ഫ്രാൻസിൽ ഈ അടുത്ത കാലത്ത് നടന്ന ഭീകരാക്രമണങ്ങൾ

ലോകം ഏറെ ഞെട്ടലോടെയാണ് നീസിലെ നോട്ര ഡാം കത്തീഡ്രലിലെ ഭീകരാക്രമണത്തെറിച്ച് കേട്ടത്. ദൈവാലയത്തിൽ വിശുദ്ധ കുർബാനയ്ക്കായി എത്തിയ വിശ്വാസികളെ കഴുത്തറുത്തും കുത്തിയും കൊലപ്പെടുത്തിയ തീവ്രവാദി! അതും ഒരു അധ്യാപകന്റെ കഴുത്തറത്തു കൊലപ്പെടുത്തിയതിന്റെ ഞെട്ടൽ മാറും മുമ്പ്. കഴിഞ്ഞ കുറച്ചുനാളുകളായി ഫ്രാൻസ് നേരിടേണ്ടിവന്ന തീവ്രവാദ ആക്രമണങ്ങളെക്കുറിച്ച് നമുക്ക് വായിക്കാം…

ജനുവരി 2015

രണ്ട് ഇസ്ലാമിക തീവ്രവാദ തോക്കുധാരികൾ, ചാർലി ഹെബ്ഡോയുടെ ഓഫീസുകളിലേയ്ക്ക് കടന്ന് 12 പേരെ വെടിവച്ചു കൊന്നു. ജനുവരി ഏഴാം തീയതി നടന്ന ആക്രമണത്തിൽ 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അറേബ്യൻ ഉപദ്വീപിലെ അൽ-ക്വൊയ്ദ തീവ്രവാദ ഗ്രൂപ്പിൽ ഉൾപ്പെടുന്നവരാണ് ആക്രമികൾ എന്ന് പിന്നീട് കണ്ടെത്തി.

നവംബർ 2015

നവംബർ 13-ന് പാരീസിന്റെ വിവിധ ഭാഗങ്ങളിലായി ആയുധധാരികളും ഐഎസ് ചാവേറുകളും നടത്തിയ ആക്രമണത്തിൽ 130 പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. കൺസെർട് ഹാൾ, സ്റ്റേഡിയം, റെസ്റ്റോറന്റുകൾ, ബാറുകൾ തുടങ്ങിയ സ്ഥലത്തായിട്ടാണ് ആക്രമണങ്ങൾ നടന്നത്.

ജൂലൈ 2016

വടക്കൻ ഫ്രാൻസിലെ റൂവന്റെ പ്രാന്തപ്രദേശത്തുള്ള ഒരു പള്ളിയിൽ അതിക്രമിച്ചു കയറിയ രണ്ട് തീവ്രവാദികൾ ജാക്ക് ഹാമെൽ എന്ന പുരോഹിതനെ കഴുത്തറത്ത് കൊലപ്പെടുത്തുകയും മറ്റൊരാളെ മാരകമായി കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. ജൂലൈ 26-നാണ് സംഭവം നടന്നത്. വിശുദ്ധ കുർബാന അർപ്പിച്ചുകൊണ്ടിരിക്കെയാണ് വൈദികനെ കൊലപ്പെടുത്തിയത്.

ഇതേ വർഷം ജൂലൈ മാസം തന്നെയാണ് നീസിൽ ട്രക്ക് ആക്രമണം നടന്നതും. ജൂലൈ 14-ന് വൈകുന്നേരം ബാസ്റ്റിൽ ദിനം ആഘോഷിച്ചുകൊണ്ടിരുന്ന ജനക്കൂട്ടത്തിനുനേരെ ട്രക്ക് ഇടിച്ചുകയറ്റി നടത്തിയ തീവ്രവാദ ആക്രമണത്തിൽ 86 പേർ മരിക്കുകയും 458 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫ്രാൻസിൽ താമസിക്കുന്ന ടുണീഷ്യൻ അഭയാർത്ഥിയായ മുഹമ്മദ് ലാഹൂയിജ് ആയിരുന്നു ആക്രമി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.

ഒക്ടോബർ 2019

കഴിഞ്ഞ വർഷം ഒക്ടോബർ മൂന്നിനാണ് പാരീസ് പോലീസ് ഹെഡ് ക്വാട്ടേഴ്‌സിൽ അടുത്ത ആക്രമണം നടക്കുന്നത്. മൂന്നു പോലീസുകാരെയും സഹപ്രവർത്തകനെയും കുത്തി പരിക്കേൽപ്പിച്ച മുസ്ലിം മതവിശ്വാസിയായ മൈക്കിൾ രക്ഷപെടുന്നതിനിടെ പോലീസിന്റെ വെടിയേറ്റ് മരണപ്പെട്ടു. സംഭവത്തിനു രണ്ടു വർഷം മുമ്പ് ഇയാൾ ഇസ്ലാം മതത്തിലേയ്ക്ക് പരിവർത്തനം ചെയ്തിരുന്നു.

സെപ്റ്റംബർ 2020

2015-ൽ ഇസ്ലാമിക തീവ്രവാദികൾ മാരക ആക്രമണം നടത്തിയ ചാർലി ഹെബ്ഡോയുടെ ഓഫീസുകൾക്കു സമീപം ജിഹാദികൾ രണ്ടുപേരെ കുത്തി പരിക്കേൽപ്പിച്ചിരുന്നു. സെപ്റ്റംബർ 25-നാണ് സംഭവം നടന്നത്. ഈ സംഭവത്തിൽ സംശയാസ്പദമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ രണ്ടുപേരിൽ ഒരാൾ പാക്കിസ്ഥാനിൽ നിന്നും മറ്റെയാൾ അൽജീരിയയിൽ നിന്നും ഉള്ളവരായിരുന്നു.

ഒക്ടോബർ 2020

ഈ വർഷം ഒക്ടോബർ മാസത്തിലാണ് വിവാദ കാർട്ടൂണുകൾ കാണിച്ചു എന്നതിന്റെ പേരിൽ ഫ്രഞ്ച് അധ്യാപകനായ സാമുവൽ പാറ്റിയെ കഴുത്തറത്തു കൊലപ്പെടുത്തിയത്. പാരീസിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു സ്കൂളിന് പുറത്തുവച്ചായിരുന്നു ഈ കൊലപാതകം. അബ്ദുല്ലഖ് അൻസോറോവ് എന്ന പതിനെട്ടുകാരനായ വിദ്യാർത്ഥിയാണ് ഈ കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ചത്.ഈ സംഭവത്തെ തുടർന്ന് ഫ്രാൻസിൽ തീവ്രവാദ പ്രവർത്തനം ശക്തമാക്കുന്നതിന്റെ സൂചനകൾ ലഭിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.