പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ – 7 എത്യോപ്യയിലെ ക്രൈസ്തവ പീഡനം

യേശുവിനെ അനുഗമിക്കാനുള്ള തീരുമാനത്തിന്റെ പേരിൽ അദാന്‍ എന്ന പാസ്റ്ററും അദ്ദേഹം കഴിഞ്ഞ 20 വർഷമായി ശുശ്രൂഷ ചെയ്യുന്ന സഭയും കടുത്ത പീഡനങ്ങൾ അനുഭവിക്കുകയാണ്. അദ്ദേഹത്തിനെതിരായ പീഡനങ്ങള്‍ക്കും 20 വര്‍ഷത്തെ പഴക്കമുണ്ട്. ക്രൈസ്തവന്‍ ആയതിന്റെ പേരിൽ അനുഭവിക്കേണ്ടിവന്ന ദുരിതങ്ങള്‍ അദ്ദേഹം പങ്കുവയ്ക്കുന്നത് ഇപ്രകാരമാണ്.

“ക്രിസ്ത്യാനികള്‍ക്ക് ധൈര്യവും പിന്തുണയും നല്‍കുന്നത് ഞാനാണെന്നു മനസിലാക്കിയ മുസ്ലീം തീവ്രവാദികള്‍ എനിക്കെതിരെ തിരിഞ്ഞു. ഈ വര്‍ഷം ആദ്യം ഓഫീസില്‍ വച്ചൊരു ആക്രമണമുണ്ടായി. ഗേറ്റിനടുത്ത് പുറകില്‍ നിന്നും ഒരാള്‍ എന്നെ കുത്തി. ആരാണ് ആക്രമിച്ചതെന്ന് ഇന്നും എനിക്കറിയില്ല. ഭാഗ്യം കൊണ്ട് വലിയ മുറിവുകളൊന്നും കൂടാതെ അന്ന് രക്ഷപെട്ടു. എന്നാൽ അടുത്ത തവണയുണ്ടായ ആക്രമണം വീട്ടിലേയ്ക്കുള്ള യാത്രാമധ്യേ ആയിരുന്നു. മുഖംമൂടി ധരിച്ച മൂന്നു പേര്‍, ‘നിങ്ങൾ എന്തിനാണ് ഞങ്ങളുടെ മതത്തോടും ഞങ്ങളുടെ ജനങ്ങളോടും ഇത് ചെയ്യുന്നത്?’ എന്ന് ചോദിച്ചു. ഞാന്‍ നിങ്ങളെ ഉപദ്രവിച്ചിട്ടില്ലല്ലോ എന്നുപറഞ്ഞപ്പോള്‍ തള്ളിവീഴ്ത്തി നിലത്തിട്ട് ചെരിപ്പുകൊണ്ട് തലയില്‍ ആഞ്ഞു ചവിട്ടിക്കൊണ്ടാണ് അവര്‍ മറുപടി നല്‍കിയത്.”

ആവര്‍ത്തിച്ചുള്ള ആ ശക്തിയേറിയ ചവിട്ടിലും പ്രഹരത്തിലും ചെവിയുടെ കേള്‍വി അദ്ദേഹത്തിനു നഷ്ടമായി. അടുത്ത ദിവസം, അദാനെയുടെ ആറു വയസ്സുള്ള മകനെ സ്കൂളില്‍ വച്ച് മറ്റു കുട്ടികള്‍ ആക്രമിച്ചു. മകനെക്കൊണ്ട് ഒരു പേനയുടെ അടപ്പ് വിഴുങ്ങിച്ചു!

“എന്റെ മകനെ ആക്രമിച്ചത് എന്നെ ആക്രമിച്ചവരുടെ മക്കളായിരുന്നു!” അദാന്‍ തുടര്‍ന്നു. “അതു മാത്രമല്ല, ഞങ്ങള്‍ താമസിക്കുന്ന സമൂഹത്തില്‍ നിന്നും ഞങ്ങളെ ഒറ്റപ്പെടുത്തുന്നു. ക്രൈസ്തവര്‍ക്ക് ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള സാധനങ്ങൾ വിൽക്കരുതെന്ന് മുസ്ലീം നേതാക്കള്‍ ഇവിടുത്തെ കടയുടമകളോട് നിര്‍ദ്ദേശിച്ച നിരവധി സംഭവങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്.”

കാര്യങ്ങള്‍ ഇതുകൊണ്ടൊന്നും അവസാനിച്ചില്ല. വാടകയ്ക്ക് താമസിക്കുന്ന  വീട്ടില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ അദ്ദേഹത്തിനു നിര്‍ദ്ദേശം ലഭിച്ചു. മറ്റൊരു വാടകവീട് എടുക്കാന്‍പോലും അദ്ദേഹത്തിനു സാധിക്കുന്നില്ല. വാടകയ്ക്ക് വീട് തരുന്ന ആളുടെ അടുത്ത്, ‘ഇവര്‍ക്ക് വീട് കൊടുക്കരുത്’ എന്ന ഭീഷണിയുണ്ട്. അതിനാല്‍  ഇപ്പോള്‍ മറ്റൊരു പട്ടണത്തിൽ വാടകയ്ക്ക് താമസിക്കുകയാണ് ഇദ്ദേഹം. ഇങ്ങനെയുള്ള നിരവധി ക്രിസ്ത്യാനികള്‍ എത്യോപ്യായിലുണ്ട്.

എത്യോപ്യായുടെ ക്രൈസ്തവബന്ധം  

നടപടി പുസ്തകം എട്ടാം അധ്യായം 26 മുതലുള്ള വാക്യങ്ങളില്‍ എത്യോപ്യാ രാജ്ഞിയുടെ ഭണ്ഡാര വിചാരിപ്പുകാരനായ ഷണ്ഡന് ജ്ഞാനസ്നാനം നല്‍കുന്നതായി കാണുന്നു. അന്നുമുതല്‍ എത്യോപ്യായുടെ ക്രൈസ്തവബന്ധം ആരംഭിച്ചതാണ്. ഏറ്റവും ആദ്യം ക്രിസ്തുമതത്തെ സ്വീകരിച്ച ആഫ്രിക്കന്‍ രാജ്യങ്ങളിലൊന്നാണ് എത്യോപ്യാ. നാലാം നൂറ്റാണ്ടില്‍ എത്യോപ്യയിലെ രാജകുടുംബം ക്രിസ്തുമതം സ്വീകരിച്ചതോടെ കൂടുതല്‍ ആളുകള്‍ ക്രിസ്ത്യാനികളായി. അക്കാലത്ത് ഈജിപ്റ്റിലെ കോപ്ടിക് ഓര്‍ത്തഡോക്സ് സഭയുമായി ശക്തമായ ബന്ധം ആരംഭിച്ചു. എ.ഡി. 330 മുതല്‍ 1974 വരെ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ സഭയായിരുന്നു എത്യോപ്യയിലെ ഔദ്യോഗിക മതം. 16-ാം നൂറ്റാണ്ടിലാണ് എത്യോപ്യയുടെ പോര്‍ട്ടുഗീസ് ബന്ധം ആരംഭിക്കുന്നത്. കത്തോലിക്കാ സഭയുടെ ശക്തിപ്രാപിക്കല്‍ ഇക്കാലത്തായിരുന്നു. പക്ഷേ, അത് പലപ്പോഴും റോമന്‍ കത്തോലിക്കാ സഭയും എത്യോപ്യന്‍ സഭയും തമ്മിലുള്ള കലഹമായി മാറുകയാണുണ്ടായത്. ഇന്നും കത്തോലിക്കരുടെ എണ്ണം കുറവാണ് എത്യോപ്യയില്‍. ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ സഭയിലെ അംഗങ്ങളാണ് കൂടുതലും.

രാജ്യത്തിന്‍റെ മൊത്തം ജനസംഖ്യയില്‍ ഇപ്പോഴും ക്രിസ്ത്യാനികളാണ് ഭൂരിപക്ഷം എന്നാണ് കണക്കുകള്‍. An island of Christianity in a sea of Islam – ‘ഇസ്ലാമാകുന്ന കടലിലെ ഒരു ദ്വീപ്‌ ആണ് എത്യോപ്യന്‍ ക്രിസ്ത്യന്‍ രാജ്യം’ എന്നാണ് ബ്രിട്ടാനിക്കാ (https://www.britannica.com/place/Ethiopia/Religion) എത്യോപ്യയെ വിശേഷിപ്പിക്കുന്നത്. ചുറ്റുമുള്ള രാജ്യങ്ങളെല്ലാം തന്നെ ഇസ്ലാമിക രാജ്യങ്ങള്‍ ആയതുകൊണ്ടായിരിക്കണം ഇത്തരമൊരു വിശേഷണം. എത്യോപ്യയില്‍ 33 ശതമാനമാണ് മുസ്ലീം വിശ്വാസികള്‍. പക്ഷേ, യഥാര്‍ത്ഥത്തില്‍ മുസ്ലീംങ്ങള്‍ ആണ് കൂടുതലെന്നും, ലോകരാജ്യങ്ങളുടെ മുന്നില്‍ ക്രിസ്ത്യാനികളാണ് ന്യൂനപക്ഷം എന്നും അവതരിപ്പിക്കാന്‍ വേണ്ടി എത്യോപ്യന്‍ ഗവണ്മെന്റ് അക്കാര്യം മറച്ചുവയ്ക്കുന്നതാണ് എന്നൊരു വാദവുമുണ്ട്. ഏതായാലും മുസ്ലീമുകള്‍ ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും അവരിലെ തീവ്രവാദികള്‍ ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്.

ദുരിതമുഖത്തെ ക്രൈസ്തവര്‍

ചരിത്രത്തിലെ മറ്റേതൊരു സമയത്തേക്കാളും ക്രിസ്ത്യാനികൾ ദുരിതമനുഭവിക്കുന്ന ഒരു സമയമാണ് ഇപ്പോൾ എന്നാണ് എത്യോപ്യയിലെ ക്രിസ്ത്യാനികള്‍ കരുതുന്നത്. ക്രിസ്തുവിൽ വിശ്വസിക്കുന്നു എന്ന ഒറ്റക്കാരണത്താൽ, അനേകം വിശ്വാസികൾ പീഡിപ്പിക്കപ്പെടുന്നു. അനധികൃതമായി ജയിലിൽ അടയ്ക്കപ്പെടുന്നു, പല ആനൂകൂല്യങ്ങളിൽ നിന്നും മാറ്റിനിർത്തപ്പെടുന്നു. അന്യായമായി ആക്രമണങ്ങൾക്ക് ഇരയാകുന്നു, സ്വന്തം നാട്ടിൽ നിന്നുപോലും നാടുകടത്തപ്പെടുന്നു… ഇങ്ങനെ പോകുന്നു ക്രിസ്ത്യാനികളുടെ മേലുള്ള പീഡനകഥകൾ.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പണം

‘എയിഡ് ടു ചര്‍ച് ഇന്‍ നീഡ്’‌ – ന്റെ ഡയറക്ടര്‍ ഓഫ് ഔട്ട്‌റിച്ച് എഡ്വാര്‍ഡ് എഫ്. ക്ലാന്‍സി ക്രൂസ് (CRUZ) – നോട് പറഞ്ഞ ചില കാര്യങ്ങള്‍ വളരെ പ്രസക്തമാണ്‌. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ: “എത്യോപ്യയിലെ ക്രൈസ്തവ പീഡനം വംശീയവും രാഷ്ട്രീയവും മതപരവുമാണ്. ക്രിസ്ത്യാനികളുടെ നേരെയുള്ള മുസ്ലീം ആക്രമണം വളരെയധികമാണ്. പ്രത്യേകിച്ചും ക്രിസ്ത്യാനികളുടെ എണ്ണം കുറവായ സൗത്ത് എത്യോപ്യയില്‍. അതു കൂടാതെ ക്രിസ്ത്യാനികള്‍ക്ക് ഉള്ളില്‍ തന്നെ പ്രശ്നങ്ങളുണ്ട്. പുറത്തുനിന്നുള്ള മുസ്ലീം തീവ്രവാദ ആക്രമണവും ഉള്ളിലെ ആഭ്യന്തര കലഹവും ക്രിസ്ത്യന്‍ സമൂഹത്തെ തകര്‍ക്കുന്നു. മറ്റ് പല ആഫ്രിക്കന്‍ രാജ്യങ്ങളിലും സംഭവിച്ചിട്ടുള്ളതു പോലെ ജിഹാദി അജണ്ട, വംശീയതയുമായി കലര്‍ത്തി പ്രശ്നങ്ങളെ രൂക്ഷമാക്കുകയാണ് ഇവിടെ.”

2018 മുതല്‍ എത്യോപ്യയില്‍ നടന്ന പള്ളി കത്തിക്കലുകള്‍ക്ക് പിന്നില്‍ മുസ്ലീം തീവ്രവാദമാണോ എന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെയായിരുന്നു. “തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളുടെ പ്രധാന ലക്‌ഷ്യം ക്രിസ്ത്യനികളുടേതായ എന്തും നശിപ്പിക്കുക എന്നതാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പണം അവര്‍ക്കുണ്ട്. വഹാബി ഇസ്ലാമിസ് ഫിലോസഫി പഠിപ്പിക്കാനുള്ള സ്ഥാപനങ്ങള്‍ പണിതുയര്‍ത്താന്‍ ഗള്‍ഫ് പണം അവര്‍ ഉപയോഗിക്കുന്നു. മറ്റെല്ലാ മതങ്ങളോടും, ക്രിസ്തുമതത്തോടും വളരെ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന ഒരു തത്വശാസ്ത്രമാണ് ഇത്. ഇതിന് വേണ്ടി പണം മുടക്കിയവര്‍ ഇപ്പോള്‍ അതിന്റെ ഫലങ്ങള്‍ – ക്രിസ്ത്യന്‍ കൂട്ടക്കൊലപാതകങ്ങള്‍ – കണ്ടു സന്തോഷിക്കുന്നുണ്ടാവും.” (https://cruxnow.com/church-in-africa/2020/05/catholic-church-suffering-violence-in-ethiopia-eritrea/)

എത്യോപ്യയിൽ മുസ്ലീം തീവ്രവാദികളുടെ പ്രധാന ഇരകൾ ക്രിസ്ത്യാനികളാണ്. 2019-ൽ രാജ്യത്ത്, മുന്‍വര്‍ഷങ്ങളെക്കാള്‍ വർഗ്ഗീയ അക്രമങ്ങൾ വർദ്ധിച്ചു. ഇത് ദശലക്ഷക്കണക്കിന് ആളുകളെ നാടുകടത്തുന്നതിലേയ്ക്കും അവരെ സമൂഹത്തിൽ നിന്നുപോലും പുറത്താക്കുന്നതിലേയ്ക്കും നയിച്ചു. ഒഗാഡെൻ പോലുള്ള ചില പ്രദേശങ്ങളിൽ മുസ്ലീങ്ങൾ ക്രിസ്ത്യൻ ദൈവാലയങ്ങൾ ആക്രമിക്കുന്നു. ചിലയിടങ്ങളില്‍ അവര്‍ താമസിക്കുന്ന സ്ഥലത്തെ ആശ്രയിച്ചാണ് അക്രമത്തിന്റെ തീവ്രത വര്‍ദ്ധിക്കുന്നത്. പ്രധാനമായും മുസ്ലീങ്ങൾ കൂടുതലുള്ള ഗ്രാമീണസമൂഹങ്ങളിൽ താമസിക്കുന്ന ക്രിസ്ത്യാനികൾക്ക് സാമുദായികമായ വിലക്ക് ഏര്‍പ്പെടുത്തുന്നു. ഒപ്പം മുസ്ലീം തീവ്രവാദികളുടെ ആക്രമണത്തിന് ഇരയാവുകയും ചെയ്യുന്നു. മുസ്ലീം പശ്ചാത്തലത്തിലുള്ള ക്രിസ്ത്യാനികൾ അവരുടെ കുടുംബങ്ങളിൽ നിന്നും സമൂഹങ്ങളിൽ നിന്നും വളരെയധികം സമ്മർദ്ദം നേരിടുന്നു.

2019 ഫെബ്രുവരി 9-ന് അലബയിലെ പ്രാദേശിക മുസ്ലീങ്ങള്‍ പത്തോളം പള്ളികളാണ് ആക്രമിച്ചത്. അതില്‍ ഒരെണ്ണം പൂര്‍ണ്ണമായും നശിപ്പിച്ചു. പള്ളിയുമായി ബന്ധപ്പെട്ട വസ്തുവകകളെല്ലാം തീയിട്ട് നശിപ്പിക്കുകയും ചെയ്തു. ഈ രാജ്യത്തെ രാഷ്ട്രീയ അസ്ഥിരത ക്രിസ്ത്യാനികളെ ലക്ഷ്യം വയ്ക്കാൻ ചില ഗ്രൂപ്പുകളെ പരോക്ഷമായി സഹായിക്കുന്നു. അതിന്റെ ഫലമായി അംഹാര, ഒറോമിയ, എസ്എൻ‌എൻ‌പി (Southern Nations, Nationalities, and Peoples’ Region) എന്നിവിടങ്ങളില്‍ ആറ് ക്രിസ്ത്യാനികളാണ് കൊല്ലപ്പെട്ടത്.

കോവിഡിനേക്കാള്‍ രൂക്ഷമായ പീഡനം

കോവിഡ് എന്ന പകര്‍ച്ചവ്യാധി ലോകത്തെ മുഴുവന്‍ കീഴടക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ഭൂഖണ്ഡവും എന്നാല്‍, ദാരിദ്ര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതുമായ ആഫ്രിക്കയെ അവ എത്ര കഠിനമായി ബാധിച്ചിരിക്കുന്നു എന്ന് നമുക്ക് ഊഹിക്കാന്‍ പോലും സാധ്യമല്ല. എത്യോപ്യയില്‍ കടുത്ത ഭക്ഷ്യക്ഷാമങ്ങൾക്കിടയിലും ക്രിസ്ത്യാനികൾക്കെതിരായ പീഡനങ്ങള്‍ അതിരൂക്ഷമായി തുടരുന്നു. തീവ്രവാദികൾ പ്രധാനമായും ലക്ഷ്യമിടുന്നത് ക്രിസ്ത്യാനികളെയാണ്. യുവാക്കളെ അവരുടെ കൂട്ടത്തിലേയ്ക്ക് റിക്രൂട്ട് ചെയ്തുകൊണ്ടു പോകുന്നു. ഇവിടെ വിശ്വാസികൾ ഭക്ഷണത്തിന് കടുത്ത ക്ഷാമം നേരിടുന്നു. സർക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ക്രിസ്ത്യാനികള്‍ക്കു മാത്രം അന്യമാകുന്ന അവസ്ഥ. എന്തിനേറെ, ക്രിസ്ത്യാനിയാണെന്ന ഒറ്റക്കാരണത്താല്‍, ആശുപത്രികളില്‍ പോലും ഇവര്‍ മാറ്റിനിര്‍ത്തപ്പെടുന്നു.

ദൈവം കൈവിടില്ലെന്ന ഉറപ്പോടെ ജീവിക്കുന്നവർ

ഇസ്ലാം മതത്തില്‍ നിന്നും ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തനം ചെയ്യപ്പെടുന്നവര്‍ സമൂഹത്തിൽ നിന്നും പുറത്താക്കപ്പെടുന്ന സംഭവങ്ങൾ ഇവിടെ സാധാരണമാണ്. ഇവർ നിരന്തരം ഉപദ്രവിക്കപ്പെടുന്നു. എത്യോപ്യയില്‍ വര്‍ദ്ധിച്ചുവരുന്ന പകർച്ചവ്യാധി, വെട്ടുക്കിളി ബാധ എന്നിവയ്ക്കൊന്നും ക്രിസ്ത്യാനികൾക്കെതിരായ പീഡനം അടിയ്ക്കടി വര്‍ദ്ധിക്കുന്നതല്ലാതെ കുറയ്ക്കാനായിട്ടില്ല. പലപ്പോഴും ക്രിസ്ത്യാനികള്‍ക്ക് കുടുംബ അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്നു.

ഇത്തരം പ്രതികൂലസാഹചര്യങ്ങളിൽ പോലും ഇവിടുത്തെ ക്രൈസ്തവര്‍ ദൈവത്തില്‍ ആശ്രയിക്കുന്നു. അവര്‍ക്ക് ഉറപ്പുണ്ട്, കഷ്ടതയില്‍ കൂടെയുള്ള ദൈവം തങ്ങളെ കൈവിടില്ലെന്ന്.

(തുടരും)

നാളെ: സുഡാനിലെ നിര്‍ബന്ധിത മതപരിവര്‍ത്തനം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.