പതിവ് തെറ്റി: വി. ജാനിയൂരിസിന്റെ തിരുനാൾ ദിനത്തിൽ രക്തം ദ്രാവകമായില്ല

വി. ജാനിയൂരിസിന്റെ തിരുനാൾ ദിനമായ ഡിസംബർ 16-ന് വിശുദ്ധന്റെ രക്തം ഇക്കുറി ദ്രാവകമായില്ല. എന്നാൽ, ഈ വർഷം മെയ്, സെപ്റ്റംബർ മാസങ്ങളിൽ രക്തം ദ്രാവകരൂപത്തിൽ ആയിരുന്നു. രാവിലെ അസംപ്ഷൻ ഓഫ് മേരിയുടെ കത്തീഡ്രലിൽ വിശുദ്ധ കുർബാനയിൽ പങ്കെടുത്തവർക്കു ദ്രാവകരൂപത്തിലാകാത്ത കട്ടപിടിച്ച രക്തം ദർശിക്കുവാൻ സാധിച്ചു.

“ഒരു പ്രാവശ്യം വിശുദ്ധന്റെ തിരുശേഷിപ്പ് പരിശോധിച്ചപ്പോൾ രക്തം ദ്രാവകരൂപത്തിൽ ദർശിക്കുവാൻ സാധിച്ചില്ല. എന്നാൽ, അന്ന് വൈകുന്നേരം അഞ്ച് മണിക്ക്, രക്തം ദ്രവീകരിച്ചു. അതിനാൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഞങ്ങൾക്കറിയില്ല” – വി. ജാനൂറിയസിന്റെ ചാപ്പലിന്റെ സുപ്പീരിയറായ ഫാ. വിൻസെൻസോ ഡി ഗ്രിഗോറിയോ പറഞ്ഞു. വി. ജാനൂറിയസിന്റെ രക്തത്തിന്റെ ദ്രവീകരണ അത്ഭുതം സംഭവിക്കുന്നത് വർഷത്തിൽ മൂന്നു ദിവസങ്ങളിൽ മാത്രമാണ്.

ഈ അത്ഭുതം ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും ഇവിടുള്ളവർ ഈ അത്ഭുതത്തിൽ ആഴമായി വിശ്വസിക്കുന്നവരാണ്. രക്തം ദ്രാവകരൂപത്തിൽ ആയില്ലെങ്കിൽ യുദ്ധം, ക്ഷാമം, രോഗം അല്ലെങ്കിൽ മറ്റ് ദുരന്തങ്ങളൊക്കെ ഉണ്ടാകുമെന്ന് ഇവിടെയുള്ളവർ വിശ്വസിക്കുന്നു. 2016 ഡിസംബറിലും രക്തം ദ്രാവകരൂപത്തിൽ ആയില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.