ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കാൻ വാദിക്കുന്നവർ ഇതുവായിക്കാതെ പോകരുത്

ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കാൻ വാദിക്കുന്നവർ ഇതുവായിക്കാതെ പോകരുത്. ഫാ. ജോണി ചിറ്റേമാരിയിൽ എഴുതിയ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിന്റെ പൂർണ്ണരൂപം.

ഇവിടെ പ്രശ്നം ഇടുക്കിയുടെ പരിസ്ഥിതി ആണല്ലോ. അതിന് ഗാഡ്ഗിലിന്റെ പേരിൽ ഇറക്കിയ ഒരു വല്യ പുസ്തകം ഒന്നും വേണ്ട. ദാ, ഇത് നടപ്പിലാക്കിയാൽ മതി.

1. പശ്ചിമഘട്ട മലനിരകളിൽ ടൂറിസം നിരോധിക്കുക. ഇടുക്കി ഉൾപ്പെടെയുള്ള ഭൂപ്രദേശങ്ങളിൽ ടൂറിസ്റ്റുകൾ വരാൻ പാടില്ല.

കാരണങ്ങൾ:

a) ആയിരക്കണക്കിന് വാഹനങ്ങളാണ് ഓരോ ദിവസവും മല കയറി വരുന്നത്. ഇത് മൂലം ഉണ്ടാകുന്ന പുകയും, ചൂടും ഇടുക്കിയുടെ കാലാവസ്ഥയെ തകിടം മറിക്കുന്നു. കിലോമീറ്ററുകൾ നീളത്തിൽ വാഹനങ്ങളുടെ നീണ്ട നിരകൾ ഫസ്റ്റ് ഗിയറിൽ പുക തുപ്പി ഏന്തി വലിഞ്ഞ് കയറി വരുമ്പോൾ ഉണ്ടാകുന്ന മലിനീകരണത്തിന്റെ അളവ് എന്തേ കണക്കുകളിൽ വരുന്നില്ല.

b) ടൂറിസ്റ്റുകളുടെ ബാഹുല്യം നിമിത്തമാണ് ഇടുക്കി റിയൽ എസ്റ്റേറ്റ് ബിസിനസിന്റെ കേന്ദ്രമായി മാറിയത്. എത്ര റിസോർട്ടുകൾ പണിതാലും അതിൽ പതിനായിരങ്ങൾ വാടക കൊടുത്ത് താമസിക്കാൻ ആളുണ്ട്. അതുകൊണ്ട് വൻകിട വ്യവസായികളും, രാഷ്ട്രീയ നേതാക്കന്മാരും, സിനിമാ താരങ്ങളും, ഉദ്യോഗസ്ഥ പ്രമാണിമാരും, പരിസ്ഥിതിവാദികളും, മാധ്യമ മാഫിയയും, അടങ്ങുന്ന വൻ ലോബി ഇടുക്കി പോലുള്ള തണുത്ത മലനിരകളുടെ വ്യവസായ പ്രാധാന്യം തിരിച്ചറിഞ്ഞ് റിസോർട്ടുകൾ നിർമിച്ച് കൂട്ടുന്നു. ആഗോളതാപനം വർദ്ധിക്കുന്നതിനനുസരിച്ച് ഈ മലനിരകളിലേക്ക് എത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വർദ്ധനവല്ലാതെ കുറവുണ്ടാവില്ല എന്നത് അവർക്ക് നന്നായി അറിയാം. അതിനുവേണ്ടി കാപ്പിയും കുരുമുളകും വിളഞ്ഞിരുന്ന മലകളിലെ മരങ്ങൾ വെട്ടി കുന്നുകൾ ഇടിച്ച് നിരത്തുന്നു. മലഞ്ചെരുവുകളിൽ വലിയ കെട്ടിടങ്ങൾ നിർമിക്കുന്നു. ഇത് മൂലം മലനിരകളുടെ സ്വാഭാവികത നഷ്ടപ്പെടുന്നു. മരക്കാടുകൾ റിസോർട്ട് വനങ്ങളായി മാറുന്നു. ഈ കോൺക്രീറ്റ് വനങ്ങളുടെ വിസ്തൃതി അനുനിമിഷം വർദ്ധിക്കുന്നു. അത് വലിയ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്നു.

c) റിസോർട്ടുകൾ സൃഷ്ടിക്കുന്ന മലിനീകരണം വളരെ വലുതാണ്. പെരിയാർ പോലുള്ള പുണ്യനദികൾ ഉത്ഭവിക്കുന്ന മലനിരകളിലെ, 100 മുറികളുള്ള ഒരു റിസോർട്ടിലെ സെപ്റ്റിക് ടാങ്കുകളിൽ വന്നടിയുന്ന ഹ്യൂമൻ വേസ്ററിന്റെ അളവ് എത്ര മാത്രമാണ്. അതു പോലെ എത്ര ആയിരം റിസോർട്ടുകൾ. ഇത് മുഴുവൻ ഏറ്റെടുക്കേണ്ട പാപഭാരം ഈ മലകൾക്കാണ്.

d) 100 മുറികളുള്ള ഒരു റിസോർട്ടിൽ എത്ര ലിറ്റർ വെള്ളം ഒരു ദിവസം ആവശ്യമുണ്ടാവും. കുഴൽകിണറുകൾ നിർമ്മിച്ച് അനിയന്ത്രിതമായ അളവിൽ ജലം ഊറ്റിയെടുക്കുന്നതുമൂലം, ഭൂഗർഭജലത്തിന്റെ അളവ് അതിവേഗം താഴുന്നു. അങ്ങനെ സ്വഭാവിക ഉറവകൾ, സാധാരണക്കാരന്റെ കുടിവെള്ളം, നദികൾ എല്ലാം അപ്രത്യക്ഷമാകുന്നു

e) ടൂറിസ്റ്റുകൾ വരുന്നതിലൂടെ കുമിഞ്ഞ് കൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് ആർക്കും അറിയില്ല. ഉദാഹരണമായി നേര്യമംഗലം മൂന്നാർ മറയൂർ പാതയുടെ ഇരുവശങ്ങളിലും കുമിഞ്ഞ് കൂടുന്ന പ്ലാസ്റ്റിക് കുപ്പികൾ, പ്ലേറ്റുകൾ, ഡിസ്പോസിബിൾ ഗ്ലാസുകൾ തുടങ്ങി, മദ്യപിച്ച ശേഷം വലിച്ചെറിഞ്ഞ് പൊട്ടിച്ച് രസിക്കുന്ന ചില്ലു കുപ്പികൾ വരെ ഈ മലനിരകളിൽ പ്ലാസ്റ്റിക്, ഗ്ലാസ് ആവരണം തീർക്കുന്നു. മൃഗങ്ങൾക്കും പക്ഷികൾക്കും മനുഷ്യർക്കും ഇത് ഭീഷണിയാകുന്നു. ഭക്ഷണാവശിഷ്ടങ്ങൾ മൃഗങ്ങളിൽ രോഗങ്ങൾ പരത്തുന്നു. കുപ്പികളും ഗ്ലാസുകളും കൊതുക് ഫാക്ടറികളാകുന്നു.

F) ടൂറിസത്തിൽ നിന്ന് വരുമാനമുണ്ടാക്കി ഇടുക്കിയിലെ ഒരു കർഷകനും രക്ഷപെട്ടിട്ടില്ല. ടൂറിസ്റ്റുകളുടെ സീസണായാൽ വഴിയരികിൽ നിൽക്കുന്ന കൊക്കോ, കുരുമുളക്, കാപ്പിക്കുരു എന്നിവ എവിഡി നിന്നോ വരുന്ന ടൂറിസ്റ്റുകൾ പറിച്ച് കൊണ്ട് പോകും. ചോദിക്കാൻ ചെന്ന കർഷകൻ പിന്നെ ദിവസങ്ങളോളം പോലീസ് സ്റ്റേഷൻ കയറിയിറങ്ങി നടന്നതും ചരിത്രം.

അതുകൊണ്ട്, ഒന്നാമതായി ടൂറിസം നിരോധിക്കുക. ഇടുക്കിയിലേക്ക് നേര്യമംഗലം പാലം കടന്ന് ഒരു ടൂറിസ്റ്റും കടന്നു വരരുത്.

2) പശ്ചിമഘട്ട മലനിരകളിലെ കല്ലുകൾ മലകളുടെ അതിർത്തിക്ക് പുറത്തേക്ക് കൊണ്ടു പോകുന്നത് നിരോധിക്കുക.

കാരണങ്ങൾ:

a) പാറമട മാഫിയ എന്നത് പശ്ചിമഘട്ടത്തെ കാർന്നുതിന്നുന്ന മാരക ക്യാൻസറാണ്. ഈ കല്ല് പുഴുങ്ങിയതാണ് മലയോര ജനത ഭക്ഷണത്തിനുപയോഗിക്കുന്നത് എന്നതാണ് കുറേ ആളുകളുടെ എങ്കിലും ചിന്ത. എന്നാൽ ഈ പാറമടകളിലെ കല്ലുകൾ എങ്ങോട്ട് പോകുന്നു. വിഴിഞ്ഞം തുറമുഖം നിർമ്മിക്കാനുള്ള കല്ല് എവിടെ നിന്നാണ് വരുന്നത്. കൊച്ചി മെട്രോ നിർമിക്കാനുള്ള കല്ല് എവിടെ നിന്നാണ്. എറണാകുളം ഉൾപ്പെടെയുള്ള വൻകിട നഗരങ്ങളിൽ ചതുപ്പും കായലും നികത്തി കെട്ടിപ്പൊക്കുന്ന നിർമിതികൾക്കാവശ്യമായ കല്ല്‌ എവിടെ നിന്നാണ്. ഇടുക്കിയിലെ ടൂറിസം നിരോധിച്ചാൽ ഇടുക്കിയിലെ കെട്ടിട നിർമ്മാണം നൂറിൽ ഒന്നായി കുറയും. കല്ല് പുറത്തേക്ക് കൊണ്ടു പോകുന്നില്ല എങ്കിൽ പിന്നെ ഇടുക്കിയിലെ റോഡുകൾക്ക് വേണ്ടിയുള്ള നാമമാത്രമായ പാറപൊട്ടിക്കൽ മാത്രമേ ഉണ്ടാവുകയുള്ളൂ. അങ്ങനെ പാറമട മാഫിയയുടെ പ്രവർത്തനവും അവസാനിക്കും. അതുകൊണ്ട് ഇനി മുതൽ നേര്യമംഗലം പാലം കടന്ന് കല്ല് ഇടുക്കിക്ക് പുറത്തേക്ക് പോകാൻ പാടില്ല എന്ന നിയമം നിർമിച്ചാൽ വിവിധ വഴികളിൽ മലയോര ജനത കാവൽ നിൽക്കും, കല്ലുമായി പോകുന്ന ഭീകര ടോറസുകളെ തടയാൻ. പശ്ചിമഘട്ടത്തെ സംരക്ഷിക്കാൻ. അങ്ങനെ പാറ ഉപഭോഗം കുറക്കാനും പ്രദേശവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും സാധിക്കും.

3) ഇടുക്കിയിലെ 40 -ൽ അധികം വരുന്ന ഡാമുകൾ ഡി കമ്മീഷൻ ചെയ്യുക. ഇടുക്കിയിലെ ആളുകൾക്ക് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള രണ്ടോ മൂന്നോ ചെറുകിട വൈദ്യുതി പദ്ധതികൾ മാത്രം നില നിർത്തി ഇടുക്കി ഡാം പോലുള്ള ഭീമാകാര നിർമ്മിതികൾ തകർത്ത് കളയുകയും മലമുകളിൽ സംഭരിച്ചിരിക്കുന്ന മനുഷ്യനിർമ്മിത കടലുകൾ വനഭൂമി ആക്കി മാറ്റുകയും ചെയ്യുക.

കാരണങ്ങൾ:

a) വലിയ ഡാമുകളിൽ സംഭരിക്കുന്ന ജലത്തിന്റെ ഭാരം ആയിരക്കണക്കിന് ടൺ ആണ്. ഇത് മഴക്കാലത്ത് കൂടിയും വേനൽ കാലത്ത് കുറഞ്ഞും ഇരിക്കുന്നു. ഭൂമിയുടെ അടിത്തട്ടിലെ പ്ലേറ്റുകളുടെ സംഗമ സ്ഥാനത്താണ് പല ഡാമുകളുടെയും ഭാരം ഏകീകരിക്കപ്പെടുന്നത്. ഇത് പ്രകൃതിയുടെ സ്വഭാവികതയെ ബാധിക്കുകയും മർദ്ദവ്യതിയാനം ഭൂകമ്പ സാദ്ധ്യത ഉണ്ടാക്കുകയും ചെയ്യുന്നു.

b) ലോകത്തൊരിടത്തും ഇല്ലാത്ത ജൈവ വൈവിദ്ധ്യമാണ് ഇടുക്കിയുടെത് എന്നാണല്ലോ ഗാഡ്ഗിൽ പറയുന്നത്. ഡാമുകൾ ഇല്ല എങ്കിൽ വെള്ളത്തിൽ മുങ്ങി നശിച്ചുപോയ ആയിരക്കണക്കിന് ഏക്കർ സ്വഭാവിക ആവാസവ്യവസ്ഥയെ നമുക്ക് തിരികെ കൊണ്ടുവരാൻ സാധിക്കും.

പിന്നെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം കൂടി ഉണ്ട്‌. ലോകം മുഴുവൻ കാലാവസ്ഥ മാറുകയാണ്. എല്ലായിടത്തും വെള്ളപ്പൊക്കം, പെരുമഴ ഉണ്ടാകുന്നു. ഇനി ഒരു തിരിച്ചു പോക്കില്ല. കേരളം പണ്ട് കടൽ കേറി ഉണ്ടായ ഭൂമി ആണ്. അതു വീണ്ടും കടലിൽ മുങ്ങാതിരിക്കണം എങ്കിൽ ഏതെങ്കിലും മതത്തെ അല്ലെങ്കിൽ കർഷകരെ കുറ്റം പറയുന്ന സ്ഥിരം പരിപാടി നിർത്തുക. ഒരു തുള്ളി വെള്ളം പോലും മണ്ണിൽ താഴാതെ മുറ്റം വരെ കോൺക്രീറ്റ് ചെയ്യുന്ന മലയാളി, മണൽ നിറഞ്ഞു കിടന്നിട്ടും കോരാൻ പറ്റാതെ, എം സാൻഡ് പാറപ്പൊടി ഉപയോഗിച്ചു ചോർന്നു ഒലിക്കുന്ന വീട്ടിൽ താമസിക്കുന്ന ഗതികേട് ഉള്ള മലയാളി, നദികളിൽ മണൽ നിറഞ്ഞു കിടന്നാൽ വെള്ളം കര വഴി നമ്മുടെ വീട്ടിൽ കൂടി തന്നെ ഒഴുകും. പണ്ട് ഭൂമിയിൽ കൃഷി, മണ്ണ് ഇളകാൻ സംവിധാനം ഉണ്ട്‌. പാടങ്ങൾ നികത്തി എയർപോർട്ട്, വീട്… പിന്നെ എങ്ങനെ വെള്ളം ഭൂമിയിൽ ഇറങ്ങും? മണ്ണിൽ താഴാൻ പറ്റാതെ വെള്ളം ആവിയായി നേരെ മുകളിലേക്ക് തന്നെ ഉയരും. ആവി തട്ടി മലയാളി വിലപിക്കുന്നു. എന്തൊരു ഉഷ്ണം /ഇപ്പോൾ പെയ്യുന്ന പോലെ പെരുമഴ മുല്ലപെരിയാർ വൃഷ്ടി പ്രദേശങ്ങളിൽ മഴ പെയ്താൽ ഡാം തകർന്നാൽ അഞ്ചാറ് ജില്ലകൾ തന്നെ കാണില്ല. അത് അടിയന്തിരമായി ഡി കമ്മീഷൻ ചെയ്യണം. കാലഹരണം വന്ന ഡാം നിലനിർത്തുന്നത് വളരെ അപകടം ആണ്.

ഫാ. ജോണി ചിറ്റേമാരിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.