
ഡൊമിനിക്കൻ സന്യാസസഭയിലെ ഏറ്റവും വലിയ വിശുദ്ധനാണ് വി. ഡൊമിനിക്. അതുപോലെ തന്നെ അദ്ദേഹത്തിന്റെ പേര് വഹിക്കുന്ന ഡൊമിനിക്കൻസ് സഭയിലെ ഏറ്റവും വലിയ സന്യാസക്രമങ്ങളിൽ ഒന്നാണ്. വി. ഡൊമിനിക്കിന്റെ ഐക്കണോഗ്രാഫികളിൽ ഒരു നായയും ഉൾപ്പെടുന്നു! എന്നാൽ ചിലപ്പോൾ അതിനെ കണ്ടുപിടിക്കാൻ വളരെ സൂക്ഷമമായി നോക്കേണ്ടി വരും. അതിനെ പൊതുവായി വിളിക്കുന്നത് ‘ഡൊമിനിക്കൻ നായ’ എന്നാണ്.
വി. ഡൊമിനിക്കിന്റെ അമ്മ അദ്ദേഹത്തെ പ്രസവിക്കുന്നതിനുമുമ്പ് കണ്ടതായി കരുതപ്പെടുന്ന ഒരു ദർശനവുമായി ബന്ധപ്പെട്ടാണ് ‘ഡൊമിനിക്കൻ നായ’ യുടെ ഉദ്ഭവം. വന്ധ്യയായിരുന്ന അവർ സ്പെയിനിലെ സാന്റോ ഡൊമിംഗോ ഡി സിലോസിന്റെ ആശ്രമത്തിലേക്ക് ഒരു തീർഥാടനം നടത്തി. അതിനു ശേഷം ഒരു നായ തന്റെ ഗർഭപാത്രത്തിൽ നിന്ന് ഒരു പന്തം പിടിച്ച് ചാടി ചുറ്റുമുള്ളതെല്ലാം കത്തിക്കുന്നതായി അവർ സ്വപ്നം കണ്ടു.
താമസിയാതെ, ആ ദമ്പതികൾക്ക് ഒരു മകൻ ജനിച്ചു. പതിനൊന്നാം നൂറ്റാണ്ടിലെ സൈലോസിലെ വിശുദ്ധ ഡൊമിനിക്കിന്റെ ബഹുമാനാർഥമായിരുന്നു അന്ന് അവർ അദ്ദേഹത്തിന് ഡൊമിനിക്ക് എന്ന പേരിട്ടത്. കാരണം അവർ സന്ദർശിച്ച ആശ്രമത്തിന് അദ്ദേഹത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്.
ലാറ്റിൻ ഭാഷയിൽ വാക്കുകളുടെ പ്രത്യേകതയാൽ സ്വപ്നം ദർശനാത്മകമായിരുന്നു. ഡൊമിനിക് തന്റെ ക്രമത്തെ ‘ഓർഡർ ഓഫ് പ്രീച്ചേഴ്‌സ്’ എന്ന് വിളിച്ചെങ്കിലും, അത് പിന്നീട് ‘ഡൊമിനിക്കൻസ്’ എന്നറിയപ്പെട്ടു; ലാറ്റിനിൽ, അത് ‘ഡൊമിനിക്കനസ്’ ആണ്. ഇത് ‘ഡൊമിനി കാനിസി’നോട് വളരെ സാമ്യമുള്ളതാണ് അതായത് “കർത്താവിന്റെ നായ/വേട്ടനായ”എന്നർഥം.
സുവിശേഷ പ്രസംഗത്തിൽ തീക്ഷ്ണത പുലർത്തിയിരുന്ന ആ ഓർഡറിന്റെ ആകർഷണീയത കണക്കിലെടുക്കുമ്പോൾ, കഥയും വാക്കുകളുടെ പ്രത്യേകതയും ഉചിതമാണ്! അതിനാൽ, ഡൊമിനിക്കൻ സന്യാസിമാരെ ‘കർത്താവിന്റെ വേട്ടനായ്ക്കൾ’ എന്നും വിളിക്കുന്നു.




