ക്രൈസ്തവർക്ക് ആശ്വാസമായി തജിക്കിസ്ഥാനിൽ ആദ്യ സന്യാസഭവനം

അയൽരാജ്യമായ അഫ്‌ഗാനിസ്ഥാനിൽ ആക്രമണങ്ങൾ വർദ്ധിക്കുന്നതിനോടൊപ്പം വിശ്വാസികൾക്ക് പ്രതീക്ഷ നൽകിക്കൊണ്ട് തജിക്കിസ്ഥാനിൽ ആദ്യത്തെ സന്യാസഭവനം സ്ഥാപിക്കപ്പെട്ടു. വി. ജോൺപോൾ രണ്ടാമൻ പാപ്പായുടെ പേരിലാണ് ഈ ആശ്രമം അറിയപ്പെടുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻകാർണറ്റ് വേർഡ് സന്യാസ സഭയുടെ ആശ്രമമാണ് ഇവിടെ ആരംഭിച്ചിരിക്കുന്നത്.

കമ്മ്യൂണിസം വിശ്വാസത്തിന്റെ സ്വതന്ത്രമായ ആവിഷ്കാരത്തെ തടഞ്ഞപ്പോൾ മധ്യ ഏഷ്യയിൽ അപ്പസ്തോലിക ദൗത്യത്തെ പ്രോത്സാഹിപ്പിച്ച ജോൺപോൾ രണ്ടാമൻ പാപ്പായുടെ പേര് ഈ മഠത്തിന് നൽകിക്കൊണ്ട് അദ്ദേഹത്തെ ആദരിക്കുകയാണ് ചെയ്യുന്നത്.

“ഞങ്ങൾക്ക് ഈ മഠം വളരെ പ്രധാനപ്പെട്ട അർത്ഥം നൽകുന്ന ഒന്നാണ്. കാരണം അപ്പസ്തോലിക ദൗത്യത്തിന്റെ ഫലത്തിനായി പ്രാർത്ഥിക്കുന്ന സമർപ്പിതരാണ് ഇവിടെയുള്ളത്. അത് വളരെ വലിയൊരു കാര്യമാണ്” – തജിക്കിസ്ഥാനിലെ കത്തോലിക്കാ പുരോഹിതനായ പെഡ്രോ ലോപസ് പറഞ്ഞു.

1970 -കളുടെ അവസാനത്തിൽ സ്റ്റാലിന്റെ ഭരണത്തിൽ പുരോഹിതന്മാരും മറ്റു കത്തോലിക്കാ വിശ്വാസികളും നാടുകടത്തപ്പെട്ടതോടെ തജിക്കിസ്ഥാനിൽ കത്തോലിക്കാ വിശ്വാസത്തിന് മങ്ങലേറ്റിരുന്നു. 1990 -കളിൽ വിശ്വാസികൾ തങ്ങളുടെ രാജ്യത്തിലേക്ക് മടങ്ങിയെത്തിയപ്പോൾ മൂന്നു ദൈവാലയങ്ങൾ സ്ഥാപിക്കപ്പെട്ടു. മഠത്തിന്റെ സ്ഥാപനകർമ്മത്തിനോടൊപ്പം പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപവുമായി പ്രദക്ഷിണം നടത്തുകയും രൂപം മഠത്തിൽ സ്ഥാപിക്കുകയും ചെയ്തു. നിലവിൽ രാജ്യത്ത് മതപരമായ ആചാരങ്ങൾക്ക് വിലക്കൊന്നുമില്ലെങ്കിലും വിശ്വാസത്തിന്റെ പരസ്യപ്രകടനങ്ങൾ നടത്തുന്നത് പതിവല്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.