കെസിഡബ്ള്യൂഎ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് നവംബര്‍ 26 -നു തുടക്കം

കോട്ടയം അതിരൂപതയുടെ വനിതാ അത്മായ സംഘടനയായി 1972 നവംബര്‍ 26 -ാം തീയതി തുടക്കം കുറിച്ച ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലിവര്‍ഷ ആഘോഷങ്ങള്‍ക്ക് 2021 നവംബര്‍ 26 -നു തുടക്കം. രാവിലെ 10 മണിക്ക് തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടത്തപ്പെടുന്ന ജൂബിലി ഒരുക്കപ്രാര്‍ത്ഥനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.

തുടര്‍ന്ന് 10.30 -ന് കെസിഡബ്ള്യൂഎ പ്രസിഡന്റ് ജൂബിലി പതാക ഉയര്‍ത്തും. 11 മണിക്ക് ചേരുന്ന പൊതുസമ്മേളനത്തില്‍ കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം അനുഗ്രഹപ്രഭാഷണം നടത്തും. കെസിഡബ്ള്യൂഎ പ്രസിഡന്റ് ലിന്‍സി രാജന്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്‍കും. കേരള ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നടത്തും. സുവര്‍ണ്ണ ജൂബിലി കര്‍മ്മരേഖ തോമസ് ചാഴികാടന്‍ എം.പി. പ്രകാശനം ചെയ്യും. മലബാര്‍ റീജിയണ്‍ ചാപ്ലെയിന്‍ ഫാ. ജോസ് നെടുങ്ങാട്ട് യൂണിറ്റ് പ്രതിനിധികള്‍ക്കു ജൂബിലി പതാക കൈമാറും.

കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കര, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ജോയി കട്ടിയാങ്കല്‍, ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ബ്രസന്‍ ഒഴുങ്ങാലില്‍, കെസിഡബ്ള്യൂഎ മുന്‍ പ്രസിഡന്റ് ഡോ. മേഴ്‌സി ജോണ്‍, കെ.സി.വൈ.എല്‍ പ്രസിഡന്റ് ലിബിന്‍ ജോസ്, സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ സൗമി എസ്.ജെ.സി എന്നിവര്‍ ആശംസകൾ അര്‍പ്പിച്ചു പ്രസംഗിക്കും.

ജനറല്‍ സെക്രട്ടറി ഷൈനി സിറിയക്, ട്രഷറര്‍ എല്‍സമ്മ സക്കറിയ, വൈസ് പ്രസിഡന്റുമാരായ മറിയാമ്മ തോമസ് പാറാനിക്കല്‍, പെണ്ണമ്മ ജയിംസ്, ജോയിന്റ്  സെക്രട്ടറി ജിജി ഷാജി പൂവേലില്‍ എന്നിവര്‍ സംസാരിക്കും.

ഫാ. സജി മെത്താനത്ത് രചിച്ച് ഫാ. ഫിനില്‍ ഈഴാറാത്ത് സി.എം.ഐ ഈണം പകര്‍ന്ന കെസിഡബ്ള്യൂഎ ജൂബിലി ഗാനം 50 കെസിഡബ്ള്യൂഎ അംഗങ്ങള്‍ ചേര്‍ന്ന് വേദിയില്‍ ആലപിക്കും.

മുന്‍ അതിരൂപതാ പ്രസിഡന്റുമാരെ ചടങ്ങില്‍ ആദരിക്കും. കൂടാതെ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്യും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തപ്പെടുന്ന സമ്മേളനത്തില്‍ ഫൊറോന ഭാരവാഹികളും യൂണിറ്റില്‍ നിന്നും ഭാരവാഹികളുടെ പ്രതിനിധികളും പങ്കെടുക്കും. പരിപാടി അതിരൂപതയുടെ യു ട്യൂബ് ചാനലായ അപ്നാദേശ് ടിവിയില്‍ തത്സമയം സംപ്രേഷണം ചെയ്യും.

അതിരൂപതാതല ഉദ്ഘാടന പരിപാടിയുടെ തുടര്‍ച്ചയായി യൂണിറ്റ് തലത്തില്‍ നവംബര്‍ 28 ഞായറാഴ്ച കൃതജ്ഞതാബലിയെ തുടര്‍ന്ന് യൂണിറ്റ് ചാപ്ലെയിന്മാരുടെ നേതൃത്വത്തില്‍ ജൂബിലി പതാക ഉയര്‍ത്തി സുവര്‍ണ്ണ ജൂബിലി ഉദ്ഘാടനം നടത്തപ്പെടും. ഫൊറോന തലത്തിലും വിവിധ പരിപാടികളോടെ ആഘോഷങ്ങള്‍ സംഘടിപ്പിക്കും. മലബാര്‍ റീജിയണ്‍ ഉദ്ഘാടനം ഡിസംബര്‍ 11 -ന് ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ നടത്തപ്പെടും.

ജൂബിലി മുന്നൊരുക്കമായി നേതൃസംഗമങ്ങളും യൂണിറ്റ് ചാപ്ലെയിന്മാരുടെയും സിസ്റ്റര്‍ അഡൈ്വസേഴ്‌സിന്റെയും മുന്‍കാല ഭാരവാഹികളുടെയും യോഗങ്ങളും ഫൊറോന കൗണ്‍സിലുകളും സംഘടിപ്പിച്ച് ചര്‍ച്ചകള്‍ നടത്തി ആശയങ്ങള്‍ ക്രോഡീകരിച്ചാണ് ജൂബിലി കര്‍മ്മപദ്ധതികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. ആഘോഷപരിപാടികളുടെ സുഗമമായ നടത്തിപ്പിലേക്കായി വിവിധ കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. യൂണിറ്റ് തലത്തില്‍ ആശംസാ സന്ദേശങ്ങളടങ്ങുന്ന വീഡിയോ കെസിഡബ്ള്യൂഎ അംഗങ്ങള്‍ തയ്യാറാക്കി വരുന്നു.

ജൂബിലി വര്‍ഷത്തില്‍ കെസിഡബ്ള്യൂഎ അതിരൂപതാ ഫാമിലി കമ്മീഷനുമായി സഹകരിച്ച് അതിരൂപതയിലെ പതിനാല് ഫൊറോനകളിലും വിവാഹത്തിന്റെ രജത, സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ദമ്പതിമാരെ ആദരിക്കും. കലാകായിക മത്സരങ്ങള്‍, മെമ്പര്‍ഷിപ്പ് ക്യാമ്പെയിന്‍, ഭവനപുനരുദ്ധാരണ പദ്ധതി തുടങ്ങി വിവിധ കര്‍മ്മപരിപാടികളാണ് 2022 നവംബര്‍ വരെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് കെസിഡബ്ള്യൂഎ മുഖ്യമായും നടപ്പിലാക്കുന്നതെന്ന് അതിരൂപതാ ഭാരവാഹികള്‍ അറിയിച്ചു.

ഷൈനി സിറിയക്, ജനറല്‍ സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.