തന്നെ ഉപേക്ഷിച്ചു പോയ മകളെ പാട്ടിലൂടെ തിരിച്ചെടുത്ത അമ്മ – റാണു മൊണ്ടല്‍: എല്ലാ മക്കളും വായിച്ചിരിക്കേണ്ടത് 

മുഷിഞ്ഞ വസ്ത്രം ധരിച്ച് കൽക്കട്ട രണാഘട്ട് റെയില്‍വേ സ്റ്റേഷനില്‍ ഇരുന്നു പാടിയ റാണു മൊണ്ടല്‍ ഇന്ന് ബോളിവുഡിലെ പിന്നണി ഗായികാ നിരയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടിരിക്കുന്നു. അന്നുവരെ ഒരു നേരത്തെ ആഹാരത്തിനു പോലും കഷ്ടപ്പെട്ടിരുന്ന റാണുവിന്‍റെ ജീവിതം മാറിമറിഞ്ഞത് അതീന്ദ്ര ചക്രവര്‍ത്തി എന്ന യുവ എഞ്ചിനീയര്‍, അവളുടെ പാട്ട് റെക്കോര്‍ഡ്‌ ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തതോടു കൂടിയാണ്.

തെരുവോരങ്ങളിൽ പാടിയാണ് റാണു തൻ്റെ മകളെ പഠിപ്പിച്ചത്. എന്നാൽ, വളർന്നപ്പോൾ തെരുവു ഗായികയുടെ മകൾ എന്നത് അവൾക്ക് കുറച്ചിലായി. ഭര്‍ത്താവ് മരിച്ചതോടെ 10 വര്‍ഷം മുൻപ് മകളും അമ്മയെ ഉപേക്ഷിച്ചു പോയപ്പോൾ ജീവിതത്തിൽ അവർ തീർത്തും ഒറ്റപ്പെട്ടു. എങ്കിലും പട്ടിണി തളർത്തിയ ജീവിതം കരുപ്പിടിപ്പിക്കാൻ അവൾ പാടി.

ഇന്ന് ലോകമാസകലമുള്ള സോഷ്യൽ മീഡിയയിലൂടെ ആ അമ്മയുടെ പാട്ട് ലോകം താല്പര്യപൂർവ്വം നെഞ്ചോടു ചേർത്തപ്പോൾ ഉപേക്ഷിച്ചുപോയ മകൾ തിരിയെത്തി. സതി റോയ് എന്ന തൻ്റെ മകൾ തിരികെ വന്നപ്പോൾ ആ അമ്മ അവളെ തിരസ്കരിച്ചില്ല. അമ്മയുടെ പണവും പ്രശസ്തിയും കണ്ടുകൊണ്ടാണ് മകൾ തിരികെ വന്നതെന്ന് പൊതുസമൂഹം പറഞ്ഞപ്പോഴും ആ അമ്മ മകളെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

സൽമാൻ ഖാന്റെ വക 55 ലക്ഷത്തിന്റെ വീടിനേക്കാളും ആ അമ്മയ്ക്ക്  ഏറെ സന്തോഷം, തന്റെ മകൾ തന്നെ തേടിയെത്തിയതായിരുന്നു. അമ്മ റെയില്‍വേ സ്റ്റേഷനില്‍ പാടുന്നത് ഇഷ്ടമില്ലാതെയാണ് മകള്‍ അമ്മയെ ഉപേക്ഷിച്ചുപോയത്. ആ പാട്ടു കൊണ്ട് തന്നെ അവൾ പ്രശസ്തയായി. ഇന്ന് സമ്പത്തിന്റെയും സൗന്ദര്യത്തിന്റെയും മറ്റ് നിസ്സാര പ്രശ്നങ്ങളുടെയും പേരില്‍ സ്വന്തം മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കള്‍ക്ക്‌ ഇതൊരു പാഠമാകട്ടെ.

ഒരായുസ്സ് മുഴുവൻ മക്കൾക്കു വേണ്ടി വ്യയം ചെയ്യുന്ന മാതാപിതാക്കളാണ് ഇന്ന് തെരുവിൽ ഉപേക്ഷിക്കപ്പെടുന്നത്. മക്കളെ, ജോലി ചെയ്ത് കഷ്ടപ്പെട്ട് പഠിപ്പിച്ചു വലുതാക്കി കഴിയുമ്പോൾ പിന്നെ മാതാപിതാക്കളെ വേണ്ടാത്ത അവസ്ഥ ഇന്ന് സമൂഹത്തിൽ കൂടിവരുന്നു. അവർ പിന്നെ മക്കളുടെ അന്തസ്സിനും വിലയ്ക്കും നിലയ്ക്കും ചേരാത്തവരാകും. ഉപേക്ഷിക്കപ്പെട്ടവരായി ഒരുപക്ഷെ, സ്വന്തം വീട്ടിൽ തന്നെയോ അല്ലെങ്കിൽ പുറത്തോ അവർ അന്യരായി മാറും.

10 വർഷത്തോളം തിരിഞ്ഞുനോക്കാത്ത മകൾ, അമ്മ പ്രശസ്തയായതു കേട്ട് തിരികെ വന്നപ്പോൾ ആ അമ്മ അവളെ മാറ്റിനിർത്തിയില്ല, ചേർത്തുപിടിച്ചു. ഇന്ന് മാതാപിതാക്കളെ ഉപേക്ഷിച്ചു പോകുന്ന മക്കൾ സമൂഹത്തിൽ എത്തിപ്പിടിക്കാൻ നോക്കുന്നത് വലിയ ഹൈടെക് കാര്യങ്ങൾ ആയിരിക്കും. എന്നാൽ, ജീവിതത്തിൽ അവർ സമ്പാദിക്കുന്നത് വെറും വട്ടപൂജ്യമായിരിക്കും. ജീവിതത്തിൽ ആരെയും നിസ്സാരരായി കാണരുത്.

ഒരു നല്ല തലമുറ അന്യം നിന്നു പോകാതിരിക്കാൻ മാതാപിതാക്കളെ ബഹുമാനിക്കുന്ന, സ്നേഹിക്കുന്ന മക്കൾ ചെറുപ്പത്തിലേ ഓരോ കുടുംബങ്ങളിലും രൂപപ്പെടണം. ലാഭ-നഷ്ടങ്ങളുടെ കണക്കുകളാൽ സ്നേഹം അളക്കപ്പെടാതിരിക്കട്ടെ. നിസ്വാർത്ഥമായി സ്നേഹിക്കുന്ന ഒരു തലമുറ നമ്മുടെ സമൂഹത്തിൽ വളർന്നു വരട്ടെ.