യെമെനിൽ സംഘർഷങ്ങളിൽ കൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നു: യുണിസെഫ്

ഐക്യരാഷ്ട്ര സഭയുടെ ശിശുക്ഷേമനിധി, യുണിസെഫിനു ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ അഞ്ചു ദിവസങ്ങളായി യെമെനിൽ തുടർന്നു വരുന്ന അക്രമങ്ങളിൽ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ എട്ടു കുട്ടികളുമുണ്ടെന്ന് യുണിസെഫ് മേധാവി ഹെൻറിയെത്ത ഫോർ (Henrietta Fore) അറിയിച്ചു. സംഘർഷങ്ങളിൽ കൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണം വർദ്ധിക്കുകയാണ്.

2015 മാർച്ചിൽ സംഘർഷം രൂക്ഷമായതിനു ശേഷം 10,000-ത്തിലധികം കുട്ടികൾ കൊല്ലപ്പെടുകയും പല കുട്ടികൾക്കും അംഗവൈകല്യം സംഭവിക്കുകയും ചെയ്തു. കണക്കുകൾ സൂചിപ്പിക്കുന്നതനുസരിച്ച് എല്ലാ ദിവസവും യെമെനിൽ നാലോളം കുട്ടികളാണ് അക്രമങ്ങൾ മൂലം കൊല്ലപ്പെടുന്നത്. എന്നാൽ ഇവ ഐക്യരാഷ്ട്ര സഭയ്ക്ക് സ്ഥിരീകരിക്കാൻ കഴിഞ്ഞ കണക്കുകൾ മാത്രമാണ്. യഥാർത്ഥ കണക്കുകൾ അതിലും വളരെ കൂടുതലാകാനാണ് സാധ്യതയെന്ന് ഹെൻറിയെത്ത അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരു മാസത്തിനിടെ മാരിബ് നഗരത്തിൽ മാത്രം പതിനൊന്നു കുട്ടികൾ കൊല്ലപ്പെടുകയോ, അംഗവൈകല്യങ്ങൾക്ക് ഇരകളാവുകയോ ചെയ്തിട്ടുണ്ട്.

ഭീകരമായ അക്രമങ്ങളാൽ യെമെനിൽ പല കുടുംബങ്ങളും ശിഥിലമാകുകയാണെന്നും കുട്ടികൾ ഈ സംഘർഷങ്ങളുടെ ഇരകളാകുന്നത് ഇനിയും തുടരാൻ പാടില്ലായെന്നും യുണിസെഫ് ഡയറക്ടർ ജനറൽ ഹെൻറിയറ്റ ഫോർ പറഞ്ഞു.

കുട്ടികളുൾപ്പെടെയുള്ള സാധാരണ പൗരന്മാർക്കും അവരുടെ സ്വത്തിനും നേരെയുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കെതിരാണ്. പൊതുജനത്തെ സംരക്ഷിക്കാനും കുട്ടികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകാനും പൊതുസംവിധാനങ്ങൾക്കും ജനസാന്ദ്രതയുള്ള പ്രദേശങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാനും പ്രക്ഷോഭങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളോടും യുണിസെഫ് ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.