നൊമ്പരസ്മരണകളുടെ അമ്പത് നാളുകള്‍

ജിന്‍സി സന്തോഷ്‌

ആത്മീയജീവിതത്തിന്റെ വളർച്ചയ്ക്കുവേണ്ടി വരൾച്ചയുടെ നാളുകൾ സൃഷ്ടിക്കലാണ് നോമ്പ്. ഇച്ഛയ്ക്കുമപ്പുറത്തേയ്ക്ക് കൈവിട്ടു പോകുന്ന നിന്റെ മനസ്സിനെയും ശരീരത്തെയും അടക്കിപ്പിടിച്ച് അച്ചടക്കം ശീലിപ്പിക്കാനുള്ള മാർഗ്ഗം. ശുദ്ധീകരണത്തിന്റെ നൊമ്പരങ്ങൾ ചേർത്തുവച്ചു കൊണ്ട് ആത്മനിയന്ത്രണത്തിനു വേണ്ടി ശാരീരിക-മാനസികവ്യാപാരങ്ങളെ നിയന്ത്രിക്കുന്ന കാലമാണ് ഇത്.

നോമ്പ്, വ്യക്തമായ ഒരു ദർശനത്തിനു വേണ്ടി എല്ലാറ്റിനോടും വിശുദ്ധമായ ഒരു അകലം സൂക്ഷിക്കാൻ പരിശീലിക്കലാണ്. നിന്റെ ശരീരത്തോട്, മനസ്സിന്റെ ആഗ്രഹങ്ങളോട്, അകലം സൂക്ഷിക്കാൻ കഴിയാത്ത ചില ബന്ധങ്ങളോട്, തഴക്കദോഷങ്ങളോട്…

ഏറ്റവും പ്രിയപ്പെട്ടതൊക്കെ നഷ്ടമാക്കിയിട്ടാണ് നീ ദൈവത്തെ തേടുന്നതെങ്കിൽ ദൈവത്തിന്റെ നിയമപുസ്തകത്തിൽ നിന്റെ നഷ്ടങ്ങളെല്ലാം സമ്പാദ്യങ്ങളാണ്. ആത്മവിശുദ്ധീകരണത്തിനുമപ്പുറത്ത് കാരുണ്യവും സ്നേഹവും നിന്നിൽ തളിർക്കണം. നോമ്പുകാലത്ത് നീ ചിട്ടപ്പെടുത്തി ശീലിച്ചവ ജീവിതയാത്രയിലെ ഓരോ ദിനത്തിലും എടുത്ത് പ്രയോഗിക്കുവാൻ നിനക്ക് കഴിയണം. ഒപ്പം നഷ്ടപ്പെട്ടുപോയ നിന്റെ വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം കൂടിയാവണം ഇത്. കാരണം, നോമ്പ് ഉത്ഥാനത്തിലേയ്ക്കുള്ള ചൂണ്ടുപലക മാത്രമാണ്.

“നിങ്ങളുടെ വിശുദ്ധീകരണമാണ് ദൈവം അഭിലഷിക്കുന്നത്. അസന്മാർഗികതയിൽ നിന്ന് ഒഴിഞ്ഞുമാറണം” (1 തെസ. 4:3).

ജിന്‍സി സന്തോഷ്

കടപ്പാട്: ഫാ. ബിജു മഠത്തിക്കുന്നേൽ C.Ss.R

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.