ജീവിച്ചിരിക്കുന്ന രക്തസാക്ഷി – കർദിനാൾ ട്രോഷാനിയ സിമോണി

ലോകം കണ്ടിട്ടുള്ളതിൽ ഏറ്റവും കൂടുതൽ മതപീഡനം ഏറ്റുവാങ്ങിയ അൽബേനിയയിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി. അഭിഷിക്ത ജീവിതത്തിന്റെ ഭൂരിഭാഗവും തടവറയിലെ അതിക്രൂരമായ പീഡനത്തിനിരയായ വൈദികൻ – കർദിനാൾ ട്രോഷാനിയ സിമോണി. പീഡനത്തിന്റെ ക്രൂരതകൾ വിവരിച്ചു മാർപാപ്പയെ കരയിപ്പിച്ച പുരോഹിതൻ.  ദൈവം തന്റെ ജീവിതത്തിൽ അനുവദിച്ച സഹനങ്ങളുടെ കടൽ താണ്ടി പാറപോലെ ഉറച്ച തന്റെ ദൈവവിശ്വാസത്തിനു സാക്ഷ്യം വഹിക്കുകയാണ് കർദിനാൾ സിമോണി.

തന്റെ പത്താം വയസിലാണ്‌ സിമോണിക്ക് വൈദികന്‍ ആകണം എന്ന ആഗ്രഹം ആരംഭിക്കുന്നത്. അതിനായി അദ്ദേഹം ദിവസവും പ്രാർത്ഥിക്കുമായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് പള്ളി കാര്യങ്ങളിൽ വളരെ സജീവമായിരുന്നു. അദ്ദേഹത്തിൽ നിന്നും ലഭിച്ച ചൈതന്യം മകനെ പള്ളികാര്യങ്ങളിൽ തൽപരനാക്കുന്നതിനോടൊപ്പം വിശ്വാസത്തിൽ ആഴപ്പെടുത്തുകയും ചെയ്തിരുന്നു. സ്കൂൾ വിദ്യാഭാസം പൂർത്തിയാക്കിയ സിമോണിയെ ഫ്രാൻസിസ്കൻ ആശ്രമത്തിലേക്കു അയച്ചു. അവിടെയായിരുന്നു അദ്ദേഹം തന്റെ തുടർപഠനവും സെമിനാരി പരിശീലനവും പൂർത്തിയാക്കിയത്. വൈദിക വിദ്യാർത്ഥി ആയിരിക്കെ അദ്ദേഹത്തെ  ഗ്രാമങ്ങളിൽ സേവനം ചെയ്യുന്നതിനായി അയച്ചു. 1951  ൽ സ്റ്റാലിൻ  യുദ്ധം പ്രഖ്യാപിച്ചതോടെ ഫിലോസഫി പഠനം അവസാനിപ്പിച്ചു പട്ടാളത്തിൽ ചേരേണ്ടതായി വന്നു അദ്ദേഹത്തിന്. എങ്കിലും ദൈവത്തോടുള്ള ആഴമായ വിശ്വാസത്തിൽ അടിയുറച്ചു നിൽക്കുവാൻ സിമോണിക്കു കഴിഞ്ഞു.

ഈ സമയത്താണ് അൽബേനിയായെ പൂർണ്ണ നിരീശ്വര രാജ്യമായി കമ്മ്യൂണിസ്റ് ഭരണകൂടം പ്രഖ്യാപിക്കുന്നത്. ക്രിസ്ത്യാനികളെ പൂർണ്ണമായും രാജ്യത്തു നിന്ന് തുടച്ചു നീക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അത്. അവർ ലക്ഷ്യം വെച്ചിരുന്നത് വൈദികരെ ആയിരുന്നു. വൈദികരെ ഇല്ലാതാക്കുന്നതിലൂടെ മാത്രമേ രാജ്യത്തെ  പൂർണ്ണമായും നിരീശ്വരവാദത്തിലേയ്ക്ക് എത്തിക്കുവാൻ കഴിയുകയുള്ളു എന്ന് മനസിലാക്കിയ അവർ വൈദികർക്ക് നേരെ ക്രൂരമായ ആക്രമണമാണ് അഴിച്ചു വിട്ടത്. അനേകം ഫ്രാൻസിസ്കൻ വൈദികരെ പട്ടാളം വെടിവെച്ചു കൊന്നു. അനേകം ദേവാലയങ്ങളും സെമിനാരികളും പൂട്ടി. ഇങ്ങനെ കലുഷിതമായ ഒരു സാഹചര്യത്തിലാണ് സിമോണി പൌരോഹിത്യം സ്വീകരിക്കുന്നത്.

1956  ഏപ്രിൽ 7 നു പൗരോഹിത്യം സ്വീകരിച്ച  അദ്ദേഹം സ്കോഡറിലെ തടവിലാക്കപ്പെട്ട വൈദികന് പകരം ആയി ആണ് ആദ്യം ചുമതലയേൽക്കുന്നത്. അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങളുടെ ഫലമായി നിരവധി ആളുകൾ പള്ളിയിൽ വന്നു തുടങ്ങി. അതോടെ സിമോണിയും പട്ടാളക്കാരുടെ നോട്ടത്തിന്റെ കീഴിലായി. ഒരിക്കല്‍ അവര്‍ സിമോണിയോട് ചോദിച്ചു നിങ്ങൾ കള്ളം പറഞ്ഞു ആളുകളെ പറ്റിക്കുകയല്ലേ എന്ന്. അപ്പോൾ സിമോണി പറഞ്ഞു. “കഴിഞ്ഞ 2000  വർഷമായി സഭ ആത്മാക്കളുടെ സംരക്ഷണം ഏറ്റെടുത്തിരിയ്ക്കുകയാണ്. അത് ഈ ജനങ്ങളുടെ തന്നെയല്ല മറിച്ചു നിങ്ങളുടെയും”. ഈ വാക്കുകള്‍ അവരില്‍ അദ്ദേഹത്തോട് ദേഷ്യം ഉളവാക്കി. അദ്ദേഹത്തെ കൊണ്ട് പാര്‍ട്ടിക്കെതിരെ സംസാരിപ്പിക്കുവാന്‍ അവര്‍ നിരന്തരം പ്രേരിപ്പിച്ചു കൊണ്ട് ഇരുന്നു.

അങ്ങനെ ഒരു ക്രിസ്തുമസ് തലേ ദിവസം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുവാനുള്ള വാറന്റ് പുറപ്പെടുവിച്ചു. ക്രിസ്തുമസ് കുർബാന കഴിഞ്ഞുടൻ പോലീസെത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തു. രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തി എന്ന ആരോപണം നടത്തി അദ്ദേഹത്തെ അവർ കോടതിയിൽ ഹാജരാക്കി. ജഡ്ജി അദ്ദേഹത്തോട് ചോദിച്ചു; “എന്തുകൊണ്ടാണ് നിങ്ങൾ ക്രിസ്തുവിനായി മരിക്കണം എന്ന് പറയുന്നത്”?  അദ്ദേഹം തിരിച്ചു പറഞ്ഞത് ഇങ്ങനെയാണ്: “യേശു ശത്രുക്കൾക്കു വേണ്ടി പ്രാർത്ഥിക്കുവാനും അവരെ സ്നേഹിക്കുവാനും അവരോട് ക്ഷമിക്കുവാനും  പഠിപ്പിച്ചു. അവർക്കിത് മതിയായിരുന്നു.  മൂന്നു മാസത്തെ ക്രൂരമായ ചോദ്യം ചെയ്യലിനൊടുവിൽ അവർ സിമോണിയെ ജയിലിൽ അടച്ചു. 18 വർഷത്തെ നിർബന്ധിത ജോലിക്കായി അവർ സിമോണിയെ ലെഷെയിലെ കോപ്പർ മൈനിലേയ്ക്ക് അയച്ചു. അവിടെ വെച്ച് ഫയറിംഗ് സ്‌ക്വാഡിനെ കൊണ്ട് വെടിവെച്ചു കൊല്ലുവാനായിരുന്നു അവരുടെ പദ്ധതി. എന്തുകൊണ്ടോ അത് നടന്നില്ല. പക്ഷെ ഒരു ദയയും ഇല്ലാത്ത പ്രവർത്തികളായിരുന്നു അധികൃതരുടെ ഭാഗത്തു നിന്നുണ്ടായത്.

മതിയായ ഭക്ഷണമോ വെള്ളമോ നൽകാതെ മണിക്കൂറുകളോളം അവരെ മൈനിൽ പണിയെടുപ്പിച്ചു. അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന പലരും ആ തണുപ്പിൽ മരിച്ചു വീണു. മറ്റൊരവസരത്തിൽ ജയിലിൽ കലാപം ഉണ്ടായപ്പോൾ അധികാരികൾ അതിന്റെ ഉത്തരവാദിത്വം സിമോണിൽ ചാർത്തുവാൻ ശ്രമിച്ചു. എങ്കിലും സഹതടവുകാർ ഒരുമിച്ചു നിന്നതിനാൽ അതിനു കഴിഞ്ഞില്ല. അങ്ങനെ പല സമയങ്ങളിലായി പല മരണങ്ങളെ  അഭിമുഖീകരിയ്ക്കുകയും അതിൽ നിന്ന് അത്ഭുതകരമായി രക്ഷപെടുകയും ചെയ്യുകയായിരുന്നു സിമോണി. 1981 ൽ അദ്ദേഹം ജയിൽ മോചിതനാകുമ്പോൾ അദ്ദേഹം തന്റെ പൗരോഹിത്യ ജീവിതത്തിന്റെ 25  വർഷങ്ങൾ പിന്നിട്ടിരുന്നു.

അതിക്രൂരമായ അദ്ദേഹത്തിന്റെ തടവറ അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചത് 2014 ൽ ആണ്. പാപ്പായുടെ അൽബേനിയൻ സന്ദർശനത്തിന്റെ വേളയിൽ അദ്ദേഹം പാപ്പായുടെ മുന്നിൽ വെച്ച് തന്റെ അനുഭവങ്ങൾ പങ്കുവച്ചപ്പോൾ പാപ്പായുടെ കണ്ണുകൾ നിറഞ്ഞു. ക്രൂരതകളെ അതിജീവിച്ച ആ വൈദികന്റെ കൈകൾ നിറകണ്ണുകളോടെ ചുംബിച്ചു കൊണ്ട് പാപ്പാ പറഞ്ഞു: ” എത്ര ഭയാനകമായ ക്രൂരതകൾ അതിജീവിച്ച വ്യതികളായിരുന്നു നിങ്ങൾ എന്ന് സത്യത്തിൽ ഞാനറിഞ്ഞിരുന്നില്ല. ഇത്  രക്തസാക്ഷികളുടെ നാടാണ്. ഞാൻ ഇന്ന് ഒരു രക്തസാക്ഷിയെ സ്പർശിച്ചിരിക്കുന്നു”.

2016 -ൽ കർദിനാളന്മാരെ ഫ്രാൻസിസ് പാപ്പാ പ്രഖ്യാപിച്ചപ്പോൾ ആ കൂട്ടത്തിൽ ഈ വൈദികനും ഉണ്ടായിരുന്നു. ആദ്യമായി ആണ് മേത്രാനല്ലാത്ത ഒരു വ്യക്തി കർദിനാൾ ആയി ഉയർത്തപ്പെടുന്നത്. അദ്ദേഹത്തിന്‍റെ വിശ്വാസത്തിന്റെ ദൃഢതയും  ഉറപ്പും മാതൃകയായി ലോകത്തിനു നൽകിക്കൊണ്ടാണ് അദ്ദേഹത്തെ കർദിനാൾമാരുടെ ഗണത്തിലേക്ക് ഉയർത്തിയത്. പ്രതികൂല സാഹചര്യങ്ങളിൽ വിശ്വാസം ഉപേക്ഷിക്കുന്ന അനേകർക്ക്‌ മുന്നിൽ സ്വന്തം ജീവിതം കൊണ്ട് മാതൃക നൽകുകയാണ് ഈ പുരോഹിതൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.