ആശയവിനിമയത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗം പ്രാർത്ഥന: ഫ്രാൻസിസ് മാർപാപ്പ

ആശയവിനിമയത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗം പ്രാർത്ഥനയാണെന്ന് ഓർമ്മിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിലെ ക്ലെമന്റൈൻ ഹാളിൽ വാഴ്ത്തപ്പെട്ട ജെയിംസ് അൽബെറിയോണിന്റെ 50-ാം ചരമവാർഷികം ആചരിക്കുന്ന വേളയിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്. ആധുനിക മാധ്യമങ്ങളിലൂടെ സുവിശേഷം പ്രചരിപ്പിക്കാൻ ശ്രമിച്ച വ്യക്തിയാണ് വാഴ്ത്തപ്പെട്ട ജെയിംസ് അൽബെറിയോൺ.

“വാഴ്ത്തപ്പെട്ട ജെയിംസ് അൽബെറിയോണിന്റെ മാതൃക പിന്തുടർന്ന്, അദ്ദേഹത്തിന്റെ മദ്ധ്യസ്ഥതയിലൂടെ നിങ്ങളും മാധ്യമങ്ങളിലൂടെ ആശയവിനിമയം നടത്തുന്നവരാണല്ലോ. അങ്ങനെ അദ്ദേഹം തന്നെ പറഞ്ഞതുപോലെ, മാധ്യമങ്ങളിലൂടെ ഇക്കാലഘട്ടത്തിൽ ആളുകൾക്ക് യേശുക്രിസ്തുവിനെ അറിയാൻ കഴിയും” – സെന്റ് പോൾ സന്യാസിനീ സമൂഹത്തിലെ സന്യാസിനിമാരോട് പാപ്പാ പറഞ്ഞു.

“ദൈവത്തോട് ആശയവിനിമയം നടത്താതെ ലോകം മുഴുവനുമായും ആശയവിനിമയം നടത്തുകയാണെങ്കിൽ അത് ഫലപ്രദമാകില്ല. ദൈവത്തിന്റെ വിശുദ്ധ ജനം ദൈവവചനത്തിൽ കൂടുതൽ ആഴപ്പെട്ടുകൊണ്ട് ജോലിയും പ്രാർത്ഥനയും ഒന്നിച്ചു കൊണ്ടുപോകണം” – പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.