ഒറ്റച്ചിറകുള്ള മാലാഖ

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഈ ശീർഷകത്തിൽ ദിവ്യകാരുണ്യ മിഷനറി സഭാംഗം ജി. കടൂപ്പാറയിലച്ചന്റെ മനോഹരമായ ഒരു പുസ്തകമുണ്ട്. ഇറ്റാലിയൻ എഴുത്തുകാരനായ ‘ലൂചാനൊ ദെ ക്രെഷൻസോ’യുടെ പദപ്രയോഗമാണത്രെ ‘ഒറ്റച്ചിറകുള്ള മാലാഖ.’

കടൂപ്പാറയിലച്ചന്റെ വാക്കുകളിലൂടെ: “നമ്മളെല്ലാവരും ഒറ്റച്ചിറകുള്ള മാലാഖമാരാണ്‌. മറ്റൊരാളുടെ ചിറകുമായി ചേർത്തുവച്ചു മാത്രമേ നമുക്ക് പറന്നുയരാൻ കഴിയൂ. ജീവിതപങ്കാളി, സഹോദരങ്ങൾ, സുഹൃത്തുക്കൾ എന്നിവരെല്ലാം മാലാഖമാരാണെന്ന് പലപ്പോഴും നമ്മൾ അറിയുന്നില്ല. ജീവിച്ചിരുന്നപ്പോൾ മറുതയായും മരക്കഴുതയായും കരുതപ്പെടുന്നവർ മരണശേഷം മാലാഖമാരായി മാറുന്നു. നമ്മൾ അങ്ങനെ വിശേഷിപ്പിക്കുന്നു. എന്തൊരു കഷ്ടം!”

‘കൊള്ളാം, നന്നായിരിക്കുന്നു, നീ നന്നായി ചെയ്തു’ എന്നീ വാക്കുകൾ ഒരിക്കൽപ്പോലും കേൾക്കാനാകാതെ മൺമറഞ്ഞു പോയ സുഹൃത്തുക്കളും സഹപ്രവർത്തകരും കുടുംബക്കാരും നമുക്കില്ലേ? എന്ത് നേട്ടമാണ് നീ ഒറ്റയ്ക്ക് നേടിയിട്ടുള്ളത്? ബിസിനസാകട്ടെ, പഠനമാകട്ടെ, ജോലിയാകട്ടെ… എത്രപേരുടെ കരങ്ങളുണ്ട് ഓരോ വിജയത്തിനു പിന്നിലും?”

എത്ര അർത്ഥവത്തായ വാക്കുകൾ അല്ലേ? ഒക്ടോബർ രണ്ടിന് കാവൽമാലാഖമാരുടെ തിരുനാളാണ്. അതുകൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ് എഴുതുന്നതും. ഭൂമിയിലേയ്ക്ക് ഒറ്റയ്ക്ക് കടന്നുവരുമ്പോഴും സത്യത്തിൽ നാം തനിച്ചല്ല, കൂട്ടിനൊരു മാലാഖയുണ്ട് എന്ന ചിന്ത എത്ര ആശ്വാസപ്രദമാണ്. ശരിയാണ് കാവൽമാലാഖയെ നമുക്ക് കാണാനാകില്ല. എന്നാൽ കടൂപ്പാറയിലച്ചൻ സൂചിപ്പിച്ചതുപോലെ കാണപ്പെടുന്ന എത്രയോ മാലാഖമാരുണ്ട് നമുക്കു ചുറ്റും? അപ്പൻ, അമ്മ, ജീവിതപങ്കാളി, മകൻ, മകൾ എന്നുവേണ്ട നമ്മൾ ഓരോരുത്തരും മാലാഖമാരാണ്, തുണയാകേണ്ടവരാണ് എന്ന ചിന്ത ആനന്ദദായകമാണ്.

സുവിശേഷത്തിലെ ആ കഥ വായിച്ചിട്ടില്ലേ; കൂട്ടം തെറ്റിയ ആടിന്റെ? (Ref: മത്തായി 18:10-14). കൂടെ നടക്കുന്ന ഇടയനെ മാലാഖയായി കാണാൻ ആടിന് കഴിയാത്തപ്പോഴാണ് അത് കൂട്ടം തെറ്റിയത്. എന്നിട്ടും ആ ആടിനെ തേടി ഒരു മാലാഖയായി ഇടയൻ കൂടെയുണ്ടായിരുന്നു എന്ന ചിന്ത മനസിനെ കുളിരണിയിക്കുന്നു. കാണപ്പെടാത്ത കാവൽമാലാഖമാരെ മാത്രമല്ല, നമുക്കു ചുറ്റുമുള്ള മാലാഖമാരെ തിരിച്ചറിഞ്ഞ് അവരെ കൂട്ടുപിടിച്ചാൽ പിന്നെ ആർക്കും കൂട്ടം തെറ്റുകില്ല.

കാവൽമാലാഖമാരുടെ തിരുനാൾ മംഗളങ്ങൾ!

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.