വി. ജോൺപോൾ രണ്ടാമന്റെ തിരുശേഷിപ്പ് മോഷണം പോയി

ഇറ്റലിയിലെ സ്‌പോലെറ്റോ കത്തീഡ്രലില്‍ നിന്നും വി. ജോൺപോൾ രണ്ടാമന്റെ തിരുശേഷിപ്പ് മോഷണം പോയി. ബുധനാഴ്ചയാണ് കത്തീഡ്രലിലെ ഒരു ചാപ്പലില്‍ നിന്നും വി. ജോൺപോൾ രണ്ടാമന്റെ രക്തത്തിന്റെ അംശമുള്ള തിരുശേഷിപ്പ് മോഷ്ടിക്കപ്പെടുന്നത്.

ക്രാക്കോവിലെ അതിരൂപത 2016-ൽ സ്പൊലെറ്റോ-നോർസിയ അതിരൂപതയ്ക്കു നൽകിയ സമ്മാനമായിരുന്നു ഈ തിരുശേഷിപ്പ്. വി. ജോൺപോൾ രണ്ടാമന്റെ സ്മരണയ്ക്കായി ഒരു പുതിയ പള്ളിയിലേയ്ക്ക് ഈ തിരുശേഷിപ്പ് മാറ്റാൻ അതിരൂപത ആലോചിച്ചിരുന്നു.

“മോഷ്ടിച്ചവര്‍ എത്രയും വേഗം ഈ തിരുശേഷിപ്പ് തിരികെ നല്‍കണം. ഈ പ്രവര്‍ത്തി നിരവധി ആളുകളുടെ വികാരത്തെയും ഭക്തിയെയും മുറിവേൽപ്പിക്കുന്നതാണ്. തിരുശേഷിപ്പ് തിരികെ ലഭിക്കാന്‍ വി. ജോൺപോൾ രണ്ടാമന്റെ മാദ്ധ്യസ്ഥ്യം തന്നെ നമുക്ക് യാചിക്കാം” – ആർച്ച്ബിഷപ്പ് റെനാറ്റോ ബൊകാർഡോ പറഞ്ഞു.

കഴിഞ്ഞ ദിവസം സിസിലിയിലെ സെന്റ്‌ അഗതയുടെ പേരിലുള്ള പള്ളി കൊള്ളയടിക്കുകയും വി. കുര്‍ബാനയെ അപമാനിക്കുകയും ചെയ്തിരുന്നു. വി. അഗാത്തയുടെ രൂപത്തിനും ഈ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.