മറയൂരിലെ മാലാഖമാർ

മരിയ ജോസ്

“അസൗകര്യങ്ങൾ ഏറെയുണ്ട്. എങ്കിലും ഞങ്ങൾ സംതൃപ്തരാണ്” – മറയൂരിലെ തീർത്തും ദരിദ്രരായ ആളുകളുടെ ഇടയിൽ, വികസനം കടന്നു ചെല്ലാത്ത നാളുകളിൽ സേവനം ചെയ്ത രണ്ടു സിസ്റ്റർ ഡോക്ടർമാരുടെ വാക്കുകളാണ് ഇത്. എസ് ഡി സന്യാസിനീ സമൂഹത്തിലെ അംഗങ്ങളായ സി. ജാൻസി ട്രീസ, സി. ജീൻ റോസ് എന്നിവരാണ് മറയൂരിലെ ഈ ഡോക്ടർമാർ. സാധാരണ ഗതിയിൽ മറ്റു ഡോക്ടർമാർ വരുവാൻ വിസമ്മതിക്കുന്ന ഈ നാട്ടിൽ, ഇവിടുത്തെ പാവങ്ങളുടെ ഇടയിൽ ചെയ്യുന്ന സേവനങ്ങളും അതിനിടയിലെ അനുഭവങ്ങളും ലൈഫ് ഡേയോട് പങ്കുവയ്ക്കുകയാണ് മറയൂരിലെ ഈ മാലാഖമാർ…

മറയൂരിലെ മാലാഖാമാരാകുവാൻ ഉള്ള വിളി

ഇടുക്കി ജില്ലയിലെ കട്ടപ്പനയ്ക്കടുത്ത് വാഴവരയാണ് സി. ജാൻസി ട്രീസയുടെ സ്വദേശം. ഇവിടെ കുടകല്ലിങ്കൽ കുടുംബത്തിൽ നിന്നും പ്രീഡിഗ്രി കഴിഞ്ഞതിനു ശേഷം ആണ് ദൈവവിളി സ്വീകരിച്ചു കോതമംഗലം എസ് ഡി പ്രൊവിൻസിൽ സന്യാസിനിയാകുന്നത്. തുടർന്നു സഭാധികാരികളുടെ നിർദ്ദേശ പ്രകാരം മെഡിസിൻ പഠനം പൂർത്തിയാക്കി. മറയൂരിലെ സഹായഗിരി ആശുപത്രിയിൽ  കുറച്ചുനാൾ പരിശീലനം നടത്തിയ ശേഷം വീണ്ടും ഗൈനക്കോളജിയിൽ ഉപരിപഠനംനടത്തി. തുടർന്നാണ് മറയൂരിലേയ്ക്ക് വീണ്ടും എത്തുന്നത്. സി. ജീൻ റോസ് രാജകുമാരി സ്വദേശിയാണ്. മുകളേൽ തോമസ്-റോസമ്മ ദമ്പതികളുടെ മകളായ സി. ജീൻ റോസ് അനസ്തേഷ്യ ഡോക്ടറാണ്. കോഴിക്കോട് ഉല്ലൂരാംപാറ ആശുപത്രിയിൽ സേവനം ചെയ്തതിനു ശേഷം ആണ് മറയൂരിൽ എത്തുന്നത്. വലിയ സൗകര്യങ്ങളും മറ്റും ഇല്ലാത്തതിനാൽ എല്ലാ രോഗികളെയും കൈകാര്യം ചെയ്യേണ്ടി വരുന്നതായി ഈ സന്യാസിനിമാർ പറയുന്നു.

സമ്മിശ്ര സംസ്ക്കാരങ്ങൾ നിറഞ്ഞ മറയൂർ

മറയൂർ കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തി ഗ്രാമമാണ് മറയൂർ. കേരളീയ- തമിഴ് സംസ്ഥാനങ്ങളുടെ സമ്മിശ്ര സ്വാധീനം ഈ ജനങ്ങളിൽ കാണാം. നിരവധി ആദിവാസി വിഭാഗങ്ങളും പിന്നോക്ക സമൂഹങ്ങളും അതിനപ്പുറം ഊരുകളും അവരുടേതായ ജീവിത ശൈലികളും ഉള്ള നാട്. വളരെ പാവങ്ങളായ ആളുകളുടെ സമൂഹം. യാത്ര സൗകര്യങ്ങൾ വളരെ കുറച്ചു മാത്രം ഉള്ള, വികസനം എത്തിനോക്കാത്ത ഒരു കാലത്താണ് ഈ സന്യാസിനിമാർ മറയൂരിലേയ്ക്ക് വിശ്വാസത്തിന്റെ വെളിച്ചവുമായി എത്തിയത്. ഇന്ന് ടൂറിസത്തിന്റെ ഭാഗമായി അവിടെ കുറച്ചൊക്കെ വികസനങ്ങൾ കടന്നു വന്നെങ്കിലും അവയൊക്കെ പ്രാബല്യത്തിൽ വന്നിട്ട് ഏതാനും വർഷങ്ങൾ മാത്രമേ ആയിട്ടുള്ളു എന്ന് സി. ജാൻസി ട്രീസ വെളിപ്പെടുത്തുന്നു.

“ഞങ്ങൾ വന്ന സമയത്തു ഇവിടുത്തെ ആളുകൾ പുറത്തുനിന്നുള്ള ആളുകളെ കണ്ടാൽ പേടിച്ചു ഉൾപ്രദേശങ്ങളിലേയ്ക് കേറി പോകുമായിരുന്നു. ചികിത്സയ്ക്കും ആശുപത്രിയിൽ വരുവാൻ അവർ കൂട്ടാക്കിയിരുന്നില്ല. അവരുടേതായ ആചാരങ്ങളിലൂടെയും രീതികളിലൂടെയും രോഗം സൗഖ്യമാകും എന്നാണ് വിശ്വസിച്ചിരുന്നത്. എന്നാൽ ബോധവത്കരണത്തിലൂടെ ഇതിനൊക്കെ ഇപ്പോൾ ഒരുപാട് മാറ്റം സംഭവിച്ചിട്ടുണ്ട്.” -സിസ്റ്റർ ജീൻ റോസ് പറയുന്നു.

കൂടുതലും ആദിവാസി സമൂഹങ്ങൾ. എന്തൊക്കെ വന്നാലും ആശുപത്രിയിൽ പോകുവാൻ താല്പര്യം കാണിക്കാത്ത ആളുകൾ. വീടുകളിൽ നടക്കുന്ന പ്രസവം, അതിന്റെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും, പ്രസവത്തോടെ മരിക്കുന്ന കുഞ്ഞുങ്ങളും അമ്മമാരും. ഇത്തരത്തിൽ പല വിധത്തിലുള്ള പ്രശ്‌നങ്ങളാൽ നിറഞ്ഞ ഗ്രാമപ്രദേശം ആയിരുന്നു ഈ സന്യസിനിമാർ ഇവിടെ വരുന്ന സമയം. ഇവരുടെ ഇടയിൽ ശരിയായ ബോധവൽക്കരണം നൽകി ചികിത്സ എത്തിക്കുക അല്ലെങ്കിൽ ആശുപത്രിയിലേയ്ക്ക് എത്തിക്കുക എന്നത് ആദ്യം അൽപ്പം പ്രയാസകരമായിരുന്നു എങ്കിലും പതിയെ ആളുകൾ അത് അംഗീകരിച്ചു തുടങ്ങി.

മറയൂരിലെ ആളുകൾക്ക് എന്തെങ്കിലും വന്നാൽ ഓടിയെത്തുവാൻ അടുത്തുള്ള ഒരേ ഒരു ആശുപത്രി സഹായഗിരി ആണ്. അതല്ലെങ്കിൽ കിലോമീറ്ററുകൾ താണ്ടി മൂന്നാറോ അടിമാലിയിലോ തമിഴ്നാട്ടിലോ പോകണം. ഈ ഒരു സാഹചര്യം ആയതിനാൽ തന്നെ ഈ സിസ്റ്റർമാർ ഇവിടുത്തെ പാവങ്ങൾക്ക് ഒരു കൈത്താങ്ങാണ്. പ്രതീക്ഷയുടെ നുറുങ്ങു വെട്ടമാണ്.

മറയൂരിലെ സഹായഗിരി ആശുപത്രിയും എസ്. ഡി സന്യസിനിമാരും

1985 -ൽ ആണ് മറയൂരിൽ എസ് ഡി സന്യാസ സമൂഹത്തിന്റെ കീഴിൽ ഒരു ആശുപത്രി പ്രവർത്തിച്ചു തുടങ്ങുന്നത്. അതിനു മുൻപ് വിൻസെൻഷ്യൻ വൈദികർ ഇവിടെ ഒരു ഡിസ്‌പെൻസറി സ്ഥാപിച്ചിരുന്നു. അവിടെ സേവനം ചെയ്യുവാൻ ഫോറിൻ സിസ്റ്റേഴ്സിന് ചുമതല നൽകിയെങ്കിലും മറയൂരിലെ സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ അവർക്കു അവിടെ നിന്നും മടങ്ങേണ്ടി വന്നു. ഇതേ തുടർന്നാണ് എസ്. ഡി സന്യാസിനി സമൂഹം ഈ സ്ഥാപനം ഏറ്റെടുക്കുന്നത്. ലൈഫ് ഡേ മലയാളത്തിലെ ഏറ്റവും മികച്ച ക്രിസ്ത്യന്‍ ഓണ്‍ലൈന്‍. പാവങ്ങളുടെ ഇടയിലെ സേവനവും ശുശ്രൂഷയും കാരിസമായി സ്വീകരിച്ച ഈ സന്യസ സമൂഹത്തിലെ സിസ്റ്റർമാർ തങ്ങളുടെ സ്ഥാപക പിതാവിന്റെ സേവന സന്നദ്ധത നെഞ്ചേറ്റി മറയൂരിലെ മണ്ണിൽ കാലുകുത്തി. തുടർന്നിങ്ങോട്ട് 35 വർഷം പിന്നിടുമ്പോൾ ഒരു സമൂഹത്തിന്റെ മുഴുവൻ ആരോഗ്യ പരിചരണത്തിലും ആത്മീയതയിലും സമൃദ്ധി കൊണ്ടുവരുവാൻ ഈ സന്യാസിനികൾക്കും സ്ഥാപനത്തിനും കഴിഞ്ഞു. അനസ്‌തേഷ്യ ചെയ്യുന്ന ഡോക്ടർ കൂടെ ഉള്ളതിനാൽ സിസേറിയനു മറ്റും ചെയ്യുവാൻ ഈ ആശുപതിയിൽ ഇന്ന് സാധിക്കുന്നുണ്ട്.

ഈ രണ്ടു ഡോക്ടർമാർക്കൊപ്പം 10 സന്യസിനിമാർ കൂടെയുണ്ട് ഇവിടെ. ഇവരും ആശുപത്രിയിൽ ഈ ആശുപത്രിയിൽ സേവനം ചെയ്യുന്നു. ഈ ആശുപത്രി എസ്. ഡി സന്യാസ സമൂഹത്തിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്.

വർഷങ്ങൾ നീളുന്ന ശുശ്രൂഷാ ജീവിതം

ഒരു ഡോക്ടർ ആണെങ്കിലും ഒരു കൗൺസിലറിന്റെയും ഒരു കേൾവിക്കാരിയുടെയും റോളുകളിൽ ആയിരിക്കും ഈ സന്യാസിനിമാർ. രോഗവിവരം പങ്കുവയ്ക്കുന്നതിനും ചികിത്സ നൽകുന്നതിനും ഒപ്പം അവരുടെ ജീവിതത്തിലെ സങ്കടങ്ങളും വേദനകളും പങ്കുവയ്ക്കുന്നത് ഈ സിസ്റ്റർമാരോട് തന്നെയാണ്. ഒരു ഡോക്ടറേക്കാൾ ഉപരി അവരുടെ വിഷമതകളിൽ കൂടെ നിൽക്കുന്ന ആളുകളായിട്ടാണ് അവർ ഞങ്ങളെ കണക്കാക്കുന്നതെന്നു സിസ്റ്റർ ജാൻസി ട്രീസപറയുന്നു.

മദ്യപാനവും ഒളിച്ചോട്ടങ്ങളും മറ്റും ധാരാളം നടക്കുന്ന ഒരു സ്ഥിതിയാണ് ഇവിടെ ഉള്ളത്. ഇത്തരം സാഹചര്യങ്ങളിൽ അവർക്കു ആവശ്യമായ നിർദ്ദേശങ്ങളും ബോധവത്കരണവും ഈ സന്യാസിനിമാർ നൽകുന്നു. ഇതുകൂടാതെ മറ്റു സിസ്റ്റർമാർ വീടുസന്ദർശനം നടത്തുകയും അവരുടെ പുനരുദ്ധാരണത്തിനും മറ്റും ശ്രമിക്കുകയും ചെയ്യുന്നു. സിസ്റ്റർമാരുടെ നിർദ്ദേശങ്ങളെ തുടർന്ന് മദ്യപാനവും പുകവലിയും മറ്റു ദുശീലങ്ങൾ ഉപേക്ഷിക്കുന്നവരും ധാരാളമാണ് ഈ സമൂഹത്തിൽ.

അതുപോലെ തന്നെ ധാരാളം ട്രൈബൽ വിഭാഗങ്ങൾ ഉൾപ്പെടുന്ന സമൂഹമായതിനാൽ ഇവരുടെ ഇടയിൽ പല തരത്തിലുള്ള അന്ധവിശ്വാസങ്ങളും മറ്റും നിലനിന്നിരുന്നു. അതിനാൽ തന്നെ സിസ്റ്റർമാർ ആദ്യ സമയങ്ങളിൽ നൽകിയ നിർദ്ദേശനങ്ങളും അവബോധനകളും ഒക്കെ കേൾക്കുവാൻ ഇവർ തയ്യാറായിരുന്നില്ല. എന്നാൽ അതിന്റെ ഭവിഷ്യത്തുകൾ മനസിലായി തുടങ്ങിയതോടെ സിസ്റ്റർമാരുടെ വാക്കുകൾ കേൾക്കുവാൻ അവർ തയ്യാറായി തുടങ്ങി. ഈ സന്യാസ സമൂഹത്തിന്റെ ദീർഘനാളത്തെ പരിശ്രമത്തിന്റെയും സേവനത്തിന്റെയും ഫലമായി ഇവിടുത്തെ ആദിവാസികൾ പുറത്തിറങ്ങാനും കടകളിൽ പോകുവാനും സിനിമയ്ക്ക് പോകുവാനും തുടങ്ങി. ഒപ്പം കുട്ടികളെ സ്‌കൂളിൽ വിടുവാനും മറ്റും തുടങ്ങിയതോടെ അവിടെ വികസനം കടന്നു വരുവാൻ തുടങ്ങി.

പരിമിതികൾക്കിടയിലും കരുതുന്ന ദൈവം

വളരെ പരിമിതികള്‍ക്കിടയിലാണ് ഈ സന്യാസിനിമാർ ജോലി ചെയ്യുന്നത്. ഒരു സ്പെഷ്യാലിറ്റി ആശുപതിയിലാണെങ്കിൽ എമർജൻസി വരുമ്പോൾ മറ്റു ഡോക്ടമാർ കൂടെ ഉണ്ടാകും. എന്നാൽ ഇവിടെ ഈ രണ്ടു ഡോക്ടർമാർ മാത്രമാണ് ഉള്ളത്. ചില സമയത്തെങ്കിലും പ്രസവസമയങ്ങളിൽ രണ്ടു ജീവനുകളെയും രക്ഷിക്കുവാനുള്ള അതികഠിനമായ ശ്രമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ചികിത്സയുടെയും ഇടയിൽ പ്രശ്‍നങ്ങളും പ്രതിസന്ധികളും ഒക്കെ വരുമ്പോൾ മറ്റാരും സഹായിക്കാനില്ലാത്ത അവസ്ഥയിലും ദൈവത്തിന്റെ വലിയ ഒരു കരുതലും സംരക്ഷണവും ഈ സന്യാസിനിമാർക്കു പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. ചികിത്സ നടത്തുമ്പോൾ ദൈവമാണ് സൗഖ്യം നൽകുന്നത് എന്നത് തെളിയിക്കുന്ന നിരവധി സംഭവങ്ങൾക്കു സാക്ഷികളാണ് ഈ സന്യാസിനിമാർ.

ഒത്തിരി കൊംപ്ലിക്കേഷൻ ഉള്ള ആളുകൾ ഈ ആശുപത്രിയിൽ വന്നു സുഖം പ്രാപിക്കുമ്പോൾ അതൊക്കെ ദൈവാനുഗ്രഹം മാത്രം എന്ന് വിശ്വസിക്കുകയാണ് ഈ സന്യാസിനിമാർ. പല ആശുപത്രികളിൽ കയറി ഇറങ്ങി മക്കളുണ്ടാകുന്നതിനായി ഉള്ള ചികിത്സകൾ നടത്തിയ ശേഷം നിരാശരായി വന്ന കുറെയേറെ ആളുകൾക്ക് ഈ സ്ഥാപനത്തിലെ ചികിത്സയും പ്രാർത്ഥനയും കൊണ്ട് കുഞ്ഞുങ്ങൾ ഉണ്ടായി, ഡെലിവറി സമയത്ത് ബിപി കൂടി ഫിക്സ് വന്ന അമ്മയെയും കുഞ്ഞിനേയും ജീവിതത്തിലേയ്ക്ക് നടത്തിയത് തുടങ്ങി ഒട്ടനവധി അത്ഭുതങ്ങൾ ഈ സ്ഥാപനത്തിൽ നടക്കുമ്പോൾ ദൈവകരുണയ്ക്കു മുന്നിൽ കൃതജ്ഞത അർപ്പിക്കുകയാണ് മറയൂരിലെ ഈ മാലാഖമാർ.

ദൈവം ഡോക്ടറിന്റെ കൂടെയുണ്ടെന്ന് വിശ്വസിക്കുന്നവർ

ആദിവാസികളായ ആളുകൾക്ക് പുറം ലോകവുമായി ബന്ധപ്പെടുന്നതിനും മറ്റും ഒരു മടിയുണ്ട്. എന്തിനു ഈ ആശുപത്രിയിൽ വരുന്നത് പോലും അവർ വലിയ ഒരു കാര്യമായി ആണ് കണക്കാക്കുന്നത്. പലപ്പോഴും സർജ്ജറി ഒക്കെ ആവശ്യമായി വരുമ്പോൾ ആളുകൾ തന്നെ പറയും സിസ്റ്റർ മുന്നോട്ട്പോക്കോളു സിസ്റ്റററിന്റെ കൂടെ ദൈവം ഉണ്ടെന്നു ഞങ്ങൾക്ക് അറിയാം. ആളുകളുടെ ഇത്തരം വാക്കുകൾ തങ്ങൾക്കു നൽകുന്ന ആത്മവിശ്വാസം വലുതാണെന്നും ഇവർ പറയുന്നു. ചികിത്സ കഴിഞ്ഞു സുഖം പ്രാപിച്ചു മടങ്ങുമ്പോൾ ‘ഡോക്ടറാണ് ആണ്ടവർ’ എന്ന് വന്നു പറയുന്ന ആളുകളും ഉണ്ട്.

കുറച്ചു നാൾ മുൻപ് ഒരു സംഭവം ഉണ്ടായി. ഒരു ദിവസം ഒരു പേഷ്യന്റ് യൂട്രസ് റപ്ച്ചർ ആയി ഈ ആശുപത്രിയിൽ എത്തി. കുഞ്ഞു മരിച്ച നിലയിലും ആയിരുന്നു. ആടി മാസത്തിൽ കുഞ്ഞു ജനിച്ചാൽ നല്ലതല്ല എന്നകാരണത്താൽ സിസേറിയനു നിശ്ചയിച്ചിരുന്ന ദിവസം പോകാതെ ഇരുന്നു. ഈ കാരണത്താൽ ആണ് ഈ ഒരു അവസ്ഥയിൽ ആ സ്ത്രീ എത്തിയത്. ഓപ്പറേഷൻ മാത്രം ആണുപരിഹാരം. സർജ്ജറിക്കിടയിൽ റിപ്പെയർ ചെയ്യാൻ കഴിയാത്ത വിധത്തിൽ യൂട്രസ് റപ്ച്ചറായതായി കണ്ടു. ഒപ്പം യൂറിനറി ബ്ലാഡറും റപ്ച്ചർ ആയി. അത് പരിഹരിക്കുന്നതിനുള്ള സംവിധാനം ഈ ആശുപത്രിയിൽ ഉണ്ടായിരുന്നല്ല. ഈ സാഹചര്യത്തിൽ യൂട്രസ് റിമൂവ് ചെയ്തതിനു ശേഷം ജനറൽ അനസ്തേഷ്യയിൽ തന്നെ മറയൂരിൽ നിന്ന് രാജഗിരി ആശുപത്രിയിലേയ്ക്ക് രോഗിയുമായി ഈ സന്യാസിനിമാർ പോയി. അന്ന് സഹായഗിരിയിൽ സർജറി ചെയ്യാതെ മറ്റ് ആശുപത്രിയിലേയ്ക്ക് ആ പേഷ്യന്റിനെ അയച്ചിരുന്നെങ്കിൽ ഒന്നൊന്നര മണിക്കൂറിനുള്ളിൽ അവർക്കു മരണം സംഭവിച്ചേനെ. ഇങ്ങനെ ഒരു സാഹചര്യത്തിൽ സർജറി നടത്തുവാനും മറ്റു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും ധൈര്യം നൽകിയതും കൂടെ നിന്നതും ദൈവമാണ് എന്ന് ഇവർ ഉറച്ചു വിശ്വസിക്കുന്നു. ഇന്ന് ആ പേഷ്യന്റ് സുഖമായി ഇരിക്കുന്നു.

ശുശ്രൂഷയിലൂടെ സുവിശേഷവത്കരണം

വാക്കാൽ മറ്റു സുവിശേഷ പ്രസംഗങ്ങളോ, പ്രഘോഷണങ്ങളോ നടത്തുന്നില്ല എങ്കിലും ഈ സന്യസിനിമാർ തങ്ങളുടെ ശുശ്രൂഷയെ ചികിത്സയെ തന്നെ സുവിശേഷവൽക്കരണത്തിനുള്ള ഉപാധിയാക്കി മാറ്റുകയാണ്. പേഷ്യന്റ്സിനോട്, പ്രസവ സമയത്തെ ബുദ്ധിമുട്ടുകളും വേദനകളും ഒക്കെ ഉണ്ടാകുമ്പോൾ ഈശോയോട് അല്ലെങ്കിൽ മാതാവിനോട് പ്രാർത്ഥിക്കാൻ പറയുമ്പോൾ ആ പ്രാർത്ഥന അവർക്കു ഒരു ആശ്വാസമായി മാറാറുണ്ട്. ഒപ്പം കുഞ്ഞുങ്ങൾ ഉണ്ടാകാതിരുന്ന ദമ്പതികളോട് മാതാവിനോട് പ്രത്യേകം പ്രാർത്ഥിക്കുവാൻ പറയുകയും ചെറിയ ചികിത്സയിലൂടെ അവർക്കു മക്കൾ ഉണ്ടാവുകയും ചെയ്യുമ്പോൾ അത് അവരിലെ വിശ്വാസം വർധിപ്പിക്കുന്നതായി ഉള്ള അനുഭവങ്ങളും ധാരാളം.

“അവരവരുടെ വേദനകളിൽ പ്രാർത്ഥനകൾ വാഗ്ദാനം ചെയ്യുമ്പോൾ, അതിനു ഫലം ലഭിക്കുമ്പോൾ ഈശോയാണ് തങ്ങളെ സുഖപ്പെടുത്തിയതെന്നു പറയുവാൻ മടിയില്ലാത്തവരാണ് ഈ ആളുകൾ. പ്രാർത്ഥിക്കാൻ വചനം ഒക്കെ എഴുതി കൊടുക്കുമ്പോൾ അത് വച്ച് പ്രാർത്ഥിക്കുവാനും പ്രസവ സമയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തുവാനും ഒക്കെ പറയുമ്പോൾ ആളുകൾ താല്പര്യപൂർവം അത് അനുവർത്തിക്കുന്നത് അവരുടെ വിശ്വാസം ആണ് വെളിപ്പെടുത്തുന്നത്” – സി. ജാൻസി ട്രീസ വെളിപ്പെടുത്തു.

പരിമിതികളിൽ സംതൃപ്തി മാത്രം

വളരെ പരിമിതമായ സൗകര്യങ്ങൾ മാത്രമാണ് ഈ ആശുപത്രിൽ ഉള്ളത്. പരിമിതികൾക്കുള്ളിൽ നിൽക്കുമ്പോഴും കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിനുള്ള സാധ്യതകളിൽ നിന്ന് മാറി നിൽക്കുമ്പോഴും ഈ സാധാരണക്കാരുടെ ഇടയിൽ പാവങ്ങളിൽ ഒരാളായി ജീവിക്കുവാൻ അവർക്കിടയിൽ സ്നേഹത്തിന്റെ സൗരഭ്യം പരത്തുവാൻ കഴിഞ്ഞതിൽ സംതൃപ്തി മാത്രമാണ് ഈ സന്യാസിനിമാർക്ക്. കോൺഗ്രിഗേഷനിലെ സന്യാസിനികൾക്കായി പഴങ്ങനാട് ആശുപത്രിയിലും മറ്റു ആശുപത്രികളിലും ശാസ്ത്രക്രിയകൾക്കായി ഈ സന്യാസിനിമാർ പോകുന്നുണ്ട്.

മറയൂരിലെ സേവന ജീവിതത്തിൽ ഇരുവർക്കും സംതൃപ്തി മാത്രം. ഒരു സന്യാസിനി ആയതിനാലാണ് തങ്ങൾക്കു പാവപ്പെട്ട മനുഷ്യർക്ക് വേണ്ടി എത്രയധികം കാര്യങ്ങൾ ചെയ്യുവാൻ കഴിഞ്ഞത് എന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. ലോകത്തിന്റെ മറ്റേതു കോണിൽ പോയാലും എത്ര സൗകര്യങ്ങൾ ഉള്ള ആശുപത്രിയിൽ സേവനം ചെയ്താലും ലഭിക്കുന്നതിനെക്കാൾ സന്തോഷവും സംതൃപ്തിയും ഈ ചെറിയ ആളുകളുടെ ഇടയിലെ ചെറിയ ആശുപത്രിയിൽ നിന്ന് ഇവർ അനുഭവിക്കുകയാണ്. ഇവരാണ് ക്രിസ്തുവിന്റെ മണവാട്ടികൾ. മറയൂരിന്റെ സ്വന്തം മാലാഖമാർ. ഈ മാലാഖമാർ ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളുമായി ഒരു കൂട്ടം ജനങ്ങൾ പൊതു സമൂഹത്തിൽ നിന്നും അകന്നു മാറി ഇരുളിൽ ജീവിച്ചു തീർന്നേനെ. മറയൂരിൽ ക്രിസ്തുവിന്റെ സാക്ഷികളായി മാറിയ ഈ സമർപ്പിതർക്കായി നമുക്കും പ്രാർത്ഥിക്കാം.

മരിയ ജോസ്   

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

2 COMMENTS

  1. ഈ സിസ്റ്റർമാരുടെ സേവനം വളരെ അടുത്തു നിന്ന് കാണുന്ന ഒരു വ്യക്തിയെന്ന നിലയിൽ വളരെ അഭിനന്ദനാർഹമാണ് എന്നാണ് എനിക്ക് പറയാനുള്ളത്. അവരുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ എല്ലാവിധ ആശംസകളും
    ഡോ: സജി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.