സൗഖ്യം നൽകിയ ദൈവത്തിനു നന്ദി പറയാം, ഈ സങ്കീർത്തനത്തിലൂടെ

രോഗങ്ങൾ എപ്പോഴും ഏതു സമയത്തും ഉണ്ടാകാവുന്ന ഒന്നായതിനാൽ സൗഖ്യത്തിനായി നാം എപ്പോഴും ദൈവത്തോട് വിളിച്ചപേക്ഷിക്കാറുണ്ട്. ലഭിച്ച സൗഖ്യത്തിനായി നമുക്ക് നന്ദിയുള്ളവരായിരിക്കാം. എന്നാൽ അവിടുത്തേക്ക് എങ്ങനെ നന്ദി പറയണമെന്നത് പലർക്കും അറിയില്ല. അതിനായി നമ്മെ സഹായിക്കുന്ന ഒരു സങ്കീർത്തനഭാഗം ബൈബിളിലുണ്ട്. ബൈബിളിലെ 116-ആം സങ്കീർത്തനം, സൗഖ്യദാതാവായ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് നമുക്ക് പ്രാർത്ഥിക്കാവുന്നതാണ്.

ഞാന്‍ കര്‍ത്താവിനെ സ്‌നേഹിക്കുന്നു, എന്റെ പ്രാര്‍ത്ഥനയുടെ സ്വരം അവിടുന്ന് ശ്രവിച്ചു.

അവിടുന്ന് എനിക്ക് ചെവി ചായ്ച്ചുതന്നു; ഞാന്‍ ജീവിതകാലം മുഴുവന്‍ അവിടുത്തെ വിളിച്ചപേക്ഷിക്കും.

മരണക്കെണി എന്നെ വലയം ചെയ്തു, പാതാളപാശങ്ങള്‍ എന്നെ ചുറ്റി, ദുരിതവും തീവ്രവേദനയും എന്നെ ഗ്രസിക്കുന്നു.

ഞാന്‍ കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിച്ചു. കര്‍ത്താവേ, ഞാന്‍ യാചിക്കുന്നു; എന്റെ ജീവന്‍ രക്ഷിക്കണമേ!

കര്‍ത്താവ് കരുണാമയനും നീതിമാനുമാണ്; നമ്മുടെ ദൈവം കൃപാലുവാണ്.

എളിയവരെ കര്‍ത്താവ് പരിപാലിക്കുന്നു; ഞാന്‍ നിലംപറ്റിയപ്പോള്‍ അവിടുന്ന് എന്നെ രക്ഷിച്ചു.

എന്റെ ആത്മാവേ, നീ ശാന്തിയിലേക്കു മടങ്ങുക. കര്‍ത്താവ് നിന്റെ മേല്‍ അനുഗ്രഹം വര്‍ഷിച്ചിരിക്കുന്നു.

അവിടുന്ന് എന്റെ പ്രാണനെ മരണത്തില്‍ നിന്നും ദൃഷ്ടികളെ കണ്ണീരില്‍ നിന്നും കാലുകളെ ഇടര്‍ച്ചയില്‍ നിന്നും മോചിപ്പിച്ചിരിക്കുന്നു.

ഞാന്‍ ജീവിക്കുന്നവരുടെ നാട്ടില്‍ കര്‍ത്താവിന്റെ മുമ്പില്‍ വ്യാപരിക്കും.

ഞാന്‍ കൊടിയ ദുരിതത്തിലകപ്പെട്ടു എന്നു പറഞ്ഞപ്പോഴും ഞാനെന്റെ വിശ്വാസം കാത്തുസൂക്ഷിച്ചു.

മനുഷ്യരെല്ലാവരും വഞ്ചകരാണെന്ന് പരിഭ്രാന്തനായ ഞാന്‍ പറഞ്ഞു.

കര്‍ത്താവ് എന്റെ മേല്‍ ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ക്ക് ഞാന്‍ പകരം എന്തുകൊടുക്കും.

ഞാന്‍ രക്ഷയുടെ പാനപാത്രമുയര്‍ത്തി കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കും.

അവിടുത്തെ ജനത്തിന്റെ മുമ്പില്‍ കര്‍ത്താവിന് ഞാന്‍ എന്റെ നേര്‍ച്ചകള്‍ നിറവേറ്റും.

തന്റെ വിശുദ്ധരുടെ മരണം കര്‍ത്താവിന് അമൂല്യമാണ്.

കര്‍ത്താവേ, ഞാന്‍ അവിടുത്തെ ദാസനാണ്; അവിടുത്തെ ദാസനും അവിടുത്തെ ദാസിയുടെ പുത്രനും തന്നെ. അവിടുന്ന് എന്റെ ബന്ധനങ്ങള്‍ തകര്‍ത്തു.

ഞാന്‍ അങ്ങേക്ക് കൃതജ്ഞതാബലി അര്‍പ്പിക്കും; ഞാന്‍ കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കും.

അവിടുത്തെ ജനത്തിന്റെ മുന്‍പില്‍ കര്‍ത്താവിന് ഞാന്‍ എന്റെ നേര്‍ച്ചകള്‍ നിറവേറ്റും.

കര്‍ത്താവിന്റെ ആലയത്തിന്റെ അങ്കണത്തില്‍, ജറുസലെമേ, നിന്റെ മധ്യത്തില്‍ തന്നെ, കര്‍ത്താവിനെ സ്തുതിക്കുവിന്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.