അമ്മയോടൊപ്പം ഗാസയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച കത്തോലിക്ക പെൺകുട്ടി മരിച്ചു

ഗാസയിലെ യുദ്ധത്തിന്റെ പരിണിതഫലമായി കേൾക്കുന്ന ഹൃദയഭേദകമായ സംഭവങ്ങളിൽ ഒന്നാണ് ലാറ അൽ-സയെഗ് എന്ന കത്തോലിക്ക യുവതിയുടെ മരണം. യുദ്ധത്തെ തുടർന്ന് ഗാസയിൽ നിന്നും ഈജിപ്തിൽ അഭയം പ്രാപിക്കുന്നതിനുള്ള ശ്രമത്തിനിടെയാണ് ലാറ മരണപ്പെട്ടത്.

ഈജിപ്തിലേക്കുള്ള യാത്ര കഠിനമായിരുന്നു. പാതിവഴിയിൽ ലാറയ്ക്ക് ക്ഷീണം അനുഭവപ്പെടുകയായിരുന്നു. വെള്ളത്തിന്റെ അഭാവം, മാരകമായ ചൂട് എന്നിവയുടെ ഫലമായി തളർന്നു വീഴുകയും ശരിയായ വൈദ്യസഹായം ലഭിക്കാത്തതിനാൽ ഗാസയിലെ ഹോളി ഫാമിലി ലത്തീൻ പള്ളിയിൽ വച്ച് മരണപ്പെടുകയുമായയിരുന്നു. യുദ്ധസമയത്ത് ലാറയ്ക്ക് തന്റെ പിതാവിനെ നഷ്ടപ്പെട്ടിരുന്നു.

ലാറ അൽ-സയെഗിന്റെ സഹോദരന്റെ വെളിപ്പെടുത്തൽ

ഈ വർഷത്തിന്റെ തുടക്കം മുതൽ ഈജിപ്തിൽ താമസിക്കുന്ന അൽ-സയെഗിന്റെ  സഹോദരൻ ഫാദി അൽ-സയെഗ്, തന്റെ സഹോദരിയുടെ മരണത്തെ ഏറെ വേദനയോടെയാണ് അറിയിച്ചത്. “ഗാസയിലെ ഹോളി ഫാമിലി ലത്തീൻ പള്ളിയിലെ പുരോഹിതനായ ഫാദർ യൂസുഫ് അസദിലൂടെയാണ് എനിക്ക് ഈ വേദനാജനകമായ വാർത്ത ലഭിച്ചത്. ലാറ മരിച്ചെന്ന വാർത്ത എനിക്ക് അവിശ്വനീയമായിരുന്നു. വാർത്ത തെറ്റാണെന്ന പ്രതീക്ഷയിൽ ഞാൻ എന്റെ സഹോദരൻ ഖലീലിനോട് ചോദിച്ചു. ഞങ്ങൾ അവളെ കാത്തിരിക്കുമ്പോൾ ആണ് അവൾ ഈ ലോകത്തിൽ ഇല്ലെന്ന വാർത്ത ലഭിക്കുന്നത്. അത് എങ്ങനെ സഹിക്കാനാകും”- സഹോദരൻ കണ്ണുനീരോടെ വെളിപ്പെടുത്തുന്നു.

ദുരന്തമായി അവസാനിച്ച ഒരു യാത്ര

ലാറയുടെ അമ്മയുടെ സാക്ഷ്യമനുസരിച്ച് ഏപ്രിൽ 23 ചൊവ്വാഴ്ച, ഗാസയിൽ നിന്ന് ഈജിപ്തിലേക്ക് കടക്കാൻ അനുവദിച്ച ആളുകളുടെ പട്ടികയിൽ ലാറയുടെയും അമ്മയുടെയും പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. അവർ അടുത്ത ദിവസം പുറപ്പെടാൻ തീരുമാനിച്ചു. വടക്കൻ ഗാസയെ തെക്ക് നിന്ന് വേർതിരിക്കുന്ന നെത്സാരിം ഇടനാഴിയിലേക്ക് പോകുകയും ഇസ്രായേൽ നിയന്ത്രണത്തിൽ തുടരുകയും ചെയ്തു.

അവർ ആദ്യം കുറച്ചുദൂരം സഞ്ചരിച്ചത് കാറിലായിരുന്നു. പിന്നീട് ഈജിപ്തിലേക്കുള്ള റഫ ക്രോസിംഗ് വരെ അവർക്ക് കാൽനടയായി പോകേണ്ടി വന്നു. ലാറ വേഗത്തിൽ നടന്നു. എന്നാൽ പെട്ടെന്ന് അവൾ കാലിടറി നിലത്തു വീണു. അവൾ ബോധരഹിതയായി എന്ന് കരുതി ചിലർ അവളെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, ലാറ മരിച്ചിരുന്നു. അവളുടെ മരണവാർത്ത അറിഞ്ഞ അമ്മയും ബോധരഹിതയായി. ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്. ലാറയെ അവളുടെ പള്ളിയിൽ നിന്ന് വളരെ അകലെ തെക്കൻ ഗാസയിൽ അടക്കം ചെയ്തു.

കൊലപാതകങ്ങൾ, സ്വത്ത് നഷ്ടപ്പെടൽ, കുടിയിറക്കൽ, നിർബന്ധിത കുടിയേറ്റം എന്നിവയുൾപ്പെടെയുള്ള കഠിനമായ ജീവിതസാഹചര്യങ്ങൾക്കിടയിലും ഗാസയിലെ ചെറിയ ക്രിസ്ത്യൻ ന്യൂനപക്ഷത്തിന്റെ ദുരവസ്ഥയെ ചില അറബ് മാധ്യമങ്ങൾ അവഗണിക്കുകയാണ്. ഈ പുരാതന ക്രിസ്ത്യൻ സമൂഹം നിരന്തരമായ കഷ്ടപ്പാടുകൾ സഹിക്കുകയും കുടിയേറ്റം, കുടിയിറക്കം, ഇപ്പോൾ യുദ്ധം എന്നിവ കാരണം വംശനാശത്തിന്റെ വക്കിലാണ് ഇവർ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.