ജൂലൈ മൂന്നിന് മരണമടഞ്ഞ ഒരു കുഞ്ഞു ക്യാൻസർ രോഗിയുടെ വിശുദ്ധകഥ

“ഈശോയേ, എന്റെ ഒരു കുഞ്ഞുകാൽ നിനക്കു തന്നതാണേ.”

“അമ്മേ, ഞാൻ മരിക്കുമ്പോൾ അമ്മ കരയരുത്. ഉണ്ണീശോയുടെ വി. കൊച്ചുത്രേസ്യാ എന്നോടു പറഞ്ഞു എന്റെ സമയമായെന്ന്. അമ്മേ ഞാൻ പോകട്ടെ.”

അന്തോനിയെത്ത മെയൊ എന്ന ഈ കൊച്ചുപെൺകുട്ടി ആധുനിക കാലഘട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിശുദ്ധ ആകാനുള്ള പ്രയാണത്തിലാണ്. ധന്യയായ അന്തോനിയെത്ത മെയൊ (Antonietta Meo) എന്ന കൊച്ചുപെൺകുട്ടി അവളുടെ കാൻസർ രോഗം ഈശോയ്ക്ക് സമർപ്പിച്ചതിലൂടെ പ്രസിദ്ധയാണ്. അന്തോനിയെത്തയെ വിശുദ്ധ പദവിയിലേക്ക് ഉയർത്താനുള്ള നാമകരണ നടപടികൾ പുരോഗമിക്കുകയാണ്. വിശുദ്ധയായി സഭ ഓദ്യോഗിമായി ഉയർത്തുകയാണങ്കിൽ അന്തോനിയെത്ത മെയൊ എന്ന നെന്നൊലീന തിരുസഭാചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ (രക്തസാക്ഷിയല്ലാത്ത) വിശുദ്ധയാകും.

ഇറ്റലിയിലെ റോമിൽ 1930 ഡിസംബർ 15-നാണ് നെന്നൊലീന ജനിച്ചത്. മൂന്നാം വയസ് മുതൽ അടുത്തുള്ള കത്തോലിക്കാ സ്കൂളിൽ പോകാൻ ആരംഭിച്ചു. എല്ലാവരുടെയും ഓമനയായിരുന്ന അന്തോനിയെത്ത കുട്ടിക്കാലം മുതലേ പാവങ്ങളോട് പ്രത്യേക പരിഗണന കാട്ടിയിരുന്നു. പാവപ്പെട്ടവരെ കാണുമ്പോൾ അവർക്ക് പൈസാ നൽകാൻ മാതാപിതാക്കളോട് അവൾ അവശ്യപ്പെട്ടിരുന്നു.

അന്തോനിയെത്തക്ക് നാലു വയസ്സായപ്പോൾ അവളുടെ ഇടതുകാലിലെ ഒരു നീർവീക്കം മാതാപിതാക്കളുടെ ശ്രദ്ധയിൽപെട്ടു. ആരംഭത്തില്‍ അത് അത്ര ഗൗരവമായി കണ്ടില്ല. പിന്നീടുള്ള തുടർപരിശോധനകളിൽ നിന്നും കുഞ്ഞു അന്തോനിയെത്തയുടെ എല്ലിന് മാരകമായ ക്യാൻസർ രോഗം ബാധിച്ചതായി കണ്ടെത്തി. അവൾക്ക് അഞ്ചു വയസ്സ് എത്തിയപ്പോഴേക്കും ഒരു കാൽ മുറിച്ചുകളഞ്ഞിരുന്നു. കൃത്രിമ കാലിൽ സ്കൂൾ ജീവിതം അവൾ പുനരാരംഭിച്ചു. വൈകുന്നേരങ്ങളിൽ അമ്മ വേദപാഠം പഠിപ്പിച്ചുപോന്നു. ഈ സമയങ്ങളിൽ ഈശോയ്ക്കും മാതാവിനും വിശുദ്ധർക്കും കത്തെഴുതാൻ അമ്മ അവളെ പരിശീലിപ്പിച്ചിരുന്നു. ഇപ്രകാരമുള്ള നൂറുകണക്കിനു കത്തുകൾ അന്തോനിയെത്ത മെയൊ എഴുതിയിട്ടുണ്ട്.

ഈ കത്തുകൾ ഉണ്ണീശോയ്ക്ക് വായിക്കാനായി അവളുടെ മുറിയിലുള്ള ഉണ്ണീശോയുടെ രൂപത്തിനു മുമ്പിൽ രാത്രികാലങ്ങളിൽ വച്ചിരുന്നു. ഈ കൊച്ചുകത്തുകളിലുടെ അവളുടെ കുഞ്ഞുതെറ്റുകൾക്ക് ക്ഷമ ചോദിക്കുകയും അവളെത്തന്നെ ഈശോയ്ക്ക് സമർപ്പിക്കയും ചെയ്യുക പതിവാക്കിയിരുന്നു.

തന്നെ പഠിപ്പിച്ച കോൺവെന്റ് സ്കൂളിലെ സിസ്റ്റർക്ക്, തന്റെ ആദ്യകുർബാന സ്വീകരണം നേരെത്തെയാക്കാൻ അന്തോനിയെത്ത കത്ത് എഴുതി. 1936 -ലെ ക്രിസ്തുമസ് ദിനത്തിൽ അവൾ ഈശോയെ സ്വീകരിച്ചു. വേദന സഹിച്ച്, കൃത്രിമ കാലിൽ മുട്ടുകുത്തി ഈശോയെ ആദ്യമായി സ്വീകരിക്കാൻ ഭക്തിപൂർവ്വം കൈകൾ കൂപ്പി അന്തോനിയെത്ത നിന്നപ്പോൾ കണ്ടുനിന്നവരുടെ മിഴികൾ അവരറിയാതെ തന്നെ ഈറനണിഞ്ഞു. ആദ്യകുർബാന സ്വീകരണത്തിന് തൊട്ടുമുമ്പ് ഈശോയ്‌ക്ക് എഴുതിയ കത്തിൽ അവൾ ഇപ്രകാരം കുറിച്ചു: “ഈശോയേ, നിന്റെ സഹായമില്ലാതെ എനിക്ക് ഒന്നിനും പറ്റുകയില്ലാ കേട്ടോ.”

ദിവസങ്ങൾ പിന്നിടുന്തോറും വേദന രൂക്ഷമാകാൻ തുടങ്ങി. അവൾക്ക് ഇരിക്കാനോ കിടക്കാനോ സാധിക്കാത്ത അവസ്ഥയെത്തി. ശരീരമാസകലം ക്യാൻസർ വ്യാപിച്ചു. അതിശയകരമായ രീതിയിൽ അവളുടെ വേദനകളും സഹനങ്ങളും ഈശോക്ക് സമർപ്പിക്കാൻ അവൾ പഠിച്ചിരുന്നു. ഒരിക്കൽ അവൾ എഴുതി: “ഈശോയേ, എന്റെ ഒരു കാൽ ഞാൻ നിനക്കു തന്നതാണേ. എനിക്ക് ഭയങ്കര വേദനയാണ്. വേദന കൂടുമ്പോൾ അതിന്റെ മൂല്യം കൂടുമെന്ന് അമ്മ പറഞ്ഞുതന്നത് എനിക്ക് ആശ്വാസം പകരുന്നു.”

മരണത്തിന് എതാനും ദിവസങ്ങൾക്കു മുമ്പ് ഈശോയ്‌ക്ക് അവസാന കത്ത് എഴുതണമെന്ന് അന്തോനിയെത്ത ശാഠ്യം പിടിച്ചു. ആ കത്തിൽ അവൾ എഴുതി: “ഈശോയേ, എന്നെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്ത എല്ലാവരെയും അനുഗ്രഹിക്കണമേ. നിന്റെ കുഞ്ഞുകൂട്ടുകാരി നിനക്ക് ഒത്തിരി ഉമ്മകൾ അയക്കുന്നു.”

1937 ജൂലൈ 3 -ന് രാത്രി മരിക്കുന്നതിനു മുമ്പ് അവൾ അമ്മയോടു പറഞ്ഞു: “അമ്മേ, ഞാൻ മരിക്കുമ്പോൾ അമ്മ കരയരുത്. ഉണ്ണീശോയുടെ വി. കൊച്ചുത്രേസ്യാ എന്നോടു പറഞ്ഞു എന്റെ സമയമായെന്ന്. അമ്മേ ഞാൻ പോകട്ടെ.” പുഞ്ചിരിച്ചുകൊണ്ട് ആറാം വയസ്സിൽ ആ കുഞ്ഞുമാലാഖ പറന്നകന്നു.

2007 ഡിസംബർ 17 -ന് ബനഡിക്ട് പതിനാറാമൻ മാർപാപ്പ അന്തോനിയെത്ത മെയൊ എന്ന നെന്നൊലീനയെ ധന്യയായി പ്രഖ്യാപിച്ചു. സഹനങ്ങൾക്കിടയിലും ജീവിതപരിശുദ്ധി കാത്തുസൂക്ഷിച്ച ഈ കൊച്ചുമാലാഖ കുട്ടികളുടെ മാത്രമല്ല, മുതിന്നവർക്കും പോലും അനുകരിക്കേണ്ട ഒരു മാതൃകയും മദ്ധ്യസ്ഥയുമാണ്. വിശുദ്ധിയുടെ ഒരു കുഞ്ഞു സുവിശേഷം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.