ഒരു പുരോഹിതനാകാൻ എല്ലാം ഉപേക്ഷിച്ച രാജകുമാരന്‍

ഒരു വൈദികനാകുവാന്‍ എല്ലാം ഉപേക്ഷിച്ച രാജകുമാരനാണ് സലേഷ്യൻ വൈദികനായ വാഴ്ത്തപ്പെട്ട അഗസ്റ്റസ് സാർട്ടോറിസ്കി. വി. റാഫേൽ കാലിനോവ്സ്കിയുടെയും വി. ഡോൺ ബോസ്കോയുടെയും സ്വാധീനം പോളിഷ് വംശജനായ ഈ വിശുദ്ധനുണ്ടായിരുന്നു. ദൈവത്തിനു വേണ്ടി ലോകത്തിന്റെ എല്ലാ സമ്പത്തും ഉപേക്ഷിച്ച ഈ വിശുദ്ധന്റെ ജീവിതം വായിച്ചറിയാം…

1858 ആഗസ്റ്റ് രണ്ടിന് പാരീസിലാണ് അഗസ്റ്റസ് ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ പോളിഷ് രാജകുമാരൻ ലാഡിസ്ലാവോ സാർട്ടോറിസ്കിയും സ്പാനിഷ് ഡച്ചസ് മരിയ അംപരോ മുനോസ് വൈ ബോർബാനും ആയിരുന്നു. അക്കാലത്ത് പോളണ്ട് ഒരു വിഭജിതരാജ്യമായിരുന്നു. അഗസ്റ്റസിന്റെ കുടുംബം അവരുടെ മാതൃരാജ്യത്തിന്റെ ഏകീകരണത്തിനായി അതിയായി ആഗ്രഹിച്ചു. അവരുടെ മകൻ അതിനായി സഹായിക്കുമെന്ന് അവർ പ്രതീക്ഷിക്കുകയും ചെയ്തു. എന്നാൽ, അഗസ്റ്റസിനെ സംബന്ധിച്ച ദൈവഹിതം മറ്റൊന്നായിരുന്നു. ഇരുപതാം വയസിൽ ഈ ലോകത്തിന്റെ സുഖം, വിരുന്നുകൾ എന്നിവ തനിക്ക് മടുത്തുവെന്ന് അദ്ദേഹം തന്റെ പിതാവിന് എഴുതി.

അദ്ദേഹത്തിന്റെ അദ്ധ്യാപകനായ റാഫേൽ കലിനോവ്സ്കി (1991 -ൽ വി. ജോൺപോൾ രണ്ടാമൻ വിശുദ്ധനായി പ്രഖ്യാപിച്ചു) മൂന്നു വർഷക്കാലം അദ്ദേഹത്തെ പഠിപ്പിച്ചു. അത് തന്റെ ദൈവവിളി തിരിച്ചറിയുവാൻ അദ്ദേഹത്തിന് കൂടുതൽ പ്രചോദനമായി. എങ്കിലും ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ പാരീസിൽ വച്ച് വി. ഡോൺ ബോസ്കോയുമായുള്ള കൂടിക്കാഴ്ചയാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ നിർണ്ണായക വഴിത്തിരിവായത്.

വിശുദ്ധ കുർബാനമദ്ധ്യേ അഗസ്റ്റസ് ആയിരുന്നു അൾത്താരയിൽ അദ്ദേഹത്തെ സഹായിച്ചത്. ആ നിമിഷം മുതൽ അദ്ദേഹം വി. ഡോൺ ബോസ്കോയെ വിശുദ്ധിയുടെ മാതൃകയായി കാണുകയും ഒരു സലേഷ്യൻ വൈദികനാകുവാൻ തീരുമാനിക്കുകയും ചെയ്തു. എങ്കിലും ഒരു രാജകുമാരനെ സഭയിൽ സ്വീകരിക്കുന്നതിനെക്കുറിച്ച് ഡോൺ ബോസ്കോ വളരെ ജാഗ്രത പുലർത്തുന്ന വ്യക്തിയായിരുന്നു. എന്നാൽ ആ സംശയം ലിയോ പതിമൂന്നാമൻ മാർപാപ്പ പരിഹരിക്കുകയും യുവപ്രഭുക്കന്മാരെ അംഗീകരിക്കുകയും സഭയിലേക്ക് ചേർക്കുവാൻ സമ്മതിക്കുകയും ചെയ്തു.

വർഷങ്ങളുടെ തയ്യാറെടുപ്പിനും ഡോൺ ബോസ്കോയുടെ മരണത്തിനും ശേഷം രാജകുമാരൻ സലേഷ്യൻ സഭയിൽ ചേർന്നു. 1892 ഏപ്രിൽ രണ്ടിന് ഒരു വൈദികനായി അഭിഷിക്തനായി. രോഗം മൂലം ഫാ. അഗസ്റ്റസിന്റെ പൗരോഹിത്യജീവിതം ഒരു വർഷം മാത്രമേ നീണ്ടുനിന്നുള്ളൂ.

കർദ്ദിനാൾ കാഗ്ലിയറോ ആ യുവപുരോഹിതന്റെ ജീവിതത്തിന്റെ അവസാനകാലത്തെ ഇങ്ങനെ സംഗ്രഹിക്കുന്നു: “അവൻ ഇനി ഈ ലോകത്തിലായിരിക്കുകയില്ല. ദൈവവുമായുള്ള അവന്റെ ഐക്യം, കഠിനമായ അസുഖത്തിൽ ദൈവഹിതത്തോടുള്ള തികഞ്ഞ അനുരൂപത, കഷ്ടപ്പാടുകളിലും വേദനകളിലും യേശുക്രിസ്തുവിനോട് അനുരൂപപ്പെടാനുള്ള ആഗ്രഹം, അവനെ വേദനയിൽ കൂടുതൽ ക്ഷമയിലും ആത്മാവിൽ ശാന്തതയിലും അജയ്യനാക്കുകയും ചെയ്തു.”

അങ്ങനെ വി. ഡോൺ ബോസ്കോ ഉപയോഗിച്ചിരുന്ന കസേരയിലിരുന്ന് 1893 ഏപ്രിൽ എട്ടിന് അഗസ്റ്റസ് മരിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം പോളണ്ടിലേക്ക് കൊണ്ടുപോയി അവിടെ അടക്കം ചെയ്തു. 2004 ഏപ്രിൽ 25 -ന് വി. ജോൺപോൾ രണ്ടാമൻ അദ്ദേഹത്തെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.