മധ്യ ആഫ്രിക്കൻ നഗരമായ ബംഗാസൗ വിമതർ പിടിച്ചെടുത്തു: ബിഷപ്പ് ജുവാൻ ജോസ് അഗ്യൂറെ

മുൻ പ്രസിഡൻറുമായി സഖ്യമുണ്ടാക്കിയ വിമതർ, മധ്യ ആഫ്രിക്കൻ നഗരമായ ബംഗാസൗ പിടിച്ചെടുത്തതായി ബംഗാസൗവിലെ ബിഷപ്പ് ജുവാൻ ജോസ് അഗ്യൂറെ മുനോസ് റിപ്പോർട്ട് ചെയ്തു. എല്ലാവരും ഈ നഗരത്തിനായി പ്രാർത്ഥിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. “ബംഗാസൗ വിമതരുടെ കൈകളിൽ അകപ്പെട്ടു. അവരിൽ പലരും കൂലിപ്പടയാളികളും നൈജറിൽ നിന്നുള്ളവരുമാണ്” -ബിഷപ്പ് അഗ്യൂറെ മുനോസ് ജനുവരി നാലിന് ഫിഡ്സ് വാർത്താ ഏജൻസിയോട് പറഞ്ഞു.

“ജനുവരി മൂന്നിന് പുലർച്ചെ അഞ്ചു മണി മുതൽ കനത്ത പീരങ്കികൾ ഈ പ്രദേശത്ത് വിന്യസിക്കപ്പെട്ടു. മുപ്പതോളം പേർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തു. വിമത ആക്രമണത്തെ മണിക്കൂറുകളോളം ചെറുത്തുനിന്ന ശേഷം സർക്കാർ സൈനികർ, ബംഗാസൗയിൽ നിന്ന് ഓടിപ്പോയി. ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയുടെ അതിർത്തിയിലാണ് ബംഗാസൗ. ഏകദേശം 35,000 ആളുകൾ അവിടെ താമസിക്കുന്നു” – ബിഷപ്പ് കൂട്ടിച്ചേർത്തു.

വിമതരുടെ അക്രമങ്ങൾക്കിടയിൽ സ്പാനിഷ് വംശജനായ ബിഷപ്പ് അഗ്യൂറെ മുനോസ് അക്രമത്തിൽപെട്ട ചില കുട്ടികൾക്ക് അഭയം നൽകിയിട്ടുണ്ട്. വിമതരെക്കുറിച്ചും കൂലിപ്പടയാളികളെക്കുറിച്ചും അധികാരത്തിനായുള്ള പോരാട്ടങ്ങളെക്കുറിച്ചും സാധാരണക്കാർക്ക് ഒന്നും അറിയില്ല. വെടിവയ്പുകളും സ്‌ഫോടനങ്ങളും മാത്രമാണ് അവർ കേൾക്കുന്നത്. അവർ വളരെ ഭയപ്പെടുന്നു. 66-കാരനായ ബിഷപ്പ് വെളിപ്പെടുത്തി.

ഈ ആക്രമണത്തിൽ പരിക്കേറ്റ നിരവധി കുട്ടികൾ ഉണ്ട്. അക്രമത്തിൽ നിന്ന് രക്ഷപ്പെടാൻ കോംഗോയിലേയ്ക്ക് പലായനം ചെയ്യാൻ ശ്രമിക്കുന്ന കുട്ടികലും അക്കൂട്ടത്തിലുണ്ട്. ഡിസംബർ 27-ന് തിരഞ്ഞെടുപ്പിൽ വിജയിയായി പ്രഖ്യാപിച്ച നിലവിലെ പ്രസിഡന്റ് ഫോസ്റ്റിൻ-ആർചേഞ്ച് ടൊഡെരയുടെ ജന്മനാടായ ദമാരയ്‌ക്കെതിരെ ഒരു ആക്രമണം നടന്നിരുന്നു. ആ ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് ജനുവരി മൂന്നിന് ബംഗാസൗവിനെ ആക്രമിച്ചത്. വളരെയേറെ അരക്ഷിതാവസ്ഥയ്ക്കും രാഷ്ട്രീയ സംഘർഷങ്ങൾക്കും ഇടയിലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. രാജ്യത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും വിമതരുടെ നിയന്ത്രണങ്ങൾക്കു കീഴിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.