ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ഓഗസ്റ്റ് 08

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നായ ബോംബെ കോൺഗ്രസ് സമ്മേളനം നടന്നത് 1942 ഓഗസ്റ്റ് എട്ടിനായിരുന്നു. ക്രാന്തി മൈതാനം എന്നുകൂടി അറിയപ്പെടുന്ന ബോംബെയിലെ ഗോവാലിയ ടാങ്ക് മൈതാനത്താണ് സമ്മേളനം നടന്നത്. മൗലാനാ അബ്ദുൾ കലാം ആസാദായിരുന്നു അധ്യക്ഷൻ. ഈ സമ്മേളനത്തിലാണ് ജവഹർലാൽ നെഹ്രു ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ പ്രമേയം അവതരിപ്പിച്ചത്. സർദാർ വല്ലഭായി പട്ടേൽ ഈ പ്രമേയത്തെ പിന്താങ്ങി. ഇതേ സമ്മേളനത്തിലാണ് ‘ജീവിക്കുക അല്ലെങ്കിൽ മരിക്കുക’ എന്ന പ്രശസ്തമായ വാചകം ഉൾക്കൊള്ളുന്ന പ്രംസംഗം ഗാന്ധിജി നടത്തിയത്. സമ്മേളനം കഴിഞ്ഞ ഉടനെ തന്നെ കോൺഗ്രസിലെ പ്രധാന നേതാക്കളെല്ലാം അറസ്റ്റിലായി.

വാട്ടർഗേറ്റ് വിവാദത്തെ തുടർന്ന് അമേരിക്കൻ പ്രസിഡന്റായിരുന്ന റിച്ചാർഡ് നിക്സൺ തന്റെ രാജി പ്രഖ്യാപിച്ചത് 1974 ഓഗസ്റ്റ് എട്ടിനായിരുന്നു. ടെലിവിഷനിലൂടെയാണ് തന്റെ രാജി അദ്ദേഹം രാജ്യത്തെ അറിയിച്ചത്. അമേരിക്കൻ ജനാധിപത്യത്തിനേറ്റ മുറിവുകൾ ഉണക്കാൻ തന്റെ രാജി ഉപകരിക്കട്ടെയെന്നു പ്രസ്താവിച്ചുകൊണ്ടായിരുന്നു നിക്സന്റെ രാജി. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഒരു പ്രസിഡന്റ് രാജിവയ്ക്കേണ്ടി വരുന്നത്. വരാനിരുന്ന തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകളുടെ തെരഞ്ഞെടുപ്പുതന്ത്രങ്ങൾ ചോർത്താൻ റിപ്പബ്ലിക്കൻ സംഘം നടത്തിയ ശ്രമങ്ങളാണ് വാട്ടർ ഗേറ്റ് സ്കാൻഡൽ എന്നറിയപ്പെടുന്നത്. വാഷിംഗ്ടൺ പോസ്റ്റ് എന്ന പത്രത്തിന്റെ ലേഖകരായിരുന്ന ബോബ് വുഡ്വാർഡ്, കാൾ ബേൺസ്റ്റൺ എന്നിവർ നടത്തിയ അന്വേഷണമാണ് ഇക്കാര്യങ്ങൾ വെളിച്ചത്തുകൊണ്ടുവന്നത്.

അടുത്ത കാലത്ത് കേരളത്തെ നടുക്കിയ മഴക്കാല ദുരന്തങ്ങളായ കവളപ്പാറ, പുത്തുമല ഉരുൾപൊട്ടലുകളുണ്ടായത് 2019 ഓഗസ്റ്റ് എട്ടിനായിരുന്നു. കവളപ്പാറയിൽ മുത്തപ്പൻകുന്നിലാണ് ഉരുൾപൊട്ടിയത്. അതിനു താഴ്വാരത്തുണ്ടായിരുന്ന 45 ഓളം വീടുകൾ മണ്ണിനടിയിലായി. രാത്രി എട്ടുമണിയോടെയുണ്ടായ ദുരന്തത്തിൽ 59 പേരാണ് മരണമടഞ്ഞത്. 20 ദിവസങ്ങൾ നീണ്ട തെരച്ചിലിൽ 49 മൃതദേഹങ്ങളാണ് കണ്ടെടുക്കാനായത്. പച്ചക്കാട് മലയിലുണ്ടായ ഉരുൾപൊട്ടലാണ് പുത്തുമലയിലേക്കു പതിച്ചത്. ദുരന്തത്തിൽ 58 വീടുകൾ പൂർണമായും 22 വീടുകൾ ഭാഗികമായും തകർന്നു. മരണമടഞ്ഞ 17 പേരിൽ 12 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് കണ്ടെടുക്കാനായത്.

സുനീഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.