മാതാവിന്റെ പ്രത്യക്ഷീകരണത്തിലൂടെ സമാധാനത്തിന്റെ കേന്ദ്രമായി മാറിയ ഉക്രേനിയൻ തീർത്ഥാടനകേന്ദ്രം

    ഉക്രൈനിലെ സർവാനിറ്റ്സിയ എന്ന സ്ഥലം. നൂറ്റാണ്ടുകൾക്കു മുമ്പ് അക്രമങ്ങളുടെയും കലഹങ്ങളുടെയും കലാപത്തിന്റെയും കേന്ദ്രമായിരുന്ന ഇവിടം ഇപ്പോൾ സമാധാനത്തിന്റെ സ്ഥലമായി മാറിയിരിക്കുന്നു. ഇവിടെ കടന്നുവരുന്നവർക്ക്‌ സമാധാനം പ്രദാനം ചെയ്യുന്ന ഇടമായി മാറിയിരിക്കുകയാണ്. അതിനു കാരണം പതിമൂന്നാം നൂറ്റാണ്ടിൽ ആ പ്രദേശത്ത് നടന്ന മാതാവിന്റെ പ്രത്യക്ഷീകരണമാണ്.

    1240-ൽ പേരറിയാത്ത ഒരു സന്യാസി ഉക്രൈനിന്റെ തലസ്ഥാന നഗരിയിൽ നിന്ന് ആക്രമണങ്ങൾ മൂലം തകർന്ന ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു. ദിവസങ്ങൾ നീണ്ട യാത്രയ്ക്കിടയിൽ അദ്ദേഹത്തിന്റെ ശരീരത്തിൽ നിരവധി മുറിവുകൾ ഉണ്ടായിരുന്നു. ക്ഷീണിതനായ അദ്ദേഹം സർവാനിറ്റ്സിയയിൽ എത്തുകയും അവിടെ ഒരു ഉറവയിൽ നിന്ന് വെള്ളം വരുന്നത് കണ്ടെത്തുകയും ചെയ്തു. അത്ഭുതം എന്ന് തോന്നിയെങ്കിലും ക്ഷീണം മൂലം വിശ്രമിക്കുന്നതിനായി ആ ഉറവയ്ക്കു സമീപം അദ്ദേഹം ഇരുന്നു. അല്പനേരത്തിനിടയിൽ ഉറങ്ങിപ്പോയ അദ്ദേഹത്തിന്റെ സ്വപ്നത്തിൽ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടു. ഉണ്ണീശോയെ കൈകളിലേന്തി നിൽക്കുന്ന പരിശുദ്ധ അമ്മയുടെ മറുകൈയ്യിൽ ഒരു ഐക്കൺ ഇരിക്കുന്നത് അദ്ദേഹത്തിന് ദർശനത്തിൽ കാണുവാൻ കഴിഞ്ഞു. പെട്ടന്ന് ഞെട്ടിയെഴുന്നേറ്റ അദ്ദേഹത്തിൻറെ മനസ്സിൽ ആ മാതാവിന്റെ രൂപവും ആ ഐക്കണും തെളിഞ്ഞുനിന്നിരുന്നു.

    സ്വപ്നമാണെന്ന് മനസിലാക്കിയ അദ്ദേഹം ഏതാനും നിമിഷങ്ങൾക്കുശേഷം സമീപത്തുള്ള അരുവിയിൽ കൈകാലുകൾ കഴുകുകയും മുറിവുകൾ വൃത്തിയാക്കുകയും ചെയ്തു. അത്ഭുതം എന്ന് പറയട്ടെ..! ആ മുറിവുകൾ അരുവിയിലെ വെള്ളം ഉപയോഗിച്ച് കഴുകിയ നിമിഷം തന്നെ അത്ഭുതകരമായി സുഖപ്പെട്ടു. തനിക്കുണ്ടായത് വെറും ഒരു സ്വപ്നം മാത്രമല്ല എന്ന് മനസിലാക്കിയ അദ്ദേഹം ആ അരുവിക്കു സമീപം ഒരു ചാപ്പൽ നിർമ്മിക്കുകയും മാതാവിന്റെ കയ്യിൽക്കണ്ട ഐക്കൺ നിർമ്മിച്ച് അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. വൈകാതെ തന്നെ ആ അരുവിക്ക്‌ ചുറ്റും ഒരു നഗരം വളർന്നുവന്നു. അവിടെയെത്തി വിശ്വാസത്തോടെ പ്രാർത്ഥിച്ച് അനേകർ കടന്നുപോയി. അരുവിയിലെ വിശുദ്ധജലം ഉപയോഗിച്ചവർക്കൊക്കെ അത് സൗഖ്യത്തിനുള്ള കാരണമായി മാറി.

    അങ്ങനെയിരിക്കെയാണ് ഉക്രൈൻ, സോവിയറ്റ് യൂണിയന്റെ ഭാഗമാകുന്നത്. ക്രൈസ്തവ വിരോധികളായ നേതൃനിരയുടെ പദ്ധതിയനുസരിച്ച് ഈ ദേവാലയം മൂന്ന് തവണ നശിപ്പിക്കപ്പെട്ടു. ഓരോ തവണ നശിപ്പിക്കുവാൻ ശ്രമിക്കുമ്പോഴും മാതാവ് കാട്ടിക്കൊടുത്ത ഐക്കൺ മാത്രം അത്ഭുതകരമായി അതിനെയൊക്കെ അതിജീവിച്ചു. അത് വിശ്വാസികളിൽ മാതാവിനോടുള്ള ഭക്തി വളരുന്നതിനും പ്രത്യാശയിൽ ജീവിക്കുന്നതിനും സഹായിച്ചു.

    ഓരോ തവണ ദേവാലയം നശിപ്പിക്കുമ്പോഴേക്കും അവർ പുതിയ ദേവാലയം പണിതു. അവിടേയ്ക്ക് വിവിധഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ഒഴുകിത്തുടങ്ങി. ഇത് അധികാരികൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. അവർ സർവാനിറ്റ്സിയയിലേയ്ക്കുള്ള വഴികളെല്ലാം ബ്ലോക്ക് ചെയ്തു. ആക്രമണങ്ങൾ കൂടിയപ്പോൾ അവർ ഐക്കൺ ഒളിപ്പിച്ചുവച്ചു. ഒപ്പംതന്നെ വൈദികപരിശീലനവും മറ്റും രഹസ്യമായി നൽകിക്കൊണ്ടിരുന്നു. അങ്ങനെ പ്രതിസന്ധികളെ അതിജീവിച്ച അവർ കൂടുതൽ ശക്തരായി വിശ്വാസത്തിൽ വളർന്നു.

    2000-ൽ പുതിയതായി ദേവാലയം പണിത് അവിടെ ഐക്കൺ പ്രതിഷ്ഠിച്ചതോടെ അനേകർക്ക്‌ സമാധാനം പകരുന്ന സമാധാനത്തിന്റെ ഇടമായി അവിടം മാറി. സർവാനിറ്റ്സിയയിലെ മദർ ഓഫ് ഗോഡ് ദേവാലയം ഇവരുടെ 1000 വർഷത്തെ വിശ്വാസത്തിന്റെ, അതിജീവനത്തിന്റെ തെളിവായി ഉയർന്നുനിൽക്കുന്നു.

    ഈ ജൂൺ 30-ന് ഈ ദേവാലയം മൈനർ ബസിലിക്കയായി ഉയർത്തപ്പെടുമ്പോൾ ഒരു ജനതയുടെ മുഴുവൻ സ്വപ്നസാഷാത്കാരമാണ് അവിടെ സംഭവിക്കുന്നത്.