എൽ നിനോ പ്രതിഭാസം രൂക്ഷമാകുന്നു: കോടിക്കണക്കിന് ആളുകൾ പട്ടിണിയിലാകുമെന്ന് മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ

ലോകത്ത് ശക്തിപ്രാപിക്കുന്ന എൽ നിനോ പ്രതിഭാസം മൂലം അടുത്ത വർഷത്തോടെ 49 മില്യണോളം ആളുകൾ കൂടി കടുത്ത പട്ടിണിയിലാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്രസഭ. പസഫിക് സമുദ്രത്തിലെ താപനില ക്രമാതീതമായി ഉയരുന്നതാണ് ലോകമെമ്പാടുമുള്ള കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നത്. ഇത് ദക്ഷിണാഫ്രിക്കയിലും മധ്യ അമേരിക്കയിലും കടുത്ത വരൾച്ചയ്ക്കും ഏഷ്യൻ രാജ്യങ്ങളിൽ മഴയുടെ ലഭ്യതക്കുറവിനും കാരണമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കാലാവസ്ഥയിലുണ്ടാകുന്ന പെട്ടെന്നുള്ള ഈ മാറ്റങ്ങൾ കാർഷികോൽപ്പാദനത്തെ ബാധിക്കുകയും ഭക്ഷ്യവസ്തുക്കളുടെ വില വർധനവിന് വഴിതുറക്കുകയും ചെയ്യും. കടുത്ത വരൾച്ചയും കൃഷിനാശവും ഉണ്ടാകാൻ സാധ്യതയുള്ള 45 രാജ്യങ്ങളെ കേന്ദ്രീകരിച്ചാണ് ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതി പഠനം നടത്തിയത്. വരും നാളുകളിൽ ആഫ്രിക്കൻ, ഏഷ്യൻ മേഖലകളിൽ പട്ടിണി നേരിടുന്നവരുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടാകുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

പ്രതിസന്ധി നേരിടാൻ അന്താരാഷ്ട്ര തലത്തിൽ അടിയന്തര മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശമുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം വിവരശേഖരണവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിൽ നിലവിൽ തടസ്സങ്ങൾ നേരിടുന്നുണ്ട്. എങ്കിലും സാഹചര്യം രൂക്ഷമാകുന്നതിന് മുൻപ് തന്നെ ദുരിതബാധിത മേഖലകളിലെ ജനങ്ങൾക്ക് ആവശ്യമായ സാമ്പത്തികവും അല്ലാത്തതുമായ സഹായങ്ങൾ എത്തിക്കാൻ സന്നദ്ധ സംഘടനകൾ പദ്ധതിയിടുന്നുണ്ട് .

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.