മദർ തെരേസയോടൊപ്പം ഇന്ത്യക്ക് പുറത്ത് ആദ്യത്തെ മിഷനറീസ് ഓഫ് ചാരിറ്റി ഹൗസ് സ്ഥാപിച്ച സന്യാസിനി അന്തരിച്ചു

കൽക്കട്ടയിലെ വി. മദർ തെരേസയോടൊപ്പം ഇന്ത്യക്ക് പുറത്ത് ആദ്യത്തെ മിഷനറീസ് ഓഫ് ചാരിറ്റി ഹൗസ് സ്ഥാപിച്ച സന്യാസിനി സി. മരിയ റൊസാരിയോ അന്തരിച്ചു. 88 വയസ്സുള്ള സിസ്റ്റർ കോവിഡ് ബാധിച്ച് ജൂൺ നാലിനാണ് മരണമടഞ്ഞത്.

വെനിസ്വേലയിലായിരുന്നു മിഷനറീസ് ഓഫ് ചാരിറ്റി സഭയുടെ ഇന്ത്യക്ക് പുറത്തുള്ള ആദ്യത്തെ മിഷൻ ഹൗസ് സ്ഥാപിതമായത്. 50 വർഷത്തോളം വെനിസ്വേലയിൽ ചിലവഴിച്ച സി. മരിയ റൊസാരിയോയുടെ നിര്യാണത്തിൽ വെനിസ്വേലൻ എപ്പിസ്കോപ്പൽ കോൺഫറൻസ് അനുശോചനം അറിയിച്ചു. “പ്രതിജ്ഞാബദ്ധതയുള്ള പൂർണ്ണമായ സമർപ്പണം കൊണ്ട് ദരിദ്രർ, രോഗികൾ, സമൂഹത്തിലെ കഷ്ടത അനുഭവിക്കുന്നവർ എന്നിവരുമായി ദൈവത്തിന്റെ കരുണ പങ്കിട്ട സന്യാസിനിയായിരുന്നു സി. റൊസാരിയോ” – വെനിസ്വേലൻ എപ്പിസ്കോപ്പൽ കോൺഫറൻസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കാരുണ്യപ്രവർത്തനങ്ങളിലൂടെ മറ്റുള്ളവരിലേക്ക് ദൈവത്തിന്റെ ആർദ്രത പകർന്നുനൽകിയ സി. റൊസാരിയോ, ബിഹാറിലെ ചൈൻപൂരിലാണ് ജനിച്ചത്. വളർന്നപ്പോൾ ഉർസുലൈൻ സന്യാസ സമൂഹത്തിൽ ചേരുവാൻ ആഗ്രഹിച്ചു. പിന്നീട് അധ്യാപികയാകുവാനുള്ള വിദ്യാഭ്യാസം നേടി. വീട്ടിൽ നിന്ന് രണ്ടു മണിക്കൂറിലധികം യാത്ര ചെയ്താണ് അവരുടെ ഗ്രാമത്തിലെ ആദ്യത്തെ അധ്യാപികയായ അവർ തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് തന്റെ കുടുംബത്തെ കൃഷിപ്പണികളിൽ സഹായിച്ചെങ്കിലും അധ്യാപികയായി ജോലി കിട്ടി.

ആ കാലഘട്ടത്തിലാണ് കൽക്കട്ടയിലെ മദർ തെരേസയെക്കുറിച്ച് അവർ കേൾക്കുവാനിടയായത്. മദർ തെരേസയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായ സിസ്റ്റര്‍ മരിയ കൽക്കട്ടയിലെത്തുകയും മദറിനെ കാണുകയും ചെയ്തു. 1964-ൽ സന്യാസവ്രതം സ്വീകരിച്ച അവർ പിന്നീട് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്തു. പെറുവിലെ ലിമയിലും പിന്നീട് വെനിസ്വേലയ്ക്കും മിഷൻ പ്രവർത്തനങ്ങൾക്കായി പോയി. മദർ തെരേസയുടെ മരണത്തിനുശേഷം മദറിന്റെ നാമധേയത്തിലുള്ള കൽക്കട്ടയിലെ തീർത്ഥാടനകേന്ദ്രത്തിന്റെ ചുമതല സി. റൊസാരിയോയ്ക്കാണ് നൽകിയത്. പത്തു വർഷത്തോളം നിരവധി തീർത്ഥാടകർക്ക് മദറിന്റെ ജീവിതത്തെ പരിചയപ്പെടുത്തിക്കൊടുത്ത അവരുടെ സേവനങ്ങൾ വിലമതിക്കാനാകാത്തതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.