കോവിഡ്‌ രോഗവിമുക്തരെ ശക്തിപ്പെടുത്തുന്നതില്‍ അമ്മമാരുടെ പങ്ക്‌ സുപ്രധാനം: മന്ത്രി റോഷി അഗസ്റ്റിന്‍

കോവിഡ്‌ ബാധിച്ച് രോഗമുക്തി നേടിയ വ്യക്തികളെയും കുടുംബങ്ങളെയും ശക്തിപ്പെടുത്തുന്നതിലും പരിപാലിക്കുന്നതിലും അമ്മാരുടെ പങ്ക്‌ സുപ്രധാനമാണെന്ന്‌ മന്ത്രി റോഷി അഗസ്റ്റിന്‍. കോട്ടയം അതിരൂപതയിലെ വനിതാ അത്മായ സംഘടനയായ ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ അതിരൂപതയിലെ കോവിഡ്‌ വിമുക്തി നേടിയ വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അത്മായര്‍ക്കുമായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ കൂടിവരവ്‌ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ്‌ അനുഭവത്തിലൂടെ കടന്നുപോയപ്പോള്‍ കോവിഡ്‌ ബാധിതരാകുന്നവര്‍ക്കും വിമുക്തി നേടുന്നവര്‍ക്കും എത്രമാത്രം ശ്രദ്ധയും കരുതലും തുടര്‍ന്നും അനിവാര്യമാണെന്ന്‌ വ്യക്തിപരമായി മനസ്സിലായിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌ അദ്ധ്യക്ഷനായിരുന്നു. കോവിഡ്‌ ബാധിതരുടെ കരുതല്‍ സമൂഹത്തിന്റെ കൂട്ടുത്തരവാദിത്വമായി കാണണമെന്ന്‌ അദ്ധ്യക്ഷസന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ്‌ ലിന്‍സി രാജന്‍ വടശ്ശേരിക്കുന്നേല്‍, സെക്രട്ടറി ഷൈനി സിറിയക്‌ ചൊള്ളമ്പേല്‍ എന്നിവര്‍ പ്രസംഗിച്ചു.

കോവിഡ്‌ രോഗത്തിലൂടെ കടന്നുപോയവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും എന്ന വിഷയത്തില്‍ ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിമണ്‍ ഡോക്‌ടേഴ്‌സ്‌ വിംഗ്‌ സംസ്ഥാന ചെയര്‍പേഴ്‌സണും ദേശീയ സെക്രട്ടറിയുമായ ഡോ. കവിത രവി ക്ലാസ്സ്‌ നയിച്ചു; സംശയങ്ങള്‍ക്കു മറുപടി നല്‍കി. കോവിഡ്‌ ബാധിച്ചു വിമുക്തി നേടിയ 253 പേര്‍ സംഗമത്തില്‍ പങ്കെടുത്തു.

ഷൈനി ചൊള്ളമ്പേല്‍, സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.