ചൈനയില്‍ തട്ടിക്കൊണ്ടു പോയ വൈദികരെ വിട്ടയക്കണം എന്ന് വിശ്വാസികള്‍

നാഷണല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ തട്ടിക്കൊണ്ടു പോയ വൈദികരെ വിട്ടയയ്ക്കണം എന്ന ആവശ്യവുമായി ഭൂഗര്‍ഭ സഭയിലെ വിശ്വാസികള്‍ ചൈനയിലെ സര്‍ക്കാര്‍ ഓഫീസ് ഉപരോധിച്ചു. ഫാ. പോള്‍ ഴാങ് ഗുആങ്ജൂങ്ങിനെയാണ് പോലീസുകാര്‍ അകാരണമായി കസ്റ്റഡിയില്‍ എടുത്തത്.

നാല്‍പ്പത്തിയൊന്‍പതുകാരനായ ഫാ. ഴാങ് ചൈനയിലെ ഭൂഗര്‍ഭ സഭയിലെ വൈദികനാണ്. പാട്രിയോട്ടിക് അസോസിയേഷനില്‍ ചേരുവാന്‍ വിസമ്മതം അറിച്ചതിനെ തുടര്‍ന്ന്, യുണൈറ്റഡ് ഫ്രണ്ട് പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനു ഇരയാകേണ്ടിയും വന്നു. വിശ്വാസികള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ഇവര്‍ നാഷണല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ആണെന്ന് വെളിപ്പെടുത്തുകയും വൈദികനെ കാറില്‍ കയറ്റിക്കൊണ്ടു പോവുകയുമായിരുന്നു എന്ന് വിശ്വാസികള്‍ വെളിപ്പെടുത്തി.

തുടര്‍ന്ന് അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ല. തങ്ങളുടെ വൈദികരുടെ സുരക്ഷയില്‍ തങ്ങള്‍ ആകുലരാണെന്ന് വിശ്വാസികള്‍ വെളിപ്പെടുത്തി. വിശുദ്ധവാരം ആരംഭിച്ചത് മുതല്‍ ഭൂഗര്‍ഭ സഭയുടെ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശക്തമാവുകയാണ്.