വി. മത്തായിയുടെ തിരുനാൾ ദിനമാണ് താൻ ദൈവവിളി സ്വീകരിച്ചെതെന്ന് ഫ്രാൻസിസ് പാപ്പാ

66 വർഷങ്ങൾക്കു മുമ്പ്, ഇന്നത്തെപ്പോലെ ഒരു ദിവസം, വി. മത്തായി ശ്ലീഹായുടെ തിരുനാൾ ദിനത്തിലാണ് താൻ പൗരോഹിത്യജീവിതത്തിലേയ്ക്കുള്ള ദൈവവിളി സ്വീകരിച്ചെതെന്ന് വെളിപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. 2013-ലെ പെന്തക്കോസ്ത് വിജിലിൽ, വിവിധ സഭാപ്രസ്ഥാനങ്ങളുടെയും അസോസിയേഷനുകളുടെയും പ്രതിനിധികൾക്കു മുമ്പാകെ, മാർപാപ്പയുമായി നേരിട്ടുള്ള സംഭാഷണമധ്യേ ഒരു യുവതിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

“എൻ്റെ ജീവിതത്തിലെ ഒരു സുപ്രധാന ദിനമായിരുന്നു 1953 സെപ്റ്റംബർ 21. അന്ന് ഞാൻ അർജന്റീനയിൽ ഒരു വിദ്യാർത്ഥി ആയിരുന്നു. ഒരു പാർട്ടിക്ക് പോകുന്നതിനു മുമ്പായി അവിടുത്തെ ഇടവക പള്ളിയിൽ ഞാൻ പ്രാര്‍ത്ഥിക്കുവാനായി പോയി. അവിടുത്തെ വൈദികനെ കണ്ടുമുട്ടി, അദ്ദേഹത്തിന്റെ അടുത്ത് കുമ്പസാരിച്ചു. എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല; എനിക്ക് ഓർമ്മയില്ല, എന്തുകൊണ്ടാണ് ആ വൈദികൻ അവിടെ ഉണ്ടായിരുന്നതെന്നോ എന്തിനാണ് ഞാൻ അപ്പോൾ കുമ്പസാരിച്ചതെന്നോ പോലും എനിക്കറിയില്ല. ആ കുമ്പസാരത്തിനുശേഷം എനിക്ക് എന്തോ മാറ്റം സംഭവിച്ചതായി എനിക്ക് മനസിലായി” – പാപ്പാ പറയുന്നു.

അതിനുശേഷം എന്തോ ഒരു ശബ്ദവും വിളിയും അദ്ദേഹത്തിന് അനുഭവപ്പെട്ടു തുടങ്ങി. പിന്നീട് വൈദികനാകാനുള്ള ശക്തമായ ആഗ്രഹം പ്രബലപ്പെട്ടു. വളരെക്കാലമായി ദൈവം, അദ്ദേഹത്തെ കാത്തിരിക്കുന്ന ഒരു അനുഭവം.

ഫാ. ബെർഗോളിയോ ബിഷപ്പായി അഭിഷിക്തനായ ശേഷവും ‘അവൻ എന്നെ കരുണയോടെ നോക്കി, എന്നെ തിരഞ്ഞെടുത്തു’ എന്ന ആപ്തവാക്യമായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്. ഇന്ന്, ഫ്രാൻസിസ് പാപ്പ ഈ വാക്യം അദ്ദേഹത്തിന്റെ മേലങ്കിയിൽ സൂക്ഷിക്കുന്നു. അതോടൊപ്പം മത്തായിയുടെ സുവിശേഷം പ്രത്യേകിച്ച്, കരുണയുടെ പ്രവൃത്തികളെക്കുറിച്ച് പ്രതിപാദിക്കുന്ന 25-‍ാ‍ം അധ്യായം വായിക്കുവാനും എപ്പോഴും ശുപാർശ ചെയ്യുന്നു.

2015-ൽ വി. മത്തായിയുടെ തിരുനാളിൽ ക്യൂബയിലെ ഹോൾഗ്വിനിൽ അർപ്പിച്ച വിശുദ്ധ ബലിയിൽ ഫ്രാൻസിസ് മാർപാപ്പ ഇപ്രകാരം പറഞ്ഞു: “ഈശോ ചുങ്കസ്ഥലത്തു കൂടി കടന്നുപോകുമ്പോൾ കരുണയുടെ കണ്ണുകളോടെ മത്തായിയെ നോക്കി. മുമ്പ് ആരും തന്നെ നോക്കാത്തതുപോലെ ഈശോ അവനെ നോക്കി. ആ നോട്ടം അവന്റെ ഹൃദയം തുറന്നു, സ്വതന്ത്രനാക്കി, സുഖപ്പെടുത്തി, പ്രത്യാശ നൽകി.പിന്നീടങ്ങോട്ട് അദ്ദേഹത്തിന്റേത് ഒരു പുതിയ ജീവിതമായിരുന്നു.”

2018 സെപ്റ്റംബർ 21 വെള്ളിയാഴ്ച കാസ സാന്താ മാർത്ത ചാപ്പലിൽ വച്ച് ദിവ്യബലിമധ്യേ വി. മത്തായിയുടെ തൊഴിലിന്റെ സുവിശേഷത്തെക്കുറിച്ച് പാപ്പാ പറയുകയുണ്ടായി. സഭയുടെ വളർച്ചയിൽ, വളരെ താഴ്ന്ന അവസ്ഥയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ധാരാളം പേരുണ്ട്. ക്രിസ്ത്യാനികളായ നമുക്ക് നാം തിരഞ്ഞെടുക്കപ്പെട്ട സ്ഥലത്തെക്കുറിച്ചുള്ള അവബോധമുണ്ടായിരിക്കണം. നമ്മുടെ കുറവുകളെക്കുറിച്ചുള്ള ഓർമ്മ ജീവിതത്തിലുണ്ടായിരിക്കണം. തന്റെ ജീവിതാവസ്ഥകളെക്കുറിച്ച് ഒരിക്കലും മറക്കാത്ത മത്തായി ശ്ലീഹാ ഇതിനൊരു ഉദാഹരണമാണ്. അതിനാൽ, യേശുവിന്റെ കരുണയാണ് തന്നെ രക്ഷിച്ചതെന്ന് ഏതൊരു വിളിക്കപ്പെട്ടവനും അറിഞ്ഞിരിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ് – പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.