചെറിയ നേട്ടങ്ങളാണെങ്കിലും അവയെ പ്രശംസിക്കുമ്പോൾ അവർക്ക് അഭിമാനം തോന്നും. സ്വതന്ത്രമായി കാര്യങ്ങൾ ചെയ്യാൻ കുട്ടികളെ അനുവദിക്കുന്നത് അവരിൽ കഴിവും കരുത്തും വളരുന്നതിന് സഹായകരമാകും. ഇതിനു വിപരീതമായി, അഭിപ്രായങ്ങളെ നിന്ദിക്കുകയോ ഒരു കുട്ടിയെ മറ്റൊരാളുമായി താരതമ്യം ചെയ്യുകയോ ചെയ്യുമ്പോൾ അവരുടെ ആത്മവിശ്വാസത്തെയാണ് അതിലൂടെ തകർക്കുന്നത്.

വാക്കുകൾ ആയുധങ്ങളായി ഉപയോഗിക്കുന്നത് ഒഴിവാക്കുക. ‘എന്തൊരു മോശമാണിത്!’ അല്ലെങ്കിൽ ‘തീരെ ചെറിയ കുട്ടിയെപ്പോലെയാണ് പ്രവർത്തിക്കുന്നത്!’ എന്നീ രീതിയിലുള്ള സംസാരങ്ങൾ ഒഴിവാക്കുക. ശാരീരിക പ്രഹരങ്ങളേക്കാളും കൂടുതൽ മോശമായ അവസ്ഥ ഉണ്ടാക്കുന്ന ഒന്നാണ് വാക്കുകൾ കൊണ്ടുള്ള ഇത്തരം കുത്തിനോവിക്കലുകൾ. നിങ്ങളുടെ വാക്കുകൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്ത് അനുകമ്പ കാണിക്കുക. എല്ലാവരും തെറ്റുകൾ വരുത്തുന്നുവെന്നും അവരുടെ പെരുമാറ്റത്തെ നിങ്ങൾ ഇഷ്ടപ്പെടുന്നില്ലെങ്കിലും നിങ്ങൾ ഇപ്പോഴും അവരെ സ്നേഹിക്കുന്നുവെന്നും നിങ്ങളുടെ കുട്ടികളെ അറിയിക്കുക.

2. കുഞ്ഞുങ്ങളുടെ നന്മകളെ പ്രശംസിക്കുക

ഒരു ദിവസം നിങ്ങളുടെ കുട്ടികളെ എത്ര തവണ വഴക്ക് പറയുന്നുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ? അഭിനന്ദിക്കുന്നതിനേക്കാൾ കൂടുതൽ വിമർശനങ്ങൾ നടത്തുന്നതായി നിങ്ങൾ കണ്ടെത്തിയേക്കാം. നല്ല ഉദ്ദേശ്യത്തോടെയാണെങ്കിലും വളരെ മോശമായ മാർഗ്ഗനിർദ്ദേശം നൽകി നിങ്ങളോട് പെരുമാറിയ ഒരു ബോസിനെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നും? അതുപോലെ തന്നെയായിരിക്കും കുട്ടികൾക്കും നിങ്ങളോടുള്ള സമീപനം.

കുഞ്ഞുങ്ങൾ ചെയ്യുന്ന നല്ല കാര്യങ്ങൾ കണ്ടെത്തുകയും അതിനെ പ്രശംസിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും ഫലപ്രദമായ സമീപനം. നാലുമണിക്ക് ചായ എടുത്തപ്പോൾ നിങ്ങൾക്കും കൊണ്ടുവന്ന് തന്നതോ, വീട്ടിലുള്ള ഇളയ കുഞ്ഞുങ്ങളെ ശ്രദ്ധാപൂർവ്വം പരിചരിക്കുന്നതൊക്കെ ഒക്കെ നിങ്ങളുടെ കണ്ണിലുടക്കിയേക്കാം. അതിനെയൊക്കെ അല്പം ഭാവാത്മകതയോടെ പ്രശംസിക്കുമ്പോൾ തീർച്ചയായും അവർ കൂടുതൽ മെച്ചപ്പെടും. ആവർത്തിച്ചുള്ള ഭീഷണിപ്പെടുത്തലുകളേക്കാൾ ദീർഘകാലാടിസ്ഥാനത്തിലുള്ള നല്ല പെരുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇത് വളരെയധികം ഗുണം ചെയ്യും.

കുട്ടികളെ എല്ലാ ദിവസവും പ്രശംസിക്കാൻ എന്തെങ്കിലും കണ്ടെത്തുക. നിങ്ങളുടെ പ്രശംസയുടെ കൂടെ അല്പം കൂടി ഉദാരത പുലർത്തുക – നിങ്ങളുടെ സ്നേഹം, ആലിംഗനം, അഭിനന്ദനങ്ങൾ എന്നിവ കുഞ്ഞുങ്ങളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും. മാത്രമല്ല, അവ മതിയായ പ്രതിഫലവും നൽകും. നിങ്ങൾ ആഗ്രഹിക്കുന്ന വലിയ മാറ്റം അവരുടെ പെരുമാറ്റത്തിലും ഉണ്ടാകുമെന്നത് തീർച്ചയാണ്.

3. പരിധികൾ നിശ്ചയിച്ചുകൊണ്ട് മക്കളെ അച്ചടക്കം പഠിപ്പിക്കുക

എല്ലാ കുടുംബങ്ങളിലും അച്ചടക്കം ആവശ്യമാണ്. സ്വീകാര്യമായ പെരുമാറ്റങ്ങൾ തിരഞ്ഞെടുക്കാനും ആത്മനിയന്ത്രണം പാലിക്കാനും കുട്ടികളെ സഹായിക്കുക എന്നതാണ് അച്ചടക്കത്തിന്റെ ലക്ഷ്യം. നിങ്ങൾ അവർക്കായി നിർദ്ദേശിക്കുന്ന പരിധികൾ അവർക്ക് ആ സമയം വിഷമം ഉണ്ടാക്കിയേക്കാം. പക്ഷേ, ഉത്തരവാദിത്വമുള്ള നല്ല കുഞ്ഞുങ്ങളായി വളരുവാൻ അവർക്ക് ആ പരിധികൾ ആവശ്യമാണ്.

വീട്ടുനിയമങ്ങൾ സ്ഥാപിക്കുന്നത് നിങ്ങളുടെ പ്രതീക്ഷകൾ മനസിലാക്കാനും ആത്മനിയന്ത്രണം പരിശീലിക്കുവാനും കുട്ടികളെ സഹായിക്കുന്നു. ഗൃഹപാഠം പൂർത്തിയാകുന്നതുവരെ ടിവി കാണുവാൻ സാധിക്കില്ല, കൂടാതെ വേദനിപ്പിക്കുന്ന രീതിയിലുള്ള കളിയാക്കൽ അനുവദിക്കില്ല തുടങ്ങിയ രീതിയിലുള്ള നിയന്ത്രണങ്ങൾ നടപ്പിൽ വരുത്തുക.

എന്നാൽ നിങ്ങൾ ഉണ്ടാക്കിയെടുക്കുന്ന സിസ്റ്റം കർശനമായി പിന്തുടരുവാൻ നിങ്ങളാണ് മേൽനോട്ടം വഹിക്കേണ്ടത്. ഇടയിൽ അല്പം അയവു വരുത്തിയാൽ അത് കുഞ്ഞുങ്ങളെ കൂടുതൽ മോശമായി ബാധിച്ചേക്കാം. ഒരു ദിവസം മോശമായി സംസാരിച്ചതിന് നിങ്ങൾക്ക് കുട്ടികളെ ശിക്ഷിക്കാനും അടുത്ത ദിവസം അങ്ങനെ സംഭവിക്കുമ്പോൾ അവഗണിക്കാനും പാടില്ല. നിങ്ങളുടെ തീരുമാനങ്ങളിൽ സ്ഥിരതയുണ്ടാകേണ്ടത് അത്യാവശ്യമാണ്.

4. നിങ്ങളുടെ കുട്ടികൾക്കായി സമയം കണ്ടെത്തുക

ഭക്ഷണത്തിനായി മാതാപിതാക്കളും കുട്ടികളും ഒത്തുചേരുന്നത് പലപ്പോഴും ബുദ്ധിമുട്ടാണ്. ഗുണനിലവാരമുള്ള സമയം ഒരുമിച്ച് ചെലവഴിക്കുക എന്നതാണ് ഏറ്റവും പ്രധാന കാര്യം. രാവിലെ 10 മിനിറ്റ് നേരത്തെ എഴുന്നേൽക്കുന്നതിലൂടെ നിങ്ങളുടെ കുട്ടിയുമായി പ്രഭാതഭക്ഷണം കഴിക്കാം അല്ലെങ്കിൽ അത്താഴത്തിനു ശേഷം അവരോടൊപ്പം ആയിരിക്കാം.

മാതാപിതാക്കളിൽ നിന്ന് അവർ ആഗ്രഹിക്കുന്ന ശ്രദ്ധ നേടാത്ത കുട്ടികൾ പലപ്പോഴും വികൃതി കാണിക്കുകയോ, മോശമായി പെരുമാറുകയോ ചെയ്യുന്നു. കാരണം, അവർ ആ വഴി ശ്രദ്ധിക്കപ്പെടുമെന്ന് അവർക്കുറപ്പാണ്. എന്നാൽ ഭാവിയിൽ ഇത് വളരെയധികം ദോഷം ചെയ്യുന്നു. സ്കൂളിലും സമൂഹത്തിലും മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുവാൻ അവർ കൂടുതൽ വികൃതി കാണിക്കുകയും ഒടുവിൽ പൊതുസമൂഹത്തിനു വലിയ ഭീഷണിയായി മാറുകയും ചെയ്യുന്നു.

മാതാപിതാക്കൾ കുട്ടികളുമായി ഒരുമിച്ച് സമയം ചിലവിടുന്നതും അതിനായി പ്രത്യേകം സമയം മാറ്റിവയ്ക്കുന്നതും നല്ലതാണ്. ഒരുമിച്ച് ആയിരിക്കുന്നതിനും വിനോദിക്കുന്നതിനും ഓരോ ആഴ്ചയും ഒരു ‘പ്രത്യേക സമയം’ കണ്ടെത്തുക. സമയം എങ്ങനെ ചെലവഴിക്കണമെന്ന് തീരുമാനിക്കാൻ നിങ്ങളുടെ കുട്ടികളെ സഹായിക്കുക.

ഇളയ കുട്ടികളേക്കാൾ കൗമാരക്കാർക്ക് അവരുടെ മാതാപിതാക്കളിൽ നിന്ന് അവിഭാജ്യശ്രദ്ധ ആവശ്യമാണ്. മാതാപിതാക്കൾക്കും കൗമാരക്കാർക്കും ഒത്തുചേരാനുള്ള അവസരങ്ങളുടെ ജാലകങ്ങൾ കുറവായതിനാൽ സംസാരിക്കാനോ കുടുംബപ്രവർത്തനങ്ങളിൽ പങ്കെടുക്കാനോ കൗമാരക്കാർ ആഗ്രഹം പ്രകടിപ്പിക്കുമ്പോൾ മാതാപിതാക്കൾ തങ്ങളാൽ കഴിയുന്ന വിധത്തിൽ അവസരങ്ങൾ സൃഷ്ടിക്കണം. നിങ്ങളുടെ കൗമാരക്കാരായ മക്കളുമൊന്നിച്ച് ഗെയിമുകൾ, മറ്റ് ആഘോഷങ്ങൾ എന്നിവയിൽ പങ്കെടുക്കുക. കരുതലോടെ ആശയവിനിമയം നടത്തുകയും നിങ്ങളുടെ കുട്ടിയേയും അവന്റെ സുഹൃത്തുക്കളേയും കുറിച്ച് കൂടുതൽ അറിയുകയും ചെയ്യുവാൻ ഇത് നിങ്ങളെ സഹായിക്കുന്നു.

നിങ്ങൾ ജോലി ചെയ്യുന്ന രക്ഷകർത്താവാണെങ്കിൽ അവരുടെ കൂടെ പാചകം ചെയ്യുകയോ കളിക്കുകയോ തമാശകൾ പറയുകയോ ചെയ്യാം. അവരോടൊപ്പം നിങ്ങൾ ചെയ്യുന്ന നിരവധി ചെറിയ കാര്യങ്ങളാണ് കുട്ടികൾ എക്കാലവും ഓർമ്മിക്കുക.

5. നിങ്ങളുടെ കുട്ടിയോട് മാന്യമായി പെരുമാറുക

നിങ്ങളുടെ കുട്ടിയുടെ ഹൃദയം നേടുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം അവനോട് മാന്യമായി പെരുമാറുക എന്നതാണ്. മുതിർന്നവർക്ക് നൽകുന്ന സ്നേഹവും ബഹുമാനവും നിങ്ങളുടെ കുട്ടിക്കും നൽകണം. അവരോട് മാന്യമായി സംസാരിക്കുക. അവരുടെ അഭിപ്രായങ്ങളെ ബഹുമാനിക്കുക. അവർ നിങ്ങളോട് സംസാരിക്കുമ്പോൾ അവരെ കേൾക്കുക.

അവരോട് ദയയോടെ പെരുമാറി നോക്കൂ. മാതാപിതാക്കൾ കുഞ്ഞുങ്ങളോട് പെരുമാറുന്ന രീതിയിലായിരിക്കും അവർ മറ്റുള്ളവരോടും പെരുമാറുന്നത്. നിങ്ങളുടെ കുട്ടിയുമായുള്ള നിങ്ങളുടെ ബന്ധമാണ് മറ്റുള്ളവരുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനം.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.