ലെയൊനാർദോ ദാവിഞ്ചിയുടെ ‘അന്ത്യഅത്താഴം’: ചരിത്രവും ആത്മീയതയും

ഫാ. സാബു മണ്ണട mcbs

ലോകചരിത്രത്തിൽ ഇടം പിടിച്ചതും എക്കാലത്തും ശ്രദ്ധിക്കപ്പെടുന്നതും വിലമതിക്കപ്പെടുന്നതുമായ ചിത്രങ്ങളിൽ മുൻപന്തിയിലാണ് ലെയൊനാർദോ ദാവിഞ്ചിയുടെ ‘അന്ത്യഅത്താഴം.’ വിശ്വാസികളുടെ കണ്ണിലും മനസിലും ഇതിനു വിശുദ്ധമായ ഇടമാണ് ഉള്ളത്. ഉത്തമമായ ഒരു കലാസൃഷ്ടിയും അതിലുപരി വിശ്വാസത്തിന്റെ പ്രതീകവുമായി മാറിയിരിക്കുന്ന ‘ഒടുവിലത്തെ അത്താഴ’ത്തിനു വികല അനുകരണങ്ങള്‍ ഉണ്ടാക്കുന്നവര്‍ അപമാനിക്കുന്നത് വിശ്വാസത്തെ മാത്രമല്ല മഹാനായ ലെയൊനാർദൊ ദാവിഞ്ചിയെ കൂടിയാണ്. ലെയൊനാർദോ ദാവിഞ്ചിയുടെ ‘അന്ത്യഅത്താഴം’: ചരിത്രവും ആത്മീയതയും. തുടര്‍ന്നു വായിക്കുക. 

ഇറ്റലിയിലെ ലാക്വിലാ ഫൈന്‍ ആര്‍ട്ട്സ് കോളേജിലും റോമിലെ സെന്റ്‌ ആന്‍സലേം യൂണിവേഴ്സിറ്റിയിലും കലാപഠനം നടത്തിയ ആളാണ് ലേഖകന്‍. 

ലെയൊനാർദൊ ദാവിഞ്ചിയുടെ ‘അന്ത്യ അത്താഴം’ എന്ന വിശ്വവിഖ്യാതമായ ചുവർ ചിത്രം കാണാൻ 2015 ൽ മിലാനിലേക്ക് ഒരു യാത്ര പോയതിന്റെ ഓർമ്മകളുമായാണ് ഈ കുറിപ്പ്. നിർഭാഗ്യവശാൽ അന്ന് അതിനു കഴിഞ്ഞില്ല. കാരണം, പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു അവിടെ. മാത്രവുമല്ല, നേരത്തെ ബുക്ക് ചെയ്യുന്ന വളരെ കുറച്ചുപേർക്ക് മാത്രമേ വിഖ്യാതമായ ആ ചിത്രം കാണാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ. പിന്നീട് മറ്റൊരു അവസരത്തിലാണ് ഏറെ സങ്കീർണതകൾക്ക് ശേഷം ഈ ചിത്രം കാണാൻ എനിക്ക് ഭാഗ്യം ലഭിച്ചത്.

ലോകചരിത്രത്തിൽ ഇടം പിടിച്ച ചുവർ ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ദാവഞ്ചിയുടെ ‘അന്ത്യ അത്താഴം’. ഇറ്റാലിയൻ നവോത്ഥാന കാലാകാരനായ ലെയൊനാർദൊ ദാവിഞ്ചി ഏകദേശം 1495- 1498 കാലഘട്ടത്തിലാണ് ഈ ചിത്രം വരയ്ക്കുന്നത്. വടക്കൻ ഇറ്റലിയിലെ മിലാനിലുള്ള സാന്ത മരിയ ദെല്ല ഗ്രാസ്സിയ എന്ന ഡൊമിനിക്കൻ സന്യാസ ആശ്രമത്തിന്റെ ഊട്ടുമുറിയിൽ ആണ് ഈ ചുവർ ചിത്രം സ്ഥിതി ചെയ്യുന്നത്.

സുവിശേഷത്തിലെ പശ്ചാത്തലം

യോഹന്നാന്റെ സുവിശേഷത്തിൽ പറഞ്ഞിരിക്കുന്നത് പോലെ 12 ശിഷ്യന്മാരുമൊത്തുള്ള യേശുവിൻറെ അന്ത്യ അത്താഴത്തിൻ്റെ രംഗമാണ് ഈ ചിത്രം. പ്രത്യേകിച്ച്, തന്റെ അപ്പസ്തോലന്മാരിൽ ഒരാൾ തന്നെ ഒറ്റിക്കൊടുക്കുമെന്ന് യേശു പ്രഖ്യാപിച്ചതിനുശേഷമുള്ള നിമിഷം. ഏതൊരു വിശ്വാസിക്കും ഒപ്പം കലയെ സ്നേഹിക്കുന്ന ഏതൊരാൾക്കും വലിയ അനുഭവം പകരുന്നതാണ് ഈ ചിത്രം. കാരണം യേശു തൻറെ ജീവിതത്തിന്റെ അന്ത്യവിനാഴികയുടെ അനുഭവങ്ങൾ ശിഷ്യന്മാരോട് പറയുന്ന രംഗങ്ങളെ അവതരിപ്പിച്ചിരിക്കുകയാണ് ദാവിഞ്ചി. വൈവിധ്യമാർന്ന മാനുഷിക വികാരങ്ങളും കാഴ്ചപ്പാടിന്റെ വൈദഗ്ധ്യവും ഒക്കെ പ്രകടമാക്കപ്പെടുന്ന ഒരു ചിത്രമാണിത്. ചുവർ ചിത്രമായതിനാലും പരീക്ഷണാത്മക പെയിൻറിംഗ് രീതി അവലംബിച്ചതിനാലും ഗണ്യമായ നാശനഷ്ടം ഈ ചിത്രത്തിനു സംഭവിച്ചിട്ടുണ്ട്. അതിനാൽ തന്നെ വിപുലമായ പുനരുദ്ധാരണ പദ്ധതിയിലൂടെ ഈ ചിത്രത്തിനു കടന്നു പോകേണ്ടി വന്നിട്ടുമുണ്ട്.

ചിത്രം രൂപപ്പെട്ട വഴികൾ

അന്നത്തെ മിലാൻ പ്രഭുവായ ലുഡോവികോ സ്ഫോർസ സന്യാസികളുടെ ഊട്ടുശാലയിൽ സ്ഥാപിക്കാൻ വേണ്ടി ചെയ്യിച്ചതാണ് ഈ ചുവർ ചിത്രം. ഇതിൻറെ വലിപ്പം ഏകദേശം 15 അടി പൊക്കവും 29 അടി നീളവും ആണ്. അന്നുവരെ നിലവിലുണ്ടായിരുന്ന പരമ്പരാഗത ‘ഫ്രെസ്കോ’യ്ക്കു പകരം ഭിത്തിയുടെ ഉണങ്ങിയ പ്രതലത്തിൽ റ്റെമ്പറ കളറുകൾ എണ്ണയിൽ ചാലിച്ച് പരീക്ഷണാത്മകമായ ഒരു മിശ്രതമാക്കിയാണ് വരച്ചിരിക്കുന്നത്. ഈ രീതി അവലംബിച്ചതിനാൽ നൂറ്റാണ്ടുകളായി പലവിധത്തിലുള്ള കേടുപാടുകൾ ഇതിനു സംഭവിച്ചിട്ടുണ്ട്. കലാപരമായി ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഡാവിഞ്ചിയുടെ നവോത്ഥാന കാലഘട്ടത്തിലെ തന്നെ മാസ്റ്റർ പീസ് ആയ ഈ ചിത്രം. കാരണം ഇതിൽ ചിത്രീകരിച്ചിരിക്കുന്ന ശിഷ്യന്മാരുടെ മുഖഭാവങ്ങളും ആംഗ്യങ്ങളും പ്രതികരണ രീതികളും, അതിലുപരി കാഴ്ചപ്പാടിന്റെ (Perspective) നൂതനമായ ശൈലിയും ഒക്കെ ആഘോഷിക്കപ്പെടേണ്ടത് തന്നെയാണ്.

ഈ ചിത്രത്തിനു പിന്നിലെ രസകരമായ ഒരു ചരിത്രം!

1495 മുതൽ 1498 വരെയുള്ള കാലഘട്ടത്തിലാണ് ഡാവിഞ്ചി ഈ ചിത്രം പൂർത്തീകരിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ആ കാലഘട്ടത്തിലെ ആശ്രമത്തിന്റെ ആർകൈവുകൾ നശിപ്പിക്കപ്പെട്ടതിനാൽ ആരംഭ തീയതി ഉറപ്പില്ലാത്തതാണ്. ആ കാലയളവിൽ ആശ്രമ ശ്രേഷ്ഠൻ ദാവിഞ്ചിയോട് ചിത്രത്തിൻ്റെ കാലതാമസത്തെക്കുറിച്ച് പരാതിപ്പെട്ടതായി റിപ്പോർട്ടിലുണ്ട്. അതിനു മറുപടിയായി ആശ്രമാധിപനു ദാവിഞ്ചി വിശദീകരണക്കുറിപ്പ് എഴുതിയത് ഇപ്രകാരമാണ്: “ഞാന്‍ മനസ്സിൽ കാണുന്ന യൂദാസ് എന്ന കഥാപാത്രത്തിന് അനുയോജ്യമായ ഒരു വില്ലൻ മുഖം കണ്ടെത്താൻ പാടുപെടുകയാണ്. പരാതിപ്പെട്ട അങ്ങയുടെ സവിശേഷതകൾ യൂദാസിൻ്റെ കഥാപാത്രത്തിന് ഉപയോഗിക്കാനാണ് എന്റെ തീരുമാനം.” ഈ മറുപടിയില്‍, പരാതിപ്പെട്ടതിനെക്കുറിച്ചുള്ള ദാവിഞ്ചിയുടെ അമര്‍ഷവും അദ്ദേഹത്തിന്റെ സരസ സ്വഭാവവും നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും. ഈ ചിത്രം വരച്ച സമയത്ത് ആ മുറി ആശ്രമത്തിലെ ഒരു ഊട്ടുപുര ആയിരുന്നില്ലെങ്കിലും ആശ്രമങ്ങളിലെ ഊട്ടു ശാലകൾക്കുള്ള ഒരു പരമ്പരാഗത ‘തീം’ ആയിരുന്നു വരയ്ക്കപ്പെട്ടത്.

ചിത്രത്തിലെ ക്രിസ്തുവും ശിഷ്യന്മാരും

ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം ക്രിസ്തു തന്നെയാണ്. സൂക്ഷ്മമായ നിരീക്ഷണത്തിന് വിധേയമാക്കിയാൽ ക്രിസ്തു എന്ന കേന്ദ്ര കഥാപാത്രത്തെ ഒരു ത്രികോണാകൃതിയിലാണ് രൂപപ്പെടുത്തിയിട്ടുള്ളത് എന്നു കാണാം. അത് തന്നെയാണ് ചിത്രത്തിലെ ‘വാനിഷിംഗ് പോയിന്റ്’ (The vanishing point of the perspective- ദൃശ്യപദത്തിനപ്പുറം അപ്രത്യക്ഷമാകുന്ന ബിന്ദു). ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളായ യേശുവിൻറെ ശിഷ്യന്മാരെ അവരുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ അവരെ നാലായി തിരിക്കാം.

ഒന്നാമത്തെ വിഭാഗം ഇടത്തുനിന്നും വലത്തോട്ട് – ബർത്തലോമിയോ, ജയിംസ്, ആൻഡ്രൂസ് എന്നീ ശിഷ്യൻമാർ ആശ്ചര്യത്തോടെയും ചോദ്യങ്ങളിലൂടെയും “അത് ഞാനോ” എന്ന് പ്രതികരിക്കുന്നതു പോലെ കാഴ്ചക്കാരന് തോന്നും.

യൂദാസ്, പത്രോസ്, ജോൺ എന്നീ ശിഷ്യന്മാർ അടങ്ങുന്നതാണ് രണ്ടാമത്തെ വിഭാഗം. യേശുവിനെ ഒറ്റികൊടുത്ത യൂദാസിനെ നിഴലിൽ ചിത്രീകരിച്ചിരിക്കുന്നതായി തോന്നും. അയാൾ വെള്ളിക്കാശ് സൂക്ഷിച്ചിരുന്ന പണസഞ്ചി മുറുകെ പിടിച്ചിട്ടുമുണ്ട്. യേശുവിനെ ഒറ്റിക്കൊടുക്കുന്നതിനുള്ള പ്രതിഫലമായി നൽകിയ വെള്ളിയെയോ അല്ലെങ്കിൽ ശിഷ്യരുടെ ഇടയിലെ ‘മുതൽ പിടുത്തക്കാരൻ’ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പങ്കിനേയോ സൂചിപ്പിക്കുന്നതിനു വേണ്ടിയാകാം ഇത്. അയാളുടെ കൈയുടെ അടുത്ത് വിതറിയ ഉപ്പും കാണാം. ഇത് ഒരു നിർഭാഗ്യത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു. മേശപ്പുറത്ത് കൈമുട്ട് വച്ചിരിക്കുന്ന ഒരേയൊരു വ്യക്തി അദ്ദേഹമാണ്. അയാളുടെ ശിരസ്സ് ചിത്രത്തിലെ മറ്റാരെയുംകാൾ കുനിഞ്ഞിരിക്കുന്നുമുണ്ട്. അക്രമണാത്മകമായി മുന്നോട്ട് ചായുന്ന പത്രോസും ബോധരഹിതനാവുകയോ ക്ഷീണിക്കുകയോ ചെയ്യുന്നതായി തോന്നുന്ന യോഹന്നാനും ഒപ്പമുണ്ട്.

പത്രോസ് കോപത്തിന്റെ ഭാവം ധരിക്കുന്നു, ഒരു കത്തി പിടിച്ചിരിക്കുന്നതായും തോന്നുന്നുണ്ട്. ഇത് ഗദ്സമൻ തോട്ടത്തിൽ വച്ച് യേശുവിനെ പിടിച്ചുകൊണ്ടു പോകുമ്പോൾ പത്രോസിൽ നിന്നും ഉണ്ടാകുന്ന അക്രമാസക്തമായ പ്രതികരണത്തെ സൂചിപ്പിക്കുന്നു.

മൂന്നാം വിഭാഗത്തിൽ തോമസ്, വലിയ ജെയിംസ്, ഫിലിപ്പ് എന്നീ ശിഷ്യന്മാരാണ്. മുകളിലേക്ക് വിരൽചൂണ്ടിരിക്കുന്ന രീതിയിലാണ്‌ തോമസ്. അത് അയാളുടെ സംശയത്തെ സൂചിപ്പിക്കുന്നു. ജെയിംസ് ആകട്ടെ ഞെട്ടലോടെ കൈകൾ പുറത്തേക്ക് തിരിക്കുന്നു. ഫിലിപ്പ് സ്തബ്ധനായി കാണപ്പെടുന്നു.

മത്തായി, യൂദാ തദേവൂസ്, സൈമൺ എന്നീ ശിഷ്യൻമാർ അടങ്ങുന്നതാണ് നാലാമത്തെ വിഭാഗം. അവർ പരസ്പരം ആഗ്യം കാണിക്കുകയും നോക്കുകയും ചെയ്യുന്നുണ്ട്. അതായത് ഉത്തരങ്ങൾ തേടുന്നു അല്ലെങ്കിൽ അവരുടെ ഇടയിലുള്ള ആശയക്കുഴപ്പം പ്രകടിപ്പിക്കുന്നു എന്ന തോന്നൽ കാഴ്ചകാരിൽ ഉളവാക്കുന്നു.

ഒളിഞ്ഞിരിക്കുന്ന നിഗൂഢതകള്‍ 

എക്കാലത്തും അത്ഭുതത്തോടെ വീക്ഷിക്കപ്പെടുന്ന ഈ ചിത്രത്തിൽ നിരവധി നിഗൂഢതകളും ഒളിഞ്ഞിരിപ്പുണ്ട് എന്ന് വിശ്വസിക്കുന്നവരും അഭിപ്രായപ്പെടുന്നവരും നിരവധിയാണ്. ‘ദി ദാവിഞ്ചി കോഡ്’ പോലെയുള്ള പുസ്തകങ്ങളിൽ അത്തരം നിരവധി സിദ്ധാന്തങ്ങൾ കാണാം. ഇതുമായി ബന്ധപ്പെട്ട അനേകം പഠനങ്ങളുമുണ്ട്. എന്നിരുന്നാലും അവയൊക്കെ സാങ്കൽപികമാണെന്നു വേണം കരുതാൻ.

ചിത്രത്തെ വ്യത്യസ്തമാക്കുന്ന ചില ഘടകങ്ങള്‍ 

ഈ കാലഘട്ടത്തിലെ അന്ത്യ അത്താഴത്തിൻ്റെ മറ്റു ചിത്രീകരണങ്ങളിൽ നിന്നും വ്യത്യസ്തമായി, ദാവിഞ്ചി ഭക്ഷണം കഴിക്കുന്നവരെ മേശയുടെ ഒരു വശത്ത് ഇരിക്കുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. കാഴ്ചക്കാരന് പുറംതിരിഞ്ഞിരിക്കുന്ന രീതി ഒഴിവാക്കിയിട്ടുമുണ്ട്. ഇവിടെ മേശവിരി നീല വരകൾ ഉള്ള വെളുത്ത നിറത്തിലുള്ളതാണ്. ഇത് സാധാരണയായി ജൂത ജനതയുമായി ബന്ധപ്പെട്ടതാണ് എന്ന് പറയാം. യേശുവിന്റെയും ശിഷ്യന്മാരുടെയും വംശീയതയെ കുറിച്ചുള്ള ഒരേയൊരു വ്യക്തമായ പരാമർശം ആണിത്. ഇതിനു മുൻപുള്ള ചിത്രങ്ങളിൽ പലതിലും യൂദാസിനെ, യേശുവിൽ നിന്നും മറ്റ് 11 ശിഷ്യന്മാരിൽ നിന്നും വേറിട്ടു നിർത്തി, മേശയുടെ മറുവശത്ത് ആയിരുന്നു പ്രതിഷ്ഠിച്ചിരുന്നത്. യൂദാസിന് മാത്രം ശിരസ്സിനു ചുറ്റുമുള്ള പ്രകാശ വലയവും വരച്ചിരുന്നില്ല. എന്നാൽ ദാവിഞ്ചി ആർക്കും തന്നെ പ്രകാശ വലയം വരച്ചിട്ടില്ല. എങ്കിലും, ഒറ്റുകാരനെ കാഴ്ചക്കാരന് വേർതിരിച്ചറിയാൻ അയാളെ മാത്രം ഇരുട്ടിൻറെ മറ പറ്റി തലകുനിച്ചിരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. ഈ ചിത്രത്തിൻറെ ആഖ്യാനരീതിയും പ്രകാശ വിന്യാസത്തിന്റെ ശൈലിയും മധ്യഭാഗത്തുള്ള യേശുവിലേക്ക് കാഴ്ചക്കാരന്റെ ശ്രദ്ധ തിരിയുന്ന രീതിയിലാണ് ചിത്രകാരൻ ക്രമീകരിച്ചിരിക്കുന്നത്.

കലാ ചരിത്ര പഠനങ്ങളിൽ എക്കാലത്തും ശ്രദ്ധിക്കപ്പെടുന്നതും വിലമതിക്കപ്പെടുന്നതുമായ ചിത്രങ്ങളിൽ മുൻപന്തിയിൽ തന്നെയാണ് ‘ഒടുവിലത്തെ അത്താഴ’ ത്തിൻ്റെ സ്ഥാനം. വിശ്വാസികളുടെ കണ്ണിലും മനസിലും ഇതിനു വിശുദ്ധമായ ഇടമാണ് ഉള്ളത്. അതിനാലാണ് ‘ഒടുവിലത്തെ അത്താഴ’ത്തെ വികലമായി ചിത്രീകരിക്കുന്ന ഏതൊരു കലാരൂപത്തിനുമെതിരെ ലോകമെമ്പാടും പൊതുജന രോഷം ഉയരുന്നത്. ഉത്തമമായ ഒരു കലാസൃഷ്ടിയും അതിലുപരി വിശ്വാസത്തിന്റെ പ്രതീകവുമായി മാറിയിരിക്കുന്ന ‘ഒടുവിലത്തെ അത്താഴ’ത്തിനു വികല അനുകരണങ്ങള്‍ ഉണ്ടാക്കുന്നവര്‍ അപമാനിക്കുന്നത് വിശ്വാസത്തെ മാത്രമല്ല മഹാനായ ലെയൊനാർദൊ ദാവിഞ്ചിയെ കൂടിയാണ്.

ഫാ. സാബു മണ്ണട mcbs

 

 

 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.