ഈ സിസ്റ്റർ വെറും ഡോക്ടറല്ല; പാവങ്ങളുടെ സ്വന്തം ഡോക്ടർ

സി. സൗമ്യ DSHJ

സിഎംസി കോൺഗ്രിഗേഷനിലെ ജാർഖണ്ഡ് ഹസാരിബാഗിലുള്ള മിഷൻ പ്രൊവിൻസാണ് ‘കാർമ്മൽ മാതാ പ്രൊവിൻസ്.’ ഇവിടെ ആതുരസേവനരംഗത്ത് പ്രവർത്തിക്കുന്ന മിഷനറിയായ ഒരു ഡോക്ടർ സിസ്റ്ററുണ്ട്. ഗൈനക്കോളജിസ്റ്റായ സി. ജിയോ കുര്യൻ.

ഗോദ്ദാ ജില്ലയിലെ ഇവരുടെ ആശുപത്രിയിൽ കഴിഞ്ഞ രണ്ട് വർഷമായി സിസ്റ്റർ തന്റെ സേവനം തുടരുന്നു. കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ മരുന്നുകൾക്കും ചികിത്സാ ഉപകരണങ്ങൾക്കും വളരെയേറെ പരിമിതികൾ നേരിട്ടിരുന്നുവെങ്കിലും പ്രാർത്ഥനയെ ആയുധമാക്കി ഈ സിസ്റ്റർ നടത്തിയ സേവനങ്ങളെ നമുക്കൊന്ന് പരിചയപ്പെടാം…

വളരെ പാവപ്പെട്ടവരായ ആളുകളുടെ ഇടയിലെ സേവനം   

നമ്മുടെ നാട് പോലെ തന്നെ പാവപ്പെട്ടവരും പണക്കാരും അടങ്ങിയ ഒരു സമൂഹമാണ് ഇവിടെയുള്ളത്. അതിൽ ബിസിനസുകാരും ജോലിക്കാരും ഗോത്രവർഗ്ഗക്കാരും പാവപ്പെട്ടവരും ഒക്കെയുണ്ട്. ഇവിടെയുള്ള ഗോത്രവർഗ്ഗക്കാരായ ആളുകൾക്ക് തങ്ങളുടെ ഇടയിൽ സേവനം ചെയ്യുന്ന ഈ സിസ്റ്റേഴ്സിനോട് വളരെ സ്നേഹമുണ്ട്. വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്തവരാണെങ്കിലും ദൈവവിശ്വാസത്തിൽ ഇവർ മുൻപന്തിയിൽ തന്നെയാണ്.

കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. നെല്ല്, ചോളം, ഗോതമ്പ് എന്നിവയൊക്കെയാണ് ഇവരുടെ പ്രധാന കൃഷികൾ. അതിനാൽ തന്നെ ഇവർക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ടില്ല. എന്നാൽ, പണമായി കൈയ്യിൽ ഒന്നും കാണില്ല എന്നുമാത്രം. എന്തെങ്കിലും രോഗം വന്നാലോ അപകടം സംഭവിച്ചാലോ ഇവർ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്നത് അവസാന നിമിഷമായിരിക്കും. അറിവില്ലായ്മയാണ് ഇതിന് പ്രധാന കാരണം. മദ്യപാനം, ചെറുപ്പത്തിലേ വിവാഹം കഴിക്കുക, വിവാഹം കഴിക്കുന്നതിന് മുൻപ് ഒന്നിച്ചു താമസിക്കുക എന്നീ രീതികളൊക്കെ ഇവരുടെ ഇടയിലുണ്ട്.

ഗോത്രവർഗ്ഗക്കാരായ ആളുകൾ പൊതുവെ വിദ്യാഭ്യാസകാര്യങ്ങളിൽ വളരെ പിറകോട്ടാണ്. അതിന്റെ ആവശ്യത്തെക്കുറിച്ച് അവർ ബോധവാന്മാരല്ല എന്നതാണ് പ്രധാന കാരണം. അതിനാൽ തന്നെ സിസ്റ്റേഴ്സ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇവരെ ബോധ്യപ്പെടുത്തി. ഇവിടെ സിസ്റ്റേഴ്സ് ഹിന്ദി മീഡിയം സ്‌കൂളും പെൺകുട്ടികൾക്കു വേണ്ടിയുള്ള ഹോസ്റ്റലും നടത്തുന്നുണ്ട്. അതിനാൽ പത്താം ക്ലാസ്സ് വരെ ഇവർ എങ്ങനെയെങ്കിലുമൊക്കെ പഠിക്കും. എന്നാൽ, മുന്നോട്ടുള്ള വിദ്യാഭ്യാസം പലർക്കും മുടങ്ങും.

ആശുപത്രിയോടനുബന്ധിച്ച് ഈ സിസ്റ്റേഴ്സ് നടത്തുന്ന നേഴ്‌സിംഗ് സ്‌കൂൾ ഗോത്രവർഗ്ഗക്കാരായ കുട്ടികൾക്കു വേണ്ടിയുള്ളതാണ്. അതിനാൽ, ഇപ്പോൾ പെൺകുട്ടികൾ പലപ്പോഴും നേഴ്‌സിങ് മേഖലയിലേക്ക് കടന്നുവരുന്നുണ്ട്. ഈ കുട്ടികൾക്കായി 25 -ഓളം സീറ്റുകൾ തന്നെ ഈ കോളേജിൽ നൽകുകയും ചെയ്തുവരുന്നു. ഇങ്ങനെ പഠിച്ച കുട്ടികൾ ഗവണ്മെന്റ് തലത്തിൽ വരെ ജോലിയിൽ പ്രവേശിച്ചിട്ടുമുണ്ട്. പണമില്ലാത്തതല്ല പ്രശ്‍നം. അത്യാവശ്യങ്ങളെക്കുറിച്ചുള്ള അവബോധമില്ലായ്മയാണ്.

ഹിന്ദുക്കളും മുസ്ലീങ്ങളും ആണ് കൂടുതലും സിസ്റ്റേഴ്സ് നടത്തുന്ന ഈ ആശുപത്രിയിൽ വരുന്നത്. എന്നാൽ വളരെ പരിമിതമായ ചികിത്സാസൗകര്യങ്ങൾ മാത്രമേ ഗവൺമെന്റിൽ നിന്നും ഇവർക്ക് ലഭിക്കുന്നുള്ളൂ. ഇവർക്ക് മാത്രമല്ല, ജാർഖണ്ഡിൽ തന്നെ ചികിത്സയ്ക്കും മറ്റ് അത്യാവശ്യ സൗകര്യങ്ങൾക്കും വളരെയേറെ കുറവുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് സ്ഥിതി വളരെയേറെ രൂക്ഷമായത്. ഈ ഒരു ജില്ലയിൽ ഒരു ഇൻക്യൂബേറ്റിവ് വെന്റിലേറ്റർ പോലുമില്ലാത്ത അവസ്ഥയാണ്. യഥാർത്ഥത്തിൽ ഈ കോവിഡ് കാലഘട്ടത്തിൽ നമുക്കേറ്റവും ആവശ്യമുള്ളതും ഇത്തരം ചികിത്സാ ഉപകരണങ്ങൾ ആയിരുന്നല്ലോ.

കോവിഡിന്റെ അതിരൂക്ഷമായ ഈ ഒരു സാഹചര്യത്തെ അതിജീവിക്കാൻ പ്രാർത്ഥന കൊണ്ടും പ്രയത്നം കൊണ്ടും സി. ജിയോ അക്ഷീണം യത്‌നിച്ചു. വളരെ വേദനാജനകമായതും ഉത്ക്കണ്ഠ നിറഞ്ഞതുമായ നിരവധി സാഹചര്യങ്ങളിലൂടെ ഈ ഡോക്ടർ സിസ്റ്ററിന് ഈ കാലഘട്ടത്തിൽ കടന്നുപോകേണ്ടി വന്നു. സ്വന്തം സിസ്റ്റേഴ്സ് ഒരുവശത്ത് കോവിഡ് രോഗത്താൽ ക്ലേശിക്കുന്നു. സാധാരണ രോഗികളുടെ പ്രസവം, സിസേറിയൻ, കോവിഡ് പോസിറ്റീവ് ആയവരുടെ പ്രസവം ഇവയെല്ലാം ആശുപത്രിയിൽ നടന്നുകൊണ്ടിരുന്നു. കാരണം, ആശുപത്രികളുടെ കുറവ് കോവിഡ് ബാധിച്ച സിസ്റ്റേഴ്സിനെയും കുറച്ചൊന്നുമല്ല ബാധിച്ചത്. കോവിഡ് മൂലം രണ്ട് സിസ്റ്റേഴ്സ് ആണ് ഇവിടെ മരിച്ചത്.

ചികിത്സാ ഉപകരണങ്ങളുടെ അപര്യാപ്തത

കോവിഡിന്റെ ഈ സാഹചര്യത്തിൽ തിരിച്ചറിഞ്ഞ ഞെട്ടിപ്പിക്കുന്ന ഒരു സത്യമാണ്, ഈ നാട്ടിൽ രോഗികളെ ഷിഫ്റ്റ് ചെയ്യാൻ ഒരു ആംബുലൻസ് പോലും ഇല്ല എന്നത്. ഇവിടെ അടുത്ത് അത്യാവശ്യ സൗകര്യങ്ങളുള്ള രണ്ട് സ്ഥലങ്ങൾ റാഞ്ചി, കൽക്കട്ട എന്നിവിടങ്ങളാണ്. അങ്ങോട്ട് ഷിഫ്റ്റ് ചെയ്യണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിക്കണം. ഗോദ്ദാ ജില്ലയിൽ നിന്നും റാഞ്ചിയിലേക്കും കൽക്കട്ടയിലേക്കും ഒൻപതു മണിക്കൂർ നീണ്ട യാത്രയുണ്ട്. ബീഹാറിലുള്ള ഭഗൽപൂർ ആണ് തൊട്ടടുത്തുള്ള സിറ്റി. മറ്റൊരു സംസ്ഥാനമാണെങ്കിൽ കൂടി ഇവിടെ നിന്നും ഏകദേശം രണ്ട് മണിക്കൂർ യാത്രയേ ഉള്ളൂ. രൂപതാകേന്ദ്രവും ഇവിടെ തന്നെയാണ്. ഭഗൽപൂരാണ് മെഡിക്കൽ കോളേജ് ആശുപത്രിയുള്ളത്. എന്നാൽ, ചികിത്സയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒന്നുംതന്നെ ഇവിടെ ലഭ്യമല്ല. അതിനാൽ രോഗികൾ അങ്ങോട്ട് പോകാറേയില്ല.

കോവിഡ് രൂക്ഷമായ ഈ കാലഘട്ടത്തിൽ ഇരുപത്തിയഞ്ചോളം സിസ്റ്റേഴ്സ് ഇവിടെ കോവിഡ് രോഗബാധിതരായി. മൂന്ന്-നാല് പേരുടെ അവസ്ഥ അത്യന്തം ഗുരുതരമായിരുന്നു. ഈ ഒരു സാഹചര്യത്തിൽ മികച്ച ചികിത്സയുടെ അപര്യാപ്തത വളരെ ഗുരുതരമായ പ്രശ്‌നമായി ഇവർ കൺമുൻപിൽ അനുഭവിച്ചറിഞ്ഞു. റാഞ്ചിയിലോ കൽക്കട്ടയിലോ പോയാലും വേണ്ടത്ര ചികിത്സ ലഭ്യമാകാത്ത സാഹചര്യവും ദൂരക്കൂടുതലും കോവിഡ് ഗുരുതരമായ സാഹചര്യത്തിൽ പ്രതിബന്ധമായി.

50 ബെഡുകൾ മാത്രമുള്ള ഈ ആശുപത്രിയിൽ സി. ജിയോ ആണെങ്കിൽ ഗൈനക്കോളജി വിഭാഗം ഡോക്ടർ. കോവിഡ് രോഗികളെ ചികിത്സിക്കുമ്പോൾ മരുന്നുകൾ പോലും ചില അവസരങ്ങളിൽ കിട്ടാനില്ലാത്ത സാഹചര്യമുണ്ടായിരുന്നു. ദിവസങ്ങളോളം ഓക്സിജന്റെ സപ്പോർട്ടോടെ കിടന്ന സിസ്റ്റേഴ്സും ഉണ്ട്. നല്ല ഓക്സിജൻ സപ്പോർട്ടോ മോണിറ്ററോ ഒക്കെയുള്ള നല്ല ഒരു ആംബുലൻസ് പോലും ഇവിടെയില്ല. രോഗം അത്യന്തം വഷളായപ്പോൾ മൂന്ന് ആംബുലൻസ് മാറിയാണ് രോഗിയെ കൽക്കട്ടയിലെ ആശുപത്രിയിൽ എത്തിച്ചത്. ഒൻപതു മണിക്കൂർ കൊണ്ട് എത്തേണ്ട ആംബുലൻസ് എത്തിയത് മണിക്കൂറുകൾ താമസിച്ചാണ്. ഒരു രോഗിക്ക് രോഗം കൂടിയാൽ ഷിഫ്റ്റ് ചെയ്യുന്നതുപോലും അത്ര ബുദ്ധിമുട്ടിയാണ് എന്ന് ഈ ഡോക്ടർ സിസ്റ്റർ പറയുന്നു.

ഒരു മിഷനറിയായ ഡോക്ടർ ആയതിൽ ഞാൻ അഭിമാനിക്കുന്നു

“ഒരു സാധാരണ ഡോക്ടർ എന്നതിനേക്കാൾ പാവപ്പെട്ടവരുടെ ഇടയിൽ ശുശ്രൂഷ ചെയ്യുന്ന ഒരു മിഷനറി ഡോക്ടർ ആയതിൽ ഞാൻ അഭിമാനിക്കുന്നു. ഇത്രയും ആവശ്യമുള്ള ഒരു സ്ഥലത്ത് ഒരു ഡോക്ടർ ആയതിനാൽ എനിക്ക് കൂടുതൽ സന്തോഷമുണ്ട്. എന്നെ ഇവിടെയുള്ളവർക്ക് ആവശ്യമുണ്ടെന്ന് എനിക്കറിയാം. ഒരു ഡോക്ടർ എന്ന നിലയിൽ എന്നെക്കൊണ്ട് ഒരുപാട് പേർക്ക് ആവശ്യമുണ്ടെന്ന ഒരു തിരിച്ചറിവ് എനിക്ക് കൂടുതൽ സന്തോഷം പകരുന്നു. ഒരു സിസ്റ്റർ എന്ന നിലയിലും ഈ പാവപ്പെട്ടവരോടൊപ്പം ആയിരിക്കുന്നതിലും ഞാൻ തികച്ചും സന്തോഷവതിയാണ്. ഒരു മിഷനറി സന്യാസിനിയായതിൽ ഞാൻ തികച്ചും സംതൃപ്തയാണ്” – സി. ജിയോ പറയുന്നു.

കാർമ്മൽ മാതാ പ്രൊവിൻസ് 

ആകെ 21 കോൺവെന്റുകളാണ് സിഎംസി കോൺഗ്രിഗേഷന്റെ മിഷൻ പ്രൊവിൻസായ കാർമ്മൽ മാതാ പ്രൊവിൻസിലുള്ളത്. വെസ്റ്റ് ബംഗാൾ, ജാർഖണ്ഡ്, മദ്ധ്യപ്രദേശ്, ഛത്തീസ്‌ഗഢ് എന്നിവിടങ്ങളിലായി ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിലായി ഈ പ്രൊവിൻസ് വ്യാപിച്ചുകിടക്കുന്നു. ഇവിടെ ആതുരസേവനം, വിദ്യാഭ്യാസം, പാവപ്പെട്ടവർക്കു വേണ്ടിയുള്ള സാമൂഹ്യസേവനം എന്നിവ ഈ മിഷനറിമാർ ചെയ്തുവരുന്നു. പ്രൊവിൻസിന്റെ ഇപ്പോഴത്തെ പ്രൊവിൻഷ്യൽ സി. ജോസ്മി CMC ആണ്.

പാവപ്പെട്ടവരായ ഒരുപാട് പേരെ സ്വന്തമായിക്കണ്ട് ഈ സന്യാസിനിമാർ തങ്ങളുടെ പ്രേഷിതമേഖലയിൽ ധൈര്യപൂർവ്വം മുന്നേറുകയാണ്. എന്തൊക്കെ പരിമിതികൾ ചുറ്റുപാടിലുണ്ടായാലും ക്രിസ്തു തങ്ങളോടൊപ്പമുണ്ടെന്നുള്ള തീക്ഷ്ണതയാണ് ഇവരെ വഴി നടത്തുന്നത്. നമുക്കും ഈ മിഷനറിമാർക്കു വേണ്ടി പ്രാർത്ഥിക്കാം.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.